എഴുതപ്പെട്ട വാക്കുകൾ വായനക്കാരന്റേത്. വായിക്കുന്നയാളുടെ മനസ്സിലാണ് എഴുത്തിന്റെ സാഫല്യം. എഴുതിപ്പൂർത്തിയാക്കുന്നതോടെ എഴുത്തുകാരൻ തന്റെ സൃഷ്ടിയും സൃഷ്ടികർമത്തിലെ വേദനയും ആഹ്ളാദവും വായനക്കാർക്കു കൈമാറുന്നു. പ്രതീക്ഷിച്ചപോലെ സ്വീകരിക്കപ്പെടാറുണ്ട്. തിക്തമായ അവഗണനയാൽ മനംമടുക്കാറുമുണ്ട്. അതൊക്കെ എഴുത്തിന്റെ ലോകത്തെ ദുരൂഹതകൾ.
എഴുത്തുകാരനും വായനക്കാരനുമിടയിലെ വിശുദ്ധബന്ധത്തിൽ ഒരു ഇടനിലക്കാരനുണ്ട്–പ്രസാധകൻ. നിർണായക സ്വാധീനം ചെലുത്തുന്ന ശക്തി. പകർപ്പവകാശമെന്ന പ്രസാധകന്റെ കുത്തകാവകാശത്തെ പൊളിച്ചെഴുതി സൃഷ്ടിയെ വായനക്കാർക്കു സ്വന്തമായി സമ്മാനിച്ച ഒരാളുണ്ട് നമ്മുടെ സാഹിത്യലോകത്ത്: തമിഴ്–മലയാളം എഴുത്തുകാരൻ ജയമോഹൻ. വായനയുടെ ലോകത്തെ ജനാധിപത്യത്തിന്റെ കാവലാൾ. കോപിറൈറ്റ് എന്ന പകർപ്പവകാശ നിയമത്തെ വലിച്ചെറിഞ്ഞ് വായനയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ട സ്വാതന്ത്ര്യവാദി. സമാനതകളില്ലാത്ത എഴുത്തിന്റെയും വായനയുടെയും അത്ഭുതം.
ജീവിച്ചിരുന്ന, ഇരിക്കുന്ന മനുഷ്യരെപ്പറ്റി എഴുതിയ ജയമോഹന്റെ പന്ത്രണ്ടു കഥകളുടെ സമാഹാരമായ ‘അറം’ എന്ന പുസ്തകത്തിനു പകർപ്പവകാശം ഇല്ല. തമിഴ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ, വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന്. അതിലെ കഥകൾ ഒരുമിച്ചും ഒരോന്നായും തമിഴിലും മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടു. നന്നായി സ്വീകരിക്കപ്പെട്ട പുസ്തകങ്ങൾ .മലയാളത്തിൽ ആദ്യം വന്നത് അറം എന്ന കഥ. പിന്നീടു ‘വണങ്ങാൻ’. മൂന്നാമതെത്തിയ ‘നൂറു സിംഹാസനങ്ങൾ’ മലയാളത്തിലെ ജനപ്രിയ നോവലുകളിലൊന്നായി. ഇന്നും ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നായി നിലനിൽക്കുന്നു. കോപിറൈറ്റ് ഇല്ലാത്തതിനാൽ ഒന്നിലേറെ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ നൂറു സിംഹാസനം പ്രസിദ്ധീകരിച്ചു; ദലിത് സംഘടനകളും.
ധർമപാലൻ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ ജീവിതമാണു നൂറു സിംഹാസനങ്ങളുടെ കഥ.അയാളുടെ ആദ്യനിയമനം തമിഴ്നാട്ടിലെ ഒരു ജില്ലയിൽ. ജോലിക്കു ചേരുന്നതിനു തലേന്നാൾ ഓഫിസിലെത്തി. മേലധികാരിയോടു സംസാരിച്ചു.മടങ്ങുമ്പോൾ ഓഫിസ് മുറിയിലേക്കു നോക്കി. പിറ്റേന്ന് അതേ ഓഫിസ് മുറിയിൽ ജോലി തുടങ്ങാനെത്തിയപ്പോൾ ചില മാറ്റങ്ങൾ.കസേര മാറിയിരിക്കുന്നു. വർഷങ്ങളായി മുറിയിൽ ഉണ്ടായിരുന്നതു പൊക്കം കൂടിയ സിംഹാസനം പോലൊരു കസേര. ധർമപാലൻ ജോലി തുടങ്ങാനെത്തിയപ്പോൾ കാണുന്നതു വേറൊരു കസേര. പലരും ഇരുന്നു തളർന്ന ഒരു പഴയ ചൂരൽക്കസേര. ആ കസേരയിൽ ഇരുന്നപ്പോൾ ധർമപാലന്റെ ദേഹം വിറയ്ക്കുന്നു. പഴയ കസേരയെക്കുറിച്ചു ചോദിക്കാമായിരുന്നു. ചോദിച്ചാൽ അൽപത്തമായി വ്യാഖ്യാനിക്കും.കണ്ടില്ലെന്നു നടിച്ചാൽ ബലഹീനതയും. ധർപാലൻ മുഴുവവൻ മനഃശക്തിയും ചെലുത്തി ചോദ്യം അടക്കി ജോലി തുടങ്ങുന്നു.
മറക്കാനാകുമോ ധർമപാലൻ ഐഎഎസിനെ ?
ഗോത്രവർഗ്ഗത്തിൽ ഉൾപ്പെട്ട നായാടി വിഭാഗത്തിൽ ജനിച്ച് സിവിൽ സർവീസിലെത്തിയെങ്കിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൻമാർ സിംഹാസനം നിഷേധിച്ച ധർമപാലനെ. മനസ്സിലും ശരീരത്തിലുമുള്ള അവർണത പദവികൊണ്ടോ സമ്പത്തുകൊണ്ടോ തൂത്തുമാറ്റാൻ സമൂഹമൊരിക്കലും അനുവദിക്കാതിരുന്ന മനുഷ്യനെ. അയാളുടെ ജീവിതം ആരും ആറിയാതെ പോകരുത്. ജാതിക്കോമരങ്ങൾ ബലിയാടാക്കിയ ധർമപാലന്റെ ജീവിതകഥ എല്ലാവർക്കും എപ്പോഴും ലഭ്യമാകാനായി ആ ജീവിതം പരിചയപ്പെടുത്തിയ ജയമോഹൻ സ്വീകരിച്ച പുതുവഴിയായിരുന്നു പകർപ്പവകാശം എടുത്തുകളയൽ. ധർമപാലന്റെ കഥയ്ക്ക് കോപിറൈറ്റ് ഒഴിവാക്കി. ആർക്കും ആ ജീവിതകഥ അച്ചടിക്കാം. പ്രസിദ്ധീകരിക്കാം.പ്രചരിപ്പിക്കാം.
ഈ പുസ്തകത്തിലെ ഒരു വാക്കോ വരിയോ ഖണ്ഡികയോ ആധ്യായമോ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നതു കുറ്റകരമാണെന്ന പതിവ് അറിയിപ്പ് ഇല്ലാത്ത പുസ്തകമായി ധർമപാലന്റെ ജീവിതം പ്രസിദ്ധീകരിച്ചു:നൂറു സിംഹാസനങ്ങൾ.കഥയിൽ നായകന്റെ പേരും മറ്റുവിവരങ്ങളും ജയമോഹൻ മാറ്റിയെഴുതി. യഥാർഥ മനുഷ്യന്റെ അനുവാദത്തോടുകൂടിയാണ് എഴുതിയത്. വായിച്ച് അദ്ദേഹം അനുഗ്രഹിച്ചു. ആദ്യമായി ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചപ്പോഴും പിന്നീടു പല പ്രസാധകർ പുസ്തകമായി ഇറക്കിയപ്പോഴും വായനക്കാരും അനുഗ്രഹിച്ചു. അനേകം പതിപ്പുകൾ.കോപ്പികൾ....നൂറ്റാണ്ടുകളുടെ വായനാവഴിയിൽ ഒരു വിപ്ളവം നടത്തുകയായിരുന്നു ജയമോഹൻ. മറ്റാരും ധൈര്യപ്പെടാതിരുന്ന പരീക്ഷണം. ധർമപാലന്റെ കഥ ലഘുലേഖകളായി പല ദലിത് സംഘടനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്ത് എന്ന തമിഴ്നാട്ടിലെ ദലിത് പ്രസിദ്ധീകരണം ഈ കഥയെ ചെറിയ പുസ്തകമാക്കി ആയിരക്കണക്കിനു കോപ്പികൾ അച്ചടിച്ചു വിതരണം ചെയ്തു. വിഷയത്തിന്റെ സ്ഫോടനാത്മകതയ്ക്കും അവതരണത്തിലെ മൗലികതയ്ക്കുമൊപ്പം പകർപ്പവകാശം ഇല്ലാത്തതിനാൽ ഇഷ്ടമുള്ള ആർക്കും പ്രസിദ്ധീകരിക്കാൻ ലഭിച്ച അനുമതിയും നൂറു സിംഹാസനങ്ങളെ മലയാളത്തിലെ ഏറെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാക്കി മാറ്റി.
അറം പരമ്പരയിലെ പുതിയൊരു അധ്യായം ജയമോഹൻ ഇപ്പോൾ ഭാഷാപോഷിണി വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു; ആനഡോക്ടർ. ഇതൊരു പുരാണമാണെന്ന് അവകാശപ്പെടുന്നു ജയമോഹൻ. മഹാൻമാരെയും മഹാവീരൻമാരെയും കഥകളിലൂടെ ചരിത്രത്തിൽ നിർത്തുക എന്നതാണു പുരാണകാരൻമാരുടെ കർത്തവ്യം. തമിഴ്നാട്ടിൽ മുപ്പതോളം പ്രസിദ്ധീകരണങ്ങളും വ്യക്തികളും ആനഡോക്ടറുടെ കഥ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. വിതരണം ചെയ്തു. ഇപ്പോഴും തമിഴ്നാട്ടിൽ ഏറ്റവുംകൂടുതൽ വായിക്കപ്പെടുന്ന കഥകളിലൊന്ന്. ധാരാളം സ്കൂളുകളിൽ പാഠപുസ്തകമായും ഉൾപ്പെടുത്തി. ആനകളുടെ സംരക്ഷണത്തിനുവേണ്ടി ജീവിതം സമർപ്പിച്ച നിസ്വാർഥനായ ഒരു ഡോക്ടറുടെ ജീവിതമാണിത്. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ മൂല്യം തിരിച്ചറിഞ്ഞത് കാടും കാട്ടിലെ കരുത്തരായ ആനകളും മാത്രം. ഒരു മൃഗഡോക്ടറുടെ ജീവിതമെന്നതിനേക്കാൾ കാടിന്റെയും പ്രകൃതിയുടെയും ഒപ്പം മനുഷ്യന്റെ ദുരയുടെയും കഥയാണ് ആനഡോക്ടർ. അർഹതയുടെ അംഗീകാരം നിഷേധിക്കപ്പെടുന്നതിന്റെ ചരിത്രം.കാലങ്ങളായി ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം നല്ല മനുഷ്യരെ എങ്ങനെ ഒഴിവാക്കുന്നുവെന്നും കടപനേതൃത്വങ്ങളെ അംഗീകാര സോപാനങ്ങളിൽ വാഴിക്കുന്ന ആധുനിക ജനാധിപത്യത്തിലെ കറുത്തചരിത്രം.
2002–ൽ ഡോക്ടർ കെ. എന്ന ആനഡോക്ടർ മരിച്ചപ്പോൾ സഹപ്രവർത്തകർ ഒഴികെ മറ്റാരും മരണവാർത്ത അറിഞ്ഞില്ല.ജയമോഹന്റെ കഥ പുറത്തുവന്നതോടെ എല്ലാ വർഷവും വിപുലമായ രീതിയിൽ ഡോക്ടറെ അനുസ്മരിക്കുന്നു. സമ്മേളനങ്ങൾ നടത്തുന്നു.ആദർശത്തിൽ ഉറച്ചുജീവിച്ച ഒരു മനുഷ്യൻ അങ്ങനെ ജയമോഹനിലൂടെ അനശ്വരനാകുന്നു. വായനയുടെ ജനാധിപത്യവൽക്കരണമായ പകർപ്പവകാശത്തിന്റെ ഇല്ലാതാകലും. നൂറു സിംഹാസനങ്ങൾ പോലെ ആനഡോക്ടറും ഇനി മലയാളത്തിലെ പ്രയാണം തുടങ്ങുകയാണ്.ഏതു വായനക്കാരനും അച്ചടിക്കാനും പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും വിതരണം ചെയ്യാനും കഴിയുന്ന അപൂർവ പുസ്തകം. ഈ വായനാദിനം ആനഡോക്ടറുടേതുകൂടിയാണ്; വായനയെ വിപ്ളവമാക്കിയ ജയമോഹന്റെയും.