ആ അനുഭവങ്ങളാണ് എന്നെ എഴുത്തുകാരനാക്കിയത്: ബെന്യാമിൻ

benyamin
SHARE

ദൈവത്തിന്റെ വലംകൈ എന്നാണ് ഹീബ്രു ഭാഷയിൽ ബെന്യാമിൻ എന്ന വാക്കിനർഥം. പന്തളം കുളനട ബെന്നി ഡാനിയേൽ ഈ വാക്ക് പേനപ്പേരായി സ്വീകരിച്ചപ്പോൾ അദ്ദേഹം മനുഷ്യരുടെ കൂടി വലംകൈയായി മാറി. ആ കയ്യിലേക്ക് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ജെസിബി സാഹിത്യപുരസ്കാരം (25 ലക്ഷം രൂപ) വന്നു ചേർന്നപ്പോൾ മലയാളികൾ അഭിമാനം കൊണ്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാർ ഇംഗ്ലിഷിലെഴുതിയതും ഇന്ത്യൻ ഭാഷകളിൽ നിന്ന് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയതുമായ, അ‍ഞ്ചു വർഷത്തിനിടെ പ്രസിദ്ധീകരിച്ച സാഹിത്യകൃതികൾ, പല ഘട്ടങ്ങളിലായി വിലയിരുത്തിയാണ് ഈ പുരസ്കാരം കുളനടയിലേക്കെത്തിയത്. 

കുളനട ജംക്‌ഷനിൽനിന്ന് വെണ്മണിയിലൂടെ മാവേലിക്കരയിലേക്കു പോകുമ്പോൾ ഒരു കിലോമീറ്റർ അകലെ ആലേക്കുമണ്ണിൽ എന്നൊരു നാലും കൂടിയ മുക്ക്. അതിന് 500 മീറ്റർ തെക്കു മാറിയാണ് ബെന്യാമിന്റെ മണ്ണിൽ പുത്തൻവീട്. ആലേക്കുമണ്ണിൽ എന്ന സ്ഥലപ്പേരിന് ബെന്യാമിന്റെ കുടുംബപ്പേരുമായി ബന്ധമുണ്ട്. പ്ലാവ് നിൽക്കുന്ന മണ്ണിൽ, കാഞ്ഞിരമണ്ണിൽ, കിളന്നമണ്ണിൽ, ആലുനിൽക്കുന്നമണ്ണിൽ, ചാക്കോളമണ്ണിൽ എന്നിങ്ങനെ അഞ്ച് സഹോദര കുടുംബങ്ങളാണ് ഈ ഭാഗത്തുണ്ടായിരുന്നത്. ആലുനിൽക്കുന്നമണ്ണാണ് ആലേക്കുമണ്ണായി ലോപിച്ചത്. പ്ലാവ് നിൽക്കുന്ന മണ്ണിലാണ് ബെന്യാമിന്റെ കുടുംബം. 

അച്ചൻകോവിലാറിന്റെ കരയിൽ ജീവിതാനുഭവങ്ങളുടെ സങ്കടപ്പുഴ പലതു താണ്ടിയിട്ടുള്ള ആളാണ് ബെന്യാമിൻ. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവൽ വായിക്കുന്നവർക്ക് കുഞ്ഞു ബെന്നിയുടെ നെഞ്ചിലൂടെ കടന്നുപോയ നീറ്റലെല്ലാം തൊട്ടെടുക്കാനാവും. ബെന്യാമിനെ കേൾക്കാം. 

benyamin

വീട്ടിലെ പശ്ചാത്തലം എഴുത്തുകാരനെ സൃഷ്ടിക്കുന്നതിൽ വഹിച്ച പങ്ക്?  

∙ ടാക്സി ഡ്രൈവർ ആയിരുന്നു പിതാവ് ഡാനിയേൽ. എല്ലാത്തരം നാട്ടു ഗുസ്‌തികളുടെയും നായകൻ. അത് യൗവനാരംഭം വരെ പൊതുസമൂഹത്തിൽ നിന്നു പിന്തിരിയാൻ എന്നെ പ്രേരിപ്പിച്ചു. അന്തർമുഖൻ ആക്കി. ആറു വയസ്സിനു മൂത്തയാളാണ് ഏക സഹോദരി. അതുകൊണ്ട് തന്നെ ബാല്യം ഏറെക്കുറെ ഏകാന്തമായിരുന്നു. തനിച്ചിരുന്ന് സ്വപ്നം കാണാൻ വലിയ അവസരം. പിന്നെ രോഗാതുരമായ ബാല്യം. ഇതൊക്കെ എന്നിലെ എഴുത്തുകാരനെ സൃഷ്ടിക്കുന്നതിൽ പങ്കു വഹിച്ചു. 

അമ്മ അമ്മിണിയുടെ മരണം? 

∙ എനിക്ക് 27 വയസ്സ് ആയപ്പോഴാണ് അമ്മ മരിക്കുന്നത്. അപ്പോഴേക്കും ഞാൻ ഗൾഫിൽ പോയിരുന്നു. അതൊരു ആഘാതം തന്നെയായിരുന്നു. 

കുടുംബത്തിൽ എഴുത്തിനെയും വായനയെയും സ്വാധീനിച്ചത്? 

∙ അമ്മയുടെ മാതാപിതാക്കൾ നല്ല വായനക്കാർ ആയിരുന്നു. അപ്പച്ചൻ പ്രക്കാനം കുഴിക്കാട്ടിൽ സഖറിയ സ്വന്ത നിലയിൽ സംസ്‌കൃതവും ആയുർവേദവും പഠിച്ച് ചികിൽസ നടത്തിയിരുന്നു. അമ്മച്ചി ഏലിയാമ്മ രാത്രികാലങ്ങളിൽ മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിരുന്ന് പുസ്തകം വായിക്കുന്ന ഓർമയുണ്ട്. 

നാട് ചെലുത്തിയ സ്വാധീനം? 

benyamin-book-review-about-

∙ നാട് അധികം സ്വാധീനിച്ചു എന്ന് പറയാനാവില്ല. കാർട്ടുണിസ്റ്റ് പി.കെ. മന്ത്രി നാട്ടുകാരൻ ആയിരുന്നു. എന്റെ പിതാവാണ് അദ്ദേഹത്തിന്റെ ഓട്ടം പോയിരുന്നത്. എനിക്കറിയാവുന്ന ഏക കലാകാരൻ അദ്ദേഹമായിരുന്നു. അന്ന് നാട്ടിൽ ക്ലബ്ബുകൾ നന്നായി പ്രവർത്തിച്ചിരുന്നു. അതിൽ സഹകരിച്ചിട്ടുണ്ട്. അവിടത്തെ ജീവിതങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു അവ കഥകളിലേക്ക് കൊണ്ടുവന്നിട്ടുമുണ്ട്. 

അക്ഷരം പഠിപ്പിച്ച ആദ്യ ഗുരു, പഠിച്ച സ്ഥാപനങ്ങൾ? 

∙ വീടിനടുത്തുള്ള ആശാൻപള്ളിക്കൂടത്തിലാണ് പോയത്. ആശാന്റെ പേര് അറിയില്ല. ഏഴാം ക്ലാസ് വരെ മാന്തുക ഗവ. യുപിഎസിൽ, പിന്നീട് 10–ാം ക്ലാസ് വരെ പന്തളം എൻഎസ്എസ് ബോയ്സ്. പ്രീഡിഗ്രി പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ. തിരുപ്പൂർ നഞ്ചപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് നേടിയ പോളിടെക്നിക് യോഗ്യതയുമായാണ് ബഹ്റൈനിലേക്കു പോയത്. 

ആദ്യമായി വായിച്ച പുസ്തകങ്ങൾ? 

∙ ബാലമാസികകൾ ആവാം. പിന്നെ ഓർമയിൽ ഉള്ളത് ബഷീറിന്റെയും ആനന്ദിന്റെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും പുസ്തകങ്ങൾ. 

പള്ളിയും ക്രിസ്തീയ ജീവിതവും സ്വാധീനം ചെലുത്തിയോ?  

∙ എന്നിലെ ആത്മീയത വളർത്തുന്നതിൽ ഇത് രണ്ടും പങ്കു വഹിച്ചിട്ടുണ്ട്. ക്രിസ്തു എന്നും ഒരു പ്രഹേളിക ആണ്. ബൈബിൾ ഒരു കവിതാ പുസ്തകം പോലെ ഇഷ്ടപ്പെടുന്നു. 

‘അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങളും മാന്തളിരും’ ആത്മകഥാപരം എന്നു പറയാം. മാന്തളിർ വീട് സ്വന്തം വീടു തന്നെയോ? കേന്ദ്ര കഥാപാത്രം വല്യച്ചായൻ ആര് ? 

∙ അതേ. ആ വീടിന്റെ ഭാവനാ രൂപമാണ് മാന്തളിർ വീട്. വല്യച്ചായൻ എന്റെ പിതാവിന്റെ മൂത്ത സഹോദരൻ ആയിരുന്നു 

ജോലി ഉപേക്ഷിച്ച് നാട്ടിൽ താമസമാക്കിയത് എഴുത്തിനെ എങ്ങനെ സ്വാധീനിച്ചു? 

∙ എഴുതാനും വായിക്കാനും യാത്ര ചെയ്യാനും സമയം കിട്ടും എന്നാണ് കരുതിയത്. പക്ഷേ, നാട്ടിലെ സമ്മേളനങ്ങൾ സമയം വല്ലാതെ അപഹരിക്കുന്നുണ്ട്.

വിനയം, കഠിനാധ്വാനം, അർപ്പണം, പ്രതിബദ്ധത എന്നീ വാക്കുകൾക്ക് പര്യായപദമാലോചിക്കുന്നവർക്ക് പുലർച്ചെ ഒന്നരയ്ക്ക് ഉറങ്ങാതിരുന്ന് ഈ അഭിമുഖം തന്ന അദ്ദേഹം തന്നെ മറുപടി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA