ADVERTISEMENT

200 ദിവസം മുടങ്ങാതെ ജീവിതാനുഭവങ്ങൾ കുറിപ്പുകളായെഴുതുക. രാത്രി പന്ത്രണ്ട് മണി തന്നെ അവ കൃത്യമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക. ഓരോ ദിവസവും അവ കാത്തിരിക്കുന്ന വായനക്കാരുണ്ടാകുക. കഥാകൃത്ത് ശ്രീകണ്ഠൻ കരിക്കകം ‘തെറ്റിയും തിരുത്തിയും ഒരു ജീവതമെഴുത്ത്’ എന്ന പേരിലുള്ള അനുഭവക്കുറിപ്പുകൾ എഴുതാൻ ആരംഭിച്ചപ്പോൾ ഒന്നോ രണ്ടോ ആഴ്ച എഴുതാം എന്നേ മനസ്സിൽ കരുതിയിരുന്നുള്ളൂ. എന്നാൽ വായനക്കാരുടെ ഭാഗത്തു നിന്നു വലിയ പിന്തുണയുണ്ടാകുകയും അനുഭവങ്ങൾ പലതും മനോഹര കഥകൾക്കു തുല്യമുള്ള എഴുത്തുകളായി പരിണമിക്കുകയും ചെയ്തതോടെ അവ നീണ്ടുപോകുകയും ഒരു ദിനം പോലും മുടങ്ങാതെ ഇരുന്നൂറാം ദിനത്തിലെത്തുകയും ചെയ്യുകയായിരുന്നു. 

 

‘ഓർമകളിലൂടെ ജീവിക്കുന്ന ഒരാൾ’ എന്നാണു ശ്രീകണ്ഠൻ തന്നെ വിശേഷിപ്പിക്കുന്നതു തന്നെ. കുട്ടിക്കാലത്തു കന്യാകുമാരിയിൽ കടൽ കാണാൻ പോയപ്പോൾ ലഭിച്ച പളുങ്കുമാലയുടെ ഓർമ മുതലുള്ളവ കുറിപ്പുകളുടെ ഭാഗമാകുന്നതങ്ങനെയാണ്. വീടും കുടുംബവും പഠിച്ച വിദ്യാലയങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും നാടും നാട്ടാരുമൊക്കെ കഥാപാത്രങ്ങളാകുന്ന കുറിപ്പുകളെ പക്ഷേ, വേറിട്ടു നിർത്തുന്നത് അവയിലെ ചിരിയും കണ്ണീരുമാണ്. ഓരോ കുറിപ്പുകളിലും വായനക്കാരുടെ ജീവിതവുമായി നേരിട്ടു സംവദിക്കുന്ന എന്തെങ്കിലുമൊരു ഘടകമുണ്ടാകും. ചെറിയ കഥകളിലൂടെയോ സംഭവകഥനങ്ങളിലൂടെയോ ആയിരിക്കും ശ്രീകണ്ഠൻ തനിക്കു പറയാനുള്ള ആശയം അവതരിപ്പിക്കുക. കേരളത്തിന്റെ കലാ, സാഹിത്യ, രാഷ്ടീയ, സാംസ്കാരിക രംഗത്തെ അസംഖ്യം പ്രമുഖ വ്യക്തിത്വങ്ങളും അവരുമായി ബന്ധപ്പെട്ട അപൂർവ മുഹൂർത്തങ്ങളും കുറിപ്പുകളിൽ ഇതൾവിരിയുന്നു.

 

sreekantan-karikkakom-fb-post-1

കെ. കരുണാകരൻ, എംടി, ശ്രീകുമാരൻ തമ്പി, വയലാർ, ഒഎൻവി, ജി.വേണുഗോപാൽ, നെടുമുടി വേണു, ഗൗരിയമ്മ, മധുസൂദനൻ നായർ, ക്യാപ്റ്റൻ രാജു, സി. രാധാകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, ജഗദീഷ്, വിലാസിനി, ഒ.ഭരതൻ, ജി. കാർത്തികേയൻ, ബാലഭാസ്കർ, പി. പത്മരാജൻ, കുഞ്ഞുണ്ണി മാഷ്, ഇന്ദ്രൻസ്, തിലകൻ, നരേന്ദ്രപ്രസാദ്, മാധവിക്കുട്ടി, പി.എ. ഉത്തമൻ, സാംബശിവൻ, എൻ.എസ്. മാധവൻ, ടി.പത്മനാഭൻ, സാറാ ജോസഫ്, ലളിതാംബിക അന്തർജനം, ഒ.വി. വിജയൻ, ആനന്ദ്, സുഭാഷ് ചന്ദ്രൻ, എൻ. മോഹനൻ, എസ്. അജയൻ, സി.വി. രാമൻപിള്ള, ജയൻ, വികെഎൻ, സുകുമാർ അഴീക്കോട്, പുനത്തിൽ കുഞ്ഞബ്ദുള്ള, ശിഹാബുദ്ദീൻ പൊയ്തുംകടവ്, അടൂർ ഗോപാലകൃഷ്ണൻ, ഐ.വി.ശശി തുടങ്ങിയവർ അവരിൽ ചിലർ മാത്രം. 

 

കഥകൾ ബലികഴിച്ചെഴുതിയ ജീവിതമെഴുത്തു കൂടിയാണിത്. കഥാകൃത്തു കൂടിയായ ശ്രീകണ്ഠൻ കഥകളെഴുതാനായി പലകാലങ്ങളിലായി ശേഖരിച്ചു വച്ചിരുന്ന അനുഭവങ്ങളുടെ വലിയ ഭണ്ഡാരങ്ങളാണു വായനക്കാരുടെ മുന്നിലേക്കു ജീവിതമെഴുത്തിന്റെ രൂപത്തിൽ തുറന്നിട്ടത്. 

 

sreekantan-karikkakomfb-post

തിരുവനന്തപുരം ജില്ലയിലെ കരിക്കകം സ്വദേശിയായ ശ്രീകണ്ഠൻ കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി എഴുത്തിന്റെ ലോകത്ത് സജീവമാണ്. പ്രമുഖ വാരികകളിലെല്ലാം കഥകളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേതാളം വല നെയ്യുന്നു, കടൽഹൃദയം, നഗരത്തിലെ സാമ്പാറ് കലങ്ങൾ, ഒബാമയുടെ പച്ച ബട്ടൺ, പലായനങ്ങളിലെ മുതലകൾ, അങ്കണവാടി, ഗബ്രിയേൽ അഥവാ രാമൻപിള്ള മാർക്വിസ് എന്നിവയാണു കഥാസമാഹാരങ്ങൾ. തീപ്പാട്ട്, അ, പപ്പാതി എന്നീ നോവലുകളും പ്രസദ്ധീകരിച്ചു. നൂറിലേറെ ഡോക്യുമെന്ററികൾക്ക് രചനയും സംവിധാനവും നിർവഹിച്ചു. ഭാര്യ: ഷീജ. മക്കൾ: ശ്രീലക്ഷ്മി, തീർഥ. എഴുത്തിന്റെ വേറിട്ട പാതകളിലൂടെ സഞ്ചരിച്ച ആ ജീവിതമെഴുത്തിന്റെ അനുഭവങ്ങൾ ശ്രീകണ്ഠൻ കരിക്കകം പങ്കുവയ്ക്കുന്നു.

 

‘തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്ത്’ ആരംഭിച്ചത് എങ്ങനെയായിരുന്നു? എന്തായിരുന്നു പ്രചോദനം?

sreekantan-karikkakom

 

ഇന്നേക്ക് 200 ദിവസം മുൻപാണ് ഈ എഴുത്ത് തുടങ്ങുന്നത്. സാധാരണ ഒന്നു രണ്ടു ദിവസം കൂടുമ്പോൾ മനസ്സിൽ തോന്നുന്ന എന്തെങ്കിലും ഫെയ്സ്ബുക്കിൽ കുറിക്കുക എന്ന ശീലം ഉണ്ടായിരുന്നു. പക്ഷേ, ജീവിതത്തിൽ തികച്ചും ആകസ്മികമായി ഉണ്ടായ രണ്ടു വിയോഗങ്ങൾ (അച്ഛന്റെയും അനുജന്റെയും) ഉള്ളിൽ തീർത്ത ഒരു വലിയ ആഘാതം ഉണ്ട്. കഴിഞ്ഞ വർഷം ഇതേ മാസം ഇരുപത്തിയാറാം തീയതിയായിരുന്നു അച്ഛന്റെ വേർപാട്. മരണമെത്തുമ്പോൾ അച്ഛന് 74 വയസുണ്ടായിരുന്നു. അച്ഛന്റെ രോഗാവസ്ഥയിലും പരിചരണത്തിലും ശുശ്രൂഷയിലും ഞങ്ങൾ മൂന്ന് ആൺമക്കളും ഒരുമിച്ചാണു നിന്നത്. കൊറോണയുടെ വലിയ ആക്രമണത്തിൽ ലോകം വിറങ്ങലിച്ചു നിൽക്കവേ, അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും വരുന്നതും പുതിയ പുതിയ ചികിത്സകൾ തേടിയുള്ള അന്വേഷണങ്ങളും ഒക്കെ ഞങ്ങൾ ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്. അച്ഛന്റെ മരണാനന്തര കർമങ്ങൾക്കും അതിനെ തുടർന്നുള്ള ചടങ്ങുകൾക്കും ഒക്കെ നേതൃത്വം ഇളയ അനുജനായിരുന്നു. ആ അവസരങ്ങളിലൊക്കെ ഞങ്ങൾ വല്ലാതെ അടുത്തു. അച്ഛന്റെ മരണം കഴിഞ്ഞു കേവലം 90 ദിവസം പോലും പിന്നിടുന്നതിനു മുമ്പ് പെട്ടെന്ന് ഒരു പുലർച്ചെ ഹൃദയാഘാതം വന്ന് അനിയൻ ഞങ്ങളെ വേർപിരിഞ്ഞു പോകുമ്പോൾ അതു ജീവിതത്തിലുണ്ടാക്കിയ ഷോക്ക് അന്നേവരെ വായിച്ചറിഞ്ഞതോ കണ്ടറിഞ്ഞതോ കേട്ടറിഞ്ഞതോ ആയിരുന്നില്ല. അതു മറ്റെല്ലാ ജീവിതാനുഭവങ്ങളെക്കാളും ആഴത്തിൽ മുറിവേൽപ്പിച്ചു. 

 

പല രീതിയിലും അത് ഇപ്പോഴും എന്നെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു. ശരിക്കും ആൾക്കൂട്ടത്തിനൊപ്പം നിന്ന് അവന്റെ അന്ത്യകർമങ്ങളെല്ലാം ചെയ്തുവെങ്കിലും തിരിച്ച് എന്റെ വീട്ടിലേക്കും എന്റെ സ്വകാര്യതയിലേക്കും എഴുത്തുമേശയിലേക്കും മടങ്ങിവന്നപ്പോൾ ഒരു അഞ്ചു മിനിറ്റ് പോലും അവിടെ ഇരിക്കാൻ കഴിയാത്ത വണ്ണം അസ്വസ്ഥത എന്റെ ഉടലിലാകെ വളർന്നു പോയിരുന്നു! എന്റെ ഏകാന്തതകളിൽ മുഴുവൻ അവന്റെ ഓർമകൾ വന്നു മുട്ടി മറിഞ്ഞുകൊണ്ടേയിരുന്നു. ഏറെക്കുറേ പ്രതീക്ഷിച്ച അച്ഛന്റെ മരണത്തെക്കാളും അവന്റെ വിയോഗമാണ് ഞങ്ങളെ എല്ലാവരെയും തളർത്തിക്കളഞ്ഞത്. ഒരു രീതിയിലും എഴുത്തിലേക്കു മടങ്ങിവരാനാകാത്ത അത്തരമൊരു മാനസികാവസ്ഥയിലാണ് ഞാൻ ‘തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്ത്’ തുടങ്ങുന്നത്. ശരിക്കും അവനെയും അച്ഛനെയും കുറിച്ചുള്ള ഓർമകളിൽ നിന്നാണ് ഈ എഴുത്ത് തുടങ്ങിയത്. പിന്നെ അതു പല പല ഓർമകളിലേക്ക് ശിഖരം പിരിഞ്ഞു വളരുകയായിരുന്നു. സത്യത്തിൽ ഈ ഓർമകളെല്ലാം തന്നെ എന്റെ ഉള്ളിൽ രൂഢമൂലമായി ഉറങ്ങിക്കിടക്കുകയായിരുന്നു എന്നത് എന്നെത്തന്നെ ഇന്ന് അതിശയിപ്പിക്കുന്ന വസ്തുതയാണ്. ഇതുവരെ എഴുതിയ കഥയിലും നോവലിലും ഒക്കെ പലയിടങ്ങളിലായി ആത്മാംശമുള്ള കഥാപാത്രങ്ങളുടെ വഴക്കങ്ങളും ശീലങ്ങളെയും ഒക്കെ പകർത്തി വച്ചിട്ടുണ്ടെങ്കിലും ഇത്തരം അനുഭവങ്ങൾ എഴുതിയപ്പോഴാണ് അവ എത്രമാത്രം ഉള്ളിൽ കിടപ്പുണ്ടായിരുന്നു എന്നതു മനസിലാകുന്നത്. അത് അതിശയിപ്പിച്ച വസ്തുതയാണ്. പലരും ചോദിച്ചു: കഥകളായി വരേണ്ട അനുഭവങ്ങളെ ഇങ്ങനെ പകർത്തി വയ്ക്കുന്നതു നഷ്ടമല്ലേ? മുൻപു പല കഥാകൃത്തുക്കളും ഇങ്ങനെ അനുഭവങ്ങൾ എഴുതിയിട്ടുള്ളപ്പോൾ എനിക്ക് തോന്നിയിട്ടുള്ള സംശയമാണത്! ചിലരോടൊക്കെ ഞാൻ അതു ചോദിച്ചിട്ടും ഉണ്ട്. എന്നാൽ, എന്റെ ജീവിതത്തിൽ സംഭവിച്ച ഈ രണ്ട് അപരിഹാര്യമായ ശൂന്യതകളെയും മറികടക്കുവാൻ, എഴുത്തുമേശയുടെ മുന്നിൽ അരമണിക്കൂർ ഉറച്ച് ഇരിക്കുവാൻ എനിക്ക് ഈ എഴുത്ത് വേണ്ടിവന്നു എന്നതാണു സത്യം! അതിങ്ങനെ 200 ദിവസം നീണ്ടു പോകുമെന്നോ ഇത്രയധികം വായനക്കാർ ഉണ്ടാകുമെന്നോ ഞാൻ പ്രതീക്ഷിച്ചില്ല. മാത്രമല്ല ഇന്നേവരെ എന്റെ എഴുത്തുകളൊന്നും വായിച്ചിട്ടില്ലാത്ത ധാരാളം പേർ പുലർച്ചെ എണീറ്റ്  ഈ കുറിപ്പുകൾ വായിച്ചിട്ട് ഈ പോസ്റ്റുകൾ അവരുടെ ഒരു ദിവസത്തെ ക്രിയാത്മകമായി സ്വാധീനിക്കാറുണ്ടെന്നുമൊക്കെ പറയുന്നതു കേൾക്കുമ്പോൾ വലിയ സന്തോഷം. ആഹ്ളാദം. 

 

ജീവിതമെഴുതിയ 200 കുറിപ്പുകളിൽ മനസ്സിനെ ഏറ്റവും സ്പർശിച്ച ഒരെണ്ണത്തെപ്പറ്റി പറയാമോ?

sreekantan-karikkakom-writer
ശ്രീകണ്ഠൻ കരിക്കകം

 

ഏറെ സ്വാധീനിച്ച ഒരെണ്ണം പറയുവാൻ പറഞ്ഞാൽ അതിൽ ചെറിയ പ്രയാസമുണ്ട്. കാരണം കാലികമായ വിഷയങ്ങൾ മുതൽ വൈയക്തികമായ വളരെ നേർത്ത ഓർമകൾ വരെ ഇതിനുള്ളിൽ കിടപ്പുണ്ട്. പിന്നെ, ഈ 200 കുറിപ്പുകളിൽ മനസിനെ ആഴത്തിൽ തൊട്ടവ എന്നു പറയാവുന്നത്, വ്യക്തിബന്ധങ്ങളെയും അവയിലെ ഇടർച്ചകളെയും കുടുംബാന്തരീക്ഷത്തെയും മനുഷ്യബന്ധങ്ങളിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഊഷ്മളതയെക്കുറിച്ചുമെല്ലാം എഴുതിയിട്ടുള്ളവയാണ്. പലതും ഇടയ്ക്കിടെ ഓർത്ത് വായിക്കേണ്ടവ. ശരിക്കും അതു പറയേണ്ടതു വായനക്കാരാണ്. സമാനമായ അനുഭവങ്ങൾ ഉള്ളവർ. അവരെ ആ അനുഭവങ്ങൾ തീർച്ചയായും സ്പർശിട്ടുണ്ടാകാം. അതൊരു ധന്യതയാണ്. ചിലതൊക്കെ എഴുതുമ്പോൾ ഇതെങ്ങനെ സ്വീകരിക്കപ്പെടും? മോശമാകുമോ? എന്നൊക്കെ കുറേ ചിന്തിച്ചിട്ടുണ്ട്. അങ്ങനെ ചിന്തിച്ച പലതും നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. വായനക്കാരുടെ പ്രതികരണങ്ങൾ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരുകാര്യം തറപ്പിച്ചു പറയാം, ഇന്നും മലയാളി കുടുംബബന്ധങ്ങളിലും അതിനുള്ളിലെ അതിസങ്കീർണമായ വൈവിധ്യങ്ങളിലും വിശ്വസിക്കുന്നു. ഒരേസമയം ഏകാകിയും ആൾക്കൂട്ടത്തിനുള്ളിലെ ആരവമായും നമ്മൾ മാറുന്നു.

 

ആ ജീവിതങ്ങളെക്കുറിച്ചാണ് ഞാൻ അധികവും എഴുതിയത്. മലയാളി ദേശം വിട്ട് പോകുമ്പോഴാണ് ഇത്തരം വിചാരങ്ങളിൽ മുഴുകുന്നത്. ഒരിക്കൽ സ്നേഹിച്ചിരുന്ന അമ്മ, അച്ഛൻ, സഹോദരന്മാർ, ബന്ധുക്കൾ, നാട് ഇതിനെക്കുറിച്ചൊക്കെ എഴുതുമ്പോൾ, കേൾക്കുമ്പോൾ, പലപ്പോഴും ഇത് എനിക്കു വേണ്ടിയുള്ള എഴുത്താണ് എന്നു തോന്നി പ്രതികരിക്കാറുണ്ട്. ഉടൻ വരുന്ന അത്തരം പ്രതികരണങ്ങളാണ് പ്രചോദനം. അവരോടാണു കടപ്പാട്. അവർ ഈ എഴുത്തിനെ അവരുടേതാക്കിയെടുത്തു. അങ്ങനെ പറയുമ്പോഴും ഉള്ളിൽ ഏറെ മാനസിക സമ്മർദം അനുഭവപ്പെട്ടുകൊണ്ട് എഴുതി പൂർത്തിയാക്കിയ ചില കുറിപ്പുകളുണ്ട്. പ്രത്യേകിച്ച് അമ്മയുടെ മരണം നടന്ന രാത്രി. അച്ഛനെക്കുറിച്ച് എഴുതിയിട്ടുള്ള ചില ഓർമകൾ. ഇതൊക്കെ ഒരുപക്ഷേ, കഥകളായി തീരേണ്ട അനുഭവങ്ങൾ കൂടിയായിരുന്നു എന്നതും സത്യമാണ്.

 

ഈ കുറിപ്പുകൾ 200 ദിവസവും തുടർച്ചയായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ എന്തായിരുന്നു വലിയ വെല്ലുവിളി?

 

ഈ കുറിപ്പുകൾ 200 ദിവസം സഞ്ചരിച്ചു എന്നതു ശരിക്കും എനിക്ക് ഭാരമായി തോന്നിയിട്ടില്ല. എന്നാൽ, എഴുത്ത് ഭാരമായി തോന്നിയിട്ടുള്ള ചില അവസരങ്ങൾ മുൻപൊക്കെ ഉണ്ടായിട്ടുണ്ട്. അതു ചില വിഷയങ്ങൾ ഫീച്ചറായും ലേഖനമായും കഥയായും ഒക്കെ എഴുതുമ്പോൾ സംഭവിച്ചിട്ടുള്ളതാണ്. ഒരുതരം വിരസത. ചിലപ്പോൾ നിർബന്ധിത എഴുത്തിൽ നിന്നാകാം അത് ഉണ്ടാവുക. വിഷയ ദാരിദ്ര്യവും കാരണമാകാം. പക്ഷേ, ഇവിടെ ആദ്യം മുതൽ തന്നെ എനിക്ക് എഴുതാൻ ധാരാളം വിഷയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ 200 പിന്നിടുമ്പോഴും കുറേദൂരം കൂടി പോകാൻ കഴിയുമെന്നു തോന്നുന്നു. എല്ലാം എന്റെ ജീവിതാനുഭവങ്ങൾ മാത്രമല്ല; ഞാൻ കണ്ട മറ്റു പല മനുഷ്യരുടെയും ജീവിതമുണ്ട്. അവരുടെ അനുഭവങ്ങൾ ഉണ്ട്. സമൂഹത്തിൽ പൊതുവായി കാണുന്ന ചില പ്രശ്നങ്ങളിൽ എനിക്കുള്ള നിലപാടുകളുണ്ട്. ഏറിയപങ്കും ആത്മനിഷ്ഠപരമായ ഓർമകളാണെങ്കിലും അവ മറ്റൊരു തരത്തിലുള്ള കാഴ്ചകൾ കൂടിയായിരുന്നു. പ്രത്യേകിച്ച് അന്യം നിന്നു പോകുന്ന ചില ജീവിതക്കാഴ്ചകൾ. അവയുടെ സാഹചര്യങ്ങൾ. അതിനെക്കുറിച്ചൊക്കെ ഇതിൽ എഴുതിയിട്ടുണ്ട്. നോക്കി നോക്കി നിൽക്കേ, നമ്മുടെ കാഴ്ചവട്ടത്തു നിന്നു മാഞ്ഞു പോകുന്ന വസ്തുക്കൾ മാത്രമല്ല, ചില ഭാഷാ പ്രയോഗങ്ങൾ, ചില ജീവിത ശീലങ്ങൾ ഒക്കെ ഇവിടെ കൊണ്ടുവന്നു. ഉള്ളിലൊരു കഥാകാരനുള്ളതുകൊണ്ടാകാം, ഞാൻ അത്രയും സൂക്ഷ്മമായി കണ്ടിരുന്നവയാണു ചില കാഴ്ചകൾ. അതുകൊണ്ടുതന്നെ ഒരിക്കലും വിഷയസ്വീകരണത്തിൽ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. അതേസമയം തന്നെ കാലികമായ വിഷയങ്ങളിൽ നമുക്ക് നമ്മുടെ അഭിപ്രായം പറയുവാനുള്ള വേദിയായും ഞാൻ ഇവിടം കണ്ടു. എന്റെ രചനയുടെ ആദ്യകാലഘട്ടങ്ങളിൽ ഞാൻ എഴുതിയിരുന്ന ചില ഫീച്ചറുകളുടെയും ലേഖനങ്ങളുടെയുമൊക്കെ പാറ്റേൺ ഇവിടെ സൂക്ഷ്മരൂപത്തിൽ പരീക്ഷിച്ചു. സ്വപ്നത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഏകാന്തതയെക്കുറിച്ചും കടത്തുതോണിയെക്കുറിച്ചും കറുപ്പിനെക്കുറിച്ചും വെളുപ്പിനെക്കുറിച്ചും ഒക്കെ ഒട്ടേറെ റേഡിയോ ഫീച്ചറുകളും അല്ലാതെയുള്ള പത്ര ഫീച്ചറുകളും ഒരിക്കൽ ഞാൻ ചെയ്തിട്ടുണ്ട്. അപ്പോൾ ഒരു ദിവസം എഴുതുന്ന വിഷയം ആയിരിക്കില്ല, അല്ലെങ്കിൽ എഴുതുന്ന രീതി ആയിരിക്കില്ല, അടുത്ത ദിവസം സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ രചനാപരമായ പരീക്ഷണവും എനിക്ക് ഇതിനുള്ളിൽ നടത്തുവാൻ സാധിച്ചു. സത്യം പറഞ്ഞാൽ ഇന്ന് ഈ കുറിപ്പുകൾക്കൊപ്പം കഥകൾ എഴുതാൻ ശ്രമിക്കുമ്പോൾ ഭാഷയിലും പ്രയോഗങ്ങളിലും സമീപനങ്ങളിലും കുറച്ചുകൂടി വ്യക്തത വന്നതായി എനിക്ക് സ്വയം ബോധ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് എഡിറ്റിങ് എന്നുപറയുന്ന കല എത്രമാത്രം ഭംഗിയായി ചെയ്യാം എന്നുള്ളതും വലിയ പാഠമായി ഈ കുറുക്കിയുള്ള എഴുത്ത്.

 

വായനക്കാരുടെ പ്രതികരണങ്ങളിൽ ശ്രീകണ്ഠൻ ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന ഒരെണ്ണത്തെക്കുറിച്ചു പറയാമോ?

 

വായനക്കാരുടെ പ്രതികരണങ്ങളെക്കുറിച്ചു സത്യത്തിൽ എനിക്കാദ്യം ധാരണ ഉണ്ടായിരുന്നില്ല. നേരത്തേ പറഞ്ഞല്ലോ, എന്റെ വൈയക്തികമായ ചില പ്രയാസങ്ങൾ മറികടക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ആ തിരിച്ചറിവുണ്ടാകുന്നത് ഈ കുറിപ്പുകൾ പത്തു മുപ്പതു ദിവസം പിന്നിടുമ്പോൾ ഉണ്ടായ അനുഭവത്താലാണ്. സോഷ്യൽ മീഡിയയിൽ സ്വന്തം പേര് വെളിപ്പെടുത്താതെ അപരനാമത്തിൽ സജീവമായി ഇന്നും എഴുതുന്ന ഒരാൾ എന്റെ ഈ എഴുത്ത് വല്ലാതെ ബോറടിപ്പിക്കുന്നു എന്നും എത്രയും പെട്ടെന്നു മതിയാക്കണം എന്നും പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടു. അപ്പോൾ ഞാൻ വേറൊന്നും ചെയ്തില്ല. ആ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഇതാ, ഇങ്ങനെ ഒരു അഭിപ്രായം വരുന്നു, ആയതിനാൽ, തൽക്കാലം ഇതിവിടെ നിർത്തുകയാണ് എന്നു പറഞ്ഞു കൊണ്ട് ഒരു പോസ്റ്റ്  ഇട്ടു. സത്യത്തിൽ അപ്പോഴാണ്  അറിയുന്നത് ഈ എഴുത്ത് നിത്യവും പിന്തുടരുന്ന തെറ്റില്ലാത്ത വായനാ സമൂഹം ഉണ്ടെന്ന്! അവർ നൽകിയ വലിയ പിന്തുണയാണ് ഈ എഴുത്തിന്റെ ഊർജം. അവരുടെ പേരുകൾ എണ്ണിപ്പറയുവാൻ തുടങ്ങിയാൽ ആ ലിസ്റ്റ് അപൂർണമാവും. മാത്രമല്ല, ഒരാൾ പോലും അശ്രദ്ധകൊണ്ട് ഒഴിവാകുന്നതും നന്നല്ല. സ്ത്രീ പുരുഷ ഭേദമന്യേ വിദേശത്തും സ്വദേശത്തുമുള്ള ഒട്ടേറെപ്പേർ ഈ എഴുത്തിലൂടെ എനിക്ക് പ്രിയപ്പെട്ടവരായി ലഭിച്ചു. അവരുടെ സ്നേഹവും കരുതലും എനിക്ക് എല്ലാ അർത്ഥത്തിലും ഇപ്പോൾ ലഭിക്കുന്നുണ്ട്. ആ ബലമാണ് ‘ഊഞ്ഞാൽ’ പബ്ലിക്കേഷൻ ആരംഭിക്കുവാനുള്ള കരുത്തു പകർന്നത്. അവർക്കെല്ലാർക്കും ഈ അവസരത്തിൽ നന്ദിയും സ്നേഹവും രേഖപ്പെടുത്തട്ടെ.

 

കുറിപ്പിനുള്ള വിഷയത്തിന്റെ തിരഞ്ഞെടുപ്പ്, എഴുത്തുരീതി തുടങ്ങിയവ വിശദമാക്കാമോ?

 

സോഷ്യൽ മീഡിയയിൽ എഴുതുമ്പോൾ എഴുത്ത് ചെറുതായിരിക്കണം. വായനക്കാരിലേക്ക് എളുപ്പം കടന്നുചെല്ലുന്നതായിരിക്കണം. ഒന്നിലേറെ വാതിലുകൾ തുറന്നുകയറുന്ന ഒരു വീടല്ല സോഷ്യൽ മീഡിയ, ഒറ്റ മുട്ടിനു തുറക്കുന്ന വാതിലായിരിക്കണം അവിടെ പണിയേണ്ടത്. ആലങ്കാരികമായ പ്രയോഗങ്ങൾ കൊണ്ടോ അനാവശ്യമായ വർണനകൾ കൊണ്ടോ ഒരു വായനക്കാരനെയും നമുക്ക് നമ്മുടെ എഴുത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ സാധിക്കില്ല. അതൊരു വലിയ പാഠമാണ്. ഇന്നത്തെ കാലഘട്ടത്തിൽ വായന നേരിടുന്ന വെല്ലുവിളി കൂടിയായി അത് ഓരോ എഴുത്തുകാരനും തിരിച്ചറിയേണ്ടതുണ്ട്. ലോകത്തെമ്പാടുമുള്ള പൊതുസമൂഹം മാറുന്നതിന്റെ പൾസ് നമുക്ക് സോഷ്യൽ മീഡിയയിൽ കാണാം. വായനക്കാർ ആദ്യം നോക്കുന്നത് പോസ്റ്റിന് എത്ര വലിപ്പമുണ്ടെന്നാണ്. ക്ഷമയില്ലാത്ത സമൂഹം എഴുത്തിന്റെ മൂല്യം നോക്കാതെ പെട്ടെന്ന് സ്ക്രോൾ ചെയ്ത് അടുത്തതിലേക്ക് ചാടിപ്പോകും. അപ്പോൾ എത്ര ഗഹനമായ വിഷയവും എങ്ങനെ ലഘുവായി പറയാം എന്നുള്ളതാണ് ഇന്നത്തെക്കാലത്ത് സോഷ്യൽ മീഡിയയിൽ നമ്മൾ നേരിടുന്ന വലിയ വെല്ലുവിളി. സാധാരണ കഥകൾക്കു വേണ്ടിയൊക്കെ പ്രമേയങ്ങൾ അന്വേഷിക്കുന്ന മനസ്സോടെ സഞ്ചരിക്കുമ്പോൾ എങ്ങനെയാണോ വിഷയങ്ങൾ കടന്നുവരുന്നത്, അതുപോലെയാണ് ഈ കുറിപ്പുകൾക്കു വേണ്ടി തയാറെടുക്കുമ്പോഴും സംഭവിക്കുന്നത്. ചിലപ്പോൾ ചില ദിവസങ്ങളിൽ അഞ്ചോ ആറോ ത്രെഡുകൾ (ചില സൂചനകൾ) മനസ്സിൽ വരും. അവയെ ഒറ്റവരിയിൽ എഴുതി സൂക്ഷിക്കും. ചിലപ്പോൾ രണ്ടോ മൂന്നോ വരികൾ. മിക്കവാറും അവയെ വികസിപ്പിക്കുന്നത് രാത്രി 12 മണിക്കു ശേഷമാണ്. തികഞ്ഞ നിശബ്ദതയിൽ. ആ ഒരന്തരീക്ഷത്തിൽ ഒന്നരയോ രണ്ടോ മണിക്കൂർ കൊണ്ടു രണ്ടോ മൂന്നോ പാരഗ്രാഫ് ഉള്ള കുറിപ്പ് എഴുതി പൂർത്തിയാക്കും. എഴുതിക്കഴിഞ്ഞാൽ അതിന്മേൽ നടത്തുന്ന എഡിറ്റിങ് ഉണ്ട്. അത് ഏറെ പ്രധാനപ്പെട്ടതാണ്. ‘ഞാൻ’ എന്നോ ‘ഒരു’ എന്നോ ‘ഞങ്ങൾ’ എന്നോ ഒക്കെ വരുന്ന വാക്കുകളിൽ പോലും വളരെ കണിശമായ എഡിറ്റിങ് നടത്താറുണ്ട്. ആവർത്തിക്കപ്പെട്ടവ തിരഞ്ഞുപിടിക്കും. അതിനെ ശരിയാകും. ചില ഇമോജികൾ ഇടും. അതും ഒരു രസമാണ്. ആദ്യമൊക്കെ ആ സാങ്കേതികവിദ്യ കുറച്ചേ അറിയാമായിരുന്നുള്ളൂ, പിന്നീട് അതിന്റെ സാധ്യതകൾ കണ്ടെത്തിയപ്പോൾ അതും ഫലപ്രദമായി ഉപയോഗിക്കുവാൻ ശ്രമിച്ചു. അങ്ങനെ ഒരു സാഹിത്യ സൃഷ്ടിയിൽ നിന്നും അതിന്റെ രചനാവേളയിൽ കിട്ടുന്ന ആനന്ദം ഈ എഴുത്തിലും എനിക്കു കിട്ടിയിരുന്നു.

 

നഷ്ടപ്പെട്ടുപോയ എന്റെ എഴുത്തിനെ തിരിച്ചുപിടിക്കാനും എഴുത്തു മേശയിൽ ഒന്നോ രണ്ടോ മണിക്കൂർ തുടർച്ചയായി ഇരിക്കുവാനും ഒക്കെ കഴിയുന്ന തരത്തിലേക്ക് എന്നെ മടക്കിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ കുറിപ്പുകൾ ഇന്ന് ഇത്രയും ദൂരം സഞ്ചരിച്ചതിൽ ഏറെ സന്തോഷം. ‘തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്ത്’ കഴിയുന്നത്ര തുടർന്നു കൊണ്ടുപോകുവാനാണു ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. ഇതിനുള്ളിൽ പരാമർശിക്കപ്പെട്ട ചില സംഭവങ്ങൾ പിന്നീടു കഥകളായും എഴുതിയിട്ടുണ്ട്. പക്ഷേ, എനിക്കു തോന്നുന്നതു കഥകൾ ആക്കാമെന്നു തോന്നിയ എഴുത്തുകൾ പലതും കുറിപ്പുകൾ ആയതാണു നല്ലതെന്നാണ്. അതും തിരിച്ചറിവാണ്. അനുഭവങ്ങളല്ല കഥ. കഥയല്ല അനുഭവം. പിന്നെ, മറ്റൊരു പ്രധാനപ്പെട്ട സംഗതി, ഈ കുറിപ്പുകൾ എഴുതാൻ തുടങ്ങിയതു മുതൽ ഇതു പുസ്തകമാക്കണം എന്നാവശ്യപ്പെട്ട ഒട്ടേറെ സുഹൃത്തുക്കളുണ്ട്, വായനക്കാരുണ്ട്. ഒരു പുതിയ പ്രസിദ്ധീകരണ സംരംഭത്തെക്കുറിച്ചു ചിന്തിക്കുന്നതും അതിലേക്കു കടക്കുന്നതും അങ്ങനെയാണ്. ഈ എഴുത്ത് എനിക്കു തന്ന വലിയ സൗഭാഗ്യമാണത്. ‘തെറ്റിയും തിരുത്തിയും ഒരു ജീവിതമെഴുത്ത്’ വൈകാതെ പുസ്തകരൂപത്തിൽ വായനക്കാരുടെ മുന്നിൽ എത്തും. അത് എന്റെ സ്വകാര്യമായ ആഗ്രഹം എന്നതിനേക്കാൾ ഈ കുറിപ്പുകൾ വിടാതെ വായിച്ചിരുന്നവരുടെ ആഗ്രഹം കൂടിയാണ്. 

 

Content Summary: Talk with writer Sreekantan Karikkakom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com