'ദീപ നിശാന്ത് കവിത മോഷ്ടിച്ചുവെന്നു വിശ്വസിക്കുന്നില്ല, എന്നാൽ...'

sarath-chandran
SHARE

കഥകൾ വായിച്ചാൽ ആളുകൾക്ക് പെട്ടെന്നു മനസിലാകും. എന്നാൽ കവിത അങ്ങനെയല്ല. കവിതാ ആസ്വാദകരുടെ എണ്ണം കുറച്ചുകൂടി ചുരുങ്ങും. അധികം ആരും തന്നെ അറിയാതിരിക്കാനായി എഴുത്തിന്റെ വഴി കവിതയിലേയ്ക്ക് തിരിച്ചുവിട്ട, അത്രമേൽ ഉൾവലിയാൻ ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരൻ. അതാണ് ശരത് ചന്ദ്രൻ. ആയിരത്തിൽ താഴെ മാത്രം എണ്ണം വരുന്ന സമൂഹമാധ്യമ സുഹൃദ് വലയത്തിനുള്ളിൽ കവിതയെ സ്നേഹിക്കുന്ന ഏതാനും പേർ... അവരായിരുന്നു കവി ശരത് ചന്ദ്രന്റെ സ്ഥിരം വായനക്കാർ. അവരാവട്ടെ ആ കവിതകളിലെ ഓരോ വരിയും നെഞ്ചേറ്റി..

"എന്റെ മൗനത്തിന്റെ സാമീപ്യമത്ര മേൽ 

ശീലിച്ചു പോയി ഞാൻ, പിന്നെയെന്തു,

ഒച്ചയെടുത്താലവൾ ചേർത്തു മന്ത്രിക്കും

കൊച്ചുകവിതകൾ കേൾക്കുകില്ല!" - എന്നുൾവലിഞ്ഞ കവി ശരത് ചന്ദ്രൻ മനോരമ ഓൺലൈനോട് മനസ്സ് തുറക്കുന്നു

ശരത് ചന്ദ്രൻ എന്ന കവി

വളരെ കുറച്ചു വായനക്കാരുള്ള, മിക്കപ്പോഴും സുഹൃത്തുക്കൾ ദുർഗ്രഹമെന്നു കളിയാക്കുന്ന കവിതകളുടെ കവിയാണ് ഞാൻ. അധികം കവിതകൾ എഴുതുന്ന ഒരാളല്ല, ചെറിയ ചില പ്രസിദ്ധീകരണങ്ങളിൽ കവിതകൾ അച്ചടിച്ചു വന്നിട്ടുണ്ടെങ്കിലും കവിതാപുസ്തകങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. കോളജിലും സ്കൂളിലും പഠിക്കുന്ന സമയത്ത് യൂത്ത്ഫെസ്റ്റിവൽ രചനാമത്സരങ്ങൾക്കും മറ്റു മത്സരങ്ങൾക്കും ആയി കഥയും കവിതകളും എഴുതാറുണ്ടായിരുന്നു. അതിനു ശേഷം കഴിഞ്ഞ എട്ടുപത്ത് വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ ചെറിയ കവിതകൾ അല്ലാതെ വേറൊന്നും എഴുതിയിട്ടില്ല. 

പട്ടടത്തീ കെട്ടുപോകിലും പോകട്ടെ, മഴയത്തു വേണം മടങ്ങാൻ

കേരള വർമ കോളജിൽ പഠിക്കുന്ന കാലത്ത് ഒരു മത്സരത്തിനു വേണ്ടി എഴുതിയതാണ് ഈ കവിത. 2007–2008 സമയത്ത് എഴുതിയ കവിതയാണ്. ആ സമയത്ത് എന്നെ പഠിപ്പിച്ച അധ്യാപകർ, കോളജിലെ മലയാളം അധ്യാപകർ ഒക്കെ ആ കവിത നന്നായിട്ടുണ്ട് എന്ന് അന്ന് പറഞ്ഞിരുന്നതായി ഓർക്കുന്നു. ആ കവിത എവിടെയെങ്കിലും അച്ചടിച്ചു വന്നിരുന്നോ എന്നൊന്നും അറിയില്ല. മഴയുമായി ബന്ധപ്പെട്ട ഒരു വിഷയമായിരുന്നു അന്ന് കവിതാ രചനയ്ക്കായി തന്നത്. മഴയെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. മഴ കാണാൻ വേണ്ടി മാത്രമായി യാത്രകൾ പോകാറുണ്ട്. ഞാൻ എഴുതിയ പല കവിതകളുടെ വിഷയവും മഴ തന്നെയാണ്. 

എന്തുകൊണ്ട് കവിത?

കഥകൾ മത്സരങ്ങൾക്കായി എഴുതിയിട്ടുണ്ടെങ്കിലും കവിതകളാണ് കൂടുതലായി എഴുതിയിട്ടുള്ളത്. കഥ എഴുതാൻ കൂടുതൽ സമയം വേണ്ടി വരുമെന്നതാണ് ഒരു കാര്യം. സ്കൂൾ കാലഘട്ടത്തിലെപ്പോഴോ ആണ് എഴുതി തുടങ്ങിയത്. പിന്നെ കഥ വായിക്കുമ്പോൾ ആളുകൾക്കു കവിതയെ അപേക്ഷിച്ച് പെട്ടെന്നു മനസിലാകുന്ന, കൂടുതൽ പേരിലേയ്ക്ക് എത്തിചേരുന്ന ഒരു മാധ്യമമാണ്. ഞാൻ എഴുതുന്നത് ആരെങ്കിലും വായിക്കുന്നു എന്നറിയുന്നത് എനിക്ക് പേടിയായിരുന്നു. കവിതയാണെങ്കിൽ അത്രയേറെ വായിക്കപ്പെടില്ല എന്നൊരു ചിന്തയും തുടക്കത്തിൽ കവിതയിലേയ്ക്ക് മാറാൻ ഒരു കാരണമായി. എഴുതിയതെല്ലാം ഒളിച്ചുവയ്ക്കാൻ ശ്രമിക്കാറുണ്ടായിരുന്നു എഴുത്തിന്റെ ആദ്യഘട്ടത്തിൽ. 

ഈണവും പ്രാസവും കവിതയും

ഗദ്യകവിതകൾ വളരെ ആപൂർവമായെ എഴുതാറുള്ളു. പദ്യത്തിൽ തന്നെ പൂർണമായും വൃത്തമൊപ്പിച്ച് എഴുതിയില്ലെങ്കിലും പഴയ ശൈലിയിൽ ഈണവും പ്രാസവും ഒക്കെ ചേർത്ത് കവിതകൾ എഴുതുവാനാണ് ഇഷ്ടം. ഒന്നിന്റെ മേൽ വേറൊന്ന് നന്ന് എന്നില്ല. പക്ഷേ എന്റെ ഒരു രീതി പദ്യ കവിതകളാണ്. അതുകൊണ്ടു തന്നെ സുഹൃത്തുക്കളിൽ പലരും എന്റെ കവിത വായിച്ച് മനസ്സിലായില്ല. വിശദീകരിച്ചു തരുമോ എന്നു ചോദിക്കാറുണ്ട്.

എങ്കിലും ഞാൻ അറിയുന്നവരും അറിയാത്തവരുമായി കുറേയേറെ പേർ എന്റെ കവിതകൾ വായിക്കുന്നുണ്ട്. കുറെയേറെപേർ എന്റെ കവിതകളുടെ വരികൾ ഓർത്തിരിക്കുന്നു, കവിതകൾ സൂക്ഷിച്ചുവയ്ക്കുന്നു എന്നൊക്കെ അറിയുന്നതിൽ സന്തോഷമുണ്ട്. അതാണ് ഇടയ്ക്കൊക്കെ എഴുതാനുള്ള പ്രചോദനം. 

വായന

മഴപോലെ തന്നെ എനിക്കിഷ്ടമാണ് പുസ്തകങ്ങളും. കഥയും, കവിതയും, ലേഖനങ്ങളും ഒക്കെ വായിക്കാൻ ഇഷ്ടമാണ്. പുസ്തകങ്ങൾ വാങ്ങി വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. സ്വന്തമായി നല്ലൊരു ലൈബ്രറി വീട്ടിൽ തന്നെ ഉണ്ടാവുക എന്നതു വലിയൊരു മോഹമാണ്. ഇപ്പോൾ ചെറിയൊരു ലൈബ്രറി സ്വന്തമായുണ്ട്. 

സ്വന്തം കവിതകളിൽ നിന്ന് ഓർമയിൽ ആദ്യമെത്തുന്ന വരികൾ–

മനസിൽതൊട്ട പല സംഭവങ്ങളും കവിതയായി എഴുതുന്നത് പലപ്പോഴും മാസങ്ങൾക്കു ശേഷമാണ്. തിരുവനന്തപുരം കിൻഫ്രയിൽ ആണ് ജോലിചെയ്യുന്നത്. അവിടെ ടെക്നോപാർക്കിലെ ഐ.റ്റി. ജോലിക്കാരുടെ പ്രതിധ്വനി എന്ന ഒരു ഓർഗനൈസേഷൻ ഉണ്ട്. അവർ അടുത്തിടെ ഒരു കവിതാ മത്സരം നടത്തി. അതിനുവേണ്ടി എഴുതിയ കവിതയിലെ ചില വരികൾ

മറവീ, നിന്നുടെ മാറാലപ്പുര

നിറയാൻ മാത്രം യാതൊന്നും

കരുതീലാ ഞാ,നൊറ്റക്കരുവിൽ

നീറീ, മദ്ദിനരാത്രങ്ങൾ.

ഇപ്പോഴത്തെ ഒരു അവസ്ഥയാണ് ആ കവിതയിൽ. കാര്യമായി ഒന്നും ചെയ്യുന്നില്ല. പതിവുപോലെ നടന്നുപോകുന്ന കാര്യങ്ങൾ മാത്രം. ചെറിയ ഇടത്തിൽ ഒതുക്കിവയ്ക്കാവുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാൻ കഴിയുന്നൊള്ളു എന്നു പരിതപിക്കുന്ന വരികൾ... 

മലയാള കവികളിൽ കൂടുതൽ പ്രിയം...

വൈലോപ്പിള്ളി കവിതകൾ ഇഷ്ടമാണ്. ചുള്ളിക്കാടിന്റെ കവിതകൾ ഇഷ്ടമാണ്.

വിവാദങ്ങളോടുള്ള ശരത്തിന്റെ പ്രതികരണം

ഈ വിഷയത്തിൽ എന്റെ ഏതു പ്രതികരണവും മറ്റൊരു വ്യക്തിയുടെ പോപ്പുലാരിറ്റിയിലും സോഷ്യൽ മീഡിയ റീച്ചിലും എളുപ്പം പ്രശസ്തനാവാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നതു കൊണ്ടു തന്നെയാണ്‌ ഇതു വരെ ഒന്നും പറയാതിരുന്നത്. സുഹൃത്തുക്കളിൽ ബഹുഭൂരിപക്ഷവും യാതൊരു സ്വാർഥതയുമില്ലാതെ എനിക്കായാണ് ശബ്‌ദിക്കുന്നതെന്നറിഞ്ഞിട്ടും മൗനം പാലിച്ചത്.

കേരളവർമയിലെ പഠനകാലത്ത് 2007 ലോ മറ്റോ ഞാനെഴുതിയ ഒരു കവിതയുടെ രണ്ടു വരികൾ ദീപ ടീച്ചറുടെ ബയോ ആയി ഞാൻ കാണുന്നതു കഴിഞ്ഞ ആഴ്ച അല്ല. ഡിസംബർ ആദ്യവാരം ആദ്യമായി അതു കണ്ടപ്പോൾ പണ്ടെങ്ങോ എഴുതിയ എന്റെ കവിത ഒരാൾ കൂടി ഇഷ്ടപ്പെടുന്നുവെന്ന കേവലസന്തോഷത്തിൽ വീട്ടുകാരെയെല്ലാം കാട്ടിക്കൊടുത്തതാണ്. പിന്നീട് ഇതെന്നെയറിയിച്ചവരോടെല്ലാം, "സന്തോഷം" എന്ന ഒറ്റ കമന്റിലും ഒരു ഹാപ്പി ഫേസ് സ്മൈലിയിലും ഒതുക്കിയതാണ് അവകാശവാദങ്ങൾ. അവർ എന്റെ കവിത മോഷ്ടിച്ചുവെന്നു ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ, ഈ വിവാദത്തെ തുടർന്നു അവരെടുത്ത നിലപാടുകളിലും, ഇതു പുരോഗമിച്ച രീതിയിലും എനിക്കു വിയോജിപ്പുണ്ട്.

ശരത്തിന്റെ കവിതകളിൽ നിന്ന്– 

ഓരോ വാക്കിനും എല്ലാ അർത്ഥങ്ങളുമുണ്ട്.

വായിക്കുമ്പോൾ ഉടഞ്ഞടിയുന്ന,

അവനവനിലേക്കൊതുങ്ങുന്ന, നൂറായിരമർഥങ്ങൾ!

  

*****     *****    *****    *****

എന്തൊരുറക്കം, പ്രണയം വീഴ്ത്തിയ

മുന്തിരിനീരു കുടിയ്ക്കുകയാൽ

നൊന്തു, മുളപ്പിച്ചേറ്റിയ ചിറകുക-

ളുന്താൻ മടിയോ ചിന്തകളെ!

*****     *****     *****     *****

മഴ വരുമ്പോഴെന്റെ മൗനത്തിനുൾപ്പുറ്റു

മൊഴികളെ കൊണ്ടു വിങ്ങുന്നു.

വിരലുകൾ വിട്ടു, കെട്ടറ്റ പട്ടം പോലെ

നിനവുകൾ, സ്വേച്ഛമൊഴുകുന്നു.

*****     *****     *****     *****

മിഴികളിൽ പെയ്തു തോർന്ന മഴയിലു-

മൊഴിയുവാൻ മടിച്ചൊട്ടു മുകിലുകൾ,

ഒഴുകുമാ കവിൾപ്പൂക്കൾ, കവിതയിൽ

മുഴുകി ചോക്കുന്ന ശാലീനസന്ധ്യകൾ.

തൊട്ടു കോൾമയിർ കൊണ്ടെൻ പദങ്ങളിൽ

ഞെട്ടി കാടുകൾ പൂത്തു പോന്നെങ്കിലും,

തൊട്ടു കൂടാ, വിരലിൽ പുരളുമാ

മൊട്ടിലൂറുന്ന ചോര നിനച്ചു ഞാൻ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA