കെ.പി. സുധീരയുടെ മനോഹരമായ കണ്ണുകൾ കാണുമ്പോഴൊക്കെ ആദ്യം തോന്നുക അവ പ്രണയത്താൽ ഉന്മത്തമായ രണ്ടു തടാകങ്ങളാണെന്നാണ്. അത്രമേൽ ആഴമുള്ള മിഴികളാണവ. അതുകൊണ്ടു തന്നെ അറുപതിലധികം പുസ്തകമെഴുതിയ, നിരവധി പുരസ്കാരങ്ങൾ ഏറ്റു വാങ്ങിയ എഴുത്തുകാരിയോട് എങ്ങനെ നിസ്സാരമായ വിശേഷങ്ങൾ ചോദിക്കും? പ്രണയത്തെ കുറിച്ചല്ലാതെ മറ്റെന്തിനെ കുറിച്ച് സംസാരിക്കും? എങ്ങനെ എഴുതുന്നു എന്നതല്ല വ്യത്യസ്തമായ എന്തിനെ കുറിച്ചെഴുതുന്നു എന്നതാണ് കാലം കാത്തിരിക്കുന്ന ചോദ്യം. പ്രണയത്തെ കുറിച്ചും രതിയെ കുറിച്ചും ഉറക്കെ പറയാൻ ഭയക്കുന്ന കാലത്തു നിന്നാണ് എഴുത്തുകാരി സംസാരിക്കുന്നത്. അവ ഇങ്ങനെ കുറിയ്ക്കപ്പെടുന്നു:
അന്ധമായ പ്രണയത്തിന്റെ മാധുര്യം...
ജീവിതത്തിനും മരണത്തിനും അതീതമായൊരു അനുഭവമല്ലേ പ്രണയം. എന്റെ കഥകളിലും കവിതകളിലും ഞാൻ പ്രഘോഷിക്കുന്നത് പ്രണയത്തിന്റെ ഭാവങ്ങളെ കുറിച്ചാണ്. പുതിയ തലമുറ പ്രണയത്തിന്റെ, പങ്കുവയ്ക്കലിന്റെ മാധുര്യം അറിയണം. ഐടിയുടെ കടന്നു കയറ്റത്തിൽ പലപ്പോഴും പ്രണയം വിഷലിപ്തമായിപ്പോകാം. യഥാർഥ പങ്കുവയ്ക്കലിന്റെ ആത്മീയമായ ഗുണങ്ങൾ മനുഷ്യർ പ്രണയത്തിലൂടെയറിയട്ടെ.ഞാൻ പ്രണയത്തിലൂടെയാണ് മനുഷ്യത്വത്തെ കണ്ടെത്തുന്നത്!
പ്രായ പരിധികളില്ലാത്ത പ്രണയത്തിൽ ശരീരം ഇടപെടുന്ന വിധം
പ്രണയവും പ്രായവും തമ്മിൽ ബന്ധമുണ്ടെന്ന് തോന്നിയിട്ടില്ല. പ്രായം കൂടുന്തോറും ശരീരം ജീർണ്ണിക്കും എന്നതാണോ പ്രശ്നം? പക്ഷേ പ്രണയം വാർദ്ധക്യത്തെയറിയുന്നില്ല, മരണത്തെ പോലും അറിയുന്നില്ല. മർക്കേസും മറ്റു പലരും പ്രായത്തെ വെല്ലുന്ന പ്രണയത്തെ കുറിച്ച് എഴുതിയത് വായിച്ചിട്ടില്ലേ? അതിൽ പലതും സ്വന്തം അനുഭവം തന്നെയെന്ന് അവർ തന്നെ പറഞ്ഞിട്ടുമുണ്ട്, എന്നാൽ നമ്മുടെ നാട്ടിൽ പ്രണയത്തെ തുറന്നെഴുതാൻ എഴുത്തുകാർ മടിക്കുന്നു."അനുരാഗപരാഗങ്ങൾ" എന്ന പേരിൽ ഞാൻ എഡിറ്റ് ചെയ്ത ഒരു പുസ്തകത്തിന് വേണ്ടി സമീപിച്ചപ്പോൾ പല മുതിർന്ന എഴുത്തുകാരും പറഞ്ഞത്, ഈ പ്രായത്തിൽ പ്രണയത്തെ കുറിച്ച് തുറന്നെഴുതി ഞാനിനി വായനക്കാരുടെ അപ്രീതി സമ്പാദിക്കണോ എന്നാണു! അതാണ് പ്രശ്നം, പ്രണയത്തെ എഴുത്തുകാർ പോലും ഭയക്കുന്നു. പ്രണയം ചീത്തയാണെന്ന്, പ്രണയിക്കുന്നവർ മോശക്കാരാണെന്ന് ഭയക്കുന്നു. ഓഷോ പ്രണയത്തെ ഇത്രയധികം ഇഴകീറി പഠിച്ചതിനു പിന്നിൽ സമൂഹത്തിന്റെ ഈ ഭീരുത്വം തന്നെയാകാം കാരണം. പ്രണയിക്കാൻ അവസരം ഉണ്ടായില്ലെങ്കിൽ, പ്രിയരേ, നിങ്ങൾക്ക് ജീവനുണ്ടായിട്ട് എന്ത് കഥ!
ഉടൽ തീണ്ടുന്നവനും ഉയിർ തീണ്ടുന്നവളും
പുരുഷന് തീർച്ചയായും ഉടൽപ്രധാനമാണ് പ്രണയം. അവന്റെ ശരീരമാണ് പ്രണയത്തിൽ പലപ്പോഴും ഉണർവുറ്റതാകുന്നത്. അതുകൊണ്ടു തന്നെ ഒരുവേള ചില നേരങ്ങളിൽ ഉടലിന്റെ ദാഹത്തോടൊപ്പം അവന്റെ പ്രണയവും വറ്റി വരണ്ടേക്കാം! എന്നാൽ കാണാതെയും തൊടാതെയും അത്രമേലെന്നെ പ്രണയിച്ച ഒരാളുണ്ട്. ആളെ ഞാൻ കണ്ടിട്ടേയില്ല എങ്കിലും ആ പ്രേമം ഒരിക്കലും അടുത്തുവരികയോ ഉടലാഴങ്ങളെ അറിയാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. അങ്ങോട്ട് സ്നേഹിക്കുന്നുവോ എന്ന നോട്ടങ്ങൾ അവിടില്ല, പരിഗണിക്കുന്നുവോ എന്ന് വിഷാദിക്കുന്നുമില്ല. അന്ധവും ബധിരവുമായ ഒരു സ്നേഹം. പ്രണയാർത്ഥികൾ ഉടൽ ഭേദിക്കാൻ വെമ്പൽ കൊള്ളുന്ന ഇക്കാലത്ത് ഇതൊരു അദ്‌ഭുതമല്ലേ? സ്ത്രീയുടെ സ്നേഹവും പ്രണയവും രതിയുമെല്ലാം ഹൃദയത്തിൽ അർപ്പിതമാണ്. അവളുടെ ഉള്ളുണർത്താതെ ആർക്കും അവളിലെ അവളെ അറിയാനാകില്ല. തൊലിപ്പുറമേ തൊടുന്ന ഭർത്താവിന് പോലും ഉള്ളിൽ പ്രണയമില്ലെങ്കിൽ അവളിൽ നിന്നും യാതൊന്നും ലഭിക്കുകയില്ല. മനസ്സുകൊണ്ട് വെറുക്കപ്പെടുന്ന ഭർത്താവിന് കീഴ്പ്പെടാൻ വിധിക്കപ്പെട്ടവളാണ് അവൾ. അയാളുടെ രതി ആസ്വദിക്കാനോ, അയാളെ ആനന്ദിപ്പിക്കാനോ അവൾക്കാവില്ല. പരസ്പരമുള്ള പ്രണയത്തിന്റെ ജീവജാലമാകണം രതി.
യൗവ്വനത്തിന്റെ രഹസ്യം!
സത്യം പറഞ്ഞാൽ എന്റെ മനസ്സിന്റെ യുവത്വമാണ്, യുവ സുഹൃത്തുക്കളുമായുള്ള സൗഹൃദത്തിന്റെ രഹസ്യം. ഞാൻ അവരിലൂടെ എന്നെത്തന്നെയാണ് കാണുന്നത്. അവരുടെ മനസ്സിനേക്കാൾ പക്വത ഒരുപക്ഷേ എന്റേതിനുണ്ടാകാം, പക്ഷേ അവരുടെ മനസ്സിനൊപ്പം പാറിപ്പറക്കുന്ന ഒന്നാണ് എന്റെ മനസ്സും. അവർക്കൊപ്പം നിൽക്കുമ്പോൾ അത്രമേൽ നിഷ്കളങ്കത്വവും നിഷ്കപടതയും ഞാൻ എന്നിലും തിരയുന്നു. ജീവിതാനന്ദത്തിന്റെ അവസാന തുള്ളിയും ഊറ്റിയെടുക്കാൻ വെമ്പുകയും ജീവിത ആഘോഷങ്ങളിൽ അഭിരമക്കുകയും ചെയ്യുന്ന ഒരു മനസ്സാണ് എന്റേത്. എന്നാൽ ചെറുപ്പക്കാരിൽ കാണുന്ന ചില പിഴവുകളൊക്കെ മാറ്റിയെടുക്കാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എനിക്കൊപ്പം നിൽക്കാൻ കെൽപ്പുണ്ടെന്ന് തോന്നുന്നവരെ കൂടെ കൂട്ടാറുണ്ട്, അല്ലാത്തവരിൽ നിന്നും സ്വാഭാവികമായും അകന്നു പോകും. യുവത്വത്തിന്റെ രക്തം തുടിക്കുന്ന കൈകളിലാണ് രാജ്യത്തിന്റെ ഭാവി എന്നെനിക്കറിയാം. അവരിൽ നിന്നും എന്നിലേയ്ക്ക് പ്രവഹിക്കുന്ന ഊർജ്ജവും ചെറുതല്ല. അതെന്നെ കൂടുതൽ കൂടുതൽ ചെറുപ്പമാക്കുന്നു.
എഴുത്തിലെ രതിയും പ്രണയവും.
എഴുത്തിൽ രതിയെ കൊണ്ട് വരാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അത് അശ്ലീലമാണെന്ന് തോന്നിയിട്ടില്ല, രതിയില്ലാതെ ഒരു ജീവിതമില്ല എന്ന് നിനച്ചിട്ടുമില്ല. യൗവ്വനത്തിലും എനിക്ക് രതിയെ എന്റെ എഴുത്തിന്റെ വിഷയമാക്കാൻ കഴിഞ്ഞിട്ടില്ല. മാധവിക്കുട്ടിയുടെ രതി ഞാൻ അവരുടെ എഴുത്തിലൂടെ ആസ്വദിച്ചു. എന്നാൽ ചില സമകാലീക സാഹിത്യകാരുടെ രതി വായിച്ച് ഓക്കാനം വന്നു. രതിയെ എഴുത്തിൽ ആവിഷ്കരിക്കാൻ അറിയാഞ്ഞിട്ടാണ് അത് എഴുതാത്തത്. പ്രണയത്തിന്റെ ആഘോഷമായി രതി രാസാത്തികളെ ഞാൻ കൊണ്ടു വന്നത് എന്റെ രാധാകൃഷ്ണ പ്രണയ നോവലായ "പ്രണയ സമീരേ" യിലാണ്. അതിൽ പ്രകൃതിയുടെ, പ്രതീകങ്ങളിലൂടെ ഒക്കെയാണ് രതി കൊണ്ടാടപ്പെട്ടത്.
എംടി എന്ന പ്രവാഹം...
എംടിയുമായുള്ള അടുപ്പം വാക്കുകളിലൂടെ വർണിക്കുക സാധ്യമല്ല. അതൊരു പ്രവാഹമാണ്. പരസ്പരം സുഖ, ദുഃഖങ്ങൾ ഇറക്കി വയ്ക്കുന്ന അത്താണിയായി ചിലപ്പോൾ ആ ബന്ധത്തെ കാണുന്നുണ്ട്. സ്വജീവിതത്തിലെ രഹസ്യങ്ങളെല്ലാം അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ പ്രണയ രഹസ്യങ്ങളെല്ലാം ഞാൻ അദ്ദേഹത്തോടും പറഞ്ഞിട്ടുണ്ട്. ചില ബന്ധങ്ങൾ വ്യാഖ്യാനങ്ങൾക്കും അപ്പുറമാണ്, അതുകൊണ്ട് എനിക്ക് അവകാശവാദങ്ങൾ ഒന്നുമില്ല. അത്രമേൽ സ്നേഹമാണെന്നതാണ് ഒറ്റവാക്കിൽ ഉത്തരം.
പ്രണയത്തിന്റെ ചക്രവർത്തിനി മാധവിക്കുട്ടി
എന്നെ എഴുത്തിന്റെ കാര്യത്തിൽ കുട്ടിക്കാലം മുതൽ അദ്‌ഭുതപ്പെടുത്തിയ എഴുത്തുകാരിയാണ് മാധവിക്കുട്ടി. അവരെപ്പോലെയാകാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അവരെ പോലെ എഴുതാൻ സ്വപ്നത്തിൽ പോലും മോഹിച്ചില്ല, എന്നാൽ പ്രണയം എന്നിൽ പ്രവേശിച്ചത് അവരുടെ കഥകളിലൂടെയാണ്. സ്ത്രീപുരുഷന്മാർക്കിടയിലെ ശരി തെറ്റുകളുടെ അതിർത്തികൾ മായിച്ചു കളഞ്ഞ പ്രതിഭയായിരുന്നു മാധവിക്കുട്ടി. സ്ത്രീക്ക് പ്രണയിക്കാൻ ഊർജ്ജമേറ്റിയ പ്രണയ ചക്രവർത്തിനി. അവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
ഉറുദു ഗസൽ എന്ന സംവദിക്കൽ
ഗസൽ എന്ന അറബിവാക്കിന്റെ അർഥം പ്രിയപ്പെട്ടവളോട് സംവദിക്കൽ എന്നത്രെ. മാൻപേടയുടെ വിലാപം എന്നും അതിനു അർഥമുണ്ട്. ഉറുദു ഉത്തരേന്ത്യയിൽ ലക്ഷക്കണക്കിന് ആളുകളുടെ സംസാര ഭാഷയാണ്. ഉറുദു ഭാഷയുടെ മാത്രമല്ല പല ഭാഷയുടെയും ആരാധികയാണ് ഞാൻ. ഉറുദു പഠിച്ചത് ഗസലുകൾ കേൾക്കാനും അതിന്റെ അർഥമറിയാനും അത് മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാനുമാണ്. ഗസൽ എന്നാൽ വിഷാദ ഗാനമാണ് എന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അത് ശരിയല്ല, ആത്‌മീയത, വിശ്വാസം, പ്രണയം, വിരഹം, ദുഃഖം, ആത്മപ്രശംസ, ഇങ്ങനെ പ്രമേയങ്ങളാൽ സമ്പന്നമായൊരു കാവ്യ ശാഖയാണ് ഗസൽ. പ്രേമിയുടെയും പ്രേമികളുടെയും രക്തവും മാംസവുമായ ഗസലുകൾ വായിച്ച് ഞാൻ അമ്പരന്നിട്ടുണ്ട്. മീർ തായി മീർ എന്ന ഉറുദു കവി പാടി,
"ഇപ്പോൾ തന്നെ പ്രണയിനി നീ കരഞ്ഞു തുടങ്ങുകയാണോ?
പ്രണയം ആരംഭിച്ചിട്ടല്ലേയുള്ളൂ,
ഇനി എന്തെല്ലാമാണ് വരാനിരിക്കുന്നത്!",
മറ്റൊരെണ്ണം നോക്കൂ,
"യാത്ര പ്രണയത്തിലേയ്ക്കാണോ?
എങ്കിൽ ആത്മാവിന്റെ മരണം പാഥേയമായി കരുതിയാലും..."
പീഡകളാൽ എരിയുന്ന ആത്മാവിനെയാണ് ഞാൻ ഗസലുകളിൽ കാണുന്നത്.
പ്രായമില്ലാത്ത പ്രണയങ്ങളിൽ ഞാൻ...
അഞ്ചു വർഷമായി തുടർച്ചയായി ഞാൻ എഫ്ബിയിൽ നാലുവരിക്കവിതകൾ എഴുതുന്നു. ആ കവിതകൾ ഊഷരമായ ഹൃദയങ്ങളിൽ പ്രണയത്തിന്റെ ജീവജലം തളിക്കുകയായിരുന്നു എന്ന മട്ടിൽ ആരാധകർ എഴുതാറുണ്ട്. ഭാര്യയെ പ്രണയിക്കാൻ മറന്നവർക്ക് അവളെ പ്രണയത്തോടെ ചേർത്ത് പിടിക്കാനായി എന്ന് പറഞ്ഞവരുണ്ട്. പല പ്രായക്കാർ ഇൻബോക്സിൽ പ്രണയം പറഞ്ഞു എത്താറുണ്ട്. ചില കോളജ് കുട്ടികളുടെ കത്തുകൾ രസകരമാണ്, അവരുടെയുള്ളിൽ പ്രണയം പീലിവിടർത്തുന്നു. എഴുതിയ ആളോട് കടുത്ത പ്രണയം. ഒരിക്കൽ ഞാനൊരു ചെറുപ്പക്കാരനോട് പറഞ്ഞു, "നിന്നെക്കാൾ വലിയ കുട്ടികൾ എനിക്കുണ്ട് മോനെ..." പക്ഷേ,"അതൊന്നും സാരമില്ല" എന്ന അവന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. പിന്നെ നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത ചില പ്രമുഖ വ്യക്തികളും ഇത്തരം ചാപല്യവുമായി വന്നിട്ടുണ്ട്. ഇതൊന്നും എന്റെ മാത്രം അനുഭവമല്ല, മറ്റു പല സ്ത്രീകളും ഇത് അനുഭവിച്ചിട്ടുണ്ടാകും.
വസ്ത്രം എന്ന ശീലം
നല്ല വായനക്കാർ കവിതയായി മാത്രമേ (എഴുത്തുകളാൽ മാത്രമേ) ആകർഷിക്കപ്പെടുകയുള്ളൂ. പിന്നെ കുട്ടിക്കാലം മുതൽ അമ്മ പഠിപ്പിച്ചതാണ് ഡ്രസ്സ് സെൻസ്. അമ്മ പോയി എന്നാലും നല്ല വസ്ത്രങ്ങൾ ധരിച്ചു നടക്കുക എന്ന ശീലം പ്രായം കൂടുന്തോറും ഏറുന്നതേയുള്ളൂ.
പ്രണയിക്കുന്നവൻ അവൾക്ക് രാജാവ്
പ്രശസ്തിയും പ്രേമവും തമ്മിൽ ബന്ധമൊന്നുമില്ല. മുഖശ്രീയുള്ളവരും പ്രശസ്തരും പരിചയവലയത്തിൽ എത്രയോ ഉണ്ട്, തിരികെ ഇഷ്ടം തോന്നിയ എത്രയോ പേരുണ്ട്, പക്ഷേ അതൊന്നും പ്രേമമല്ല, ചില അപൂർവ്വ വ്യക്തിത്വങ്ങളിൽ ആകർഷിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങോട്ട് തോന്നുന്നത് പോലെ അങ്ങോട്ടും ആകർഷണം തോന്നാം. ആസക്തി ഉണ്ടാകാം, ഇതൊക്കെ മനുഷ്യ സഹജമാണ്, എന്നാലിതൊക്കെ വായനക്കാരോട് പറയാൻ തോന്നാറില്ല, ഇഷ്ടം തോന്നിയവരോട് പറഞ്ഞിട്ടില്ല, പിന്നല്ലേ! മാധവിക്കുട്ടിക്ക അതിനു കഴിഞ്ഞിരുന്നു, അതാണ് അവരുടെ കൃതികളിലെ പ്രണയം അത്രയേറെ ജ്വലിച്ചു നിന്നിരുന്നതും. അത് സത്യസന്ധമാണ് കാപട്യങ്ങൾ ഒന്നുമേയില്ലാത്ത പ്രണയമാണ്.
കടയിൽ നിന്ന് സാധനം എടുത്തു തരുന്ന ആളോട് എനിക്ക് പ്രണയം തോന്നാം, പക്ഷേ ഞാനത് എഴുതില്ല. ന്നാൽ രാത്രി കള്ളവാറ്റ് നടത്തുകയും പകൽ അലസനായി കിടന്നുറങ്ങുകയും ചെയ്യുന്ന ഒരുത്തനെ ജാലകത്തിലൂടെ നോക്കി പ്രണയിക്കുന്ന ധനികയെ തന്റെ "രാജാവ്" എന്ന കഥയിൽ മാധവിക്കുട്ടി എഴുതി. പ്രണയിക്കുമ്പോൾ അവൾക്ക് അവൻ രാജാവാണ്. അതിനു മുഖശ്രീ വേണ്ട, പ്രശസ്തനും ആവേണ്ട.
പച്ചക്ക് പറഞ്ഞാൽ...
പ്രണയവും രതിയും എഴുത്തിൽ കടന്നു വരുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ പച്ചയായി എഴുതുന്നതിനു പകരം അനുഭൂതിദായകമായ മോട്ടിഫുകളും പ്രതീകങ്ങളുമായി രതി കഥയിൽ വരുമ്പോൾ നാം അറിഞ്ഞാസ്വദിക്കും.
ആവശ്യത്തിലധികം ലൈംഗികത എഴുതുന്ന ആണും പെണ്ണുമുണ്ട്. രതിയെ അത്രയ്ക്കൊന്നും തുറന്നെഴുതേണ്ടതില്ല എന്ന് തോന്നിയിട്ടുണ്ട്. അതിനു ഗൂഗിളിൽ ചെന്ന് മൂന്നക്ഷരം ടൈപ്പ് ചെയ്യുകയോ മർക്കറ്റിലുള്ള നീല പുസ്തകങ്ങൾ വാങ്ങിക്കുകയോ ചെയ്താൽ പോരെ! ചില സന്ദർഭങ്ങളിൽ കഥയിലും നോവലിലും അതാവശ്യമായി വരും. വർണനയ്ക്ക് പകരം ധ്വനിപ്പിക്കലാണ് ഭംഗി എന്നാണെന്റെ തോന്നൽ. പിന്നെ അമിത ഭോഗാലസത സാഹിത്യത്തിന്റെ വില്പനയുടെയും ഭാഗമാകാം. ലൈംഗികത വായിക്കാൻ ഇഷ്ടമല്ലാത്ത മനുഷ്യരുണ്ടോ?
ഉടയ്ക്കാനാവാത്ത സദാചാരം
സദാചാരം അത്ര പെട്ടെന്ന് ഉടച്ചു കളയാവുന്ന ഒന്നല്ല. സമൂഹത്തിന്റെ ഒരു ചീത്ത കണ്ണ് എല്ലായ്പ്പോഴും നമ്മുടെ മേലുണ്ട്. നമുക്ക് അവരുടെ മേല്മുണ്ട്. കുടുംബമാണ് ഒരു എഴുത്തുകാരിയുടെ മേൽ ആദ്യത്തെ സെൻസർഷിപ്പ് അടിച്ചേൽപ്പിക്കുന്നത്. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ഘടകം പ്രണയം തന്നെ. എന്നാലെനിക്ക് സ്വാതന്ത്ര്യം അതിനും മീതെയാണ്. പുരുഷന്റെ അബോധത്തിൽ മറഞ്ഞിരിക്കുന്ന സ്ത്രീ ചേതനയെ അല്ലെങ്കിൽ സ്നേഹിക്കാനുള്ള സഹജവാസനയെ പുറത്തു കൊണ്ട് വരികയാണ് ഞാനെന്റെ കൃതികളിലൂടെ. സൗമ്യ മുഗ്ധവും ഭാരമൃദുലവുമായ ഒരാണിനെ ഞാൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. സങ്കൽപ്പത്തിന്റെ സുരഭിലോന്മാദികളാണ് എന്റെ നായകന്മാർ. വ്യാമോഹമെങ്കിൽ വ്യാമോഹം, മിഥ്യയെങ്കിൽ മിഥ്യ. എന്നാൽ ഏറ്റവും ശക്തവും അർഥവത്തുമായ ഒരു ഉദ്വേഗമാണ് എനിക്ക് പ്രണയം. പ്രണയത്തിനു വേണ്ടി രാജസിംഹാസനങ്ങൾ ഉപേക്ഷിച്ചതാണെന്ന് മുൻപൊരിക്കൽ ഒരാളെന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പറഞ്ഞ, വീട്, കുടുംബം, സമൂഹം, രാജ്യം, - ഈ പഴമയുടെ കെട്ടുപാടുകൾ തകർക്കാൻ ധൈര്യമുണ്ടായില്ല. പ്രണയത്തിനു വേണ്ടി, പേര്, പ്രശസ്തി, കിരീട, ചെങ്കോൽ, എന്നിവ ഉപേക്ഷിക്കാൻ പോകുന്ന ഒരുവനും ഇന്നുണ്ടാകാനും പോകുന്നില്ല. പ്രണയത്തിൽ സ്ത്രീ സ്വന്തം സുരക്ഷ നോക്കുകയേ ഇല്ല. എന്നാൽ പുരുഷൻ നേരെ മറിച്ചാണ്, എല്ലാം തകർക്കാൻ സ്ത്രീ സന്നദ്ധയാകുമ്പോൾ പുരുഷനത് അചിന്ത്യമാണ്, പിന്നെ ഏതെങ്കിലും പെണ്ണ് സകലതും തട്ടിത്തകർത്തു പ്രണയ പ്രഖ്യാപനം നടത്തുമോ? ഞാൻ ആരുമല്ല എന്ന് വിശ്വസിക്കുന്നവളാണ് ഞാൻ ഇപ്പോൾ അറുപത്തിയൊന്ന് പുസ്തകങ്ങളാണ്, കുറച്ചു നല്ല വായനക്കാരും പ്രസാധകരുമുണ്ട്. പിന്നെ ആരെന്ത് പറഞ്ഞാലും എനിക്കെന്ത് കഥ!
യാത്രകളാണ് ഊർജ്ജം...
എഴുത്തുകാരുടെ ആത്മാവിനു അളവറ്റ ഊർജ്ജം നൽകുന്ന ഒന്നാണ് യാത്രകൾ. നമ്മൾ രണ്ടു തരം യാത്രകൾ നടത്താറുണ്ട്, ബാഹ്യവും ആന്തരികവുമായതാണ് അവ. ആന്തരിക യാത്രയിൽ ആത്മാവ് വളരുകയും പക്വഫലങ്ങൾ കനിയുകയും ചെയ്യുന്നു. ബാഹ്യത്തിലെ സഞ്ചാരക്ലേശത്തിന്റെ അഗ്നി എനിക്ക് ചൂടും വെളിച്ചവും ആയിട്ടുണ്ട്. ഒറ്റയ്ക്ക് സഞ്ചരിക്കാൻ ആദ്യം മടിയായിരുന്നു. ഏത് പ്രായക്കാർക്കും എവിടെയും അപകടം പതിയിരിക്കുന്നു എന്നായിരുന്നു ആദ്യത്തെ ധാരണ. എന്റെ അനുഭവത്തിൽ, എന്റെ യാത്രയിൽ ഇന്നേവരെ ഒരാളും എന്നെ ഉപദ്രവിച്ചിട്ടില്ല, സഹായിച്ചിട്ടേയുള്ളൂ. ആറ് ഭൂഖണ്ഡങ്ങളിലായി ഇരുപത്തിയാറു യാത്രകൾ. ഒറ്റയ്ക്ക് വിമാനത്തിൽ പോകുന്നു എന്നേയുള്ളൂ. പല സെമിനാറുകൾക്കും പ്രസംഗങ്ങൾക്കും ഒറ്റയ്ക്ക് തന്നെ പോയി. അവിടെയെല്ലാം ആദരവ്, സ്നേഹം പരിഗണന ഒക്കെയേ ലഭിച്ചിട്ടുള്ളൂ. എഴുത്തുകാരുടെ ആന്തരിക പോരാട്ടങ്ങളും ആന്ത:സംഘർഷങ്ങളും ഒക്കെയും യാത്രയിൽ അയഞ്ഞു വരുന്നു. സഞ്ചാരത്തിന്റെ സംശുദ്ധിയിൽ നിന്ന് അവർ ഊർജ്ജത്തെ കടഞ്ഞെടുക്കുന്നു. പിന്നെ യാത്രാ വിവരണങ്ങളിലൂടെ അനുവാചകനെ അവർ തരണം ചെയ്ത മാർഗ്ഗങ്ങളിലേയ്ക്ക്, വഴിയിലേക്ക്, പ്രവിശ്യയിലേയ്ക്ക് ഒക്കെയും കൈപിടിച്ച് നടത്തുന്നു. ഞാൻ അഞ്ചു യാത്ര വിവരണങ്ങൾ എഴുതിയിട്ടുണ്ട്. കാണാത്ത കാഴ്ചകളുടെ സുപ്രസന്നതയിലേയ്ക്ക് വായനക്കാരെ നയിക്കുവാൻ ഓർമ്മകളിൽ ഇനിയുമെത്രയോ യാത്രാഘോഷങ്ങൾ !
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം