അശ്വിൻ ആ ഡയറിക്കുറിപ്പ് പുസ്തകമാക്കി; ആമസോണിൽ പുസ്തകം ബെസ്റ്റ് സെല്ലറായി...
ആദ്യത്തെ പുസ്തകം ബെസ്റ്റ് സെല്ലെർ. പക്ഷേ എഴുതിയത് ഇംഗ്ലീഷിൽ. പ്രസിദ്ധീകരിച്ചത് ആമസോണിൽ കിൻഡിൽ ആയി. എന്നാലും പുസ്തകമായി അത് പുറത്തിറങ്ങിയപ്പോൾ ആദ്യം അതിനെ തൊടാനുള്ള യോഗമുണ്ടായത് അമേരിക്കയിലുള്ളവർക്കാണ്.
ആദ്യത്തെ പുസ്തകം ബെസ്റ്റ് സെല്ലെർ. പക്ഷേ എഴുതിയത് ഇംഗ്ലീഷിൽ. പ്രസിദ്ധീകരിച്ചത് ആമസോണിൽ കിൻഡിൽ ആയി. എന്നാലും പുസ്തകമായി അത് പുറത്തിറങ്ങിയപ്പോൾ ആദ്യം അതിനെ തൊടാനുള്ള യോഗമുണ്ടായത് അമേരിക്കയിലുള്ളവർക്കാണ്.
ആദ്യത്തെ പുസ്തകം ബെസ്റ്റ് സെല്ലെർ. പക്ഷേ എഴുതിയത് ഇംഗ്ലീഷിൽ. പ്രസിദ്ധീകരിച്ചത് ആമസോണിൽ കിൻഡിൽ ആയി. എന്നാലും പുസ്തകമായി അത് പുറത്തിറങ്ങിയപ്പോൾ ആദ്യം അതിനെ തൊടാനുള്ള യോഗമുണ്ടായത് അമേരിക്കയിലുള്ളവർക്കാണ്.
ആദ്യത്തെ പുസ്തകം ബെസ്റ്റ് സെല്ലർ. എഴുതിയത് ഇംഗ്ലിഷിൽ. പ്രസിദ്ധീകരിച്ചത് ആമസോണിൽ കിൻഡിൽ ആയി. അതു പുസ്തകമായി പുറത്തിറങ്ങിയപ്പോൾ ആദ്യം തൊടാനുള്ള യോഗമുണ്ടായത് അമേരിക്കക്കാർക്കാണ്. തിരുവനന്തപുരം സ്വദേശി അശ്വിൻ രാജിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ജീവിതത്തിന്റെ പുതിയൊരു നാഴികക്കല്ല് താണ്ടിയ സന്തോഷത്തോടെ അശ്വിൻ പുതിയ പരിചയപ്പെടുത്തലുമായി വായനക്കാർക്കിടയിലേക്കു കടന്നു വന്നു.
ആള് മലയാളിയാണെങ്കിലും വേരുകൾ പടർന്നിരിക്കുന്നത് അനന്തപദ്മനാഭന്റെ മണ്ണിലാണെങ്കിലും അശ്വിന്റെ എഴുത്തുഭാഷ ഇംഗ്ലിഷാണ്. ആമസോൺ കിൻഡിലിൽ ആദ്യ പുസ്തകം ‘MY GIRLFRIEND’S JOURNAL: LIES OF TRUTH’ പുറത്തിറങ്ങിയിട്ട് ഒരാഴ്ച ആയതേ ഉള്ളൂവെങ്കിലും അതിപ്പോൾ ആമസോണിൽ നമ്പർ വൺ ബെസ്റ്റ് സെല്ലറാണ്. ഡാൻ ബ്രൗണിന്റെയൊക്കെ പുസ്തകങ്ങളെ കടത്തി വെട്ടിയാണ് അശ്വിന്റെ പുസ്തകം നമ്പർ വൺ പൊസിഷനിൽ എത്തിയിരിക്കുന്നത്. അശ്വിൻ സംസാരിക്കുന്നു:
ഞാൻ പണ്ടേ ഒരു സ്റ്റോറി ടെല്ലർ
ഞാൻ ജോലിചെയ്ത എല്ലാ മേഖലയിലും– സ്‌കൂളിൽ ആണെങ്കിലും ഓഫിസിൽ ആണെങ്കിലും – ഒരുപാടു പേരോട് സംസാരിക്കാനുള്ള അവസരങ്ങൾ കിട്ടിയിട്ടുണ്ട്. ഒരുപാടു പേരെ പരിചയപ്പെടാനും അവരുടെ അനുഭവങ്ങൾ അറിയാനുമുള്ള അവസരങ്ങൾ കിട്ടി. ഇപ്പോൾ യൂണിവേഴ്സിറ്റിയിലാണ്, അപ്പോൾ കുട്ടികളോട് സംസാരിക്കാൻ അവസരമുണ്ട്. ആദ്യത്തെ ബുക്ക് ‘‘മൈ ഗേൾഫ്രണ്ട്സ് ജേണൽ’ ഒരു ഡയറിയെഴുത്ത് രീതിയിലുള്ള പുസ്തകമാണ്. പതിനെട്ടു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഒരു പെൺകുട്ടി ഡയറിയെഴുതിയാൽ എങ്ങനെയുണ്ടാകും? അവളുടെ അനുഭവങ്ങളുടെ പരിധിയും വ്യാപ്തിയും ഒക്കെ ആ ഡയറിയെഴുത്തിൽ വ്യക്തമായുണ്ടാകും. അതേ രീതിയിൽ തന്നെയാണ് പുസ്തകവും.
ഒരു പുസ്തകമായതുകൊണ്ട് അതിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ആ ഡയറിയെ അങ്ങനെത്തന്നെ പുസ്തകമാക്കിയതു പോലെയാണ് ആ എഴുത്ത്. എന്നാൽ എന്റെ രണ്ടാമത്തെ പുസ്തകം ഇതിൽ നിന്നു തീർത്തും വ്യത്യസ്തമായ ശൈലിയിലായിരിക്കും. അതിൽ കുമ്പസാര രീതിയിലാണ് എഴുത്ത്. മനുഷ്യന്റെ മനസ്സിലുള്ള ജീവിതം, അവന്റെ ചെയ്തികൾ, എല്ലാം വെളിവാക്കപ്പെടുന്ന ഒരു പുസ്തകമാണത്. ഒരു തുറന്നെഴുത്ത്. ആദ്യത്തെ പുസ്തകം ഒരു ഡയറിയെഴുത്തിന്റേതായ പരിധികൾ എല്ലായിടത്തുമുള്ള പുസ്തകമാണെങ്കിൽ രണ്ടാമത്തേതിൽ ഭാഷയും ശൈലിയും കാഴ്ചപ്പാടുകളുമൊക്കെ മാറിയിട്ടുണ്ട്.
അഞ്ചു പുസ്തകമാണ് ഈ സീരീസിൽ മനസ്സിലുള്ളത്. ഇതിൽ ഓരോന്നും വ്യത്യസ്തമായ ശൈലിയിൽ ഉള്ള പുസ്തകങ്ങളായിരിക്കും. ഓരോ പുസ്തകത്തിലും ഭാഷയ്ക്കു പക്വത ഉണ്ടായി വരുന്ന ഒരു രീതിയാണ് മനസ്സിലുള്ളത്. ആദ്യത്തേതിൽനിന്ന് രണ്ടാമത്തേതിൽ എത്തുമ്പോൾത്തന്നെ ഈ മാറ്റം ദൃശ്യമാകും.
ലോക്ഡൗൺ കാലത്തെ എഴുത്ത്
കുട്ടിക്കാലം മുതലേ എഴുതാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. പതിനെട്ടാംവയസ്സു മുതൽ പുസ്തകമെഴുത്ത് ഒഴിവാക്കാൻ വയ്യാത്ത ആഗ്രഹമായി മാറി. പക്ഷേ ഇതുവരെ അതിനുള്ള സമയമായിരുന്നില്ല. ഇപ്പോൾ ഈ കൊറോണ കാരണമുണ്ടായ ലോക്ഡൗണിൽ ജോലിക്ക് പോകാനാകാതെ വീട്ടിലിരുന്നപ്പോഴാണ് ആ ആഗ്രഹം നടത്താൻ തോന്നിയത്. അങ്ങനെ ആദ്യത്തെ പുസ്തകമെഴുതി. പണ്ടു മുതലേ എന്റെ കയ്യിൽ ജീവിതത്തെക്കുറിച്ചും കാഴ്ചകളെക്കുറിച്ചുമൊക്കെ എഴുതി വച്ച ഒരു ഡ്രാഫ്റ്റുണ്ടായിരുന്നു. അതിപ്പോഴും കയ്യിലുണ്ട്. ഇപ്പോഴും ഞാൻ മനസ്സിൽ തോന്നുന്നതൊക്കെ എഴുതി വയ്ക്കാറുണ്ട്.
അതൊക്കെ പുസ്തകമെഴുത്തിനെ സഹായിച്ചിട്ടുമുണ്ട്. ലോക്ഡൗൺ തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ആദ്യത്തെ പുസ്തകം എഴുതിത്തുടങ്ങിയത്. യൂണിവേഴ്സിറ്റിയിൽ ഞാൻ നാഷനൽ സർവീസ് സ്‌കീമിന്റെ ഫീൽഡ് ഓഫിസറാണ്. അതുകൊണ്ട് തൽക്കാലം ഇപ്പോൾ ജോലിയില്ല. അതുകൊണ്ട് എഴുതാൻ പറ്റി. ഒരു പതിനെട്ടു വയസ്സുകാരിയുടെ ഡയറിയാണ് ആദ്യത്തെ പുസ്തകം. റിലീജിയസ് ആയി എഴുതിയ ഒന്നാണിത്. രണ്ടാമത്തേത് ജീവിതവുമായി ബന്ധപ്പെട്ടതാണ്. ആദ്യത്തെ പുസ്തകത്തിലെ ചില കാര്യങ്ങൾ അങ്ങനെയല്ല എന്ന് പറയുന്ന പുസ്തകമാണ് രണ്ടാമത്തേത്.
പുതിയ ഒരുപാട് പേരെ പ്രചോദിപ്പിക്കാനാകുന്നു
ഞാൻ മലയാളത്തിൽ കുറച്ചു വീക്ക് ആണ്. പക്ഷേ എന്റെ ഒരു സുഹൃത്തുണ്ട്. ഒരു പെൺകുട്ടി. ഞാൻ പറഞ്ഞുകൊടുത്ത കഥകൾ അവൾ എഴുതുന്നുണ്ട്. മൂന്നു പുസ്തകം ആ കുട്ടി എഴുതുന്നുണ്ട്. അതുപോലെ ഒരുപാട് പുതിയ എഴുത്തുകാർ ഇൻബോക്സിൽ സംശയങ്ങളും ആശങ്കകളും പങ്കുവയ്ക്കാനായി എത്തുന്നു ണ്ട്. അവരോടൊക്കെ എനിക്കറിയുന്ന കാര്യങ്ങൾ പങ്കു വയ്ക്കാറുണ്ട്. എഴുതുന്നതുപോലെ തന്നെ അതും ഒരുപാട് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എഴുതാൻ ആഗ്രഹമുള്ളവർക്ക് അതെങ്ങനെയാണ് വേണ്ടതെന്നു പറഞ്ഞു കൊടുക്കുന്നത് ഒരു ചെറിയ കാര്യമല്ലല്ലോ. ഞാൻ സ്‌കൂളിൽ ഇംഗ്ലിഷ് മീഡിയം ആയിരുന്നു, അതുകൊണ്ട് ഇംഗ്ലിഷിൽ എഴുതാനേ കഴിയൂ. മലയാളത്തിൽ എഴുതണമെന്നു വല്ലാത്ത ആഗ്രഹമുണ്ട്. നടക്കുമോ എന്നറിയില്ല.
ബെസ്റ്റ് സെല്ലർ
ഞാൻ കൂടുതലും ഈ- ബുക്സ് പ്രീഫെർ ചെയ്യുന്ന ഒരാളാണ്. ബെസ്റ്റ് സെല്ലർ ആവനുള്ള പ്രധാന കാരണം ഈ ലോക്ഡൗൺ തന്നെയാണ്. ഇന്ത്യയിൽ മാത്രമാണെന്ന് തോന്നുന്നു ആമസോൺ കിൻഡിൽ ഫ്രീ അല്ലാത്തത്. യുഎസിലോക്കെ കിൻഡിൽ ഇപ്പോൾ ഫ്രീ ആയി അംഗങ്ങൾക്ക് ലഭ്യമാണ്. പേജ് വായിച്ചതിനനുസരിച്ചാണ് പുസ്തകത്തിന്റെ മൂല്യം കൂടി വരുന്നത്. അതിന്റെ ഒരു ഐഡിയ നമുക്ക് കിട്ടും. അതുകൊണ്ട് നന്നായി വായിക്കപ്പെട്ടു. കിൻഡിൽ സബ്സ്ക്രിപ്ഷൻ ചെയ്തിട്ടുള്ളവർക്ക് അത് ഫ്രീ ആണ്. അതുകൊണ്ട് വിൽക്കപ്പെട്ട എണ്ണം അറിയാനാകില്ല. പക്ഷേ അവർ വായിച്ച പേജുകൾ വച്ച് നമുക്ക് റേറ്റിങ് നോക്കാം.
പുസ്തകത്തിന്റെ പേപ്പർ ബാക്ക് ആമസോൺ ഇറക്കിയിട്ടുണ്ട്. എന്നാൽ അത് ഇപ്പോൾ യുഎസിലും ബ്രിട്ടനിലുമാണ് ലഭിക്കുക. യുഎസിൽ ഉള്ള പലരും പുസ്തകം നേരിട്ട് വാങ്ങിയിട്ടുണ്ട്. അതിന്റെ ചിത്രം പലരും അയച്ചു തന്നിരുന്നു. ആമസോൺ നേരിട്ട് പുസ്തകം ഇറക്കുന്നിടത്തൊക്കെ അവർ നമ്മുടെ പുസ്തകം പേപ്പർ ബാക്ക് ഇറക്കും. ഇന്ത്യയിൽ അവർക്ക് ഡയറക്ടായി ഇറക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഇവിടെ ഇതുവരെ പേപ്പർബാക്ക് ലഭ്യമാകാത്തത്. പലരും ഇത്തരം കാര്യങ്ങൾ ചോദിച്ച് വിളിക്കാറുണ്ട്. ഞാൻ ഇതിനെക്കുറിച്ച് എന്നോട് അന്വേഷിക്കുന്നവർക്കൊക്കെ പറഞ്ഞും കൊടുക്കാറുണ്ട്. ആമസോണിൽ നമ്മൾ കിൻഡിൽ ആക്കി കൊടുക്കുന്ന പുസ്തകങ്ങളുടെ റൈറ്റ് നമുക്കുതന്നെ ആയതു കൊണ്ട് വേണമെങ്കിൽ ഇവിടെ മറ്റാരെങ്കിലും വഴി പബ്ലിഷ് ചെയ്യുകയും ചെയ്യാം.
ഞാൻ ഫിലോസഫിക്കലാണ്!
ഞാനീ പുസ്തകം സമർപ്പിച്ചിരിക്കുന്നത് സ്ത്രീകൾക്കാണ്. ഒരിക്കലെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ, എങ്കിലും ദൈവഹിതത്തിനു വേണ്ടി ജീവിക്കുന്നവർ. എന്നതാണ് ആമുഖത്തിൽ ഞാനെഴുതിയത്. സത്യത്തിൽ ആദ്യത്തെ പുസ്തകം ഇത്തരത്തിൽ വായിക്കപ്പെടുമെന്നു വിചാരിച്ചതേയില്ല. രണ്ടാമത്തെ പുസ്തകമാണ് കുറച്ചു കൂടി ഗൗരവമായി എഴുതാനാഗ്രഹിക്കുന്നത്. മനുഷ്യന്റെ മനസ്സിലുള്ള ചില കാര്യങ്ങളാണത് പറയുന്നത്. ഞാൻ അത്യാവശ്യം ഫിലോസഫിക്കൽ ആയ ഒരാളാണ്.
നമ്മൾ വിചാരിക്കുന്നത് പോലെയല്ല പലപ്പോഴും ജീവിതം പോകുന്നത്. മനുഷ്യന്റെ മനസ്സിലുള്ള കള്ളത്തരങ്ങൾ ചിലപ്പോൾ നിങ്ങൾക്കിതിൽ കാണാൻ കഴിഞ്ഞേക്കാം. ഞാൻ ഒരു ദൈവ വിശ്വാസിയാണ്. വിശ്വാസിയാണെങ്കിലും അല്ലെങ്കിലും അയാൾക്ക് തെറ്റുകൾ പറ്റാം. അതു തന്നെയാണ് പുസ്തകം പറയുന്നത്. നമ്മൾ കാണുന്നതോ പഠിക്കുന്നതോ ഒന്നും സത്യമായിക്കൊള്ളണമെന്നില്ല. അതിൽ നിന്നുകൊണ്ടാണ് രണ്ടാമത്തെ പുസ്തകം ലോകത്തോടുള്ള ഒരു കൺഫഷൻ ആകുന്നത്. എല്ലാ മനുഷ്യർക്കും ജീവിതം എന്നാൽ ഒരു കഥയുണ്ട്. അതിൽ നിന്നുള്ളതാണ് ആൾക്കാർ സ്വീകരിക്കുന്നതും.
സ്‌കൂളിൽ വച്ച് കുറച്ചൊക്കെ ഷൈ ആയിരുന്നു. ഒരിക്കൽ അഞ്ചാം ക്ലാസിൽ വച്ച് നാണിച്ചു നിന്നപ്പോൾ ടീച്ചർ കൈ പിടിച്ച് ആരും നിന്നേക്കാൾ മുന്നിലല്ല. ധൈര്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടു. അന്നാണ് ആദ്യമായി, പബ്ലിക്ക് ആയി സംസാരിച്ചത്. അന്ന് മുതലൊക്കെ എഴുത്ത് തുടങ്ങിയിരുന്നു. അതിൽ നിന്നുള്ളതൊക്കെ ആദ്യത്തെ പുസ്തകത്തിലുണ്ട്. ആദ്യത്തെ പുസ്തകം ഒരു ഇൻട്രൊഡക്ഷൻ കൂടിയാണ്. ദൈവത്തിനുള്ള ഒരു സമർപ്പണം
രണ്ടാമത്തെ പുസ്തകം അടുത്ത വർഷമുണ്ടാകുമെന്നു കരുതുന്നു. അഞ്ചു പുസ്തകങ്ങളും തമ്മിൽ ഒരു ലിങ്ക് ഉണ്ടാവും. എന്നാൽ വ്യത്യസ്തമായ ശൈലിയിൽ ആവും ഓരോന്നും. ഇപ്പോൾ എനിക്ക് ഇരുപത്തിയെട്ട് വയസ്സുണ്ട്. പതിനെട്ടു വയസ്സ് മുതൽ എഴുതി വച്ച അനുഭവങ്ങളാണ് എന്റെ ഡ്രാഫ്റ്റുകൾ. നമുക്ക് പ്രായം കൂടുന്തോറും ആ ഡ്രാഫ്റ്റുകളുടെ പക്വത കൂടി വരുമല്ലോ. അഞ്ചു പുസ്തകങ്ങളുടെയും ഐഡിയ എന്റെ മനസ്സിലുണ്ട്. എല്ലാം റിയലിസ്റ്റിക് ഫിക്‌ഷൻ ജോണറിൽ ഉള്ളതാവും.
നമ്മുടെ ഓഡിയൻസിന് വേണ്ടി
മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടിയാകരുത് ഒരാൾ എഴുതുന്നത്. ഞാൻ എന്തുകൊണ്ടാണ് റിയലിസ്റ്റിക് ഫിക്‌ഷൻ എടുത്തത് എന്ന് വച്ചാൽ ജീവിതത്തിൽ ഞാൻ എഴുതിയ വഴിയിലൂടെ സഞ്ചരിച്ച ഒരാളെങ്കിലും ഉണ്ടാകും. ആ ഒരാൾക്ക് വേണ്ടിയാണ് ഞാൻ എഴുതുന്നത്. ആ ഒരാൾക്ക് വേണ്ടിയാണെങ്കിലും എഴുതുക എന്നേയുള്ളൂ. എല്ലാവരെയും സംതൃപ്തിപ്പെടുത്തിക്കൊണ്ട് നമുക്ക് എഴുതാനാകില്ല. പിന്നെ ഒരു പ്രവാചകനും സ്വന്തം നാട്ടിൽ അംഗീകാരം ലഭിക്കില്ല എന്ന പോലെ ഒരു എഴുത്തുകാരനും സ്വന്തം ഭാഷയിൽ ചിലപ്പോൾ സ്വീകാര്യത കിട്ടിയില്ലെന്നു വരും. അത് ശ്രദ്ധിക്കേണ്ടതില്ല.
ഞാൻ പണ്ടു മുതലേ കഥ പറയാൻ ഇഷ്ടമുള്ള ഒരാളാണ്. മറ്റുള്ളവർ നമ്മളെ അംഗീകരിക്കുമ്പോൾ അത് എഴുതാനുള്ള അല്ലെങ്കിൽ കഥ കൂടുതൽ പറയാനുള്ള ഒരു പ്രചോദനമായി തോന്നാറുണ്ട്. മറ്റുള്ളവർ നാലുവശത്ത് നിന്നും നമ്മളെ കോർണർ ചെയ്താലും നമ്മുടേതായ ഓഡിയൻസ് ഒപ്പമുള്ളതാണ് യഥാർഥ പ്രചോദനം.
ഞാൻ എഴുത്തിനെ പ്രഫഷനായി കൊണ്ട് നടക്കുന്ന ഒരാളല്ല. അടച്ചിട്ട മുറിയിൽ നിന്നുമൊരു എഴുത്തുകാരനുണ്ടാകില്ല എന്നാണു ഞാൻ വിശ്വസിക്കുന്നത്. ഞാൻ ഒരുപാട് മനുഷ്യരെ കാണുന്നു. എന്റെ ജോലിയുടെ ഭാഗമായി പോകുമ്പോൾ ഒരുപാട് അനുഭവങ്ങളുണ്ടാകുന്നു. മറ്റുള്ളവരുടെ കഥകൾ കേൾക്കുന്ന ഒരാൾക്കേ ഒരു എഴുത്തുകാരനാകാൻ ആകൂ. ആ ജോലിയിൽ തന്നെ തുടർന്നാലേ എനിക്കും എഴുത്തുകാരനായും തുടരാനാകൂ.
എന്റെ ആഗ്രഹം ഞാൻ സാധിച്ചു. അതാണ് സത്യം. പുറത്ത് നിന്നുള്ള വായനക്കാരുടെ അഭിപ്രായം നോക്കുമ്പോൾ എനിക്ക് മനസ്സിലായത് അവർ നോക്കുന്നത് ഹൈ പ്രഫഷണൽ ആയ എഴുത്തുകാരെയല്ല. നമ്മുടെ തെറ്റുകൾ പോലും ഇഷ്ടപ്പെടുന്ന ഓഡിയൻസുണ്ട്. നമ്മുടെ ശൈലി ഇഷ്ടപ്പെടുന്ന, രീതി ഇഷ്ടപ്പെടുന്ന, വായനക്കാർ ഒരുപാട് പുറത്തുണ്ട്. ആദ്യത്തെ പുസ്തകം ഡയറിയുടെ ശൈലിയിലായതു കൊണ്ട് അതിൽ ഒരുപാട് സ്വാഭാവികമായി ഞാൻ വരുത്തിയ മിസ്റ്റേക്കുകളുണ്ട്. അതായത് ഭാഷാപരമായ പ്രശ്നങ്ങൾ.
പതിനെട്ടു വയസ്സുള്ള ഒരു പെൺകുട്ടി അവളുടെ ഡയറിയിൽ എഴുതുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന അതേ പ്രശ്നങ്ങൾ തന്നെയാണത്. എന്നാൽ വായനക്കാർ അതിനെ വളരെ പോസിറ്റീവ് ആയാണ് എടുത്തത്. അതാണ് ഞാൻ പറഞ്ഞത് നമ്മുടേതായ ഒരു ഓഡിയൻസുണ്ട്. അവർക്ക് ആ ശൈലി ഇഷ്ടമാണ്. എന്ത് എഴുത്തിനും ഒരു ഓഡിയൻസുണ്ട്. അതാണ് സത്യം. പിന്നെ എന്റെയൊരു ചിന്ത, ഞാൻ പുസ്തകമെഴുതുമ്പോൾ മറ്റൊരു പുസ്തകം വായിക്കാറില്ല. കാരണം നമ്മൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ മറ്റൊരു പുസ്തകം വായിച്ചാൽ തീർച്ചയായും ഏതെങ്കിലും വിധത്തിൽ അത് നമ്മളെ സ്വാധീനിക്കും. അതിലെ ശൈലി, ഭാഷ, സ്വഭാവം, ഏതെങ്കിലുമൊക്കെ അറിയാതെ നമ്മുടെ എഴുത്തിലേക്ക് കടന്നു കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഞാൻ എഴുതുന്ന സമയത്ത് പുസ്തകങ്ങൾ വായിക്കാറില്ല. അല്ലാത്തപ്പോൾ ഭാഷ നോക്കാതെ കയ്യിൽ കിട്ടുന്ന എന്തുതരം പുസ്തകങ്ങളും വായിക്കാറുണ്ട്.
ആമസോണിൽ അവസരങ്ങളേറെയുണ്ട് !
പുതിയ ഒരുപാട് എഴുത്തുകാർക്ക് ആരോടാണ് സംസാരിക്കേണ്ടത് എന്താണ് സംസാരിക്കേണ്ടത് എന്നറിയില്ല. അങ്ങനെയുള്ളവർ ഒരുപാട് സംസാരിക്കാറുണ്ട്. അവർക്ക് ആമസോണിൽ എങ്ങനെയാണു പുസ്തകം പബ്ലിഷ് ചെയ്യുന്നത് എന്ന് പറഞ്ഞു കൊടുക്കാറുണ്ട്. നാളെ നമ്മൾ കാരണം ഒരാൾ എഴുത്തുകാരനായി എന്നൊക്കെ മനസ്സിൽ സന്തോഷിക്കാൻ കഴിയുന്നത് നല്ല കാര്യമാണ്.
ആമസോണിൽ ഒരുപാട് അവസരങ്ങളുണ്ട്. മലയാളത്തിനും അവസരങ്ങളുണ്ട്. ലോക്കൽ ഭാഷകളിൽ, ഹിന്ദിയിലൊക്കെ ഒരുപാട് ബെസ്റ്റ് സെല്ലറുകൾ ഉണ്ടായിട്ടുണ്ട്. ഇ-ബുക്ക് വായിക്കുന്ന ഒരുപാട് പേരുണ്ട്. പൈറസി കാണുമായിരിക്കും. പക്ഷേ നമ്മുടെ ഒരു യഥാർത്ഥ ഒരു വായനക്കാരൻ ഒരിക്കലും പൈറേറ്റഡ് ആയി വായിക്കാൻ തയാറാവില്ല. പൈറേറ്റഡ് മാത്രമേ വായിക്കൂ എന്നുള്ളവർ എന്തൊക്കെ ഉണ്ടായാലും അങ്ങനെയേ വായിക്കൂ. നമ്മൾ നമ്മുടെ വായനക്കാരെ വിശ്വസിക്കണം. ആത്മാർത്ഥമായി നമ്മളെ വായിക്കാൻ ആഗ്രഹമുള്ള ഒരു വായനക്കാരൻ പണം നൽകി മാത്രമേ പുസ്തകം വായിക്കൂ. ആര് സംശയവുമായി വന്നാലും എനിക്കറിയുന്ന കാര്യങ്ങൾ പങ്കു വയ്ക്കാൻ സന്തോഷമേയുള്ളൂ. അത് എന്റെ കടമ കൂടിയാണെന്ന് ഞാൻ വിചാരിക്കുന്നു. എല്ലാവരും എഴുത്തുകാരാകട്ടെ. എഴുതാൻ അറിയുന്നവർ പുസ്തകം ഇറക്കട്ടെ. ഒരുപാട് വായനകളുണ്ടാകട്ടെ...
English Summary : Interview With Asvin Raj Author of MY GIRLFRIEND’S JOURNAL: LIES OF TRUTH