സുകൃതം- എംടിക്ക് പ്രിയപ്പെട്ട വാക്കാണത്...ശതാഭിഷേകനിറവിലും മലയാളി എംടിയെ ശരിക്ക് മനസിലാക്കിയിട്ടില്ല എന്നുതോന്നാറുണ്ട്...അല്ലെങ്കിൽ പലരും മനസിലാക്കിയത് പലവിധത്തിലാണ്. കണ്ടും കേട്ടും വായിച്ചും പരിചയിച്ച എംടിയിൽ നിന്നും വ്യത്യസ്തനായ മറ്റൊരു എംടിയെ പരിചയപ്പെടുത്തുകയാണ് മകൾ അശ്വതി..
എംടി എന്ന അച്ഛൻ...
അച്ഛന്റെ എഴുത്തുജീവിതത്തിലെ ഏറ്റവും തിരക്കേറിയ കാലഘട്ടത്തിലാണ് ഞാൻ ജനിച്ചത്. അതുകൊണ്ട് പ്രകടമായ സ്നേഹവാൽസല്യങ്ങളൊന്നും അധികം അച്ഛനിൽ നിന്നും ലഭിച്ചിട്ടില്ല. ഉള്ളിൽ സ്നേഹത്തിന്റെ ഒരു കടൽ ഇരമ്പുന്നുണ്ട് എന്ന് നമുക്കറിയാം.
എന്റെ ചെറുപ്പത്തിലൊന്നും തമ്മിൽ വലിയ സംസാരമുണ്ടായിരുന്നില്ല. ഞാൻ കോളജിലെത്തിയതിനു ശേഷമാണ് അച്ഛനുമായി സജീവമായ സംസാരം തുടങ്ങിയത്. പക്ഷേ ജീവിതത്തിലെ നിർണായക സന്ദർഭങ്ങളിൽ എല്ലാം അച്ഛന്റെ നിശബ്ദമായ സ്വാധീനമുണ്ടായിരുന്നു. സാഹിത്യത്തിൽ പിജി നേടിയ ശേഷം നൃത്തമാണ് എന്റെ മേഖല എന്ന തീരുമാനമെടുത്തപ്പോഴും അച്ഛന്റെ മൗനാനുവാദം അതിനുണ്ടായിരുന്നു.
അച്ഛൻ ഒരിക്കലും ഒന്നും അടിച്ചേൽപ്പിച്ചിട്ടില്ല. ഒരു വ്യക്തി എന്ന നിലയിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനും അതിനെ പിന്തുടരാനുമുള്ള പ്രചോദനം തന്നു. തങ്ങളുടെ ആഗ്രഹങ്ങൾ അടിച്ചേൽപ്പിക്കാനുള്ളവരല്ല മക്കൾ, അവരുടെ വഴി അവർ സ്വയം കണ്ടെത്തിക്കൊള്ളും എന്ന വിശ്വാസക്കാരനായിരുന്നു അച്ഛൻ. അദ്ദേഹത്തിന്റെ മകളായി ജനിക്കാൻ കഴിഞ്ഞത് എന്റെ സുകൃതം....
അച്ഛനെ പഠിച്ച സ്‌കൂൾകാലം...
ചെറുപ്പത്തിൽ വീട്ടിൽ എഴുത്തിലെയും സിനിമയിലെയും വലിയ ആളുകൾ എത്താറുണ്ടായിരുന്നു. എൻപി മുഹമ്മദ്, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയവർ വീട്ടിലെ സ്ഥിരം അതിഥികളായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിനെ അച്ഛൻ അങ്ങോട്ട് പോയിക്കാണുമായിരുന്നു. അന്നൊക്കെ അച്ഛൻ സാധാരണക്കാരനല്ല എന്നൊരു തോന്നൽ മാത്രമേ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ.
എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ അച്ഛനെഴുതിയ 'നിന്റെ ഓർമയ്ക്ക്' എന്ന കൃതി പഠിക്കാൻ ഉണ്ടായിരുന്നു. അന്നാണ് അച്ഛൻ വലിയൊരു എഴുത്തുകാരനാണ് എന്ന് തിരിച്ചറിയുന്നത്. പിന്നെ പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ 'കാഥികന്റെ പണിപ്പുര'യും പഠിക്കാനുണ്ടായിരുന്നു.
അച്ഛന്റെ പ്രിയ കൃതി, സിനിമ...
ഗൗരവമായ വായന തുടങ്ങിയ ശേഷം അച്ഛന്റെ കൃതികളിൽ ഞാൻ ആദ്യം വായിച്ചത് നാലുകെട്ടാണ്. അച്ഛന്റെ ചെറുകഥകൾ എല്ലാം എനിക്കിഷ്ടമാണ്. നോവലുകളിൽ ഏറ്റവും ഇഷ്ടം രണ്ടാമൂഴമാണ്. അതിന്റെ ഒരു ക്രാഫ്റ്റ് ആലോചിച്ച് അദ്ഭുതപെട്ടിട്ടുണ്ട്.
അച്ഛന്റെ ഒരുപാട് സിനിമകൾ എനിക്ക് പ്രിയപ്പെട്ടതാണ്. നിർമാല്യം, ആരൂഢം, സുകൃതം, വടക്കൻ വീരഗാഥ, ഒരു ചെറുപുഞ്ചിരി...തുടങ്ങിയവയാണ് മുന്നിട്ട് നിൽക്കുന്നത്.
സർഗാത്മകതയ്ക്ക് വിലങ്ങിടുന്ന കാലം...
കലാരംഗത്ത് നിൽക്കുന്ന വ്യക്തി എന്ന നിലയിൽ ഓരോ ദിവസവും വർധിച്ചു വരുന്ന അസഹിഷ്ണുത അസ്വസ്ഥപ്പെടുത്താറുണ്ട്. കലാമേഖലയിൽ മാത്രമല്ല സമൂഹത്തിന്റെ മിക്ക മേഖലകളിലും ഇത് പ്രകടമാണ്. അച്ഛന്റെ നിർമാല്യം പോലുള്ള സിനിമകൾ ഇന്നത്തെക്കാലത്താണ് റിലീസ് ചെയ്തിരുന്നതെങ്കിൽ എന്തൊക്കെ പുകിൽ ഉണ്ടാകുമായിരുന്നു. ഈ സാഹചര്യം മാറണമെന്നാണ് ആഗ്രഹം.
സിതാര...
സിതാരയും കുടുംബവും യുഎസിൽ സ്ഥിരതാമസമാണ്. ജോലിയുടെ ഭാഗമായി ഞാൻ അവിടെ പോകുമ്പോൾ സന്ദർശിക്കാറുണ്ട്. അവർ നാട്ടിലേക്ക് വരുന്നത് അപൂർവമാണ്. വരുമ്പോഴൊക്കെ കാണാറുണ്ട്.
എംടി എന്ന മുത്തച്ഛൻ...
ആദ്യമായി അച്ഛന്റെ ഉള്ളിലെ സ്നേഹക്കടൽ പുറത്തേക്ക് ബഹിർഗമിക്കുന്നത് കണ്ടത് എനിക്ക് മകനുണ്ടായപ്പോഴാണ്. എട്ടുവയസ്സുകാരനായ മകൻ മാധവാണ് ഇപ്പോൾ വീട്ടിലെ താരം. അച്ഛനിൽ ഒരു മുത്തച്ഛന്റെ സ്നേഹവാത്സല്യങ്ങൾ മിന്നിമായുന്നത് ഞാനാദ്യമായി കണ്ടത് അവൻ ജനിച്ചതിനു ശേഷമാണ്. ഭയഭക്തിബഹുമാനത്തിന്റെ അതിർവരമ്പുകളൊന്നും ഇല്ലാത്ത സവിശേഷമായ ബന്ധമാണ് അച്ഛന് മാധവിനോട്. അവനു തിരിച്ചും അങ്ങനെതന്നെ...
അച്ഛൻ വരച്ചിട്ട നാടും വീടും...
അച്ഛൻ തന്റെ നോവലുകളിലൂടെ പരിചയപ്പെടുത്തിയ നാടും കുടുംബവും ഇപ്പോഴില്ല. തറവാട് ഭാഗം വച്ച് എല്ലാവരും പലവഴിക്ക് പിരിഞ്ഞു. അച്ഛന്റെ ജ്യേഷ്ഠനായിരുന്നു കുടുംബത്ത് ഉണ്ടായിരുന്നത്. അദ്ദേഹം മരിച്ചതോടെ അച്ഛൻ ഇപ്പോൾ നാട്ടിലേക്ക് അധികം പോകാറില്ല. രക്തബന്ധങ്ങൾ മുറിഞ്ഞു പോകുന്നത് വേദനയായി അച്ഛന്റെ മനസ്സിൽ ഉണ്ടാകാം. കൂടല്ലൂരിൽ നിളയുടെ തീരത്ത് എന്റെ പേരിലൊരു വീട് അച്ഛൻ നിർമിച്ചിട്ടുണ്ട്. ഞാൻ ചാലപ്പുറത്തും അച്ഛൻ നടക്കാവിലുമുള്ള വീടുകളിലാണ് ഇപ്പോൾ താമസിക്കുന്നത്.
വിവാദങ്ങൾ...
പൊതുവെ അച്ഛൻ വിവാദങ്ങളോട് താൽപര്യമില്ലാത്ത വ്യക്തിയാണ്. അത്രയും പ്രസക്തമായ ഏതെങ്കിലും വിഷയം ഉണ്ടെങ്കിലേ അദ്ദേഹം പ്രതികരിക്കുകയുള്ളൂ...90 കളിൽ ബാബറി മസ്ജിദ് തകർത്ത സമയത്ത് അദ്ദേഹം പ്രതികരിച്ചില്ലേ, തുഞ്ചൻ പറമ്പിന് മതത്തിന്റെ പരിവേഷം ചാർത്താൻ ശ്രമിച്ചപ്പോഴും അദ്ദേഹം പ്രതികരിച്ചു. നോട്ടുപിൻവലിക്കൽ രാജ്യത്തെ ഓരോ സാധാരണ പൗരനെയും പ്രതികൂലമായി ബാധിച്ച വിഷയമാണ്. അതിനെതിരെ അദ്ദേഹം പ്രതികരിച്ചില്ലേ...ഇതൊക്കെ ചിലർക്ക് അദ്ദേഹത്തിനെ അനഭിമതനാക്കിയിട്ടുണ്ടാകാം.
അടുത്തിടെ മുസ്‌ലിം വിരുദ്ധനെന്നു മുദ്രകുത്തിയ വിവാദം അങ്ങേയറ്റത്തെ പ്രഹസനമാണ്. വിവാദങ്ങൾ ഉണ്ടാക്കാൻ നോക്കിയിരിക്കുന്നവർ കെട്ടിച്ചമച്ച വാർത്തയാണത്. കഴിഞ്ഞ എൺപതു വർഷങ്ങളായി പൊതുസമൂഹത്തിനു മുൻപിൽ നിൽക്കുന്ന വ്യക്തിയാണ് അച്ഛൻ. മലയാളത്തിന് അദ്ദേഹത്തെ അറിയാം. ഇത്തരം അനാവശ്യ വിവാദങ്ങൾ പരിഗണിക്കേണ്ട കാര്യം പോലുമില്ല എന്നാണ് എന്റെ അഭിപ്രായം.
മകളെഴുത്ത്?....
കോളജിൽ പഠിക്കുന്ന കാലത്ത് ഞാൻ എഴുതുമായിരുന്നു. പിന്നീട് നൃത്തം ഒരു തപസ്യയായി മാറിയതോടെ എഴുത്തു കുറഞ്ഞു. പരിചയക്കാർ ആവശ്യപ്പെടുമ്പോൾ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും ഓർമക്കുറിപ്പുകൾ എഴുതാറുണ്ട്. ഭാവിയിൽ എഴുത്ത് കുറച്ചുകൂടി ഗൗരവമായി എടുത്തുകൂടായ്കയില്ല...
രണ്ടാമൂഴം എന്ന ഇതിഹാസം സിനിമയാകുമ്പോൾ...
80 വയസ്സ് കഴിഞ്ഞിട്ടും രണ്ടാമൂഴം പോലെ ബൃഹത്തായ ഒരു കൃതിയുടെ തിരക്കഥ അദ്ദേഹം പൂർത്തിയാക്കി എന്നത് ഈശ്വരനിയോഗമായിരിക്കാം. പൊതുവെ എഴുത്ത് കാര്യങ്ങൾ അദ്ദേഹം എന്നോട് ചർച്ച ചെയ്യാറില്ല.. പക്ഷേ രണ്ടാമൂഴത്തിന്റെ തിരക്കഥ എഴുതുമ്പോൾ ഗവേഷണത്തിന്റെ ഭാഗമായി ചില ട്രാൻസ്‌ലേഷൻ വർക്കുകൾ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാനത് സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തു. ആ സിനിമ എത്രയും വേഗം സാധ്യമാകട്ടെ എന്ന പ്രാർത്ഥനയിലാണ് നിങ്ങളെപ്പോലെ ഞാനും...
Read more on: Malayalam Short Stories, Malayalam literature interviews, മലയാളസാഹിത്യം