ഭ്രമിപ്പിക്കുന്ന ഒരു ലോകമുണ്ട് ഓരോ മനുഷ്യന്റെയും ഉള്ളിൽ. അവിടേക്ക് അവൻ തനിച്ചു യാത്ര പോകാറുണ്ട്. സങ്കൽപത്തിൽ എത്രയലഞ്ഞാലും കൗതുകം തീരാത്തൊരു യാത്രയുമാണത്. ചില പുസ്തകങ്ങൾ വായിക്കുമ്പോഴും അതുപോലെ മായികമായൊരു ലോകത്ത് യാത്രപോയ അനുഭവങ്ങളുണ്ടാകാറില്ലേ? ജെ.കെ. റൗളിങ് എഴുതിയ ഹാരിപോട്ടർ വായിക്കുമ്പോൾ അമ്പരപ്പുകളുടെ ഒരു സമുദ്രമാണ് മുന്നിലുള്ളത്. മാന്ത്രികമായ എത്രയെത്ര അനുഭവങ്ങൾ നായകനും കൂട്ടുകാരും അനുഭവിക്കുന്നതെല്ലാം വായനയിൽ നമ്മളും അനുഭവിക്കുന്നു. 

മലയാളത്തിൽ ഫാന്റസി ഫിൿഷൻ എഴുതുന്നവർ മുൻപൊരു കാലത്തുണ്ടായിരുന്നെങ്കിലും അതിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചിട്ടില്ല എന്നതാണ് സത്യം. എന്നാലിപ്പോൾ ഈ കാലത്ത് ആ വാചകത്തെ ഒന്ന് എഡിറ്റ് ചെയ്യുകയാണ്: ഇന്നത്തെ കാലത്തിന്റെ സാധ്യതകളെല്ലാം ഉപയോഗിച്ച് അഖിൽ പി. ധർമജൻ ഫാന്റസി ഫിക്‌ഷനുകളെഴുതുന്നു. 

നവ പ്രസാധകരും പുതുമുഖ എഴുത്തുകാരും നേരിടേണ്ടി വരുന്ന ഏറ്റവും വലിയ കടമ്പ പുസ്തക വിൽപന തന്നെയാണ്. എത്ര വായനാ മൂല്യമുള്ള പുസ്തകമാണെങ്കിൽ പോലും പലപ്പോഴും വിപണിയുടെ അരക്ഷിതാവസ്ഥകൾ മൂലം പലപ്പോഴും എത്തേണ്ടവരിൽ അത് എത്താത്ത അവസ്ഥയുമുണ്ട്. ഇത്തരം അവസ്ഥയിലാണ്, പണ്ട് വീടുതോറും തന്റെ കവിതകൾ കൊണ്ടുനടന്നു വിറ്റിരുന്ന ചങ്ങമ്പുഴയുടെ മാർഗ്ഗത്തെക്കുറിച്ച് ആലോചിക്കേണ്ടി വരിക. 

ഒരു ദശാബ്ദത്തിനു മുൻപു വരെ ഇത്തരത്തിൽ വീടുകളിൽ പുസ്തകം വിൽക്കാൻ വരുന്ന എഴുത്തുകാരുണ്ടായിരുന്നു. ഇന്നത് കൂണുകൾ പോലെ മുളച്ചു പൊന്തുന്ന പ്രസാധകരും ഓൺലൈൻ വിൽപന സൈറ്റുകളും കയ്യടക്കിയിരിക്കുന്നു. പക്ഷേ അപ്പോഴും ഇവിടെയൊരു എഴുത്തുകാരൻ ആ പഴയ കാലത്തിലേക്കു തിരികെ പോകുകയാണ്. അഖിൽ തന്നെയാണ് തന്റെ പുസ്തകങ്ങൾ വിൽക്കുന്നത്. അതാണ് മറ്റ് എഴുത്തുകാരിൽനിന്ന് അയാളെ വ്യത്യസ്തനാക്കുന്നതും.

ഓജോബോർഡ് എന്ന അഖിലിന്റെ ആദ്യ കൃതിയുടെ പ്രകാശനം ആ പേരു പോലെതന്നെ ഭയപ്പെടുത്തുന്ന ഒരു ചുടുകാട്ടിൽ വച്ചായിരുന്നു. അവിടം മുതലാണ് ഈ എഴുത്തുകാരനെ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നതും. പിന്നീട് ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാമതെത്തിയ, അഖിലിന്റെ രണ്ടാമത്തെ പുസ്തകമാണ് മെർക്കുറി ഐലൻഡ്. കടലിന്റെ മധ്യത്തിലുള്ള ഒരു ദ്വീപിലേക്കു യാത്ര പുറപ്പെടുന്ന കുറേ മനുഷ്യരുടെ കഥയാണത്. ഇത്തരം പുസ്തകങ്ങളെഴുതുമ്പോഴും എഴുത്തുകാരന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ ഏതെല്ലാമാണ് എന്നറിയുന്നത് കൗതുകകരമാണ്,

‘എനിക്കിഷ്ടം ലളിതമായ മലയാളം പുസ്തകങ്ങളാണ്. അധികം വലിച്ചുനീട്ടാത്ത, എന്നാല്‍ കാമ്പുള്ള എഴുത്തുകള്‍. ബെന്യാമിന്‍ എഴുതിയ ‘മഞ്ഞവെയില്‍ മരണങ്ങള്‍’ എന്ന പുസ്തകമാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. അതിലെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ആകാംക്ഷ ആസ്വദിക്കുന്ന ആളാണ്‌ ഞാന്‍. അതുപോലെ ടി.ഡി രാമകൃഷ്ണന്‍റെ എല്ലാ പുസ്തകങ്ങളും ഇഷ്ടപ്പെട്ടവയാണ്. ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ വായിച്ചപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ചരിത്രവും സാങ്കല്‍പികമായ കഥാസന്ദര്‍ഭങ്ങളും കൂട്ടിയിണക്കി അദ്ദേഹം എഴുതിവച്ചിരിക്കുന്ന കാര്യങ്ങള്‍ ചില്ലറയല്ല. ഒരിക്കലെങ്കിലും ചരിത്രവും സങ്കല്‍പവും കലര്‍ന്ന ഒരു പുസ്തകം അതുപോലെ എഴുതണമെന്ന് ആഗ്രഹിച്ചുപോയി. പിന്നെ ഇഷ്ടമുള്ള പുസ്തകങ്ങള്‍ കോട്ടയം പുഷ്പനാഥിന്റേതാണ്. കുട്ടിക്കാലം മുതല്‍ ഒരുപാട് ഇഷ്ടമുള്ള എഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ ഒരുമാതിരി എല്ലാ പുസ്തകങ്ങളും ചെറുപ്പത്തില്‍ത്തന്നെ വായിച്ചുതീര്‍ത്തവയാണ്. സമീപകാലത്ത് മാനവിക വികാരങ്ങള്‍ ആഴത്തില്‍ കണ്ടിട്ടുള്ളത് കെ.ആര്‍. മീരയുടെ പുസ്തകങ്ങളിലാണ്. മീരയുടെ നോവെല്ലകള്‍ എന്ന പുസ്തകം ഒരുപാട് ഇഷ്ടമാണ്’

വായനയെ കൂടെ കൂട്ടാൻ ഓരോ മനുഷ്യനും ഓരോ കാരണമുണ്ടായിരിക്കണം, അത് അവരുടെ ബാല്യവുമായി ബന്ധപ്പെട്ടതാവാം. അമ്മയുടെയും മുത്തശ്ശിയുടെയും മടിയിൽ തല വച്ച്, ഓർമയുറയ്ക്കുന്നതിനും മുൻപു കേട്ട കഥകളിൽനിന്ന് ആ കൗതുകങ്ങൾ തുടങ്ങുന്നു. അഖിലിന്റെ കാര്യത്തിൽ വായന ഒപ്പം കൂടിയത് മറ്റൊരു വിധത്തിലാണ്.

‘ചെറുപ്പം മുതല്‍ ഞാന്‍ മറ്റുള്ള കുട്ടികളെപ്പോലെ ആയിരുന്നില്ല. മറ്റുള്ളവര്‍ കളിക്കുന്ന സമയത്ത് ഞാന്‍ മറ്റു പലരിലൂടെയും ജീവിതങ്ങള്‍ കാണാന്‍ നോക്കും. മുതിര്‍ന്ന ആളായി, പ്രായം ഉള്ള ആളായി, ചിലപ്പോള്‍ ഒരു പെണ്ണായി.. അങ്ങനെ പല രീതിയിൽ ഞാൻ എന്നെത്തന്നെ സങ്കൽപിക്കും. അങ്ങനെ ചുറ്റുമുള്ള ഒരുപാടു ജീവിതങ്ങള്‍ കുട്ടിക്കാലം മുതല്‍ ഞാന്‍ നിരീക്ഷിക്കുമായിരുന്നു. എന്‍റെ പ്രധാന ഹോബി തന്നെ സിസി ടിവി പോലെ ആളുകളെ അവരറിയാതെ നിരീക്ഷിക്കലും അവരുടെ ചെയ്തികള്‍ മനസ്സിലാക്കലും ആയിരുന്നു. 

ആ ഇടയ്ക്കാണ് വായനശാലയില്‍ പോകുവാന്‍ ആരംഭിക്കുന്നത്. അതെനിക്ക് മറ്റൊരു ലോകം തുറന്നുതന്നു. അഞ്ചുരൂപ മാസവരി കൊടുക്കുമ്പോള്‍ നൂറുകണക്കിന് ആളുകളിലൂടെ ഞാന്‍ കഥാപാത്രമായി സഞ്ചരിച്ചു. വായന എനിക്ക് അറിയാത്തതും കാണാത്തതുമായ ഒരുപാട് അനുഭവങ്ങളും ജീവിതങ്ങളും കാട്ടിത്തന്നു. എന്നെപ്പോലെതന്നെ ചുറ്റുമുള്ള ആളുകളെയും ജീവിതങ്ങളെയും നിരീക്ഷിക്കുന്ന ഒരുപാടു പേരുണ്ട്. അവരാണ് എഴുത്തുകാര്‍ എന്ന് ഞാന്‍ അതോടെ മനസ്സിലാക്കി.’

വായനയും എഴുത്തുമെല്ലാം തന്റേതായ വഴിയിൽ കൂടി മാത്രം സഞ്ചരിക്കുമ്പോഴും അഖിൽ വായന മുടക്കാറില്ല. ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരെക്കുറിച്ച് അഖിൽ: ‘എനിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരില്‍ ഒരാളെ മാത്രമായി എടുത്തുപറയാന്‍ പ്രയാസമാണ്. പക്ഷേ ബ്രിട്ടിഷ് എഴുത്തുകാരിയായ ജെ.കെ. റൗളിങ്ങിനോടും അവരുടെ ജീവിതത്തോടും വല്ലാത്ത ഇഷ്ടമാണ്. കാരണം ഒന്നുമില്ലായ്മയില്‍നിന്ന് എഴുത്തിലൂടെ അവര്‍ സ്വന്തമായി ഒരു ഇരിപ്പിടം ഉണ്ടാക്കിയെടുത്തു. ഒരു ട്രെയിന്‍ യാത്രയിലൂടെയാണ് അവര്‍ക്ക് അവരുടെ ജീവിതമാകെ മാറ്റിമറിച്ച ഹാരിപോട്ടര്‍ എന്ന കഥാപാത്രത്തെയും കഥയും കിട്ടുന്നത്. 

ഞാനും അതുപോലെ യാത്രകളില്‍ കഥകളും കഥാപാത്രങ്ങളും കണ്ടെത്തുന്ന ഒരാളാണ്. എഴുതിയ പുസ്തകം വിറ്റുകിട്ടുന്ന പണത്തില്‍ ഏറിയ പങ്കും ഞാന്‍ ചെലവഴിക്കുന്നതും യാത്രകള്‍ ചെയ്യാനാണ്. അതും തീരെ ലോക്കലായി. സാധാരണ രീതിയില്‍ സഞ്ചരിക്കുമ്പോള്‍ മാത്രമാണ് എന്‍റെ ചിന്തകള്‍ ഉണരുന്നതും എഴുതാന്‍ മനസ്സ് പാകമാകുന്നതും. ഇംഗ്ലിഷില്‍നിന്നും മറ്റു ഭാഷകളില്‍നിന്നും മൊഴിമാറ്റി മലയാളത്തിലേക്കു വരുന്ന ഫാന്‍റസി അഡ്വഞ്ചര്‍ പുസ്തകങ്ങളാണ് എന്‍റെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കാരണം മലയാളത്തില്‍ ഫാന്‍റസി അഡ്വഞ്ചര്‍ പുസ്തകങ്ങള്‍ തീരെ കുറവാണ്.

അങ്ങനെയുള്ള പുസ്തകങ്ങള്‍ തേടിയ എനിക്ക് കടുത്ത നിരാശയായിരുന്നു ഫലം. അല്ലെങ്കില്‍ത്തന്നെ കുട്ടിക്കാലം മുതല്‍ അങ്ങനെയുള്ള ലോകത്തില്‍ ജീവിച്ചുപോന്ന എനിക്ക് പിന്നീട് അതുപോലെയൊന്ന് എഴുതിത്തുടങ്ങാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. മെര്‍ക്കുറി ഐലന്‍റ് എന്ന നോവല്‍ എഴുതുന്നത് അങ്ങനെയാണ്. കടലിലെ ഒരു ദ്വീപ്‌ തേടിപ്പോകുന്ന കുറച്ചുപേരുടെ കഥയാണത്. ഏഴു വര്‍ഷമാണ്‌ ആ നോവല്‍ എഴുതാനായി ഞാന്‍ മാറ്റിവച്ചത്. മറ്റുള്ള ഭാഷകളില്‍ ഇറങ്ങുന്നപോലെ മലയാളത്തിലും അതുപോലെയുള്ള നോവലുകള്‍ ഇറങ്ങിക്കാണുവാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇരുപത്തിരണ്ട് വയസ്സുള്ളപ്പോള്‍ രണ്ടുംകല്‍പ്പിച്ചാണ് ഞാന്‍ എന്‍റെ ആദ്യ നോവലായ ഓജോ ബോര്‍ഡ് സ്വയം പ്രസിദ്ധീകരിക്കുന്നത്.

വായന മരിച്ചു എന്നു കരുതിയ പലരും എന്നെ പിന്തിരിപ്പിച്ചു. പക്ഷേ ഞാന്‍ രണ്ടും കൽപിച്ച് ഇറങ്ങിത്തിരിച്ചു. ഇന്ന് നോക്കുമ്പോള്‍ ഒരുപാട് ആളുകള്‍ എഴുതാനായി മുന്നോ ട്ടുവരാനുള്ള ധൈര്യം കാണിക്കുന്നുണ്ട്. കാരണം ഒരു ബ്രേക്കിന് ശേഷം മലയാളികളില്‍ വായനാശീലം മടങ്ങിയെത്തി യിരിക്കുന്നു. പലര്‍ക്കും വായനാശീലം തുടങ്ങിക്കൊടുക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. അതൊക്കെ ഒരു മെഡൽപോലെ ഞാന്‍ കാണുന്നു. അതോടൊപ്പം എഴുത്തിനെയും വായനയെയും ജീവിതത്തിന്റെ ഒരു ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് അഭിമാനവും സന്തോഷവുമുണ്ട്. വായനാസുഖം ഇഷ്ടപ്പെട്ടുതുടങ്ങിയാല്‍ അതില്‍പരം സന്തോഷം വേറെയുണ്ടാവില്ല.

English Summary: Interview With Akhil P Dharmajan