സാമൂഹികമായി പിൻതള്ളപ്പെട്ട മനുഷ്യർ, ജീവിതത്തോടും സമൂഹത്തോടും പൊരുതി തോറ്റ മനുഷ്യർ, അവരുടെ ജീവിതങ്ങളാണ് തന്റെ കവിതകൾ എന്ന് കവി എസ്. കലേഷ്. ആൾക്കൂട്ട അക്രമണങ്ങളോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യുന്നവര്‍ക്കൊപ്പം താനില്ല. ഭരണഘടനക്കും മനുഷ്യനുമെതിരെ സമരം ചെയ്യുന്നവരാണ് അങ്ങനെ ആക്രമിക്കുന്നത്.
കവിതയിലേക്കുളള തന്റെ വഴിയെക്കുറിച്ചും കവിതയിലെ തന്റെ വഴിയെക്കുറിച്ചും മനോരമന്യൂസ് ചൂണ്ടുവിരലിന് അനുവദിച്ച അഭിമുഖത്തിൽ കലേഷ് മനസ്സുതുറന്നു. വിവാദങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് കലേഷ് വിശദമായി ജീവിതവും നിലപാടുകളും തുറന്നുപറയുന്നത്.
അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ
എസ്. കലേഷ് എന്ന കവി
പത്തനംതിട്ട ജില്ലയിലെ കുന്നന്താനം എന്ന ഗ്രാമത്തിലാണ് ജനിച്ചത്. കുന്നന്താനത്തിന്റെ പല അടയാളങ്ങളും ഗ്രാമീണ ജീവിതത്തിന്റെ രേഖപ്പെടുത്തലുകളും എന്റെ കവിതകളിൽ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 2000 നു ശേഷമാണ് വായനയെ കൂടുതൽ ഗൗരവമായി കണ്ടത്. എഴുത്തിന്റെ രീതി മാറുകയും പുതിയൊരു രാഷ്ട്രീയം കടന്നുവരികയും ചെയ്തു. എന്റെ ജീവിതം, ഞാൻ കടന്നുവന്ന വഴികൾ, എന്റെ സാമൂഹിക ജീവിതം, രാഷ്ട്രീയ ജീവിതം അങ്ങനെ പലതരത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ ഞാൻ എങ്ങനെയാണ് എന്റെ ജീവിതം കൊണ്ടു പ്രതികരിക്കുന്നത്. അത്തരം ഒരു അനുഭവപശ്ചാത്തലമാണ് എന്റെ കവിതകൾക്ക് വിഷയമായിട്ടുള്ളത്.
പകർത്തി എഴുതപ്പെട്ട കവിത
എന്റെ ഒരു സുഹൃത്ത് കവിത പ്രസിദ്ധീകരിച്ച പേജ് എനിക്കു വാട്സാപ്പ് ചെയ്തു തരുകയായിരുന്നു. ആദ്യം എനിക്ക് അതൊരു തമാശ ആയിട്ടാണ് തോന്നിയത്. മുമ്പ് പ്രസിദ്ധീകരിച്ച ഒരു കവിതയാണത്. അത് അവരുടെ പേരിൽ മാറ്റാരെങ്കിലും അയച്ചു കൊടുത്തതാവാം എന്നാണ് ഞാൻ കരുതിയത്. പിന്നീട് കവിതയുടെ അവകാശങ്ങളെകുറിച്ച് ചർച്ചകൾ ഉണ്ടായപ്പോഴാണ് എനിക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയത്. ആ കവിതയെഴുതിയ സവിശേഷമായ വൈകാരികപരിസരം മറ്റുളളവര്‍ക്ക് ഒരിക്കലും ഉണ്ടാവില്ല.
‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ’ എന്ന കവിതയുടെ വൈകാരിക പരിസരം
2011 ൽ ഒരു പ്രത്യേക സാഹചര്യത്തിലാണ് ഞാൻ ഈ കവിത എഴുതുന്നത്. ഇത് ഒരു ആഖ്യാന കവിതയാണ്. അങ്ങനെയിരിക്കെ പെട്ടന്നൊരുനാള്‍ മരിച്ചു പോയ് ഞാൻ... ഗദ്യത്തിൽ തന്നെയുള്ള ഒരു ഉൾതാളമാണ് ഈ കവിതയിൽ ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യർക്കിടയിൽ ഉള്ള അന്തരത്തേയാണ് കവിതയിൽ പറയുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള അന്തരം. പ്രണയത്തിലെ അന്തരങ്ങൾ. മരണത്തിനുശേഷമാണ് അവർ ഇരുവരും തുല്ല്യതയിലേയ്ക്കു വരുന്നത്. അങ്ങനെയൊരു ഒരു കാഴ്ചപാടിൽ നിന്നാണ് ആ കവിത മുഴുവൻ എഴുതിയിരിക്കുന്നത്. പലതവണ എഴുതിയും തിരുത്തിയും ഒക്കെയാണ് ആ കവിതയിലേയ്ക്ക് നമ്മൾ എത്തിചേരുന്നത്. പരുക്കൻ ഗദ്യത്തെ ഉപേക്ഷിച്ച് ഗദ്യത്തിന്റെ ഒരു താളം കവിതയിൽ കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്.
നല്ല വായനക്കാരൻ കവിതയെ കണ്ടെത്തികൊള്ളും
എനിക്ക് വലിയൊരു ആൾക്കൂട്ടത്തെ അഡ്രസ്സ് ചെയ്തുകൊണ്ട് കവിത വായിക്കണം എന്ന താൽപര്യം തീരെ ഇല്ല. നല്ല വായനക്കാരൻ നല്ല കവിതകളെ, കവിയെ കണ്ടെത്തികൊള്ളും. വലിയ ബഹളങ്ങളല്ല എന്റെ കവിതകളുടെ ഇടം.
ആൾക്കൂട്ട വിചാരണകൾ ആവശ്യമില്ല
ആൾക്കൂട്ട വിചാരണകളോട് താൽപര്യമില്ല. ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ ആൾക്കൂട്ട വിചാരണകളിലേയ്ക്കു നീങ്ങാനുള്ള സാധ്യത കേരളത്തിൽ ഉണ്ട്. ജനാധിപത്യ വിരുദ്ധമായ, ഭരണഘടനാവിരുദ്ധമായ രാഷ്ട്രീയം നിലനിൽക്കുന്ന ഒരു കാലത്ത് അത്തരം ഒരു സാധ്യത ഉണ്ടെന്ന് എനിക്കു തോന്നി. ഒരു കവി എന്ന നിലയിൽ അതിൽ എന്റെ പങ്ക് ഒരു ശതമാനമെങ്കിലും ഉണ്ടായാൽ അത് ഭരണഘടനാവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണെന്ന് എനിക്കു തോന്നി.
മാപ്പിന്റെ ആവശ്യമില്ല
മാപ്പ് എന്ന വാക്കിന് വലിയ അര്‍ഥം ഉണ്ടെന്നു തോന്നുന്നില്ല. പറഞ്ഞു പറഞ്ഞു തേഞ്ഞു പോയ ഒരു വാക്കാണത്. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് മാപ്പു പറയുന്നത് എന്തിനാണ്. മാപ്പിന്റെ ആവശ്യമില്ല. മാപ്പ് സ്വീകരിക്കുന്നില്ല.
ഇടങ്ങളില്ലാതായി പോകുന്നവരുടെ കവിതകൾ
നഗരത്തിലെത്തിയാലും ഒരു മുഴുനീള നഗരജീവിതം എന്റെ കവിതകളിൽ ഇതുവരെ കടന്നു വന്നിട്ടില്ല. നഗരവൽക്കരണം വരുമ്പോൾ കുടിയൊഴിക്കപ്പെട്ട മനുഷ്യരും ഇടങ്ങളില്ലാതായി പോകുന്നവരും. പുറമ്പോക്കിലുള്ളവരും ഒക്കെ കവിതകൾക്ക് വിഷയമായിട്ടുണ്ട്. എന്റെ കവിതകളിൽ കടന്നുവന്ന മനുഷ്യരിൽ ജീവിതത്തിൽ വിജയിച്ചവരുടെ എണ്ണം വളരെ കുറവാണ്. സാമൂഹികമായി പിൻതള്ളപ്പെട്ട മനുഷ്യർ, ജീവിതത്തോടും സമൂഹത്തോടും പൊരുതി തോറ്റ മനുഷ്യർ, അവരുടെ ജീവിതങ്ങളാണ് എന്റെ കവിതകൾ.