പുസ്തകങ്ങൾക്ക് മനുഷ്യനെ തിരുത്താനുള്ള ബലമുണ്ടോ? വായനകൾ മനുഷ്യനെ വിശുദ്ധീകരിക്കുമോ? എത്ര നാളായി ഇത്തരം ചോദ്യങ്ങൾ ചോദിക്കപ്പെടുന്നു. കലയ്ക്ക് മനുഷ്യനെ നവീകരിക്കാനുള്ള ശേഷിയില്ലെങ്കിൽ അത് കലയുടെ പ്രസക്തിയെ റദ്ദു ചെയ്തു കളയുമെന്നുള്ള അഭിപ്രായങ്ങളും ആവശ്യത്തിലധികമുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളൊന്നും പ്രസക്തമല്ലെങ്കിൽപ്പോലും വായന മനുഷ്യനെ പ്രചോദിപ്പിക്കുന്നുണ്ട്. വായന കൊണ്ട് എഴുത്തുകാരായവരും മറ്റു പല രംഗങ്ങളിലേക്കും ധൈര്യമായി നടന്നു കയറിയവരുമുണ്ട്. അതിലൊരാളാണ് നവ എഴുത്തുകാരൻ ലാജോ ജോസ്. 

ക്രൈം ഫിക്‌ഷന്റെ സാധ്യതകൾ മലയാളത്തിൽ ഇല്ലാതിരുന്നൊരു കാലത്ത്, കോർപറേറ്റ് ജോലി രാജി വച്ച് രണ്ടും കൽപ്പിച്ച് ഇതിലേക്കിറങ്ങിയത് ലാജോയുടെ ധൈര്യം ഒന്ന് കൊണ്ട് മാത്രമാണ്. ഒപ്പം, തനിക്കു മുൻപേ നടന്നു പോയ എഴുത്തുകാരോടുള്ള ആദരവും. കോട്ടയം നഗരം പ്രധാനകേന്ദ്രമായി വരുന്ന കോഫി ഹൗസ്, ഹൈഡ്രാഞ്ചിയ, റൂത്തിന്റെ ലോകം എന്നീ മൂന്നു പുസ്തകങ്ങളാണ് ലാജോയുടേതായി പുറത്തിറങ്ങിയത്. മൂന്നും നല്ല രീതിയിൽ വിറ്റഴിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു. പ്രിയപ്പെട്ട വായനയെക്കുറിച്ചും സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചും ലാജോ പറയുന്നു:

‘ജയിംസ് പാറ്റേഴ്‌സണിന്റെ പുസ്തകങ്ങളിലാണ് വായന തുടങ്ങിയത്. അലക്സ് പ്രൊ സീരീസ് അതിൽ എടുത്തു പറയണം. അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം ആർത്തിയോടെ വായിച്ചിട്ടുണ്ട്, പിന്നീട് ചില പുസ്തകങ്ങളുടെ വായന വിരസമായിരുന്നു എന്നു പറയാം. പക്ഷേ അതും സ്വാഭാവികമാണല്ലോ. അതുപോലെയുള്ള കൃതികൾ എല്ലായ്പ്പോഴും ശ്രദ്ധിക്കാനും വായിക്കാനും ശ്രമിച്ചിട്ടുണ്ട്. ‘ലോർഡ് ഓഫ് ദ് റിങ്‌സ്’ ഒരുപാട് പ്രിയപ്പെട്ട ഒരു വായനയാണ്. പിന്നെ പുതിയ എഴുത്തുകാരികളിൽ ഒരാളായ സി.എൽ. ടൈലർ.

ഇപ്പോൾ പുതിയതായി വായിച്ചതിൽ ഇഷ്ടമായ ഒരു പുസ്തകം ‘ദി ആൽ‌കെമിസ്റ്റ്: ദ് സീക്രട്ട്സ് ഓഫ് ഇമ്മോർട്ടൽ’ ആണ്. നമ്മളിൽ കൂടുതൽ പേരും വായിച്ചിട്ടുള്ള പൗലോ കൊയ്‌ലോയുടെ ആൽകെമിസ്റ്റിനെ കുറിച്ചല്ല ഞാൻ പറയുന്നത്. നിക്കോളാസ് ഫ്ലേമെൽ. ഐറിഷ് എഴുത്തുകാരൻ മിഷേൽ സ്കോട്ട് എഴുതിയ ഇത് 2007 മേയ് മാസത്തിൽ പ്രസിദ്ധീകരിച്ച ആറ് വാല്യങ്ങളുള്ള ഫാന്റസി നോവൽ സീരീസ് ‘ദ് സീക്രട്ട്സ് ഓഫ് ദി ഇമ്മോർട്ടൽ നിക്കോളാസ് ഫ്ലാമെലി’ലെ ആദ്യ പുസ്തകമാണ് ‘ദി ആൽ‌കെമിസ്റ്റ്: ദ് സീക്രട്ട്സ് ഓഫ് ഇമ്മോർട്ടൽ’. പി.ഡി. ജയിംസിനെ ഇഷ്ടമാണ്. ഗ്രിഗറിൽസ്, സർ ആർതർ കോനൻ ഡോയൽ എന്നിവരെയൊക്കെ ഇഷ്ടമാണ്, വായിക്കാറുമുണ്ട്.

വായിക്കുമ്പോൾ ഞാൻ നോക്കുന്നത് റീഡബിലിറ്റി ആണ്. എളുപ്പത്തിൽ നമ്മളെ പിടിച്ചിരുത്തുന്നതാവണം. ഒന്നാമത് സ്വന്തം എഴുത്തിന്റെ അസ്വസ്ഥതകളിൽ തല പെരുത്തിരിക്കുമ്പോഴാണ് മറ്റൊരു പുസ്തകം വായനയ്ക്ക് എടുക്കുന്നത് അപ്പോൾ അത് നമ്മളെ എളുപ്പത്തിൽ അതിലേക്കു കൊണ്ടെത്തിക്കണം എന്നാണ് എന്റെ പക്ഷം.

വായനയിലേക്കു വരാൻ കാരണം കുട്ടിക്കാലത്തെ കഥ കേൾക്കൽ തന്നെ ആയിരുന്നിരിക്കണം. അമ്മയുടെയും വല്യമ്മച്ചിയുടെയുമൊക്കെ മടിയിൽ കിടന്നു കേൾക്കുന്ന കഥകൾ അക്കാലത്ത് സ്വാധീനിച്ചിട്ടുണ്ട്. മുത്തശ്ശിക്കഥകൾ, നാട്ടിൻപുറത്തെ കഥകൾ, പിന്നെ സ്വയം വായിക്കാറായപ്പോൾ ബാലരമ, പൂമ്പാറ്റ, അമർചിത്രകഥകൾ എല്ലാം വായിച്ചു തുടങ്ങി. കഥകളുടെ ആ ലോകം എനിക്കൊരുപാട് ഇഷ്ടമായിരുന്നു. പിന്നെ സാഹസിക കഥകൾ. സത്യം പറഞ്ഞാൽ ജീവിതത്തിലെ യാഥാർഥ്യങ്ങളിൽനിന്നു പുറത്തു കടക്കാൻ വേണ്ടിയാണ് ഞാൻ കഥകളിലേക്ക് ഇറങ്ങി നടന്നത്. അത് മറ്റൊരു ലോകമാണ്, സത്യത്തിൽ നിന്ന് അകന്ന ഒരു ഫാന്റസി ലോകം. അവിടെയാവുമ്പോൾ നമ്മുടേതായ യാഥാർഥ്യങ്ങൾ മറക്കും. അങ്ങനെ ആ ലോകത്ത് ജീവിക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ടം. 

എനിക്ക് തോന്നുന്നു, ജീവിതത്തെ സ്വാധീനിച്ച പുസ്തകങ്ങൾ അമർചിത്രകഥകളാണ്. ഒരു കാലത്ത് നമ്മളെ മറ്റൊരു ലോകത്തേക്കു കൊണ്ട് പോയ, വേറൊരു ലോകമുണ്ടെന്നു കാട്ടിത്തന്ന പുസ്തകങ്ങളായിരുന്നു അത്. മറ്റൊന്ന് 2009 ൽ കോട്ടയത്ത് പുസ്തകമേള നടന്നപ്പോൾ എന്റെ കയ്യിൽ വന്നു പെട്ട ഒരു പുസ്തകമാണ്. ജയിംസ് പാറ്റേഴ്‌സൺ എഴുതിയ ‘ഐ അലക്സ് ക്രോസ്സ്’ എന്ന പുസ്തകം. ലളിതമായ ഒരു ക്രൈം ത്രില്ലർ. നമ്മുടെ സമയം അധികം അപഹരിക്കാതെ പെട്ടെന്നു വായിക്കാനാവുന്ന, അതിൽ ഇറങ്ങി നടക്കാൻ കഴിയുന്ന പുസ്തകമായിരുന്നു അത്. 

അത് വായിച്ചപ്പോഴാണ് എന്തുകൊണ്ട് മലയാളത്തിൽ ഇത്തരത്തിലൊരു പുസ്തകം ഉണ്ടാവുന്നില്ല എന്നു തോന്നിയത്. ആ തോന്നലിന്റെ പുറത്താണ് എന്തുകൊണ്ട് എനിക്കു തന്നെ ഒരെണ്ണം എഴുതിക്കൂടാ എന്നു തോന്നിയതും. ഞാൻ ഒരു എഴുത്തുകാരനൊന്നും ആയിരുന്നില്ല, എനിക്കു മുന്നിൽ വേറേ ഉദാഹരണങ്ങളും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒറ്റയ്ക്കു തന്നെ നടന്നു; രണ്ടും കൽപ്പിച്ച്. എന്തുതന്നെ ആയാലും ആ പുസ്തകമാണ് എന്റെ ജീവിതത്തെ മാറ്റി മറിച്ചത്, എന്റെ ലോകത്തെ മാറ്റിയത്.’

English Summary : Interview With Malayalam Writer Lajo Jose