കോവിഡ് കാലത്ത് നമ്മളനുഭവിക്കുന്ന നന്മകൾക്ക് ആയുസ്സെത്രകാലം? ശാസ്ത്രത്തോട് ഇപ്പോൾ കാട്ടുന്ന അനുസരണ എന്നുവരെ?...
Mail This Article
ഫിക്‌ഷനുകളിൽ മാത്രം നമ്മൾ പരിചയിച്ചിരുന്ന ചില അനുഭവങ്ങളിലൂടെയാണ് ഇപ്പോൾ ലോകം കടന്നുപോകുന്നത്. മരുന്നില്ലാത്ത, എങ്ങനെ കടിഞ്ഞാണിടുമെന്ന് ആർക്കുമറിയാത്ത ഒരു മഹാവ്യാധി ഏതോ കെട്ടുകഥയുടെ താളുകളിൽനിന്നെന്നപോലെ പൊടുന്നനെ പ്രത്യക്ഷപ്പെട്ട് ആളുകളെ കൊന്നുവീഴ്ത്തിക്കൊണ്ടിരിക്കുന്നു.
മനുഷ്യർ അന്തസ്സിന്റെയും സമ്പത്തിന്റെയും നിറത്തിന്റെയും മതത്തിന്റെയും കുലീനതയുടെയുമൊക്കെ നിറം തേച്ച് പണിതുവച്ച മതിലുകളൊക്കെ നനഞ്ഞ കടലാസുപോലെ കീറിപ്പോയിരിക്കുന്നു. ഭയന്ന എലികളെ പ്പോലെ അവർ വീടുകൾക്കുള്ളിലൊളിച്ചിരിക്കുന്നു. അത്യപൂർവമായ ഈ കാലസന്ധി മനുഷ്യരിൽ സൃഷ്ടിക്കുന്ന വികാരങ്ങളെന്തൊക്കെയാണ്? എഴുത്തുകാർ ആ കാലത്തെ വായിച്ചെടുക്കുന്നതും എഴുതാൻ ശ്രമിക്കുന്നതും എങ്ങനെയാവും?
പ്രശസ്ത ഇന്ത്യൻ – ഇംഗ്ലിഷ് എഴുത്തുകാരൻ അനീസ് സലിം സംസാരിക്കുന്നു; കോവിഡ് കാലത്ത് നമ്മളനുഭവിക്കുന്ന നന്മകൾക്ക് ആയുസ്സെത്രകാലം? ശാസ്ത്രത്തോട് ഇപ്പോൾ കാട്ടുന്ന അനുസരണ എന്നുവരെ?
ചില ശബ്ദങ്ങളെ ഓർക്കുന്നു... അത്രമാത്രം
പലരും ചോദിക്കുന്ന ഒരു കാര്യമാണ് ലോക്ഡൗൺ കാലം എങ്ങനെ പോകുന്നു, എന്താണ് എഴുതുന്നത്, എന്താണ് വായിക്കുന്നത് എന്നൊക്കെ. എന്നെ ലോക്ഡൗൺ കാര്യമായി ബാധിച്ചിട്ടില്ല എന്നു തന്നെ പറയാം. കാരണം ഞാൻ അത്രമാത്രം നിശബ്ദത ഇഷ്ടപ്പെടുന്ന, വലിയ ബഹളങ്ങളൊന്നും ആഗ്രഹിക്കാത്ത ഒരാളാണ്.
നിത്യേന ഓഫിസിൽ പോയി വരുന്ന ഒരാൾ കേൾക്കാനിടയുള്ള ചില ശബ്ദങ്ങളെ വല്ലാണ്ട് ഈ സമയത്ത് മിസ്സ് ചെയ്യുന്നു എന്നുമാത്രം. റോഡിലെ ട്രാഫിക് ശബ്ദം, ചായവാലകളുടെ ശബ്ദം അതൊക്കെയാണ് ഞാൻ മിസ്സ് ചെയ്യുന്നത്. ശബ്ദങ്ങൾ ഇല്ലാതെ പോയി എന്നതൊഴിച്ചാൽ എന്നിൽ വേഗക്കുറവോ മൂഡ്ഓഫോ ഇല്ല. ജോലിയും ജീവിതവും എപ്പോഴത്തെയും പോലെ മുന്നോട്ടു പോകുന്നു. പക്ഷേ എന്നിൽനിന്നു മാറി പുറത്തേക്കു നോക്കുമ്പോൾ കുറേ കാര്യങ്ങളിൽ ഒരു വ്യത്യസ്ത വന്നിട്ടുണ്ട്.
വീട്ടിലേക്ക് നോക്കുമ്പോൾ ചില കാര്യങ്ങൾ കാണുന്നുണ്ട്.
കുഞ്ഞുങ്ങൾ വീട്ടിനുള്ളിൽത്തന്നെ ആയിപ്പോയി. അവർക്കു പുറത്തിറങ്ങാനാകുന്നില്ല, കളിയും ചിരിയും സന്തോഷവുമെല്ലാം കംപ്യൂട്ടറും ടിവിയുമായി ഒതുങ്ങി, അല്ലെങ്കിൽ വീടിന്റെ നാലു കോണുകളിൽ മാത്രമായി ഒതുങ്ങിപ്പോയി. അതാണ് ഏറ്റവും വലിയ പ്രത്യേകതയായി തോന്നിയത്.
ഓരോരുത്തർക്കും ഓരോ രീതിയിലാണ് ലോക്ഡൗൺ കാലം എന്നാണു ഞാൻ വിശ്വസിക്കുന്നത്. ചിലർ തുടക്കത്തിൽ എന്നോടു ചോദിച്ചു പുതിയ പുസ്തകമെഴുതിത്തുടങ്ങരുതോ പുതിയ വായന തുടങ്ങരുതോ എന്നൊക്കെ. പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയൊന്നു സാധ്യമായിരുന്നില്ല. കാരണം ഇത് എപ്പോ തീരും, എന്താകും ഇതിനൊരു അവസാനം, ആളുകൾ എങ്ങനെയാവും ലോക്ഡൗണിനോട് പ്രതികരിക്കുക, എത്രമാത്രം ആൾക്കാർ കഷ്ടതകൾ അനുഭവിക്കും എന്നൊക്കെയുള്ള ആശങ്ക മനസ്സിലുണ്ടായിരുന്നു. മൊത്തത്തിൽ ഒരു കൺഫ്യൂഷൻ എന്നു പറയില്ലേ, അങ്ങനെ ഒരവസ്ഥ. പക്ഷേ നമ്മൾ ഒരു പുതിയ പുസ്തകമെഴുത്തിന്റെ വഴിയിലാണെങ്കിൽ, അങ്ങനെ ഉള്ളവർക്ക് ഈ കാലം കുറേക്കൂടി സമയം നൽകിയിരിക്കാം.
സ്ഥിരമായി യാത്ര ചെയ്യുന്ന കുറെ നഗരങ്ങളുണ്ട്; ചെന്നൈ, മുംബൈ അങ്ങനെ. അവയൊക്കെ എനിക്ക് അപ്രാപ്യമായ ദൂരത്താണ് എന്നു തോന്നുന്നു. എവിടേക്ക് എത്രയോ കൊല്ലം മുൻപാണ് അല്ലെങ്കിൽ കഴിഞ്ഞ ജന്മത്തിലാണ് പോയതെന്നു തോന്നിപ്പോകുന്നു. എന്റെ അപ്പാർട്ട്മെന്റിൽനിന്ന് പുറത്തേക്കു നോക്കുമ്പോൾ വിജനമാണ് റോഡുകൾ. അകലെ ഒരു മനുഷ്യനെ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു. കാണാൻ ഏറെ ആഗ്രഹിച്ച ഒരു കാര്യം കാണുന്ന പോലെയൊരു സന്തോഷം ഉണ്ടല്ലോ, ആ വികാരമായിരുന്നു മനസ്സിൽ.
സോഷ്യൽ മീഡിയയിലെ എഴുത്തുകൾ...
എന്നെ സംബന്ധിച്ച് ഒരു ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക എന്നൊക്കെ പറയുന്നത് വളരെ അപ്രാപ്യമായ, ചിന്തിക്കുമ്പോൾത്തന്നെ ഒരുപാടു ടെൻഷനുള്ള കാര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ്. അതും സുഹൃത്തുക്കൾ പറഞ്ഞിട്ട് തുടങ്ങിയതാണ്. എഴുതുന്നു, പുസ്തകങ്ങൾ പുറത്തിറക്കുന്നു, പരസ്യമേഖലയിൽ ജോലി ചെയ്യുന്നു, കുറച്ചു സുഹൃത്തുക്കളുണ്ട് എന്നതിനപ്പുറം ഒരു എഴുത്തുകാരൻ എന്ന നിലയിൽ നമ്മൾ ഏതെങ്കിലും തരത്തിൽ അതിനപ്പുറത്തുള്ള മനുഷ്യരുമായി സംവദിക്കണമെന്ന് നിരന്തരം പറഞ്ഞതിന്റെ ഫലമായി മാത്രം ഉണ്ടായത്. അതൊരു നല്ല തീരുമാനമായെന്ന് ഇപ്പോൾ തോന്നുന്നു.
മലയാളത്തിൽ സമകാലികരായ എഴുത്തുകാരുമായൊക്കെ നല്ല ബന്ധമാണ്. പക്ഷേ അവരിൽ മൂന്നു നാലു പേരെ മാത്രമാണ് ഇതുവരെ നേരിൽ കണ്ടിട്ടുള്ളത്. എല്ലാവരുമായും നല്ല ബന്ധം സൂക്ഷിക്കാനും നല്ല രീതിയിൽ ചില കാര്യങ്ങൾ സംസാരിക്കാനും സാധിക്കുന്നത് സോഷ്യൽ മീഡിയ ഉള്ളതുകൊണ്ടാണ്. തമ്മിൽ കാണാതെയും മെസ്സേജുകളിലൂടെ മാത്രവും സംസാരിക്കുമ്പോഴും അവർക്കും എനിക്കും ഇടയിലുള്ള അകലം കുറഞ്ഞു പോകുന്നുവെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആൾക്കൂട്ടങ്ങളിലേക്കു പോയി നേരിട്ടു കണ്ടു സംസാരിച്ചാൽ മാത്രമേ ബന്ധങ്ങൾ നിലനിൽക്കൂവെന്നും നമ്മളും സമൂഹവുമായി ഒരു കണക്‌ഷൻ ഉണ്ടാകൂവെന്നുമുള്ള എന്നുമുള്ള എന്റെ ധാരണ മാറ്റിയത് സോഷ്യൽമീഡിയ അക്കൗണ്ടാണ്.
സോഷ്യൽ മീഡിയയിലെ നന്മമരങ്ങൾ
നന്മമരങ്ങൾ എന്ന സംഭവം എല്ലാക്കാലത്തും ഉണ്ടായിരുന്നു. അവർ പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന, അവർ അവരെത്തന്നെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്ന രീതികളിലൊക്കെ ചിലപ്പോൾ വ്യത്യാസം ഉണ്ടായിരിക്കാം. പക്ഷേ നന്മമരങ്ങൾ ഉണ്ടാകുന്ന അവസ്ഥ എല്ലാ കാലത്തും ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവുകയും ചെയ്യും. സോഷ്യൽ മീഡിയ വന്നതോടെ ഇത്തരക്കാർക്കു വഴി കുറച്ചു കൂടി എളുപ്പമായി എന്നുവേണം കരുതാൻ. അവർക്ക് പണ്ടു കിട്ടിക്കൊണ്ടിരുന്ന സ്വീകാര്യത വർധിപ്പിക്കാൻ സോഷ്യൽ മീഡിയ സഹായകരമായി എന്നാണ് എനിക്ക് തോന്നുന്നത്. അരോചകമാണ് അവരുടെ പ്രവർത്തനങ്ങൾ. ഇത്തരക്കാരെ തിരിച്ചറിയുക, അവരിൽനിന്ന് അകലം പാലിക്കുക എന്നല്ലാതെ വേറെ വഴിയില്ല നമുക്ക്.
പഴയതിനേക്കാൾ മോശം ആകാതിരുന്നാൽ മതി
കോവിഡ് കാലം മാറ്റിമറിച്ചു എന്നു പറയുന്ന ചില സമവാക്യങ്ങളുണ്ട്. ജാതി-മത– രാഷ്ട്രീയ സമവാക്യങ്ങൾ, ഞാൻ അങ്ങേയറ്റം പ്രാപ്തനാണ് എന്ന ചിന്ത, എന്തിനും ഏതിനും ഉള്ള അനാവശ്യ സംവാദങ്ങൾ തുടങ്ങിയവ. എനിക്ക് തോന്നുന്നത് ഈ കാലം കഴിയുമ്പോൾ അവയെല്ലാം മുമ്പത്തേതിനേക്കാൾ ശക്തമായി തിരിച്ചു വരുമെന്നാണ്. പ്രളയമോ അതുപോലുള്ള ദുരന്തങ്ങളോ വന്ന സമയത്ത് നമ്മൾ പറഞ്ഞത്, മനുഷ്യൻ ഇനി ഒന്നായിരിക്കും, ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു ഭിന്നിപ്പിക്കില്ല, സഹജീവികളോട് കരുണ കാണിക്കും, മതമോ വിശ്വാസമോ അല്ല ശാസ്ത്രവും മനുഷ്യത്വവുമാണ് മുന്നോട്ടു നയിക്കുന്നത്, ഇനി മനുഷ്യർ അങ്ങനെയാകും മുന്നോട്ടുപോകുക എന്നൊക്കെയായിരുന്നു. പക്ഷേ അതെല്ലാം തെറ്റായ ധാരണയായിരുന്നുവെന്ന് അധികം വൈകാതെ നമുക്കു ബോധ്യപ്പെടുകയും ചെയ്തു.
നമ്മൾ എളുപ്പം എല്ലാം മറന്നു പോകുന്ന ഒരു ജനതയാണ്. അതുകൊണ്ട് കൊറോണ എന്ന മഹാമാരിയും അതിന്റെ ഈ കാലവും മനുഷ്യരെ മാറ്റിമറിക്കും എന്നൊരു സ്വപ്നമൊന്നും ഞാൻ കാണുന്നില്ല. അത് മുൻപത്തേക്കാൾ ഭീകരമാകാതിരുന്നാൽ മതി എന്നു മാത്രമാണ് ആഗ്രഹം.
English Summary : Indian Author Anees Salim Talks About Quarantine Period