അങ്കണം പുരസ്‌കാരം, വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾക്കൊടുവിലാണ് അമൽ പിരപ്പൻകോടിന്റെ "വ്യസനസമുച്ചയം" എന്ന നോവലിന് ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കരം ലഭിക്കുന്നത്. ഇന്നത്തെ കാലത്തിന്റെ, ഇതുവരെ പഴകിപോകാത്ത ഒരു കഥയാണ് വ്യസന സമുച്ചയം കേരളത്തിലെ ഒരു ഗ്രാമത്തിൽ, അതും ഇതുവരെ ഇന്റർനെറ്റ് പോലും അത്ര വ്യാപകമായി കടന്നു ചെല്ലാത്ത ഒരു ഗ്രാമത്തിൽ ഓൺലൈൻ തട്ടിപ്പിന് ഇരയാക്കപ്പെടുന്ന മനുഷ്യർ, അവർ നേരിടുന്ന ആക്ഷേപങ്ങൾ, മനുഷ്യനെ ഇന്റർനെറ്റ് വിഴുങ്ങുന്ന വിധം, ഇതൊക്കെയാണ് നോവൽ പറഞ്ഞു വയ്ക്കുന്നത്.
ഒരു ഓൺലൈൻ പോർട്ടലിനു വേണ്ടി ജോലി ചെയ്യുമ്പോഴാണ് അമലിനെ പരിചയപ്പെടുന്നത്, അതിവിടെ പറയാനുള്ള കാരണം പോലും വ്യസനസമുച്ചയം എന്ന നോവലാണ്. പുതിയതായി എഴുതാൻ പോകുന്ന നോവലിനു വേണ്ടിയാണ് അമൽ എന്ന പുതിയ ജേർണലിസ്റ്റ് ജോലിക്ക് കയറിയതെന്ന് അറിഞ്ഞപ്പോൾ മുതൽ അമലിനെ നേരിട്ട് പരിചയപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷേ, ഫോൺ വിളികളിലും ചാറ്റിലും മാത്രമായി തികച്ചും ഔദ്യോഗികമായി അമലിനോടുള്ള അടുപ്പം ഒതുങ്ങിപ്പോയി. പക്ഷേ, അമലിനെ പോലെ സ്വതന്ത്രമായ, ആർട്ടിസ്റ്റിക് മനസ്സുള്ള ഒരാൾക്ക് പറ്റിയ ജോലിയല്ല പത്രപ്രവർത്തനം എന്നതുകൊണ്ടു തന്നെ ഏറെനാൾ കഴിയുന്നതിനു മുൻപ് അമൽ മാവേലിക്കര ആർട്ട്സ് കോളജിലെ അധ്യാപകനായി ജോലി കിട്ടി യാത്രയായി.
"ഇപ്പോൾ ഞാൻ ടോക്കിയോയിൽ ഒരു സ്‌കൂളിലാണ്, ഇവിടെ ജാപ്പനീസ് ഭാഷ പഠിക്കുന്നു, എന്റെ കൂടെ ശാന്തിനികേതനിൽ പഠിച്ച ഒരു ജാപ്പനീസ് പെൺകുട്ടിയുണ്ട് കുമിക്കോ. നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങൾ, ഒന്നിച്ചു ജീവിക്കാം എന്ന ആഗ്രഹത്തിലാണ്. അവളുടെ ഭാഷ പഠിക്കുന്നത് നല്ലതാണെന്ന് തോന്നി, മാവേലിക്കര കോളജിലെ ലക്ച്ചറർ ആയി ജോലി ചെയ്യുകയായിരുന്നു, അവിടെ നിന്നാണ് ഭാഷ പഠിക്കാനുള്ള ആഗ്രഹവുമായി ജപ്പാന് തിരിച്ചത് ഇവിടെ ഇംഗ്ലീഷ് ഭാഷ പോലും ഇല്ല, ജാപ്പനീസ് മാത്രമേയുള്ളൂ, നല്ല ബുദ്ധിമുട്ടാണ്, ജീവിതവും ഭാഷയും എല്ലാം, അതും നഗരത്തിന്റെ തിരക്കുകൾ, അവരുടെ രീതികൾ, എല്ലാമായി പൊരുത്തപ്പെട്ടു വരുന്നു. രണ്ടു വർഷമാണ് കോഴ്സ്, അത് കഴിയുമ്പോൾ എന്ത് വേണമെന്ന് അപ്പോൾ തീരുമാനിക്കാം",
ഇപ്പോൾ അമൽ അങ്ങ് ജപ്പാനിലാണ്, നോവലെഴുതാൻ മാധ്യമപ്രവർത്തകനായതുപോലെ പ്രിയപ്പെട്ടവൾക്കായി ഭാഷ പഠിക്കുന്ന ആത്മാർഥത.
ഒരു ചട്ടക്കൂടില്ലാതെ ഒരു വേദിയിൽ ഒരു ലോകം മുഴുവനും ഇരിക്കെ ആരുടേയും സ്വഭാവം വ്യക്തമായി തിരിച്ചറിയാൻ ആകുന്നില്ലല്ലോ എന്ന് നിസ്സഹായതയോടെ തിരിച്ചറിയേണ്ടി വരുന്നുണ്ട് പലപ്പോഴും മനുഷ്യർക്ക്. അത്തരം ചില നിസ്സഹായതകളുടെ കഥയാണ് അമൽ പിരപ്പിൻകോട് എന്ന എഴുത്തുകാരന്റെ "വ്യസനസമുച്ചയം" എന്ന നോവൽ പറയുന്നത്. ഒരു വലിയ നെറ്റ് വർക്കിങ് തട്ടിപ്പ് സംഘത്തിന്റെ ഇരയാക്കപ്പെടുന്ന ജനങ്ങൾ. സ്വാഭാവികമായും ഈ സാമൂഹിക അന്തരീക്ഷം നമുക്ക് ഏറെ പരിചിതവുമാണ്. പലപ്പോഴും മെസ്സേജ് ഫൊൾഡറിലെ മധുരമൂറുന്ന പുഞ്ചിരിയുമായി വരുന്ന പെണ്ണിന്റെ വാക്കുകളിൽ മയങ്ങി ഇമെയിൽ ഐടിയും അക്കൗണ്ട് നമ്പരും ഒക്കെ കൊടുക്കുന്ന മനുഷ്യൻ, അവന്റെ കയ്യിലുള്ള പണവും നൽകുന്നതോടെ തട്ടിപ്പ് സംഘങ്ങളുടെ വൻ ഇടപെടലുകളിൽ കണ്ണിയായി മാറുന്നു. സത്യം നോവലായി പുറത്തു കൊണ്ടുവരികയാണ് അമൽ ചെയ്തത്. അതുകൊണ്ട് തന്നെ വ്യസനസമുച്ചയം കാലത്തിന്റെ കഥയാണെന്നു സംശയമില്ലാതെ പറയാം. കാരണം ഇന്ന് രാജ്യത്തിൽ ഏറ്റവും അധികം തട്ടിപ്പ് നടക്കുന്ന ഒരിടം ഇന്റർനെറ്റ് തന്നെയാണ്.
വ്യസനസമുച്ചയമാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിനായി പരിഗണിച്ചത്. എഴുത്തുകാരനും കാർട്ടൂണിസ്റ്റുമാണ് അമൽ, അതുകൊണ്ടു തന്നെ ഗ്രാഫിക്സ് നോവലുകളും അമലിന്റെ എഴുത്തു ലിസ്റ്റിലുണ്ട്. ഗ്രാഫിക്സ് നോവലും ഗ്രാഫിക് കഥയും അമൽ നിരവധിയെഴുതിയിട്ടുണ്ട്. അതിൽ പൂർണമായും ദൃശ്യവത്കരിക്കപ്പെട്ട ലോക മാധ്യമമായ സിനിമയ്ക്ക് വേണ്ടി എഴുതപ്പെട്ട അല്ലെങ്കിൽ വരയ്ക്കപ്പെട്ട ഒരു കഥയാണ് ദ്വയാർഥം, അതുപോലെ കള്ളൻ പവിത്രന്റെ ഗ്രാഫിക്സ് വായന... "അനേഷിപ്പിൻ കണ്ടെത്തും" , അതാണ് അമലിന്റെ ഏറ്റവും പുതിയ നോവൽ, "ഇതൊരു അന്വേഷണാത്മക സ്വഭാവമുള്ള നോവലാണ്.", പുതിയ നോവലിനെ കുറിച്ച് അമൽ സാക്ഷ്യപ്പെടുത്തുന്നു. ജപ്പാനിൽ വച്ച് തന്നെയാണ് അക്കാദമി പുരസ്‌കാരം ലഭിച്ച വാർത്ത അമൽ അറിയുന്നതും. സോഷ്യൽ മീഡിയയിലൂടെ അമലിനുള്ള ആശംസകൾ പ്രവാഹങ്ങളായി ഒഴുകുകയാണ്. അൻപതിനായിരം രൂപയും പ്രശസ്തി പത്രവുമാണ്, അക്കാദമി പുരസ്‌കാരം. കേരളത്തിൽ നിന്ന് അമലിനും പ്രശസ്ത കവി പി.കെ. ഗോപിക്കും ഇത്തവണ കേന്ദ്ര പുരസ്കാരമുണ്ട്. "ഓലച്ചൂട്ടിന്റെ വെളിച്ചം" എന്ന ബാല സാഹിത്യ കൃതിയ്ക്കാണ് പി.കെ. ഗോപി പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത്.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം