ADVERTISEMENT

മുപ്പതു വർഷത്തിലേറെയായി കവിതയെഴുതുന്നു. ചിലത് ഉള്ളിൽ, ചിലതു കടലാസിൽ. 2000 മുതൽ ആനുകാലികങ്ങളിൽ മഷിപ്പെട്ടു. പ്രസിദ്ധീകരിച്ച ആദ്യ സമാഹാരമിറങ്ങിയതു കഴിഞ്ഞ മാസം. പുസ്തകത്തിന്റെ പേര് ‘ബൈപോളാർ കരടി’. കവി ബിജു റോക്കി. പൂർവ ഭാരങ്ങളോ ഗുരുക്കന്മാരോ തലതൊട്ടപ്പന്മാരോ ഇല്ലാതെ, എഴുത്തിന്റെ പലമാതിരിപ്പെരുവഴികളിലൂടെ ഉറച്ച കാൽവയ്പ്പുകളോടെ നടക്കുകയാണു ബിജു റോക്കി; തന്റെ പതുങ്ങിയൊച്ച ഇത്തിരി വേറിട്ടു കേൾപ്പിച്ച്.

 

ഏറെ വൈകിയല്ലോ ആദ്യ പുസ്തകം?

 

ആറ്റുനോറ്റുണ്ടായതാണ് ഉണ്ണി. അതിനാല്‍ സന്തോഷവും കൂടുതലാണ്. 2000ല്‍ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ കവിത വന്നു. കവിതയെഴുത്ത് ജോലിയല്ലാത്തതിനാല്‍ തുടര്‍ച്ചയായെഴുതിയില്ല.

bipolar-karady

 

ജീവിച്ചിരിക്കുന്നോ എന്ന സംശയം കൊളുത്തിയപ്പോള്‍, അകാരണമായി സങ്കടം വന്നപ്പോള്‍, മറ്റുള്ളവരോട് ശരിയായ ആശയവിനിമയം സാധ്യമല്ലാതെ വന്നപ്പോള്‍, ഒരേ സമയം രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ തോന്നിതുടങ്ങിയപ്പോള്‍ എഴുത്തിലും വായനയിലും വീണു. പുസ്തകങ്ങളേക്കാള്‍ ചുറ്റുമുള്ളവയെയാണ് കൂടുതലായും വായിച്ചത്. കാട്ടാളന്‍ എന്ന വീട്ടുപേര് പോലെ ഉള്ളില്‍ നിറയെ കാടും ജീവജാലങ്ങളുമുണ്ട്. എഴുതുമ്പോഴെല്ലാം അദൃശ്യമായി പാരമ്പര്യത്തിന്റെ ഊര്‍ജ്ജം നിറയുന്നു.

എഴുത്തിന്റെ പാരമ്പര്യമല്ല. അങ്ങനെയൊന്നില്ല. ജീനുകളിലൂടെ പൂർവപിതാക്കന്മാരുടെ ഇടപ്പെടലുകളെന്ന് വിശ്വസിക്കാന്‍ ഇഷ്ടം. പുസ്തകരൂപത്തില്‍ പെറ്റുവീണ എന്റെ കുഞ്ഞിനെ -‘ബൈപോളാര്‍ കരടി’യെ വായനക്കാരന്‍ കയ്യിലെടുക്കാന്‍ കാത്തുനില്‍ക്കുകയാണ്. അവന്റെ /അവളുടെ വായനയിലാണ് ആ കുഞ്ഞ് ഇനി വളരുക. ഇഷ്ടമുള്ള രീതിയില്‍ വളര്‍ത്താന്‍ വായനക്കാരന് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. മുന്‍വിധികളില്ലാതെ, ഒരു ഫ്രെയിമിലും അടച്ചിടാതെ ആ കുഞ്ഞും വളരട്ടെ, അവര്‍ക്കിഷ്ടമുള്ള പേര് കൊടുക്കട്ടെ, താലോലിക്കട്ടെ. വായനയുടെ ലാളനയേല്‍ക്കുന്നതാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ ഏറ്റവും വലിയ ആനന്ദം. എഴുത്തില്‍ ഒരു സ്‌കൂളിനെയും പിന്തുടരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആരുടെയും എഴുത്തിന്റെ നിഴല്‍ വീഴരുതെന്നും. ഗുരുക്കളില്ല. തലതൊട്ടപ്പന്മാരില്ല. മാറ്റിയെഴുതികൊണ്ടിരുന്നു. പ്രസിദ്ധീകരിച്ചവയും പുസ്തകമാക്കും മുമ്പ് മാറ്റിയെഴുതി. കവിതയ്ക്ക് ആവശ്യമില്ലെന്ന് കണ്ട് പ്രിയപ്പെട്ട വരികളും വെട്ടിക്കളഞ്ഞു. തൃപ്തി എന്നൊന്ന് എഴുത്തിനില്ല എന്നാണ് തോന്നുന്നത്. പല കവിതകളും എഴുതിത്തുടങ്ങിയശേഷം ദിശമാറിയൊഴുകിയിട്ടുണ്ട്. അതിശയകരമായ രീതിയില്‍ ചില വരികള്‍ വന്നുചേര്‍ന്നിട്ടുമുണ്ട്.

 

ഇന്നത്തെ കവിത എങ്ങനെയാണു വായനക്കാരോട് ഇടപെടുന്നത്?

 

ബലംപിടിത്തമെല്ലാം വിട്ട് കവിത എല്ലാവരുടെയും തോളില്‍ കയ്യിടുന്നു. കുന്നിന്‍പുറത്ത് ഇളംവെയില്‍ കായുന്നു. ആര്‍ക്കും ഒക്കത്തിരുത്താവുന്ന കുഞ്ഞായി മാറിയിരിക്കുന്നു. നീട്ടുന്ന കവിതയെന്ന കനി ഇപ്പോ കടിച്ചാപ്പൊട്ടുന്നുണ്ട്. ചിലപ്പോള്‍ അതീവലാളിത്യം മനംപിരട്ടലുണ്ടാക്കുന്നു എങ്കിലും. ലളിതമായും ദാര്‍ശനിക ചിന്ത വരഞ്ഞിടാമെന്നായി. ഇതാണ്, ഇതുമാത്രമാണ് കവിത എന്ന് പറയുന്ന ആശാന്മാര്‍ ധാരാളമുണ്ടെങ്കിലും കുതറിമാറി ഇതും കവിതയാണ് എന്ന് സധൈര്യം പറയുന്ന ഇളംമുറക്കാര്‍ ധാരാളം. പല അടരുകള്‍ ഒളിപ്പിച്ച കവിതകള്‍ ധാരാളം വരുന്നു. ആദ്യവായനയില്‍ തന്നെ എല്ലാം വെളിച്ചത്ത് വരാതെ മറഞ്ഞുനില്‍ക്കുന്ന കവിതകള്‍. അതിശയിപ്പിക്കുന്ന കവിതകളുമായി ധാരാളം വനിതകള്‍ വരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വരുന്നു. തട്ടകം നിറയെ വൈവിധ്യം നിറയുന്നു. മുന്‍വിധിയോടെ കവിതാവായന നടത്തി ഓ ഇത്രയേയുള്ളൂ എന്ന് ചിറികോട്ടി നില്‍ക്കുമ്പോള്‍ കവിതയുടെ ചില്ലയിലെ അവസാനവരിയില്‍ ഒളിഞ്ഞിരുന്ന ചില കനമുള്ള പഴങ്ങള്‍ അപ്രതീക്ഷിതമായി തലയില്‍ പതിക്കുന്നുമുണ്ട്.

 

അങ്ങനെ ചില തിരിച്ചറിവുകള്‍ വായനക്കാരനോ വിമര്‍ശകനോ കിട്ടുന്നുമുണ്ട്. സമൂഹമാധ്യമങ്ങള്‍ തുറന്നിട്ട സ്വാതന്ത്ര്യം വലുതാണ്. പക്ഷേ, അതിനൊപ്പം സ്വയം എഡിറ്റിങ് എന്ന കലയും വശത്താക്കേണ്ടിയിരിക്കുന്നു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന സര്‍ക്കാര്‍ പരസ്യമുണ്ട്. അതുപോലെ എന്റെ എഴുത്ത് എന്റെ മാത്രം ഉത്തരവാദിത്തമെന്ന് എല്ലാവരും തിരിച്ചറിയുമായിരിക്കും. ഒരിക്കല്‍ കവിതയെഴുതി കെ.ജി. ശങ്കരപിള്ളയ്ക്ക് അയച്ചുകൊടുത്തു. കവിതയായോ എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു. കവിതയായി. എന്നാല്‍ ഇനിയും ആകാം. ഈ വാക്കുകളാണ് കവിതയെഴുമ്പോഴെല്ലാം മനസ്സില്‍ തെളിയുക. ഇനിയുമാകാം. ഇനിയുമായേക്കും.

 

കവിതകളും കവികളും എങ്ങും ആഘോഷിക്കപ്പെടാതെ പോകുന്നതെന്ത്?

 

കഥ പോലെ കവിത മീഡിയകള്‍ ആഘോഷിക്കാറില്ല. സത്യമാണ്. കവിതയ്ക്ക് പൊതുവേ വായനക്കാരുടെ എണ്ണം കുറവായിരിക്കും എന്ന ചിന്തയാകാം കാരണം.

 

നിരൂപകരെന്തേ പുതുകാല കവിതയെ കൈവിടുന്നു?

 

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ എത്ര ഒറ്റക്കവിതാ പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട് എന്ന് മാത്രം നോക്കുക. വിമര്‍ശകര്‍ എപ്പോഴും വന്‍താരങ്ങളുടെ പിന്നണിഗായകരാണ്. ഇളംമുളകളെ അവര്‍ കാണുന്നില്ല, കണ്ട ഭാവംപോലുമില്ല. ഒറ്റകവിതാ പഠനങ്ങള്‍ വിരളമാണ്. പുതിയ എഴുത്തുകാരെ എത്ര നിരൂപകര്‍ നിരൂപണം ചെയ്തിട്ടുണ്ട്. പ്രശസ്തര്‍ക്കായി മാത്രം തൊണ്ടതുറക്കുന്ന വാഴ്ത്ത് പാട്ടുകൊണ്ട് ചെടിച്ചിരിക്കുന്നു മലയാള കവിതാലോകം. സമൂഹമാധ്യമങ്ങളില്‍ കവിതയെ വിമര്‍ശിച്ച് കുറിപ്പിടുന്ന പതിവില്ല. ക്ലാസിക്, എപ്പിക്, ഗംഭീരം എന്ന ആത്മാര്‍ത്ഥതയില്ലാത്ത വിശേഷണങ്ങളാണെങ്ങും. മോശം കവിതയെ തുറന്നു പറയാന്‍ ആരും തയാറല്ല. ആനുകാലികങ്ങളില്‍ വരുന്ന കവിതകളും വേണ്ടുംവിധം വിമര്‍ശനത്തിനെടുത്ത് കാണാറില്ല.

 

ഇനിയുള്ള എഴുത്തിൽ എന്തു മാറ്റം വരും?

 

മനസ്സിന്റെ ആന്തരികസഞ്ചാരങ്ങളിലാണ് താല്‍പ്പര്യം. പുറംലോകം എന്നെ കാര്യമായ ഭ്രമിപ്പിക്കുന്നില്ല. സൂക്ഷ്മമായ ലോകം, അതിന്റെ തീരെ കുറഞ്ഞ ഒച്ചകള്‍, നിശബ്ദത, അതിനെയെല്ലാം എന്റേതായ ഭാഷയില്‍ പരിഭാഷപ്പെടുത്താന്‍ ശ്രമിക്കും. കുറഞ്ഞ വരികളില്‍ ആ അനുഭവലോകത്തെ കൊണ്ടുവരാന്‍ ശ്രമിക്കും. അതിന്റെ ഭാഗമായി കുറേക്കാലം എഴുതാതെ ഇരിക്കാനും സാധ്യത.

 

Content Summary: Talk with writer Biju Rocky

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com