പിറക്കാൻ പോകുന്ന ചോരക്കുഞ്ഞിന്റെ ശിരസ്സ്; അത് വിഷ്വൽ മാജിക്കോ?

zainul-abid
SHARE

ഒരു പുസ്തകത്തെ മുഴുവൻ ഒറ്റ പേജിൽ ഒതുക്കാൻ കഴിഞ്ഞെങ്കിൽ വായനകൾ എത്ര അനായാസമായേനെ? ഒരു വലിയ പുസ്തകത്തിൽ എഴുത്തുകാരൻ പറഞ്ഞതൊക്കെയും, ചിലപ്പോൾ അതിലേറെയും ഒരൊറ്റ താളിൽ, ഒറ്റ നോട്ടത്തിൽ വായിച്ചെടുക്കാൻ കഴിയും വിധം പറഞ്ഞുവയ്ക്കുന്ന ചിലരുണ്ട്. പുസ്തകങ്ങളുടെ കവർ ചിത്രങ്ങൾ അണിയിച്ചൊരുക്കുന്നവർ. വായിച്ച ഓരോ പുസ്തകവും ഒന്ന് ഓർത്തു നോക്കൂ. ഒരു കവർ ചിത്രമല്ലേ ആദ്യം ഓർമയിൽ ഓടി എത്തുന്നത്. 

'മനുഷ്യന് ഒരു ആമുഖം എന്ന നോവലിനു കൈവന്ന ആദ്യത്തെ പുരസ്കാരം അതിന്റെ എഴുത്തുകാരനല്ല, ആ പുസ്തകത്തിന്റെ പുറംചട്ട രൂപകൽപന ചെയ്ത സൈനുൽ ആബിദിനാണ് ലഭിച്ചത്. ആർട്ടിസ്റ്റ് ശങ്കരൻകുട്ടി സ്മാരക സമ്മാനമായിരുന്നു അത്. സവിശേഷമായ ഇരട്ടകവറുമായി പുറത്തിറങ്ങിയ നോവലിന്റെ ആദ്യ പതിപ്പ് കണ്ടവരെല്ലാം അതിന്റെ കവർ ഡിസൈനർ ആരെന്നറിയാൻ അതിന്റെ ആദ്യപേജുകൾ മറിച്ച് ഉദ്വേഗത്തോടെ പേരു തപ്പുന്ന ദൃശ്യം ഇപ്പോഴും എന്റെ ഓർമയിലുണ്ട്' എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പുരസ്കാരങ്ങൾ ഏറെ പിന്നാലെ തേടി വന്ന പുസ്തകം ആദ്യം ചർച്ചയായത് അതിന്റെ കവർ ചിത്രത്തിന്റെ പേരിൽ ആയിരുന്നു. 

വിടർത്തിവെച്ച പെൺതുടയുടെ ക്ലോസപ്പ് ആയിരുന്നു കവർ ചിത്രം. ഒരു ജനനം. പിറക്കാൻ പോകുന്ന കുഞ്ഞിന്റെ രോമം നിറഞ്ഞ ശിരസ്സ് പുറത്തു കാണാം. ആദ്യ പേജ് മറിക്കുമ്പോൾ മറ്റൊരു ദൃശ്യം പ്രേക്ഷകരെ ഞെട്ടിക്കുന്നു. പിറക്കാൻ പോകുന്ന ചോരക്കുഞ്ഞിന്റെ ശിരസ്സ് എന്ന് ആദ്യം കരുതിയത് മരിച്ചു കിടക്കുന്ന ഒരു മധ്യവയസ്കന്റെ കഷണ്ടി കയറി തുടങ്ങിയ മൂർധാവായിരുന്നു. ഒന്നാം കവറിലെ വട്ടത്തിൽ വെട്ടിയ ഭാഗത്തിലൂടെ നോക്കുന്ന കാണിയെ കബളിപ്പിക്കുന്ന വിഷ്വൽ മാജിക്. 

manushyanu-oru-aamukham

അങ്ങനെ കഥപറഞ്ഞ, കഥയിലേറെ കാര്യം പറഞ്ഞ എത്രയെത്ര കവറുകൾ... മീശ, വാങ്ക്, മനുഷ്യനൊരു ആമുഖം, ഖസാക്കിന്റെ ഇതിഹാസം, ബിരിയാണി തുടങ്ങി ആയിരത്തിലേറെ പുസ്തകങ്ങൾക്ക് പുറം ചട്ടയൊരുക്കിയ സൈനുൽ ആബിദ് സംസാരിക്കുന്നു.

അലങ്കാരത്തിനു മാത്രമല്ല കവർ ചിത്രങ്ങൾ

ആദ്യമൊക്ക എല്ലാപുസ്തകങ്ങളും മുഴുവനായി വായിച്ചു നോക്കാറുണ്ടായിരുന്നു. ചെറുകഥകൾ ഒക്കെയാവുമ്പോൾ പലപ്പോഴും ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥയുടെ പേരു തന്നെയാകും പുസ്തകത്തിനും. അപ്പോൾ ആ കഥ വായിച്ചു നോക്കും. എന്താണ് പുസ്തകത്തിന്റെ സംഗ്രഹമെന്ന് എഴുത്തുകാർ പറഞ്ഞു തരാറുണ്ട്. അതിൽ നിന്നൊക്കെയാണ് എന്തു കവർ വേണം എന്ന നിഗമനത്തിൽ എത്തിച്ചേരുന്നത്.

book

പുസ്തകത്തിനു ഒരു അലങ്കാരം മാത്രമല്ല കവർ ചിത്രങ്ങൾ. പുസ്തകം എന്നത് ഇന്ന് ഒരു ഉൽപന്നം കൂടിയാണ്. നിരവധി പുസ്തകങ്ങൾ നിരത്തി വച്ചിരിക്കുന്ന ഇടത്തുനിന്ന് ഒരു ബുക്ക് എടുത്തു നോക്കാൻ വായനക്കാരന് കഴിയണം. പുസ്തകത്തിന്റെ ഉള്ളടക്കത്തെ പ്രതിനിധീകരിക്കുന്ന തരത്തിൽ ഒരു ആശയം കവർ പേജിനായി രൂപപ്പെടുത്തി എടുക്കും. പരിമിതമായ സ്ഥലത്തിനുള്ളിൽ ആശയം അവതരിപ്പിക്കാൻ കഴിയണം. അതാണ് കവർ പേജിന്റെ വിജയം. 

കവർ പേജുകൾ ഉണ്ടാകുന്നത്

ചില കവറുകൾക്കായി ഫോട്ടോ എടുക്കാറുണ്ട്. ചിലപ്പോൾ ആവശ്യമായ ചിത്രങ്ങൾ വരച്ചെടുക്കും. ചിലപ്പോൾ കവർ പേജിൽ എഴുത്തുകാരന്റെ ചിത്രം തന്നെ ആയിരിക്കും. അങ്ങനെ ഓരോ പുസ്തകത്തിനും ഓരോ തരത്തിലുള്ള കവറുകളാണ് ഒരുക്കുന്നത്. ശബരിമലയെകുറിച്ച് ലക്ഷ്മി രാജീവ് എഴുതിയ ഒരു പുസ്തകത്തിന്റെ കവർ ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. വളപ്പൊട്ടുകൾകൊണ്ട് ഒരു പതിനെട്ടാംപടി ആണ് ആശയം. അതിനായി വളകൾ വാങ്ങി പൊട്ടിച്ച് ചിത്രമെടുത്ത് അതിൽ വീണ്ടും വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പലഘട്ടങ്ങളിലൂടെ ആണ് ഓരോ കവർ ചിത്രങ്ങളും ഒരുക്കിയെടുക്കുന്നത്.

പുറംചട്ടയിലെ വെല്ലുവിളികൾ

ഒരു എഴുത്തുകാരൻ ഓന്നോ രണ്ടോ അല്ലെങ്കിൽ അതിലേറെ വർഷങ്ങൾ ഒക്കെ എടുത്തായിരിക്കും ഒരു പുസ്തകം എഴുതിയിട്ടുണ്ടാവുക. അതേ ഗൗരവം കവർ രൂപകല്പന ചെയ്യുമ്പോഴും നൽകേണ്ടതുണ്ട്. നല്ലൊരു പുസ്തകത്തിന്റെ കവർ മോശമായതു കൊണ്ട് അതിന്റെ ആകർഷണീയത കുറയരുത് എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. പിന്നെ പരിമിതമായ ഇടത്ത് പുസ്തകത്തിന്റെ പേരും എഴുത്തുകാരന്റെ പേരും വ്യക്തമായി വായിക്കത്തക്ക വിധത്തിൽ ക്രമീകരിക്കണം. 

book-1

എന്റെ പ്രിയ കവർ

സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകത്തിന്റെ രണ്ട് കവറുകൾ ഉൾപ്പെടുന്ന പതിപ്പ്. ഒരുപാട് ചർച്ചയായ ഒരു കവർ ആണത്. 

വായന

ചെറുപ്പം മുതൽ തന്നെ വരയ്ക്കാൻ ഇഷ്ടമായിരുന്നു. പിന്നെ എഴുത്തിനോടും എഴുത്തുകാരോടും ഒക്കെയുള്ള ഒരു താൽപര്യം. അതൊക്കെയാണ് ഇത് ഒരു തൊഴിലായി തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്.

book-2

മനുഷ്യന് ഒരു ആമുഖം എന്ന പുസ്തകത്തിന്റെ പുറം ചട്ടയെകുറിച്ച് സുഭാഷ് ചന്ദ്രൻ 'മരണത്തെയും ജനനത്തെയും ഒപ്പം കവറടക്കുമ്പോൾ' എന്ന ലേഖനത്തിൽ എഴുതിയത്–

ആ പുറംചട്ടയെ പ്രശംസിക്കുവാൻ ആദ്യമൊന്നും ആരും മുന്നോട്ടു വന്നില്ല. അശ്ലീലമായ അത്തരമൊരു പുറംചട്ട മാറ്റാതെ താൻ അത് വീട്ടിൽ കൊണ്ടുപോകില്ല എന്നു വരെ ഒരു സഹപ്രവർത്തകൻ അക്കാലത്ത് എന്നോടു പറഞ്ഞത് ഞാൻ ഓർക്കുന്നു. സൗദി അറേബ്യപോലുള്ളൊരു യാഥാസ്ഥിതിക രാജ്യങ്ങളിലെ മലയാളികൾ തങ്ങളുടെ നിസ്സഹായാവസ്ഥ ഫോണിലൂടെ അറിയിച്ചു. താങ്കളുടെ പുസ്തകം കണ്ടാൽ ഒരു പ്രസവ വിജ്ഞാനീയമാണെന്നേ ഭാഷയറിയാത്തവർക്കു തോന്നൂ. അത്തരം പുറം ചട്ടകളിൽ കരി പുരട്ടി മറച്ചേ ഈ രാജ്യം സ്വീകരിക്കൂ. അല്ലെങ്കിൽ അതിന്റെ ഒന്നാം ചട്ട തഞ്ചത്തിൽ കീറിക്കളയണം. 

അങ്ങനെ പിറവിച്ചിത്രം കരിപുരട്ടിയോ വലിച്ചുകീറിയോ ഒഴിവാക്കി ഉള്ളിലെ മരണത്തിന്റെ കവറു മാത്രമായാണ് അതിന്റെ ആദ്യ പതിപ്പ് പലരിലും എത്തിച്ചേർന്നത്. അക്കാര്യം പറഞ്ഞപ്പോൾ സൈനുൽ ആബിദ്– അപാരമായ അവന്റെ ക്രിയേറ്റിവിറ്റി ഓർത്ത് ഞാൻ സൈനുലാബീദായ തമ്പിരാനേ എന്നു നീട്ടി വിളിക്കാറുള്ള പ്രിയ സുഹൃത്ത്– അവന്റെ മനോഹരമായ ചിരിയോടെ ഈയൊരു വാക്കുമാത്രം എന്നോടു പറഞ്ഞു ‘പാവങ്ങൾ’

പുസ്തകങ്ങൾക്കുമാത്രമല്ല, പുസ്തകത്തിന്റെ പുറംചട്ടകൾക്കും പറയാൻ കുറേയേറെ കഥകളുണ്ട്... ഒറ്റപേജിൽ കാച്ചികുറുക്കിയെടുത്ത പുസ്തകത്തിന്റെ മുഴുവൻ കഥയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA