നമ്മളിപ്പോൾ ഒടുവിലത്തെ ദുരിത പർവത്തിൽ; സ്നേഹിക്കൂ ഭൂമിയെ, മനുഷ്യനെയും!
ശാസ്ത്രവും സർഗാത്മകതയും സമന്വയിക്കുന്ന ഏകലോകത്തിന്റെ ദർശനമാണ് സി.രാധാകൃഷ്ണൻ എന്ന നോവലിസ്റ്റ് തന്റെ കൃതികളിലെല്ലാം മുന്നോട്ടു വച്ചിട്ടുള്ളത്. ഈ ദർശനം പ്രവർത്തികമാക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും സംവാദങ്ങളും എല്ലാ മേഖലകളിലും ശക്തമാണ്. ഇത് അനിവാര്യമാണെന്ന ചിന്തയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.
ശാസ്ത്രവും സർഗാത്മകതയും സമന്വയിക്കുന്ന ഏകലോകത്തിന്റെ ദർശനമാണ് സി.രാധാകൃഷ്ണൻ എന്ന നോവലിസ്റ്റ് തന്റെ കൃതികളിലെല്ലാം മുന്നോട്ടു വച്ചിട്ടുള്ളത്. ഈ ദർശനം പ്രവർത്തികമാക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും സംവാദങ്ങളും എല്ലാ മേഖലകളിലും ശക്തമാണ്. ഇത് അനിവാര്യമാണെന്ന ചിന്തയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.
ശാസ്ത്രവും സർഗാത്മകതയും സമന്വയിക്കുന്ന ഏകലോകത്തിന്റെ ദർശനമാണ് സി.രാധാകൃഷ്ണൻ എന്ന നോവലിസ്റ്റ് തന്റെ കൃതികളിലെല്ലാം മുന്നോട്ടു വച്ചിട്ടുള്ളത്. ഈ ദർശനം പ്രവർത്തികമാക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും സംവാദങ്ങളും എല്ലാ മേഖലകളിലും ശക്തമാണ്. ഇത് അനിവാര്യമാണെന്ന ചിന്തയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.
ശാസ്ത്രവും സർഗാത്മകതയും സമന്വയിക്കുന്ന ഏകലോകത്തിന്റെ ദർശനമാണ് സി.രാധാകൃഷ്ണൻ എന്ന നോവലിസ്റ്റ് തന്റെ കൃതികളിലെല്ലാം മുന്നോട്ടു വച്ചിട്ടുള്ളത്. ഈ ദർശനം പ്രവർത്തികമാക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും സംവാദങ്ങളും എല്ലാ മേഖലകളിലും ശക്തമാണ്. ഇത് അനിവാര്യമാണെന്ന ചിന്തയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമൂഹിക അകലവും അനിശ്ചിതത്വങ്ങളും അത്ര ശക്തമായാണ് ലോകമ്പാടുമുള്ള മനുഷ്യരെ അലോസരപ്പെടുത്തിയത്. പ്രിയപ്പെട്ടവരെ അകലങ്ങളില്ലാതെ ചേർത്തു നിർത്താവുന്ന പ്രഭാതത്തിലേക്കിനി എത്ര ദൂരം.. 2022 ലെ പ്രതീക്ഷകളെയും സാധ്യതകളെയും പറ്റി സി. രാധാകൃഷ്ണൻ മനോരമ ഓൺലൈനിനോടു സംവദിക്കുന്നു.
തുരങ്കത്തിനറ്റത്തെ പ്രഭാതത്തിലേക്ക്...
പുതിയ ഒരു വർഷം കടന്നു വരുന്നു. രണ്ടു വർഷത്തിലേറെയായി ലോകത്തെ വളരെയേറെ നടുക്കിയ ഒരു കാര്യമാണ് ഇപ്പോഴുള്ള ഈ പകർച്ചവ്യാധി. ആധുനിക ശാസ്ത്രം നിലവിൽ വന്നതിനുശേഷം ഇങ്ങനെ ഒരു മഹാവ്യാധി ലോകമൊട്ടാകെ ഉണ്ടായ ചരിത്രമില്ല. ഇത് എക്കാലവും നമ്മളെ ബുദ്ധിമുട്ടിക്കുമോ? എന്താണതിനു പ്രതിവിധി? എന്നാണതു രൂപപ്പെടുകയെന്നൊക്കെയുള്ള ചോദ്യം ആളുകളുടെ മനസ്സിലുണ്ട്. സ്വാഭാവികമായ ഈ ചോദ്യങ്ങൾക്ക് മതിയായ ഉത്തരങ്ങൾ ഇന്ന് ശാസ്ത്രത്തിന്റെ കൈവശമില്ലെന്നതാണു വാസ്തവം. പക്ഷേ, ഒരുപാടു പ്രതീക്ഷകളുണ്ട്.
ഈ മഹാശാപത്തെ വലിയ ഒരു അനുഗ്രഹമാക്കി മാറ്റി, വരുന്ന ഒരാണ്ടിനകം എല്ലാത്തിനെയും മറികടന്ന് മനുഷ്യ വർഗത്തിന് തുരങ്കത്തിനറ്റത്തുള്ള പ്രഭാതത്തിലേക്കു പോകാൻ 2022 വഴിയൊരുക്കുമെന്നാണ് എനിക്കു തോന്നുന്നത്. ശുഭാപ്തി വിശ്വാസമാണല്ലോ നമ്മെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകേണ്ട ഏറ്റവും വിശിഷ്ടമായ അനുഗ്രഹം.
മനുഷ്യ വംശം ഇത്രയും കോടി കൊല്ലങ്ങളായി പരിണമിച്ച് ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിയത് ഒരു ദുഷ്പ്രഭാതത്തിൽ എല്ലാം കൂടി നശിക്കാനല്ലെന്നു നമുക്കു തീർച്ചയായും കരുതാം. അങ്ങനെയാണെങ്കിൽ ഈ മഹാ പ്രയത്നം സംഭവിക്കേണ്ട കാര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒരു തിരുത്തലുണ്ടാകുമെന്നും നമുക്കു കരകയറ്റത്തിനുള്ള അവസരം ഉണ്ടാകുമെന്നും ന്യായമായി പ്രതീക്ഷിക്കാം. അതിലേക്കുള്ള അവസാനത്തെ ദുരിത പർവമാണു കഴിഞ്ഞു പോകുന്നതെന്നു കരുതുന്നതായിരിക്കും ഏറ്റവും നല്ലത്. അതിനനുസരിച്ചു പ്രതീക്ഷകൾ പുലർത്താനാവുകയാവും നല്ലത്.
ജീവിവർഗങ്ങളിൽ മനുഷ്യനുമാത്രമാണ് ഏറ്റവും കൂടുതൽ ഭീതിയും ആശങ്കയും ജീവിതത്തോടുള്ളത്. മറ്റു മൃഗങ്ങൾക്ക് ഇത്രയുമില്ല. അവയ്ക്കൊക്കെ അനിച്ഛാ പ്രതികരണമായ ചില തോന്നലുകളും തയാറെടുപ്പുകളും മാത്രമാണുള്ളത്. മനുഷ്യനാകട്ടെ, അനേകായിരം ആണ്ടുകൾക്കപ്പുറത്തേക്കു തന്റെ ഭാവിയെക്കുറിച്ചു ചിന്തിക്കാനുള്ള ശേഷിയുണ്ട്. സ്വപ്നം കാണാനുള്ള കഴിവുണ്ട്. ആസൂത്രണം ചെയ്യാനുള്ള ആയുധങ്ങളും ഉപാധികളും ഉപകരണങ്ങളുമുണ്ട്. അങ്ങനെയൊക്കെ യിരിക്കെ നമുക്കു നമ്മുടെ ഭാവിയെക്കുറിച്ച് കൃത്യമായി ആലോചിക്കാനും വേണ്ടപോലെ ആസൂത്രണം ചെയ്യാനുമൊക്കെ അവസരമൊരുക്കിത്തന്ന ഈ മഹാവ്യാധിയോട് ഒരു ദൈവാനുഗ്രഹത്തോടെന്നപോലെ നന്ദി പറയാനും അതിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ട് നമ്മുടെതന്നെ ഭാവിയിലെ എല്ലാ ചേരുവകളും മനുഷ്യവംശത്തിനു ഗുണകരമായി ഭവിക്കാനുള്ള ചുവടുവയ്പുകളിലേക്കു പോകാനും കഴിയുമെന്നുവേണം പ്രതീക്ഷിക്കാൻ. മനുഷ്യർക്കു പരസ്പരം സ്നേഹിച്ചേ കഴിയാനൊക്കൂ. പരിസ്ഥിതിയെ സ്നേഹിച്ചേ കഴിയാനാകൂവെന്നൊക്കെയുള്ള അടിസ്ഥാനപരമായ അനുഭവ ബോധ്യം നമുക്കു കൈവന്നിരിക്കുകയാണ് ഈ വിശേഷപ്പെട്ട ശാപം എന്ന അനുഗ്രഹത്തിലൂടെ.
വൈറസുകൾക്കെതിരായ ഒറ്റമൂലി രൂപപ്പെടും
വൈറസുകൾ ദേഹത്തിനു വരുത്തുന്ന വേദനകൾക്കും കേടുപാടുകൾക്കും പരിഹാരമാകുന്ന ചില മരുന്നുകൾ മാത്രമാണ് ഇപ്പോഴുള്ളത്. അകത്തു കയറിയ വൈറസിനെ പുറത്തു കളയാൻ പറ്റുന്ന യഥാർഥ മരുന്ന് നമുക്ക് ഇതുവരെ കിട്ടിയിട്ടില്ല. അതിനു കാരണം വൈറസ് ഒരു ആർഎൻഎ
(റൈബോന്യൂക്ലിക് ആസിഡ്) ആയതുകൊണ്ടാണ്. നമ്മുടെ ശരീരം കോശങ്ങൾക്കാവശ്യമായ പോഷകാംശങ്ങളും മറ്റു വസ്തുക്കളും രക്തത്തിൽനിന്ന് എടുക്കുന്നതാണ് ഈ സൂത്രം. അതിന്റെ രൂപത്തിൽത്തന്നെയാണ് വൈറസ് വരുന്നത്. വൈറസിനെ വധിക്കാൻ കഴിയുന്ന എന്തും ശരീരത്തിന് ആവശ്യമുള്ള ആർഎൻഎയെ വധിക്കുമെന്നതാണു വിഷമം. അതിനു പരിഹാരമുണ്ടാക്കാൻ ശാസ്ത്രത്തിനു കഴിയുമെന്നുതന്നെയാണു പ്രതീക്ഷ. ആധുനിക ലോകത്തുള്ള ഗവേഷണ പരീക്ഷണ സൗകര്യങ്ങൾ ഉപയോഗിച്ച് ഇത് അസാധ്യമായ കാര്യമല്ല.
പക്ഷേ ശാസ്ത്രത്തിന്റെ ഏതു കണ്ടുപിടിത്തവും അപ്പംപോലെ ചുട്ടെടുക്കാൻ കഴിയുന്നതല്ല. അതു സംഭവിക്കണം. അതു സംഭവിക്കാനുള്ള സമ്മർദ്ദങ്ങളും പ്രേരണകളും എല്ലായിടത്തും വ്യാപകമാണ്, എല്ലാ നാടുകളിലും മുഖ്യമായ ഗവേഷണ ത്വര ഈ വഴിയിലായതുകൊണ്ടുതന്നെ ഇതു സംഭവിക്കുമെന്നു വിശ്വസിക്കാം. ലോകമെമ്പാടും ഈ പരിശ്രമം വ്യാപകമാകുമെന്നതിനാൽ വരുന്ന ഒരു കൊല്ലത്തിനുള്ളിൽ എല്ലാത്തരം വൈറസുകൾക്കും പ്രതിവിധിയാകാവുന്ന ഒരു ഒറ്റമൂലി നമുക്കു വികസിപ്പിക്കാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.
ശാസ്ത്രം ഇന്നു വരുത്തിയിരിക്കുന്ന ഏറ്റവും വലിയ പുണ്യം ലോകത്ത് എന്തും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എവിടെയും എത്തിക്കാനുള്ള സൗകര്യമാണ്. ഭക്ഷണമായാലും വസ്ത്രമായാലും ഔഷധമായാലും ആശയമായാലും സഹായമായാലും ഇതു സാധ്യമാണ്. ഈ സാധ്യതകളിലൂടെത്തന്നെയാണ് ലോകത്ത് എവിടെയുമുള്ള ഏതു മഹാരോഗങ്ങളും എവിടെയും പരക്കാൻ ഇടയാകുന്നതും. മുൻകാലത്ത് ഏതെങ്കിലും രാജ്യത്ത് എന്തെങ്കിലും രോഗമുണ്ടായാൽ ആ രാജ്യവും മറ്റു രാജ്യങ്ങളും തമ്മിൽ അകലമുള്ളതുകൊണ്ട് അതു പകരാൻ കാലതാമസമെടുത്തുമായിരുന്നു. ഇന്ന് മനുഷ്യർ തമ്മിലുള്ള സമ്പർക്ക സാധ്യത കാരണം രോഗങ്ങൾ പെട്ടെന്നു പകരാനുള്ള സാഹചര്യമുണ്ടായിരിക്കുന്നു. ഈ സാധ്യതതന്നെ പ്രതിരോധ ഔഷധം എത്തിക്കുന്നതിന്റെ സാധ്യതയും വർധിപ്പിച്ചിരിക്കുന്നുവെന്നത് ആശ്വാസകരമാണ്.
അണു സംയോജന ഊർജവും ക്വാണ്ടം ലെവലും
വരാനിരിക്കുന്ന കാലങ്ങളിൽ രണ്ടു പ്രമുഖ തുറകളിൽ പുതിയ കണ്ടെത്തലുകൾ ഉണ്ടാകുമെന്നു നമുക്കു പ്രതീക്ഷിക്കാം. ഒന്ന് ഊർജത്തിന്റെ തലത്തിലാണ്. ഒരുപാടു കാലങ്ങളായി നാം ഒരുപാടുതരം ഊർജങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിൽ ഫോസിൽ ഇന്ധനങ്ങളും അണുശക്തിയുമാണ് പ്രധാനം. മറ്റൊന്നു പുരാതനകാലം മുതൽ ഉപയോഗിക്കുന്ന സൗരോർജമാണ്. ഇതൊന്നും മതിയാകാത്ത സ്ഥിതിയാണ്. ഫോസിൽ ഇന്ധനങ്ങൾ തീർന്നുകൊണ്ടിരിക്കുന്നു. എന്തുമാത്രം ഊർജമുണ്ടായാലും ഊർജ പ്രതിസന്ധിക്കു പരിഹാരമുണ്ടാവുകയില്ല എന്ന നിശ്ചയമുള്ളതുകൊണ്ട് ലോക രാഷ്ട്രങ്ങളെല്ലാം അണു സംയോജന ഊർജം ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്. കുറച്ചുകാലമായി ഈ ശ്രമം തുടങ്ങിയിട്ട്. അണു സംയോജനം സാധ്യമായ കാര്യമാണെന്നും അതിനെ ബോംബ് ആയി ഉപയോഗിക്കാൻ കഴിയുമെന്നും തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഉണ്ടാക്കിവച്ചിട്ടുമുണ്ട്. ആ സംയോജന ക്രിയയെ ഫലപ്രദമായി നിയന്ത്രിച്ച് ഒരു റിയാക്ടർ ഉണ്ടാക്കാനും അതിൽനിന്നുള്ള ഊർജം പ്രയോജനപ്പെടുത്താനുമുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. പല രാജ്യങ്ങളിലും രഹസ്യമായി ഈ പരീക്ഷണം നടക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നതും ഈ ഗവേഷണത്തിലാണ്. ആസന്ന ഭാവിയിൽ നമുക്ക് അണുസംയോജന ഊർജത്തെ മെരുക്കിയെടുക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കാം. അണുസംയോജന ഊർജത്തിന്റെ ഏറ്റവും നല്ല കാര്യം അതിനു മലിനീകരണം ഇല്ലെന്നതാണ്. അതിന് ഉപോൽപന്നങ്ങളില്ല. അതു പ്രകൃതിയെ മലിനപ്പെടുത്തുന്നുമില്ല. അതിന്റെ ഇന്ധനം ഒരിക്കലും തീരുകയുമില്ല. ഫലത്തിൽ വെറുതെ കിട്ടുന്ന ഒന്നായി ഊർജം മാറാനുള്ള സാധ്യതകളുമുണ്ട്.
കംപ്യൂട്ടർ ഉൾപ്പെടെയുള്ള നമ്മുടെ യന്ത്രങ്ങളെല്ലാം പ്രവർത്തിക്കുന്നത് വൈദ്യുതിയുടെ അടിസ്ഥാനത്തിലാണ്. നാളെ ക്വാണ്ടം എന്ന അവസ്ഥിലേക്ക് കംപ്യൂട്ടിങ് കടക്കും. ഒരു കണത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ സ്വഭാവ വിശേഷമാണ് ക്വാണ്ടം ലെവൽ എന്നത്. അത് ഉപയോഗിച്ചു പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ രൂപപ്പെടും. അതിൽ സംഭരിക്കാവുന്ന വിവരങ്ങളുടെയും കൈകാര്യം ചെയ്യാവുന്ന അറിവുകളുടെയും വ്യാപ്തി വളരെ വലുതായിരിക്കും. അപരിമിതമെന്നുതന്നെ പറയാം. ഇത്തരത്തിൽ കംപ്യൂട്ടറുകളെ വളരെയേറെ പ്രയോജനപ്പെടുത്താനും ചെറുതാക്കാനും കഴിയുന്നത് വളരെ വലിയ വിപ്ലവങ്ങളുണ്ടാക്കും. മനുഷ്യന്റെ നാഡീവ്യൂഹങ്ങളുടെ പ്രവർത്തനങ്ങളെ വരെ ഗവേഷണത്തിലൂടെ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്ന യന്ത്രങ്ങൾ ഇതുവഴി രൂപപ്പെടും. നമ്മുടെ ജനിതക ഗവേഷണത്തിന് ഇതുവരെ എത്തിപ്പെടാൻ കഴിയാത്ത മേഖലകളിലേക്ക് നമുക്ക് കംപ്യൂട്ടിങ് കൊണ്ട് ചെല്ലാൻ കഴിയുമെന്നും ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നു. അങ്ങനെ ജനിതക രംഗത്തും അടിസ്ഥാന ഊർജത്തിന്റെ മേഖലയിലും വരുന്ന മാറ്റങ്ങൾ ഭാവിയിലെ മനുഷ്യന്റെ എല്ലാ പ്രയത്നങ്ങളെയും എല്ലാ ജീവിതചര്യയെയും ബാധിക്കുമെന്നതു തീർച്ചയാണ്. കൂടുതൽ ഊർജവും കുറഞ്ഞ മലിനീകരണവും ആഴത്തിലേക്കു കടന്നു ചെല്ലാനുള്ള കഴിവുകളും വരുന്നതോടെ ആധുനിക മനുഷ്യൻ ഇന്നുവരെ സ്വപ്നം കണ്ട ഒരു ജീവിതരീതി നിലവിൽ വരുന്നതിനുള്ള സാധ്യതയും തെളിഞ്ഞു വരികയാണ്. ഈ മഹാമാരി അതിനുകൂടി പ്രേരകമായി ഭവിക്കുന്നുവെന്നാണ് എനിക്കു തോന്നുന്നത്.
ഇനി വൃത്തിയാക്കാനേയുള്ളൂ
വായുവും വെള്ളവും മണ്ണും ഒരുപോലെ മലിനമായിരിക്കുന്നു. ബഹിരാകാശത്തു പോലും മാലിന്യം കുന്നുകൂടുകയാണെന്നാണു ശാസ്ത്രം പറയുന്നത്. ഒരു പുതിയ ഉപഗ്രഹം തൊടുത്തു വിടുമ്പോൾ അതിന്റെ ഏറ്റവും സുഗമമായ ഭ്രമണപഥം നിശ്ചയിക്കുന്നതല്ല ഇപ്പോഴത്തെ പ്രധാന പ്രശ്നം. അത് മറ്റ് ഉപഗ്രഹങ്ങളുമായോ അവയുടെ അവശിഷ്ടങ്ങളുമായോ കൂട്ടിയിടിക്കാതെ ഒരു ഭ്രമണ പഥത്തിലെത്താനുള്ള സൗകര്യം ഒരുക്കാനാണു ശാസ്ത്രജ്ഞൻമാർക്കു വിഷമം. ‘എവിടെയെങ്കിലും പോകുന്നതല്ല, പോകുന്ന ഇടത്ത് ആരുമായും കൂട്ടിയിടിക്കാതിരിക്കാനാണു ശ്രമിക്കേണ്ടത്’ എന്നു പൂരത്തിനു പോകുന്നവരോടു പറയുന്നതു പോലയാണിത്. ഒരുപാട് ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ പലയിടത്തുമായി ചിതറിക്കിടക്കുന്നുണ്ട്. ലോകം ഇങ്ങനെ മൊത്തമായി മലിനീകൃതമായിരിക്കുകയാണ്. ഈ വ്യാധി രണ്ടുതരത്തിലുള്ള മുൻകരുതലുകൾ ഉണ്ടാക്കിത്തരുന്നു. ഒന്ന് ലോകം ഇനി വൃത്തിയാക്കി സൂക്ഷിക്കണമെന്നാണ്. അതിന്റെ ഒരു തെളിവ്, ഇതിനെക്കാൾ വൃത്തികേടാനാകാനില്ല എന്നതുതന്നെയാണ്. വൃത്തിയാകാനേയുള്ളൂവെന്നതാണ്.
കാലാവസ്ഥയിലെ മാറ്റങ്ങൾ മനുഷ്യ നിർമിതം
കാലാവസ്ഥയിലും ധാരാളം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നത് ലോകത്തെമ്പാടുമുള്ള എല്ലാവർക്കും അനുഭവം കൊണ്ടു ബോധ്യമായിട്ടുണ്ട്. അതു സ്വാഭാവികമായിട്ടുണ്ടായതല്ല. മനുഷ്യൻ ഉണ്ടാക്കിയിട്ടുള്ള കാരണങ്ങളാണ് ഏറെയും. ഇന്ധനങ്ങളുടെ ഉപയോഗവും വായു മലിനീകരണവും നമ്മുടെ വിസർജ്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകളും അതിനു കാരണമായിട്ടുണ്ട്. ഇതാണ് ആഗോള താപനത്തിന് ഇടയാക്കിയതെന്നും അതിന്റെ ഒരു ഫലമാണ് അതിവർഷമെന്നും അതിന്റെ തുടർച്ചയായ വരൾച്ചയെന്നും നമുക്ക് അറിയാം. പത്തു വർഷത്തിനുള്ളിൽ ധ്രുവ പ്രദേശങ്ങളിലുള്ള മഞ്ഞു മുഴുക്കെ ഉരുകും. അതു വെള്ളമായി സമുദ്രത്തിൽ പരക്കുന്നതോടെ സമുദ്ര നിരപ്പ് ഉയരുമെന്നും അതിന്റെ ഫലമായി ഭൂമിയിൽ ഇപ്പോൾ കരയായി അറിയപ്പെടുന്ന പ്രദേശങ്ങളുടെ വലിയൊരുഭാഗം സമുദ്രത്തിന്റെ അടിയിലാകുമെന്നും നമുക്ക് അറിയാം. ഭൂമിയിലുള്ള ഊഷ്മാവ് അധികരിച്ചിരിക്കുന്നു. വായുവിലുള്ള ബാഷ്പീകരണത്തിന്റെയും നീരാവിയുടെയും ശതമാനം വർധിച്ചിരിക്കുന്നു. അങ്ങനെ ശ്വസന ക്രിയയിലൂടെ നമുക്കു കിട്ടേണ്ടുന്ന പ്രാണവായു എല്ലാ വിധത്തിലും ചുരുങ്ങുന്നു. അതിലൂടെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നു. മുൻപ് ഇല്ലാത്ത വിധം പ്രാണികൾക്കും സൂക്ഷ്മ ജീവികൾക്കും ഉരുത്തിരിയാനും നിലനിൽക്കാനുമുള്ള സാഹചര്യം വർധിക്കുന്നു. അതായിരിക്കാം ഇപ്പോഴുള്ള രോഗത്തിന്റെ കാരണമെന്നാണ് പൊതുവേയുള്ള ധാരണ. ഇങ്ങനെയുള്ള ലോകത്തെ വൃത്തിയാക്കിയെടുക്കാനുള്ള പ്രേരണ കൂടിയായിരിക്കണം ഈ പകർച്ച വ്യാധി എന്നു കരുതാം.
പാഠം ഒന്ന്: ഒരു ചുവരെഴുത്ത്
ഒന്നു വന്നു പോയാൽ അതിനെ ഭേദപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നതുവരെ സഹിക്കുകയല്ലാതെ മാർഗമില്ലല്ലോ. ആഗോള താപനം ഒരു ദിവസം കൊണ്ടു മാറ്റാവുന്ന കാര്യമല്ല. പരിസ്ഥിതി മലിനീകരണത്തിന്റെ കാര്യവും അങ്ങനെതന്നെ. ഭൂമിയുടെ പുറത്തുള്ള മേൽമണ്ണ് അനേക കോടി വർഷം കൊണ്ട് രൂപപ്പെട്ടുവന്നതാണ്. ജീവസമൂഹങ്ങളുടെ ജനിതകാവസ്ഥയും ഇങ്ങനെ ഉരുത്തിരിഞ്ഞതാണ്. വായുവിന്റെ സ്വച്ഛതയും അനേകം കോടി കൊല്ലങ്ങൾ കൊണ്ട് ഉണ്ടായതാണ്. ഇതൊക്കെ ആധുനിക ശാസ്ത്രം വളരെ ആർത്തിയോടെ മാറ്റിപ്പണിതു എന്നുള്ളതാണ് നമുക്കു പറ്റിയ ഒരു അപകടം. ശാസ്ത്രത്തിന്റെ ഒരുതരത്തിലുള്ള പടയോട്ടത്തിൽ എന്തൊക്കെ സംഭവിച്ചുവെന്നു കണക്കെടുക്കുമ്പോൾ ഒരുപാട് വേണ്ടാതീനങ്ങൾ സംഭവിച്ചുവെന്നു നാം തിരിച്ചറിയുന്നുണ്ട്. അതിനു പ്രതിവിധി ചെയ്യുന്ന മുറയ്ക്ക് മെല്ലെ മെല്ലെ മാത്രമേ ഈ വലിയ ആപത്തിൽനിന്നു കരകയറാനാവൂ.
ഒരു തുടക്കം അനിവാര്യമാണ്. അതിനുള്ള സമയം വന്നിരിക്കുന്നു. ലോക രാഷ്ട്രങ്ങൾ ഇതിനെപ്പറ്റി ഒന്നിച്ചു ചർച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. പലരും ഇങ്ങനെ ഒരു മാറ്റത്തിന് വൈമുഖ്യം കാണിക്കുന്നുവെന്ന് നമുക്ക് അറിയാം. സാമ്പത്തിക ഭദ്രത തകരാറിലാവുമെന്ന് അവർ ഭയക്കുന്നു. പക്ഷേ ജീവശാസ്ത്രപരമായ ഭദ്രത തകരാറിലാക്കുന്നതിൽനിന്ന് ആരും മാറി നിൽക്കുന്നില്ലെന്നതാണ് ദുഃഖം. ഈ അവസ്ഥ മാറി ലോകം ഏക മനസ്സായി ആഗോള കാലാവസ്ഥാ വ്യതിയാനത്തിനു 2022 ൽ തടയിടുമെന്നാണു ഞാൻ കരുതുന്നത്. അത് അനിവാര്യമായ ഒരു നിലപാടു മാറ്റമായിരിക്കും. അതിലൂടെ സ്വാഭാവികമായ കാലാവസ്ഥ തിരിച്ചു വരും. ഭൂമി ഒരു സമതുലിതമായ അവസ്ഥയിലാണല്ലോ നിലനിൽക്കുന്നത്. ഈ ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ് അനേകായിരം കാര്യങ്ങളെ ആശ്രയിച്ചാണ്. ഭൂമിയിലെ ശരാശരി താപനില ഇപ്പോഴുള്ളതിൽനിന്ന് വെറും 5 ഡിഗ്രി മാറിയാൽ ഒരു ജീവനും അവശേഷിക്കുകയില്ല. ഇപ്പോഴുള്ള വായുവിന്റെ ഘടന ഇപ്പോഴത്തെ അനുപാത്തിൽ നിന്ന് 2 ശതമാനം മാറിയാലും നിലനിൽക്കില്ല. വായുവിന്റെ മർദ്ദം ഒരൽപം മാറിയാലോ ഭൂമിയുടെ ഗുരുത്വാകർഷണശേഷി അൽപം മാറിയാലോ നിലനിൽപ് ഉണ്ടാവുകയില്ല.ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്ന വേഗം ഒരിത്തിരി മാറിയാലോ ഭൂമി സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന വേഗം ഒരൽപം മാറിയാലോ നിലനിൽപുണ്ടാകില്ല. സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന താളവും വേഗവും ഒരൽപം മാറിയാലും ഒന്നിനും നിലനിൽപുണ്ടാവുകയില്ല.
അപ്പോൾ, ഈ അടിസ്ഥാന കാര്യങ്ങളിലൊക്കെ മാറ്റം വരുത്താവുന്ന ഇടപെടലുകൾ മനുഷ്യൻ നടത്തുമ്പോൾ ഒരുപാട് ആലോചന ആവശ്യമാണ് എന്ന ബോധ്യം നമ്മുടെയൊക്കെ മസ്തിഷ്കങ്ങളിലേക്ക് അടിച്ചേൽപിക്കുകയാണ് ഈ ദുരിതം ചെയ്യുന്നത്. അതാണ് പാഠം ഒന്ന്. അത് എല്ലാവരും പഠിക്കും എന്നു വേണം കരുതാൻ. അല്ലെങ്കിൽ പണ്ഡിതനോ പാമരനോ സമ്പന്നനോ എന്ന ഭേദമില്ലാതെ മനുഷ്യവംശം മൊത്തമായി ഇതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവരുമെന്ന വ്യക്തമായ ചുവരെഴുത്താണിപ്പോഴുള്ളത്. അതു നമുക്ക് ഇപ്പോൾ ബോധ്യമുണ്ട്.
സാമൂഹിക അകലം പഠിപ്പിച്ചത്
മനുഷ്യരെല്ലാവരും ഒരു മഹാമാരിയെ പേടിച്ച് ഒറ്റപ്പെട്ട് അകലം പാലിച്ചു ജീവിച്ച ഒരു കാലമാണല്ലോ കടന്നു പോകുന്നത്. ഈ ഇടവേളയിൽ നമുക്ക് രണ്ടുമൂന്നു കാര്യങ്ങൾ സാധിച്ചു. ഒറ്റപ്പെട്ടു കഴിഞ്ഞു കൂടിയതുകൊണ്ട് സമൂഹം എന്ന വ്യവസ്ഥിതിയെപ്പറ്റി വീണ്ടു വിചാരം ചെയ്യാനുള്ള അവസരം ഉണ്ടായി. എങ്ങനെയാണ് മനുഷ്യ സമൂഹത്തെ നമ്മൾ ഇനി കാണേണ്ടത്? എങ്ങനെയാണ് പുതിയ ഒരു സമൂഹം രൂപപ്പെടുത്തിയെടുക്കേണ്ടത്? പഴയതിന്റെ പരിമിതികൾ എന്തൊക്കെയായിരുന്നു? ഇതൊക്കെ നാം തിരിച്ചറിഞ്ഞ കാലമാണ്. അതു സാമൂഹികമായ പുനർ നിർമിതിയുടെ ഒരു ത്വരകമായി ഭവിക്കും.
രണ്ടാമത്തേത്, മനുഷ്യൻ എന്ന ജീവിയുടെ താത്വികമായ നിലനിൽപിന്റെ അടിത്തറയെക്കുറിച്ച് ആത്മപരിശോധന നടത്താൻ നമുക്കു സാധിച്ചുവെന്നതാണ്. എല്ലാവർക്കും അതു സാധിച്ചുവെന്നുവേണം കരുതാൻ. ഇങ്ങനെ ഒറ്റപ്പെട്ടു പോകുമ്പോഴാണു നമുക്ക് നമ്മുടെ അസ്തിത്വത്തെക്കുറിച്ച് കാര്യമായ ധാരണകളുണ്ടാകുന്നത്. നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച്, ധാരണകളെക്കുറിച്ച്, പ്രമാണങ്ങളെക്കുറിച്ച് ഒക്കെ ആലോചിക്കുകയും അതിന്റെ ആഴങ്ങളിലേക്കു കടന്നു പോവുകയും ചെയ്യും. നമ്മുടേതായ പുതിയ നിലപാടുകളിലേക്ക് എത്താനും പഴയതിലുള്ള നീക്കുപോക്കുകൾ തിരുത്തിക്കുറിക്കാനും അവസരമുണ്ടായിരിക്കുകയാണ്.
വീട്ടിലിരുന്നു ജോലി ചെയ്യാൻ അവസരം ഒരുങ്ങിയതും ഇക്കാലത്തെ സവിശേഷതയാണ്. അതിലൂടെ നമ്മുടെ നഗരവൽക്കരണത്തെയും വ്യവസായവൽക്കരണത്തെയും കുറിച്ച് വീണ്ടു വിചാരത്തിനുള്ള അവസരം ലഭിച്ചു. എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി ഇത്രയും വലിയ നരകങ്ങളും ചേരികളും സൃഷ്ടിക്കുന്നത്? മനുഷ്യന് അവനവൻ ഇരിക്കുന്നിടത്തിരുന്ന് ജോലി ചെയ്യാൻ കഴിയില്ലേ? എന്തിനാണ് പ്രകൃതിയിൽനിന്ന് അകന്നു ജീവിക്കേണ്ടി വരുന്നത്? എന്നൊക്കെ ചിന്തിക്കാൻ നമുക്ക് വളരെയേറെ അവസരം കിട്ടി. ഇതൊക്കെ വരുന്ന കാലത്ത് മനുഷ്യ സമൂഹത്തിന്റെ പുനഃക്രമീകരണത്തിനും വ്യവസായ വൽക്കരണത്തിന്റെ ദിശാമാറ്റത്തിനും വഴിയൊരുക്കിയേക്കാം.
സമഗ്രതയിലേക്കുള്ള യാത്ര
മനുഷ്യരായ നമ്മൾ വംശമായി, ജാതിയായി, മതമായി, ദേശീയതയായി മാറിമാറി നിൽക്കുന്നതുപോലെതന്നെ ആശയ ലോകത്ത് ശാസ്ത്രം, സാങ്കേതികത, ആധ്യാത്മികതയെന്നൊക്കെ തരം തിരിച്ചു വച്ചിരിക്കുകയാണ്. ഇതൊക്കെ സർവകലാശാലകളിൽ പഠിക്കാനും കൈകാര്യം ചെയ്യാനുമുള്ള സൗകര്യത്തിനു വേർതിരിച്ചു വച്ചതാകാമെന്നാണു കരുതേണ്ടത്. എല്ലാത്തിനെയും ഉൾക്കൊള്ളാവുന്ന ഒരു മനോനിലയാണ് മനുഷ്യൻ എന്ന ജീവിയുടെ അടിസ്ഥാന സംസ്കാരം. അതുകൊണ്ട് മതം, അധ്യാത്മികത, ശാസ്ത്രം, എന്നിവ മൂന്നു മുഖങ്ങളായി മാറി നിൽക്കുന്ന കാലം കഴിഞ്ഞു. സമഗ്രതയിലേക്കുള്ള യാത്രയുടെ വഴിയിലാണ് മനുഷ്യ വംശം. നമ്മുടെ കൈകാലുകൾക്കോ ഹൃദയത്തിനോ മസ്തിഷ്കത്തിനോ സ്വന്തമായി അസ്തിത്വമില്ലെന്ന പോലെ ഭൂമിയിലെ ഒരു ജീവിക്കും ഒരു പ്രത്യേക പരിസ്ഥിതിക്കും വേറിട്ട ഒരു നിലനിൽപില്ല എന്നു നമുക്ക് അറിയാം. എല്ലാം കൂടി ഒന്നായി ചേരുന്ന ഒരു അടിസ്ഥാന ഏകതാ ബോധത്തിന്റെ സാന്നിധ്യം നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
എന്താണ് എല്ലാ മനുഷ്യരെയും ഒന്നാക്കുന്നത്? എല്ലാ വൃക്ഷങ്ങളെയും ജീവികളെയും ഒന്നാക്കുന്നത്? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് നമുക്ക് ഇപ്പോൾ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ലോകത്ത് പുതുതായി ഉണ്ടാകുന്ന ശാസ്ത്ര നേട്ടങ്ങളിലൂടെ കടന്നു പോകുമ്പോൾ, ഗവേഷണ പ്രബന്ധങ്ങൾ വായിക്കുമ്പോൾ കാണുന്നത് പല വൃക്ഷങ്ങളുടെയും വേരുകൾ മണ്ണിനടിയിലൂടെപോയി പരസ്പരം സമ്മേളിച്ച് ആശയ വിനിമയവും പോഷക വിനിമയവും നടത്തി ഒരു വലിയ വനമായി വളരുന്നതിന്റെ ലക്ഷണങ്ങളാണ്. നമുക്ക് ചിന്തകൊണ്ട് ഇപ്പോൾ എത്തിപ്പിടിക്കാൻ പറ്റാത്ത മേഖലകളിൽ ‘ഹോളിസം’ എന്ന സാർവത്രികവും സമഗ്രവുമായ അന്വേഷണ പദ്ധതിയുടെ ദിശ തെളിഞ്ഞു വരുന്നുണ്ട്. ഇതൊക്കെ ലോകത്തുള്ള കലാസൃഷ്ടികളിലും മനുഷ്യന്റെ സാംസ്കാരിക പ്രവർത്തനങ്ങളിലുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഒരു വശത്ത് വിഭാഗീയത കൊടികുത്തി വാഴുമ്പോൾ, അതിന്റെ പാരമ്യത്തിലേക്ക് എത്തി നിൽക്കുമ്പോൾ മറുവശത്ത് ഏകതയുടേതായ ഒരു വലിയ സംവാദവും ആവേശവും നമ്മുടെ മനസ്സുകളിൽ ഉണ്ടായി വരുന്നുണ്ട്. അതുകൊണ്ട് ഒന്നിക്കാനുള്ള ത്വര എല്ലാ തലങ്ങളിലേക്കും വ്യാപിക്കുമെന്നുതന്നെവേണം കരുതാൻ. അതിനിടയിലൊക്കെയുള്ള അതൃപ്തികൾ അവിടെയൊക്കെയുള്ള കാവലുകൾ, പ്രതിരോധങ്ങൾ, എല്ലം തന്നെ നിർവീര്യവും ദുർബലവുമായി തീർന്നുകൊണ്ടിരിക്കുന്നു. സംശയമൊന്നും വേണ്ട, നമ്മുടെ കുഞ്ഞുങ്ങൾക്ക് ഒരു ഏകലോകത്തിനെക്കുറിച്ചുള്ള മൗലികവും ചിന്താപരവുമായ ഒരു അടിത്തറ ഉണ്ടായിക്കിട്ടുമെന്നുതന്നെ വേണം കരുതാൻ.
സ്നേഹം തിരിച്ചറിവല്ല, അനുഭവമാകണം
സുസ്ഥിതിയിലേക്ക് എന്താണു മാർഗം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു അനുഭവ ബോധ്യമാണു പ്രധാനം; തിരിച്ചറിവല്ല. തിരിച്ചറിവും അറിവു മാത്രമാണ്. അനുഭവമായെങ്കിലേ അതു പ്രാബല്യത്തിൽവരികയുള്ളൂ. പരിസ്ഥിതിയെ എങ്ങനെയാണ് കാണേണ്ടത്, ഈ ഭൂമിയും പരിസ്ഥിതിയും നാളെ വരുംതലമുറയ്ക്കു ജീവിക്കാൻ നന്നായിരിക്കേണ്ടേ എന്നീ കാര്യങ്ങളിലൊക്കെ നമുക്ക് ഇപ്പോൾ വളരെയേറെ ബേജാറുണ്ട്. മുൻപത്തെക്കാളേറെ അവബോധമുണ്ട്, താൽപര്യവുമുണ്ട്. ഒരു കാര്യം നമുക്കു തീർച്ചയാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള അകലം കുറയണമെങ്കിൽ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്നേഹം വർധിച്ചു വരണം. എന്താണു വഴിയെന്ന് അമ്പരക്കുകയൊന്നും വേണ്ട. വഴിയൊക്കെ മുൻപേ നമുക്കൊക്കെ അറിയാവുന്നതാണ്. പണ്ട് ആരോ പറഞ്ഞതുപോലെ ‘മരുന്ന് അറിയാഞ്ഞിട്ടും കൈയിൽ ഇല്ലാഞ്ഞിട്ടുമല്ല കഴിക്കാഞ്ഞിട്ടാണ്’. എത്ര വാസ്തവം.
പരിഹാരം വളരെ നിസ്സാരമാണ്. ‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക’ എന്ന ആപ്തവാക്യം ഓർമയുണ്ടല്ലോ. അതു നമുക്കു ശീലമായിരുന്നെങ്കിൽ ലോകത്തിന് ഇത്രയും ദുരിതം ഉണ്ടാകുമായിരുന്നില്ല. ഈ ഒരു കൽപനയോട് നമുക്ക് ബൗദ്ധികമായി അനുഭാവമുണ്ടായിട്ടും വൈകാരികമായി താദാത്മ്യം പ്രാപിക്കാൻ കഴിയാതെ പോയി. ഇതു ശരിയാണ്, ഇതാണു നേര്, ഇതാണു വേണ്ടത് എന്നു നമുക്ക് അറിയാം. പക്ഷേ അതു നമുക്ക് ഇപ്പോൾ ഒരു അറിവു മാത്രമാണ്; വികാരമല്ല. അതിനോടു താദാത്മ്യം പ്രാപിക്കാനോ അതു കൈകാര്യം ചെയ്യാനോ സാധിച്ചില്ല. ലോകത്ത് എല്ലാവരും അങ്ങനെ കരുതുമ്പോൾ ഞാനും അങ്ങനെ കരുതാമെന്നു കരുതി. എന്നാൽ ജീവിതത്തിൽ അതു പരിപാലിക്കാനായില്ല. അതുകൊണ്ടാണ് ലോകം ഇങ്ങനെ ഒരു അവസ്ഥയിലേക്കെത്തിയത്. അമ്മയ്ക്കു കുഞ്ഞിനോടുള്ള സ്നേഹം പോലെ, ഞാനും എന്റെ അയൽക്കാരനെ എന്നെപ്പോലെ സ്നേഹിക്കണം എന്നത് ഒരു വികാരമായി വാഴ്‌വിൽ ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ സ്വാഭാവികമായി ഭൂമിയിലുള്ള അതിർത്തികളും ആയുധങ്ങളും സംഘർഷങ്ങളും യുദ്ധങ്ങളും എല്ലാമെല്ലാം അവസാനിക്കും. വരാനിരിക്കുന്ന വർഷം അതിനുകൂടി വഴിതെളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Content Summary : Interview With C Radhakrishnan