എഴുതുന്ന ഡോക്ടറല്ല, മുറിവുണക്കുന്ന എഴുത്തുകാരിയാകണം: സനാ റോസ്
മനസിൽ തെളിയുന്ന ചിന്തകൾ ആരും കാണാതെ ഒരു നോട്ടുബുക്കിൽ എഴുതുമ്പോൾ സന റോസ് എന്ന പതിമൂന്നുകാരിക്ക് ഒരു സ്വപ്നം മാത്രമെ ഉണ്ടായിരുന്നുള്ളൂ, 'എഴുത്തുകാരിയാകണം... പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണം'! എൻട്രൻസ് പരീക്ഷകളുടെ ഓട്ടത്തിനിടയിലും മെഡിക്കൽ പഠനത്തിന്റെ തിരക്കുകൾക്കിടയിലും സന എഴുതിക്കൊണ്ടേയിരുന്നു. പഠനത്തിന്റെ ഇടവേളകളിൽ, പരീക്ഷച്ചൂടിനിടയിൽ.... ഒടുവിൽ, മെഡിക്കൽ ബിരുദം കൈയിൽ കിട്ടുന്നതിനു മുൻപേ സന തന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചു. ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരം 'ദി ടൊറന്റ് ഫ്രം മൈ സോൾ' അധ്യാപകരെയും സഹപാഠികളെയും സാക്ഷിയാക്കി പ്രകാശനം ചെയ്തു. ഒരു പുസ്തകത്തിൽ അവസാനിക്കുന്നതായിരുന്നില്ല എഴുത്തിനോടുള്ള സനയുടെ പ്രണയം. അവൾ വീണ്ടുമെഴുതി. 'സാന്റ്കാസിൽസ്' (Sandcastles) എന്ന ഇംഗ്ലിഷ് നോവലായിരുന്നു അടുത്തത്. കഴിഞ്ഞ വർഷം നടന്ന ഡൽഹി പുസ്തകമേളയിലേക്ക് ക്ഷണിക്കപ്പെട്ട എഴുത്തുകാരിൽ ഒരാളായി സന എത്തിയത് 'സാന്റ്കാസിൽസ്' എന്ന പുസ്തകത്തിന്റെ രചയിതാവ് എന്ന മേൽവിലാസത്തിലാണ്. അക്ഷരങ്ങൾക്കൊപ്പം മലപ്പുറത്തു നിന്ന് സന എന്ന പെൺകുട്ടി നടത്തിയ എഴുത്തുയാത്ര ആരെയും അമ്പരപ്പിക്കുന്നതാണ്. എഴുത്തും ജീവിതവും, സന റോസ് പറയുന്നു.
ഡോക്ടർ നോവൽ എഴുതുകയാണ്
ഹോമിയോ ഡോക്ടറാണ് ഞാൻ. ഭർത്താവിനും മകൾക്കുമൊപ്പം കടലുണ്ടിയിലാണ് താമസം. സ്വന്തമായി ക്ലിനിക് ഉണ്ട്. കോളജിൽ പഠിക്കുമ്പോൾ എഴുതിയ നോവലാണ് കഴിഞ്ഞ നവംബറിൽ പ്രസിദ്ധീകരിച്ചത്. തികച്ചും യാഥാസ്ഥിതികമായ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്. പലരുടെ അടുത്തും ഞാൻ എഴുതുന്ന കാര്യം പറയാറില്ല. എന്റെ വീട്ടിൽ അറിയാം. ഉമ്മ നന്നായി പ്രോത്സാഹിപ്പിക്കും. ഞങ്ങളെ പഠിപ്പിക്കാനും കഴിവുകൾ വളർത്താനും ഉമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സത്യത്തിൽ ഉമ്മ നൽകിയ പിന്തുണയാണ് ആദ്യ കവിതാസമാഹാരം പുറത്തിറക്കാൻ ധൈര്യപ്പെടുത്തിയത്. പല പെൺകുട്ടികൾക്കും വിവാഹം കഴിഞ്ഞാൽ സ്വന്തം സ്വപ്നങ്ങളുടെ പുറകെ പോകാൻ കഴിയാറില്ല. എന്നെ സംബന്ധിച്ചിടത്തോളം അവിടെയും എനിക്ക് ടെൻഷനടിക്കേണ്ടി വന്നില്ല. മെഡിക്കൽ കോളജിലെ എന്റെ സഹപാഠിയെയാണ് ഞാൻ വിവാഹം ചെയ്തത്. ഭർത്താവിന്റെ വീട്ടുകാരുടെ പിന്തുണ വലുതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് എഴുത്തിനോടും വായനയോടുമൊക്കെ വലിയ മതിപ്പും ഇഷ്ടവുമാണ്.
ആദ്യം പരിചയപ്പെട്ടത് ഇംഗ്ലീഷ് ഭാഷ
എന്നെ ആദ്യം സ്കൂളിൽ ചേർത്തത് ജിദ്ദയിലായിരുന്നു. പിന്നീടാണ് നാട്ടിലേക്കു വന്നത്. ഞാൻ ആദ്യം കാണുന്ന, പരിചയപ്പെടുന്ന അക്ഷരങ്ങൾ ഇംഗ്ലീഷായിരുന്നു. മലയാളമൊക്കെ പഠിച്ചത് പിന്നെയും നാളുകൾക്കു ശേഷമാണ്. പിന്നെ വായിക്കുന്നതൊക്കെ ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു. പഠിച്ചതും ഇംഗ്ലിഷ് മീഡിയം സ്കൂളിൽ. അങ്ങനെയാണ് എഴുത്ത് ഇംഗ്ലീഷിലേക്ക് പരുവപ്പെട്ടത്. ബ്ലോഗെഴുത്തു കാലത്ത് കവിതയെഴുതുന്ന ബ്ലോഗർമാരുടെ കൂട്ടായ്മകളിൽ എഴുതാറുണ്ടായിരുന്നു. അവിടെ നിന്നുള്ള അഭിനന്ദനങ്ങളാണ് എഴുത്തിൽ തുടരാൻ ഊർജ്ജമായത്.
കവിതകളിൽ നിന്ന് നോവലിലേക്ക്
എഴുതിത്തുടങ്ങിയത് കവിതകളായിരുന്നു. പിന്നീട് നോവലിലേക്കു മാറി. കവിതകൾ കൂടുതലും ആത്മഭാഷണമാണ്. മനസിന്റെ ആകുലതകളും ചിന്തകളും സാർവത്രികമല്ലേ! അവിടെ ആത്യന്തികമായി മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളുമാണ് പങ്കുവയ്ക്കപ്പെടുന്നത്. അതുകൊണ്ട് കവിതകളിൽ ഞാൻ പങ്കുവയ്ക്കുന്ന പല വിഷയങ്ങളും ചിന്തകളും ലോകത്തിന്റെ ഏതുഭാഗത്തുള്ള മനുഷ്യർക്കും അവരുടെ മാനസികവിചാരങ്ങളുമായി സമന്വയിപ്പിക്കാൻ കഴിയും. എന്നാൽ, നോവലിൽ ഒരു ഭൂപ്രകൃതി അനിവാര്യമാണ്. സാന്റ്കാസിൽസ് എന്ന എന്റെ നോവിലിലെ കഥ നടക്കുന്നത് ഗോവയിലാണ്. അതിലെ കഥാപാത്രങ്ങളുടെ ജീവിതം വിവരിക്കുന്നതിന് അത്തരമൊരു പശ്ചാത്തലമായിരുന്നു ഉചിതം. ഞാൻ വായിച്ചു വളർന്നത് പാശ്ചാത്യ രാജ്യങ്ങളിലെ പുസ്തകങ്ങളാണ്. ഇന്ത്യൻ ഇംഗ്ലിഷ് പുസ്തകങ്ങൾ അന്നൊന്നും ലഭിച്ചിരുന്നില്ല.
എല്ലാവരും നോട്ട്സ് എഴുതി, ഞാൻ നോവലും
ഞാനിതുവരെ ഗോവയിൽ പോയിട്ടില്ല. ആ നോവൽ എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ഇന്റർനെറ്റൊന്നും അത്രയ്ക്ക് സജീവമല്ല. അന്നൊരു നോട്ടുബുക്കിലാണ് എഴുത്ത്. എല്ലാവരും നോട്ട്സ് എഴുതുമ്പോൾ ഞാൻ നോവൽ എഴുതുകയായിരുന്നു. ഗോവയെക്കുറിച്ച് വായിച്ചറിഞ്ഞുള്ള അറിവു മാത്രമെ എനിക്കുള്ളൂ. എന്റെ ജ്യേഷ്ഠൻ ട്രാവൽ ആന്റ് ടൂറിസമാണ് പഠിച്ചത്. അദ്ദേഹത്തിന്റെ കൈയിൽ പല സ്ഥലങ്ങളുടെയും മാപ്പുകളുണ്ടായിരുന്നു. മണിക്കൂറുകളോളം ഞാൻ ആ ഭൂപടങ്ങൾ നോക്കി സ്ഥലങ്ങൾ പഠിക്കും. അങ്ങനെ കുറെ പണികൾ നോവലെഴുത്തിനു പിന്നിൽ നടന്നിട്ടുണ്ട്. ആ നോവലിൽ കഥാപാത്രങ്ങൾക്കാണ് പ്രാമുഖ്യം. സ്ഥലത്തിനല്ല.
എഴുത്തിലൂടെ ആത്മസഞ്ചാരം
പലരും പറയാറുണ്ട്, ഒരു എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരി അനാർക്കിസ്റ്റ് ആകണം. അതായത്, ഒന്നിലും ഒതുങ്ങുന്ന, മെരുങ്ങുന്ന ആളാകരുതെന്ന്. ബൊഹീമിയൻ സ്വഭാവമൊക്കെയുള്ളവരാണ് എഴുത്തുകാരാകുക എന്നൊക്കെയുള്ള തെറ്റിദ്ധാരണകളുണ്ട് സമൂഹത്തിന്. അത്തരം എഴുത്തുകാർക്ക് അങ്ങനെയൊക്കെ ജീവിക്കാൻ സാധിച്ചിരുന്നു. എന്റെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എനിക്ക് യാത്രകൾ ചെയ്യാൻ പരിമിതികളുണ്ട്. വീട്ടിലിരുന്നു മാത്രമെഴുതി പേരെടുത്ത നിരവധി പേരില്ലേ? എന്റെ എഴുത്തുകൾ കൂടുതലും കുടുംബങ്ങളെക്കുറിച്ചാണ്. അതിലെ ബന്ധങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്. പുരുഷകേന്ദ്രീകൃതമായ നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയിൽ സ്ത്രീകളെ ലൈംഗികതയ്ക്കുള്ള ഉപകരണമായാണ് ബഹുഭൂരിപക്ഷം പേരും കാണുന്നത്. പർദ്ദയിട്ടു നടന്നിട്ടോ, എന്തൊക്കെ മറച്ചിട്ടു നടന്നിട്ടോ ഒരു കാര്യവുമില്ല. സമൂഹത്തിന്റെ കണ്ണ് അങ്ങനെയാണ്.
കൈയും കാലുമൊക്കെ നന്നാക്കീട്ട് പാത്രം കഴുകാൻ വിടാനല്ലേ?
ഞങ്ങളുടെ മലബാർ ഭാഗത്തൊക്കെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിലും പിന്നോട്ടാണ്. എന്റെ ക്ലിനിക്കിലേക്ക് കൗമാരക്കാരികളായ പെൺകുട്ടികളെക്കൊണ്ട് അമ്മമാർ വരാറുണ്ട്. പതിനെട്ടു വയസൊന്നും ആയിട്ടുണ്ടാവില്ല. പക്ഷേ, വിവാഹം അപ്പോഴേക്കും ഉറപ്പിക്കും. പതിനെട്ടു തികയുന്ന ദിവസം വിവാഹം എന്ന മട്ടിലാണ് കാര്യങ്ങൾ. ചെറിയ ആരോഗ്യപ്രശ്നങ്ങളുമായാണ് ഈ പെൺകുട്ടികളെ എന്റെ ക്ലിനിക്കിലേക്ക് കൊണ്ടു വരുന്നത്. വിവാഹത്തിനു മുൻപ് ഇതൊക്കെ മാറ്റിക്കൊടുക്കണം എന്നാണ് അമ്മമാർ എന്നോടു പറയുക. ഇതു കേൾക്കുമ്പോൾ എനിക്ക് ദേഷ്യവും വിഷമവും വരും. കൈയും കാലുമൊക്കെ നന്നാക്കീട്ട് പാത്രം കഴുകാൻ വിടാനല്ലേ എന്നു ഞാൻ ചോദിക്കും. അതു കേട്ട് അവർ ചിരിക്കും. പലർക്കും പെൺമക്കളെ അവരുടെ തലയിൽ നിന്ന് ഒഴിച്ചു കിട്ടിയാൽ മതി. ഈ സാഹചര്യത്തിൽ വളരുന്ന പെൺകുട്ടികളും അങ്ങനെയായി മാറുന്നു. അവർ ചിന്തിക്കുന്നതും ഇതുപോലെയാണ്. എന്തിനാണ് പഠിക്കുന്നത്, കെട്ടിച്ചു വിടാനല്ലേ എന്നാണ് അവരുടെയും ചിന്ത! സ്ത്രീകളെക്കുറിച്ച് ഞാനെഴുതി തുടങ്ങാൻ കാരണം ഇത്തരം അനുഭവങ്ങളാണ്.
പ്രസാധനം എന്ന കടമ്പ
പുസ്തകം പ്രസിദ്ധീകരിക്കുക എന്നു പറയുന്നത് അൽപം വിഷമമേറിയ പ്രക്രിയയാണ്. നിശ്ചയദാർഢ്യമുണ്ടെങ്കിലെ അതു നടക്കൂ. സാന്റ്കാസിൽസ് എന്ന പുസ്തകം എഴുതിയത് ആറു വർഷം മുൻപാണ്. ആ സമയത്ത് എനിക്കു വേണ്ട മാർഗനിർദേശങ്ങൾ തരാൻ ആരുമില്ലായിരുന്നു. ഒരിക്കൽ എഴുതിയത് ഞാൻ തന്നെ വീണ്ടും തിരുത്തും. പ്രസാധകർക്ക് അയച്ചു കൊടുക്കും. അവർ നിരസിക്കും. എങ്കിലും ഞാൻ തിരുത്തലും എഴുത്തുമൊന്നും അവസാനിപ്പിച്ചില്ല. എന്റെ നോവലിന് നീളം കൂടുതലാണെന്നായിരുന്നു അവർ പറഞ്ഞ കാരണം. പിന്നീട് എറണാകുളത്തുള്ള വർഗീസ് എബ്രഹാം എന്ന പ്രഫസറെ പരിചയപ്പെട്ടു. അദ്ദേഹം എന്റെ നോവൽ എഡിറ്റ് ചെയ്ത് 340 പേജുകളാക്കി. ആദ്യമായി നോവലെഴുതുന്ന ഒരാൾ 340 പേജുകളുള്ള പുസ്തകം എഴുതിയെന്നൊക്കെ പറയുമ്പോൾ ആളുകൾക്ക് പേടിയാണ്. ഇത്രയും വലിയ ഒരു പുസ്തകത്തിൽ അവർ മുതൽമുടക്ക് നടത്തണമല്ലോ! അതാണ് അവരുടെ പേടി.
എഴുത്തിന്റെ വിപണിസമവാക്യങ്ങൾ
ഒരു യാത്രയിൽ വായിച്ചു തീർക്കാവുന്ന പുസ്തകങ്ങളാണ് പലരും ഇന്നു ഇഷ്ടപ്പെടുന്നത്. ഒരു ബോളിവുഡ് സിനിമ പോലെ ഒറ്റ ഇരിപ്പിൽ വായിച്ചു തീർക്കുന്ന പുസ്തകങ്ങൾ. അധികം ചിന്തകളൊന്നും ഇല്ലാതെ ലളിതമായി വായിച്ചു പോകണമെന്നേയുള്ളൂ. അങ്ങനെയൊരു വിപണിയിലാണ് പുസ്തകങ്ങളുമായി എഴുത്തുകാർ വരുന്നത്. ശ്രദ്ധിക്കപ്പെടണമെങ്കിൽ, ഒന്നുകിൽ കുറേയെറെ പുരസ്കാരങ്ങൾ നേടിയ അരുന്ധതി റോയിയെപ്പോലെയാകണം. അല്ലെങ്കിൽ, പൾപ് ഫിക്ഷൻ എഴുതണം. പുസ്തകത്തിലെ പേജുകളുടെ എണ്ണം നോക്കിയാണ് പ്രസാധകർ അത് പുറത്തിറക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. അവർ വാക്കുകളുടെ എണ്ണം നോക്കും. അതു നിശ്ചിത പരിധിക്കു പുറത്താണെങ്കിൽ അവർ പുസ്തകം തള്ളിക്കളയും.
മലബാറിൽ നിന്നെഴുതുമ്പോൾ
ഇന്ത്യയുടെ മെട്രോ നഗരങ്ങളിലാണ് ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാർ ഉണ്ടായിട്ടുള്ളത്. ചെന്നൈ, കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിങ്ങനെയുള്ള നാലു നഗരങ്ങളിൽ മാത്രമായിരുന്നു ഇന്ത്യൻ ഇംഗ്ലിഷ് എഴുത്ത് സജീവമായിരുന്നത്. എന്നാൽ ഈയടുത്ത കാലത്ത് ഇതിന് മാറ്റം വന്നിട്ടുണ്ട്. ഇംഗ്ലിഷിൽ എഴുതുന്നവരുടെ എണ്ണം വളരെയധികം വർധിച്ചു. കേരളത്തിൽ ഇംഗ്ലിഷ് എഴുത്തുകാർ പക്ഷേ, കുറവാണ്. മലബാറിൽ നിന്നുകൊണ്ട് ഇംഗ്ലീഷിൽ എഴുതുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. എന്നാൽ ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ഞാനതിനെ മറികടക്കാൻ ശ്രമിക്കുന്നത്. വായനക്കാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നല്ല പിന്തുണ എനിക്കു ലഭിക്കുന്നുണ്ട്.
പുതിയ നോവൽ
എന്റെ രണ്ടാമത്തെ നോവലിന്റെ കഥാപരിസരം ഫോർട്ടു കൊച്ചിയാണ്. എന്റെ ശൈലിക്ക് അനുയോജ്യമായ കഥാപരിസരം കൂടിയാണ് ഫോർട്ടു കൊച്ചി. മലബാർ ലഹളയുടെ പശ്ചാത്തലത്തിൽ മറ്റൊരു നോവലും മനസിലുണ്ട്. എന്റെ ഉമ്മ പറഞ്ഞുകേട്ടിട്ടുള്ള കുറെ കഥകളുണ്ട്. അതിൽ നിന്നൊക്കെ ലഭിച്ച ഊർജ്ജമാണ് ആ നോവലിലേക്ക് എന്നെ ആകർഷിക്കുന്നത്. എന്നാൽ അതിനെക്കുറിച്ച് ഗൗരവമേറിയ ചിന്തകൾ തുടങ്ങിയിട്ടില്ല.
സ്വപ്നം: എഴുതുന്ന ഡോക്ടറാകാനല്ല, മുറിവുണക്കുന്ന എഴുത്തുകാരിയാകണം, സന പുഞ്ചിരിച്ചു
സന റോസിന്റെ ആദ്യ കവിതാസമാഹരം ഇ–ബുക്ക് രൂപത്തിൽ ലഭ്യമാണ്. ലിങ്ക്– http://www.sanarose.com/