യുദ്ധഭൂമിയിലെ കവിത, സുഗതകുമാരിക്ക് ഇന്ന് 84–ാം പിറന്നാൾ

1993ൽ മലയാള മനോരമ ‘ഞായറാഴ്ച’ സപ്ലിമെന്റിന്റെ ഒന്നാം പുറത്തിൽ സുഗതകുമാരി എഴുതിയ കവിതയുണ്ടായിരുന്നു: ‘ഉള്ളഴിഞ്ഞാറൻമുളേശൻ’. ആറൻമുള വള്ളംകളിക്കാലത്താണ്. പാർഥസാരഥിയായ ശ്രീകൃഷ്ണൻ ഒരു വള്ളത്തിൽ പീലിയും മാലയുമില്ലാതെ സാധാരണക്കാരനായി തുഴയെറിഞ്ഞു നിൽക്കുന്നു. ആരും അറിഞ്ഞില്ല. പക്ഷേ, പമ്പ തന്റെ കണ്ണനെ തിരിച്ചറിഞ്ഞു. അതിന്റെ ആഹ്ലാദത്താൽ ഒരായിരം അലകളെ കൂപ്പുകൈകളായുയർത്തി പമ്പ തുള്ളിത്തുളുമ്പി. അപ്പോൾ പാർഥസാരഥി ചിരിച്ചരുൾചെയ്തു: ‘‘നീയെനിക്കെന്റെ യമുനപോലെ’’ 

ഈ രഹസ്യമാണ് സുഗതകുമാരിയുടെ കവിതയുടെയും പോരാട്ടങ്ങളുടെയും പ്രത്യയശാസ്ത്രം. പ്രകൃതിയും മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള സുന്ദരബന്ധം. ലോകത്തിലെ എല്ലാ പുഴകളും കവിക്കു തന്റെ പമ്പയാണ്. കാടുകൾ പമ്പാതീരത്തെ ആറ്റുവഞ്ചിപ്പച്ചയാണ്. അവയ്ക്കുവേണ്ടി പാടിയും വിലപിച്ചും പ്രകോപിപ്പിച്ചും പോരാട്ടം നയിച്ചും കവി ഇവിടെ ആയിരം പൂർണചന്ദ്ര പ്രസന്നതയിലാണ്. 

സുഗതകുമാരിയും സഹോദരിമാരും (ഹൃദയകുമാരി, സുജാതാദേവി) ജനിച്ചു വളർന്നത് തിരുവനന്തപുരത്താണ്. അമ്മ വി.കെ.കാർത്യായനി കോളജ് ലക്ചററായും അച്ഛൻ ബോധേശ്വരൻ കവിയും ഗാന്ധി സന്ദേശവാഹകനുമായും പ്രവർത്തിച്ചത് തലസ്ഥാനത്തായിരുന്നു. എന്നാൽ അമ്മ ആറൻമുളയുടെ ഒരു കഷണവുംകൊണ്ടാണ് തിരുവനന്തപുരത്തേക്കു വന്നതെന്നു സുഗതകുമാരി പറയും. 

‘‘അവധിക്കു പോകുമ്പോഴാണ് നാട്ടിൻപുറത്തിന്റെ സ്വച്ഛതയും സൗന്ദര്യവും സമൃദ്ധിയും വാൽസല്യവും അനുഭവിച്ചത്. പമ്പ എനിക്ക് തെളിമയും വിശുദ്ധിയും അഴകും എന്താണെന്നു കാണിച്ചു തന്നു. ഇപ്പോൾ പമ്പാതീരത്തെത്തുമ്പോൾ വെള്ളം കൈയിൽ കോരിയെടുത്തു പമ്പയെ നോക്കി തൊഴുതു മാപ്പു പറഞ്ഞു പോരുകയാണ്. പണ്ട് പമ്പയിലെ വെള്ളം കൈകൾകൊണ്ട് ഒന്നു തുഴഞ്ഞുമാറ്റി കോരിക്കുടിക്കുമായിരുന്നു. അന്നും ഉണ്ടായിരുന്നല്ലോ അയ്യപ്പൻമാരും തീർഥാടനവും? മനുഷ്യസ്പർശംകൊണ്ട് കളങ്കപ്പെടാത്ത എന്തുണ്ട് ഇന്നു ഭൂമിയിൽ? വായു, വെള്ളം, അന്നം...?’’ 

കാവ്യപാരമ്പര്യത്തിൽ ജനിച്ച ഒരു പെൺകുട്ടി കവിത എഴുതുന്നതിൽ വിശേഷിച്ചൊന്നുമില്ല. എന്നാൽ, ആക്ടിവിസത്തിന്റെ വഴിയിലേക്കു നടക്കാൻ പെട്ടെന്നു കാരണം എന്തെങ്കിലുമുണ്ടായോ? സഹോദരിമാർ ആ വഴിക്കു നീങ്ങിയില്ല? 

സൈലന്റ് വാലിയുടെ കാര്യത്തിൽ, ഞാൻ എം.കെ.പ്രസാദിന്റെ ഒരു ലേഖനം വായിച്ചു. ഡൽഹിവാസ കാലത്ത് ട്രെയിനിൽ പോകുമ്പോൾ പശ്ചിമഘട്ടം വെട്ടി വെളുപ്പിക്കപ്പെടുന്നതും തീയിൽ കത്തുന്നതും കണ്ടു വല്ലാതെ വിഷമിച്ചിരുന്നു. ഭർത്താവ് ഡോ. കെ.വേലായുധൻനായർ ഡൽഹിയിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (എൻസിഇആർടിയുടെ മുൻരൂപം) തലവനായിരുന്നു. തിരികെ വന്നപ്പോഴാണ് എം.കെ.പ്രസാദും കൂട്ടരും സൈലന്റ് വാലി സംരക്ഷണ സമിതി ഉണ്ടാക്കിയ കാര്യം അറിഞ്ഞത്. അവർ തലസ്ഥാനത്തെ ട്രിവാൻഡ്രം ഹോട്ടലിലെ ഒരു മുറിയിൽ ചർച്ചകളുമായി ഇരിക്കുമ്പോൾ ഞാൻ കയറിച്ചെന്നു.

അവിടെ ശർമാജി, കെ.വി.സുരേന്ദ്രനാഥ്, ഡോ. സതീഷ്ചന്ദ്രൻ തുടങ്ങിയവരെ മാത്രമേ എനിക്കറിയൂ. എന്നെക്കൂടി നിങ്ങളുടെ കൂടെ ചേർക്കുമോ എന്നുചോദിച്ചു. വരൂ, വരൂ, ഞങ്ങൾക്കൊപ്പം ഒരു കവിയെ ആവശ്യമുണ്ട് എന്നുപറഞ്ഞു ശർമാജി ഇരുകൈകളും നീട്ടി എന്റെയടുത്തേക്കു വന്നു. ആ കൈകൾ ഞാൻ ഒരിക്കലും മറക്കില്ല. സുജാതയും ഈ സമരത്തിൽ ഒപ്പമുണ്ടായിരുന്നു. ആദ്യം സ്റ്റേ കിട്ടിയ കേസിൽ അഡ്വ. പി.ഗോപാലകൃഷ്ണൻനായർക്കൊപ്പം (സുജാതയുടെ ഭർത്താവ്, വലിയമ്മാവന്റെ മകൻ) സുജാതയും കൂടിയിരുന്നാണ് രേഖകൾ തയാറാക്കിയത്. വളരെ കുട്ടിക്കാലത്തേ പക്ഷികളോടും വൃക്ഷങ്ങളോടും എനിക്കു വല്ലാത്ത സ്നേഹം ഉണ്ടായിരുന്നു. ഉറുമ്പിനെ രക്ഷിക്കാൻ നോക്കുന്ന കുട്ടിയെപറ്റി ‘ചെറിയകുട്ടി മഴയത്ത്’ എന്നൊരു കവിത കുട്ടിക്കാലത്ത് എഴുതിയതോർക്കുന്നു. 

(പിന്നീട് ആ സമരത്തിന്റെ പ്രതീകവും കുന്തമുനയുമായി സുഗതകുമാരി മാറി. കേരളത്തിലെ സാഹിത്യസമൂഹവും സഹൃദയരും ആ ഒഴുക്കിൽ ചേർന്നു. ‘മരക്കവികൾ’ എന്ന പരിഹാസം സാർഥവാഹക സംഘത്തിനു പൂച്ചെണ്ടായി. ഒടുവിൽ, 1983ൽ ഇന്ദിരാഗാന്ധി സൈലന്റ് വാലി വൈദ്യുതിപദ്ധതി വേണ്ടെന്നുവച്ച് ഒരു നിത്യഹരിതവനം നമുക്കു തിരിച്ചു തന്നു. ഒരുപക്ഷേ കവിമനസ്സുള്ള ഒരു വനിത നയിച്ച യുദ്ധമായതിനാലാകാം ഇന്ദിരയ്ക്ക് രണ്ടാമതു ചിന്തിക്കേണ്ടി വരാഞ്ഞത്!) 

എന്നാലും, പെൺകുട്ടിയെന്ന നിലയിൽ കവിത പ്രസിദ്ധീകരിക്കുന്നതിൽ ആദ്യം ഭയമായിരുന്നു അല്ലേ? അതോ അപകർഷതയോ? ശ്രീകുമാർ, എസ്.കെ. എന്നൊക്കെ പേരുവച്ചായിരുന്നല്ലോ അനവധി ആദ്യകവിതകൾ വന്നത്. എൻ.വി.കൃഷ്ണവാരിയർ ഇടപെട്ടതുകൊണ്ടു മാത്രമല്ലേ മലയാളത്തിന് സുഗതകുമാരി എന്ന ബൈലൈൻ കിട്ടിയത്? 

എന്താണ് നല്ല കവിതയെന്ന് അപ്പോഴേ എനിക്കു മനസ്സിലായിരുന്നു. എന്റെ കവിതകൾ തീരെ പോരാ എന്ന അപകർഷതയുണ്ടായിരുന്നു. പിന്നെ കോളജിലെ കളിയാക്കലുകളും മറ്റും ഓർത്ത് ധൈര്യക്കുറവും. അച്ഛന്റെ പെങ്ങളുടെ മകൻ എന്നെക്കാളും രണ്ടുവയസ്സിനിളപ്പമുള്ള ശ്രീകുമാറിന്റെ പേരിലാണ് കവിതകൾ അയച്ചത്. കമ്യൂണിക്കേഷനൊക്കെ അവനാണു വരുന്നത്. ആറുരൂപ പ്രതിഫലത്തിൽ നാലുരൂപയേ അവൻ തരുമായിരുന്നുള്ളൂ. രണ്ടുരൂപ ഇടനിലക്കാരന്റെ കമ്മിഷൻ! ഒരിക്കൽ ഒരു കൈയബദ്ധം പറ്റി ശ്രീകുമാർ എന്നപേരിലുള്ള കവിത മാതൃഭൂമിയിലും അതേ കവിത ബി.സുഗതകുമാരി എന്നു കോളജ് മാഗസിനിലും ഒന്നിച്ചു വന്നു. ചേച്ചി എന്റെ നോട്ട്ബുക്കിൽനിന്നു കീറിയെടുത്തു കോളജ് മാഗസിനു കൊടുത്തതാണ്. കോളജിലെ കുട്ടികൾ ഇതു രണ്ടുംകൂടി മാതൃഭൂമി പത്രാധിപർ എൻ.വി.കൃഷ്ണവാരിയർക്ക് അയച്ചു. വിശദീകരണം ചോദിച്ചപ്പോൾ ഞാൻ മാപ്പു പറഞ്ഞു. എൻ.വി. ഞാൻ സുഹൃത്ത് ബോധേശ്വരന്റെ മകളാണെന്നു മനസ്സിലാക്കി. പിന്നെ ശ്രീകുമാറെന്ന പേരിലയച്ച കവിത അദ്ദേഹം സുഗതകുമാരിയുടേതു തന്നെയാക്കി. 

അമ്മാവൻ എം.എൻ.ഗോവിന്ദൻനായർ കമ്യൂണിസ്റ്റ് പോരാളി. അച്ഛൻ ഗാന്ധിയൻ. ഇവർക്കിടയിൽനിന്ന് ഒരു രാഷ്ട്രീയചിന്ത സ്വീകരിക്കാൻ പ്രയാസമായിരുന്നോ? എംഎന്നിന്റെ വ്യക്തിപ്രഭാവത്തെ തിരസ്കരിക്കാനാകുമായിരുന്നോ? 

സ്റ്റാലിനെന്നും ഗാന്ധിയെന്നുമുള്ള ഇരുവരുടെയും ചർച്ചകളുടെയും തർക്കങ്ങളുടെയും മുഴക്കം ഇന്നും ചെവിയിലുണ്ട്. ഞാനും ചേച്ചിയും അതുപോയി കേട്ടിരിക്കും. എനിക്കുപക്ഷേ അന്നേ വിദ്വേഷത്തിന്റെ ഒരു പ്രത്യയശാസ്ത്രം പറ്റില്ലായിരുന്നു. ഗാന്ധി തന്നെയായിരുന്നു എന്റെ വഴി. ഒരിക്കൽ സക്കറിയ എന്നെപ്പറ്റി ആർഎസ്എസിന്റെ ഒളിപ്പോരാളി എന്നെഴുതിയപ്പോൾ വല്ലാതെ വിഷമിച്ചു. ഞാൻ പ്രതികരിക്കാൻ പോയില്ല. പിന്നെ ‘എനിക്കു രണ്ടാളേ ഗുരുക്കൻമാർ’ എന്നൊരു കവിതയെഴുതി. ഇതാ ഈ മുറിയിലെ രണ്ടേരണ്ടു ചിത്രങ്ങൾ കണ്ടില്ലേ? (വിവേകാനന്ദനും ഗാന്ധിയും). കവിതയിൽ ഞാൻ വ്യക്തമായി എഴുതി: ‘‘ഒളിപ്പോരെന്തെന്നെന്നെ പഠിപ്പിച്ചീലവർ, തിളച്ചവെയിലത്തേ പയറ്റിയിട്ടുള്ളൂ’’ 

സുഗതകുമാരി അച്ഛൻ ബോധേശ്വരനോടൊത്ത്

എംഎന്ന് എന്നോടു വലിയ വാൽസല്യമായിരുന്നു. മന്ത്രിയായിരിക്കെ ഹൃദയാഘാതം വന്ന് ആശുപത്രിയിൽ വിശ്രമിക്കുമ്പോൾ ദിവസവും അദ്ദേഹം ഇവിടത്തേക്കു കാറയയ്ക്കും. ഞാൻ അടുത്തിരുന്ന് കവിതകൾ വായിച്ചുകൊടുക്കണം. എഴുത്തച്ഛനും കുമാരനാശാനും പിന്നെ പ്രിയപ്പെട്ട കവികളും എന്റെ കവിതയുമൊക്കെ. ഇടയ്ക്ക് കവിളിലൂടെ കണ്ണീരൊലിക്കുന്നതു കാണാം... 

രാഷ്ട്രീയത്തിൽ വരണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലേ? 

കോൺഗ്രസും പിന്നീട് സിപിഐയും ക്ഷണിച്ചു. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽനിന്നു മൽസരിക്കണമെന്നു വല്ലാത്ത നിർബന്ധമുണ്ടായി. ഓരോ ദിവസവും ഓരോരുത്തർ വന്നു നിർബന്ധിക്കും. ഒടുവിൽ ഞാൻ ആന്റണിക്കു കത്തെഴുതി: ‘‘എന്നെ പാർട്ടിയിൽ ചേർത്താൽ നിങ്ങളുടെ ആദ്യത്തെ അബ്കാരി ലേലത്തിന് എന്നെ നിങ്ങൾക്കു പുറത്താക്കേണ്ടി വരും. ഗാന്ധി എന്നൊരാളുടെ ശബ്ദം കോൺഗ്രസിനെ ഓർമിപ്പിച്ചുകൊണ്ടിരിക്കാൻ എന്നെപ്പോലൊരാൾ പുറത്തു വേണം. അതു ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം തുടരും.’’ ആന്റണി മറുപടി എഴുതി:‘‘ ഈ തിരസ്കാരം നിങ്ങളുടെ വ്യക്തിത്വത്തിനു ശോഭയേറ്റുന്നു’’ പിന്നീട് സിപിഐയും ക്ഷണിച്ചിരുന്നു. നിങ്ങൾ കണ്ടിട്ടുള്ളതാണ് എന്റെ വഴി. 

ഡൽഹിയിൽ താമസിച്ചിരുന്ന മലയാളി എഴുത്തുകാരിൽ നിന്നാണ് ഒരു കാലത്ത് മലയാളത്തിന് മികച്ച സാഹിത്യം കിട്ടിയത്. എഴുത്തിൽ സുഗതകുമാരിയുടെ ഡൽഹിക്കാലമോ? 

ഡൽഹിയിലിരുന്ന് ഞാൻ ഒരുപാടു കവിതകളെഴുതി. അടുക്കളജോലിയും വായനയും കവിതയും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. (ഇതു പറഞ്ഞു തുടങ്ങിയപ്പോൾ സുഗതകുമാരിക്കു വന്ന ഫോൺ ഡൽഹിയിലെ അക്കാലത്തെ എല്ലാവരുടെയും വഴികാട്ടിയും നാടകരചയിതാവുമായ ഓംചേരിയുടേത്!) ഡൽഹിയിലായിരുന്നപ്പോൾ ശങ്കരക്കുറുപ്പുമാഷ് ജ്ഞാനപീഠം സ്വീകരിക്കാനെത്തി. അദ്ദേഹത്തോടൊപ്പം സ്വീകരണ സ്ഥലങ്ങളിലെല്ലാം അകമ്പടിയായി ഞാൻ പോയി. ഇടയ്ക്ക്, ഇതു താങ്കളുടെ മകളാണോ എന്ന് ആരോ ചോദിച്ചപ്പോൾ ‘എന്റെ മാനസപുത്രിയാണ്’ എന്നദ്ദേഹം മറുപടി കൊടുത്തു. അവരുടെയൊക്കെ വാൽസല്യം എനിക്കൊരുപാടു കിട്ടി. 

വിദേശ സാഹിത്യം വായിക്കുമായിരുന്നോ? പ്രിയപ്പെട്ടവ എന്തൊക്കെയാണ്? 

അമ്മ നന്നായി ഇംഗ്ലിഷ് സാഹിത്യം വായിക്കുമായിരുന്നു. അക്കാലത്തെ വിദ്യാഭ്യാസത്തിന്റെ വിശേഷമാണത്. പിന്നെ ചേച്ചിയും എന്നെ ഇംഗ്ലീഷ് സാഹിത്യത്തോട് കൂടുതൽ അടുപ്പിച്ചു. ഷേക്സ്പിയറും കീറ്റ്സും ഷെല്ലിയും എത്രയോ തവണ വായിച്ചു. ബർണാഡ് ഷായും പേൾ ബക്കുമൊക്കെയാണ് എനിക്കു പ്രിയപ്പെട്ടവർ. പിൽക്കാലത്തെ മാർക്കേസിന്റെ കൃതികളും ഇഷ്ടം. 

എഴുത്തും പ്രവൃത്തിയും ചേർത്തുപിടിക്കുമ്പോൾ സുഗതകുമാരി തന്നെയാണ് മലയാളത്തിലെ ഏറ്റവും തലയെടുപ്പുള്ള ഫെമിനിസ്റ്റ്. ഈ അന്വേഷണങ്ങൾക്കിടയിൽ, ലോകത്തെ സ്ത്രീപക്ഷ ചിന്തകളെ മാറ്റിമറിച്ച വെർജീനിയ വൂൾഫ്, സിൽവിയാ പ്ലാത്ത് തുടങ്ങിയവരുടെ എഴുത്തുകൾ തിരഞ്ഞിട്ടുണ്ടോ? 

അവരുടെ ഫെമിനിസം നമുക്കെന്തിനാണ്? നമ്മുടേതായത് ഉണ്ടല്ലോ? തന്റേടമുള്ള, തലയുയർത്തിനിൽക്കുന്ന, ഒരപമാനവും സഹിക്കാത്ത പെണ്ണ് എന്നത്. അതേസമയം ക്ഷമയും സ്നേഹവും ഉള്ളവൾ. കുടുംബത്തോടൊപ്പം നിൽക്കണം എന്നാണ് അതിന്റെ അർഥം. കുടുംബം തകർക്കണം എന്നല്ല. ചവിട്ടിത്തേക്കാൻ തലകുനിച്ചു കൊടുക്കരുത്. മദ്യത്തിന്റെയും പീഡനങ്ങളുടെയും ഇരകളാണ് ഇവിടെ സ്ത്രീയും കുടുംബവും. 

ഒഎൻവി കുറുപ്പുമായൊക്കെ ദൃഢമായ ബന്ധമായിരുന്നല്ലോ. ഗാനങ്ങൾ എഴുതാൻ ക്ഷണം വന്നിരുന്നില്ലേ? 

എഴുതിയിട്ടുണ്ട്. ഗായിക കവിയൂർ രേവമ്മ പറഞ്ഞിട്ട് അവരുടെ ഭർത്താവ് ശ്രീധരൻ നിർമിച്ച ‘കളിപ്പാവ’ എന്ന സിനിമയ്ക്ക്. ബാലമുരളീകൃഷ്ണയാണ് പാടിയത്. പിന്നീട് അതു തുടർന്നില്ല. അന്നൊക്കെ സിനിമയ്ക്ക് ഗാനങ്ങളെഴുതാൻ മദ്രാസിൽ പോണം. അവിടെ താമസിക്കണം. പിന്നെ കവിത തന്നെ എനിക്കു വേണ്ടതിലധികം തൃപ്തി തരുന്നുണ്ട്. 

പ്രകൃതിയായും പല ഭാവങ്ങളിലും സുഗതകുമാരിയുടെ കവിതകളിൽ പ്രണയഭാവം നിറയുന്നു. ജീവിതത്തിലെ പ്രണയം എന്തായിരുന്നു? 

ഒരുപാട് സ്നേഹിച്ചിട്ടുണ്ട്. ഒരുപാട് വേദനിച്ചിട്ടുമുണ്ട്. അത്രമാത്രം പറഞ്ഞാൽ മതിയല്ലോ. 

സഹോദരിമാരായ സുജാതദേവി, ഹൃദയകുമാരി എന്നിവരോടൊപ്പം സുഗതകുമാരി

ആക്ടിവിസത്തിന്റെ അടുത്ത ഘട്ടമായിരുന്നു‘അഭയ’. അതിനു പിന്നിലെ പ്രകോപനമോ പ്രചോദനമോ എന്തായിരുന്നു? 

ജീവിതത്തിലെ ഒരു ടേണിങ് പോയിന്റായിരുന്നു ‘അഭയ’. സുജാത ഒരു സുഹൃത്തുവഴി അറിഞ്ഞതാണ് തിരുവനന്തപുരത്തെ മാനസികരോഗാശുപത്രിയുടെ അവസ്ഥ. അത് എന്നോടു പറഞ്ഞു. അന്ന് 150 വർഷമായി പുറംലോകത്തിനു വാതിലടഞ്ഞു നിന്ന ആശുപത്രിയാണത്. ബുദ്ധിമുട്ടി അനുവാദം സംഘടിപ്പിച്ച് അവിടെ പോയി. അവിശ്വനീയം. സ്ത്രീകളുടെ സെല്ലുകളെപ്പറ്റി പറഞ്ഞാൽ ഇന്നാരും വിശ്വസിക്കില്ല. 

സെല്ലുകളിൽ കൂട്ടമായി സ്ത്രീകൾ നഗ്നരായും അൽപവസ്ത്രത്തിലും അലയുന്നു. കരച്ചിൽ. ശാപങ്ങൾ. ഒരു സെല്ലിൽ ഒരമ്മ തോർത്തുവിരിച്ച് കിടക്കുന്നു. നഗ്നയാണ്. എന്നെ കണ്ടപ്പോൾ വിശക്കുന്നു ചോറു തരൂ എന്നു നിലവിളിച്ചു. ഞാൻ ആർക്കൊക്കെ കൊടുക്കും? എന്തോ അധികാരമുള്ളയാൾ വന്നതാണെന്നു കരുതി അടുത്ത സെല്ലിൽനിന്നും അടുത്തതിൽനിന്നും വിലാപങ്ങളും ശാപവാക്കുകളും മുഴങ്ങി. വിശക്കുന്നു... എത്രയോ സെല്ലുകളിൽനിന്നും അതു തുടർന്നു. 

മുന്നൂറു സ്ത്രീകളുടെ നിലവിളി ഒന്നിച്ച്. നരകത്തിൽനിന്നു വന്ന സംഘഗാനം പോലെ. ഞാൻ കരഞ്ഞുകൊണ്ടു ചെവിപൊത്തി. അപ്പോഴേക്കും ചില ഡോക്ടർമാർ വന്നു. ഇതെന്താണിങ്ങനെ എന്നു ഞാൻ ചോദിച്ചു. ഒന്നും നടക്കില്ലെന്നായിരുന്നു അവരുടെ മറുപടി. നടക്കണം- ഞാൻ പറഞ്ഞു. അവിടെനിന്നിറങ്ങി ആ വൈകുന്നേരം ‘അഭയ’ രൂപീകരിച്ചു. കെ.വി.സുരേന്ദ്രനാഥായിരുന്നു പ്രസിഡന്റ്. അദ്ദേഹം എംഎൽഎ ആയിരുന്നു. നിയമസഭയിൽ അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. ചില പത്രങ്ങളുടെ പിന്തുണ കിട്ടി. തുടർന്നങ്ങോട്ട് ശാന്തിയില്ലാത്ത പോരാട്ടങ്ങളായിരുന്നു. ഉന്നത ഉദ്യോഗസ്ഥർപോലും കൈമലർത്തി. ഒന്നും നടന്നില്ല. 

കോഴിക്കോട്ടും ഇതുതന്നെ സ്ഥിതിയെന്ന് അറിഞ്ഞു. അങ്ങോട്ടു പോയി. അവിടെ ഒരു കോളജിൽ പോയി കുട്ടികളെ കണ്ടു. എന്നോടു കവിത ചൊല്ലണം എന്നവർ നിർബന്ധിച്ചുകൊണ്ടിരുന്നു. ഞാൻ പറഞ്ഞു, ഞാൻ കവിത ചൊല്ലാൻ വന്നതല്ല. ഈ കാര്യത്തിൽ എന്നോടൊപ്പം വരാനുണ്ടോ? അവർ വന്നു. അജിതയും നക്സലൈറ്റുകളും ഗാന്ധിയൻമാരും വന്നു. അന്നു ഞങ്ങൾ നഗരം ചുറ്റി ജാഥ നടത്തി മാനസികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ യോഗം ചേർന്നു. പിന്നെ ഞങ്ങൾ ആലോചിച്ചു, ഇനിയെന്തു ചെയ്യും? ഞങ്ങൾക്കെന്തു ചെയ്യാൻ കഴിയും? അപ്പോൾ, അന്നു കലക്ടറായിരുന്ന കെ.ജയകുമാർ എന്നെ അന്വേഷിച്ചുകണ്ടെത്തി വന്നു. ചേച്ചി ഒരു കേസ് കൊടുക്കണം എന്നുപറ‍ഞ്ഞു. കലക്ടറാണ് സർക്കാരിനെതിരെ കേസ് കൊടുക്കണമെന്നു പറയുന്നത്. അതിന്റെ തുടർച്ചയായാണ് ജസ്റ്റിസ് നരേന്ദ്രമേനോൻ കമ്മിഷന്റെ വിധി വന്നത്. 150 വർഷമായി അടഞ്ഞുകിടന്ന വാതിലുകൾ തുറക്കപ്പെട്ടു. മാറ്റങ്ങളുണ്ടായിത്തുടങ്ങി. അഭയയുടെ പ്രവർത്തകർ ആശുപത്രിക്കുള്ളിൽ സേവനവുമായി ചെന്നു. 

ചികിൽസ കഴിഞ്ഞു വിടുന്നവരെ ഏറ്റെടുക്കാൻ ആളില്ല. പുരുഷൻമാർ എവിടെയെങ്കിലും പോയി അപ്രത്യക്ഷരാകുന്നു. സ്ത്രീകൾ നിരാലംബരായി പകച്ചു നിൽക്കുന്നു. അവർക്കു വേണ്ടി കേന്ദ്രം തുടങ്ങി. അപ്പോൾ മറ്റു സ്ത്രീകളുടെ, പീഡിപ്പിക്കപ്പെട്ടവരുടെ, അനാഥരായ ഗർഭിണികളുടെ നിലവിളികൾ വരുന്നു. അവർക്കും ആശ്വാസം വേണം. അവരുടെ കുട്ടികളെ നോക്കണം. ‘അത്താണി’യായും മറ്റു കേന്ദ്രങ്ങളായും അഭയ പടർന്നു. അഭയ ഉപകരണമായി എന്നേയുള്ളൂ. കോടതിയാണ് ഞങ്ങളുടെ ലക്ഷ്യത്തിന് വഴിതുറന്നു തന്നത്. 

എൺപത്തിനാലാം വയസ്സിൽ, വാർധക്യത്തെപ്പറ്റി എന്താണു പറയുക? 

എനിക്ക് ഒരുപാടു രോഗങ്ങളുണ്ട്, ശരീരത്തിന്. മനസ്സിനെ ബാധിക്കുന്നില്ല അതൊന്നും എന്നു തോന്നും. മതി, മതി എന്നു പ്രകൃതി പറഞ്ഞാലും ഇത്തിരിക്കൂടി ചെയ്യാനുണ്ട് എന്നു തോന്നിത്തുടങ്ങും. സുഖമായി ജീവിക്കാനല്ല, ഓരോന്നും പൂർത്തീകരിക്കാനുണ്ട് എന്ന തോന്നൽ. തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ എന്നാണ് ഞങ്ങൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്തു ജയിച്ചു? ഒന്നും ജയിച്ചില്ല. ചില കുഞ്ഞുകുഞ്ഞു മുന്നേറ്റങ്ങൾ മാത്രം. 

മലയാളിയെപ്പറ്റി എന്താണു തോന്നുന്നത്? 

മലയാളിയെപ്പറ്റി എനിക്ക് ഒരു അഭിമാനവുമില്ല. അവനവന്റെ കുടിവെള്ളം സംരക്ഷിക്കാനറിയാത്തവർ. ഭാഷ സംരക്ഷിക്കാനറിയാത്തവർ, പെൺമക്കളെ സംരക്ഷിക്കാനറിയാത്തവർ. സ്വർണത്തിന്റെയും സാരിയുടെയും പരസ്യങ്ങളുടെയും പിറകേ പോകുന്നവർ. വർഗീയതയെ മുമ്പെങ്ങുമില്ലാത്തവിധം വരിക്കുന്നവർ... 

മലയാളിയായി ജനിച്ചതിൽ അഭിമാനമില്ലേ? 

അഭിമാനമുണ്ട്. അഭിമാനിക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു. 

സുഗതകുമാരിയുടെ ഉത്തരങ്ങൾ മലയാളിക്ക് അപരിചിതമല്ല. ഇതുറക്കെ പറഞ്ഞും പാടിയുമാണ് അവർ നമുക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നത്. എൺപത്തിനാലിലെത്തിയ കവി അവ വീണ്ടും ഓർമിപ്പിക്കട്ടെ, നമ്മുടെ ജാഗ്രതയ്ക്കായി. ഡൽഹിയിലും മുംബൈയിലും ഓക്സിജൻ ക്ലബ്ബുകൾ വന്നുകഴിഞ്ഞു. പ്രകൃതിയിൽ ശ്വാസംമുട്ടുന്നുവെന്നു തോന്നുമ്പോൾ കാശുകൊടുത്ത് ഇത്തിരിനേരം വലിച്ചിട്ടുവരാം. കേരളത്തിൽ ഭാഗ്യത്തിന് അതു വേണ്ടിവന്നിട്ടില്ല. വിപ്ലവകാരികൾപോലും വിഷമില്ലാത്ത പച്ചക്കറി എന്നു പറഞ്ഞുതുടങ്ങുന്നു. പരിസ്ഥിതിവാദം ഇപ്പോൾ പഴയപോലെ നിരത്തിൽ പരിഹസിക്കപ്പെടുന്നില്ല. ഈ മനോഭാവമാറ്റത്തിന് ഒരു പ്രധാന പങ്ക് ഈ കവിക്കുള്ളതല്ലേ?  മലയാളകവിത ഊർജസ്വലതയോടെ ഒഴുകുന്നതിനും.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം