ആ പതിമൂന്നുകാരിയുടെ റഷ്യൻ യാത്രയ്ക്കിപ്പോൾ നാൽപത്തിയഞ്ചു വയസ്സ്
‘‘പ്രിയപ്പെട്ട ബീനേ, പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളുടെയും വെളിച്ചവും ചൈതന്യവുമായ സനാതനസത്യം -കാരുണ്യവാനായ ദൈവം ബീനയെ അനുഗ്രഹിക്കട്ടെ. എല്ലാ സൗഭാഗ്യങ്ങളും തന്ന്. അങ്ങനെയങ്ങനെ അനുഗ്രഹാശിസ്സുകളോടെ ബീന മുന്നോട്ടുപോകുക. വയസ്സ് ഇരുപത്തി ഒന്നാണല്ലേ. കൊച്ചുപെണ്ണാണ്. ഓര്‍ക്കുക: ശരീരത്തിന്റെയും
‘‘പ്രിയപ്പെട്ട ബീനേ, പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളുടെയും വെളിച്ചവും ചൈതന്യവുമായ സനാതനസത്യം -കാരുണ്യവാനായ ദൈവം ബീനയെ അനുഗ്രഹിക്കട്ടെ. എല്ലാ സൗഭാഗ്യങ്ങളും തന്ന്. അങ്ങനെയങ്ങനെ അനുഗ്രഹാശിസ്സുകളോടെ ബീന മുന്നോട്ടുപോകുക. വയസ്സ് ഇരുപത്തി ഒന്നാണല്ലേ. കൊച്ചുപെണ്ണാണ്. ഓര്‍ക്കുക: ശരീരത്തിന്റെയും
‘‘പ്രിയപ്പെട്ട ബീനേ, പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളുടെയും വെളിച്ചവും ചൈതന്യവുമായ സനാതനസത്യം -കാരുണ്യവാനായ ദൈവം ബീനയെ അനുഗ്രഹിക്കട്ടെ. എല്ലാ സൗഭാഗ്യങ്ങളും തന്ന്. അങ്ങനെയങ്ങനെ അനുഗ്രഹാശിസ്സുകളോടെ ബീന മുന്നോട്ടുപോകുക. വയസ്സ് ഇരുപത്തി ഒന്നാണല്ലേ. കൊച്ചുപെണ്ണാണ്. ഓര്‍ക്കുക: ശരീരത്തിന്റെയും
‘‘പ്രിയപ്പെട്ട ബീനേ,
പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളുടെയും വെളിച്ചവും ചൈതന്യവുമായ സനാതനസത്യം -കാരുണ്യവാനായ ദൈവം ബീനയെ അനുഗ്രഹിക്കട്ടെ; എല്ലാ സൗഭാഗ്യങ്ങളും തന്ന്. അങ്ങനെയങ്ങനെ അനുഗ്രഹാശിസ്സുകളോടെ ബീന മുന്നോട്ടുപോകുക. വയസ്സ് ഇരുപത്തിയൊന്നാണല്ലേ. കൊച്ചുപെണ്ണാണ്. ഓര്‍ക്കുക: ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം സൂക്ഷിക്കണം. തലയും മറ്റും സ്വന്തമാക്കിത്തന്നെവയ്ക്കണം. ചിന്തിക്കാന്‍ പഠിക്കുക. തല ഗ്യാസ്‌കുറ്റി ആക്കരുത്. ഇതൊക്കെ ഓര്‍ത്തുകൊണ്ട് സുഖദുഃഖങ്ങളിലൂടെ ജീവിക്കുക. ദീര്‍ഘദീര്‍ഘമായ സുവര്‍ണകാലമാണു ബീനയുടെ മുമ്പിലുള്ളത്. ധൈര്യത്തോടെ മുന്നോട്ടുപോകുക. മംഗളം.’’ – വർഷങ്ങൾക്ക് മുൻപ് മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ കെ.എ. ബീനയ്ക്കുള്ള കത്തിൽ വൈക്കം മുഹമ്മദ് ബഷീർ എഴുതി. ഒരു കുഞ്ഞ് എഴുത്തുകാരിയുടെ മനസ്സിലും ജീവിതത്തിലും ഒരുപാടു മാറ്റങ്ങളുണ്ടാക്കാൻ പോകുന്ന കത്തായിരുന്നു അത്. പതിമൂന്നാം വയസ്സിൽ സ്‌കൂളിലെ പ്രോജക്ടിന്റെ ഭാഗമായി റഷ്യയ്ക്ക് പോകുക, തിരികെ വന്ന് അത് പുസ്തകമായി പ്രസിദ്ധപ്പെടുത്തുക, എത്ര വർഷം കഴിഞ്ഞാലും ബീന ഓർമിക്കുക ‘ബീന കണ്ട റഷ്യ’ എന്ന പുസ്തകത്തിന്റെ പേരിലായിരിക്കും. പുസ്തകമിപ്പോൾ അതിന്റെ നാൽപതാം വാർഷികം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി ഗീതാ ബക്ഷി എഡിറ്റർ ആയി ആ പുസ്തകത്തിന്റെ പല വായനയുടെ ഒരു പുസ്തകം ഇറങ്ങിയിരിക്കുന്നു,
‘ബീന കണ്ട റഷ്യ- ഒരു പുസ്തകം, പല വായനകൾ’ എന്നാണ് അതിന്റെ തലക്കെട്ട്.
കെ.എ. ബീന സംസാരിക്കുന്നു:
‘ബീന കണ്ട റഷ്യ’ @ 40
ആഘോഷത്തിന്റെ മനസ്സൊന്നുമില്ല. പക്ഷേ സന്തോഷമുണ്ട്. സാധാരണഗതിയിൽ നമ്മൾ നമ്മുടെ വയസ്സാണല്ലോ ആഘോഷിക്കുന്നത്. നമ്മുടെ റിട്ടയർമെന്റ് മൂഡാണത്. റഷ്യൻ യാത്ര എന്റെ പതിമൂന്നാമത്തെ വയസ്സിൽ എഴുതിയതുകൊണ്ട് എന്റെ ജീവിതത്തിന്റെ സായാഹ്നത്തിലേക്ക് എത്തുന്നതിനു മുൻപു തന്നെ അതിന്റെ നാൽപതാം വാർഷികം ആഘോഷിക്കാനാകുന്നു. ഇപ്പോൾ ഇത്രയും വർഷം കഴിഞ്ഞും ‘ബീന കണ്ട റഷ്യ’ എന്ന പുസ്തകം വായിക്കപ്പെടുന്നു. ആ വായനകളെക്കുറിച്ച് പലരും എഴുതുന്നു. അത് ശേഖരിക്കപ്പെട്ടു മറ്റൊരു പുസ്തകമാകുന്നു. ഒരു എഴുത്തുകാരിക്ക് ഇതിൽക്കൂടുതൽ എന്താണ് സന്തോഷം വേണ്ടത്. അവരുടെ വായനയുടെ ഓരോ ഘട്ടത്തിലും എങ്ങനെയാണ് എന്റെ പുസ്തകം അവർക്കൊപ്പം നിന്നത്, അവരുടെ യാത്രകളെ സ്വാധീനിച്ചത് എന്നൊക്കെ എഴുതിയതു വായിക്കുമ്പോൾ ഒരുപാട് സന്തോഷം.
പത്തു വയസ്സിൽ ബാലവേദി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പൊതു ഇടത്തിലേക്ക് ഞാൻ വന്നത്. ഒരുപാട് കുട്ടികൾക്ക് നിഷേധിക്കപ്പെട്ട അനുഭവങ്ങളിൽനിന്ന് വ്യത്യസ്തമായി, സമൂഹത്തിൽ ഇടപെടാൻ കഴിയുന്ന ഒരു ബാല്യമായിരുന്നു എനിക്കുണ്ടായത്. വീടിനുള്ളിൽ അടച്ചിടുന്ന ഒരു ജീവിത രീതിയായിരുന്നില്ല. ബാല്യവും കൗമാരവും സ്‌കൂളിലും വീട്ടിലും മാത്രമായി ഒതുങ്ങിയതായിരുന്നില്ല. പല വേദികളിൽ പങ്കെടുക്കാനായി, അതുകൊണ്ടാണ് ആ പ്രായത്തിൽ റഷ്യയിൽ പോകാനായത്. അവിടെ ചെന്നപ്പോൾ 150 ഓളം രാജ്യങ്ങളിൽ നിന്നെത്തിയ, പല തരത്തിൽപ്പെട്ട, പല ഭാഷയും രൂപവുമുള്ള കുട്ടികളെ പരിചയപ്പെടുക, അവരെക്കുറിച്ച് അറിയുക എല്ലാം ചെയ്യാനായി. അതിലെല്ലാമുപരി എല്ലാ കുട്ടികളും സ്നേഹത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നെനിക്ക് മനസ്സിലായി. ഇത്രയും വർഷം കഴിഞ്ഞിട്ടും അവിടെനിന്ന് കിട്ടിയ സ്നേഹവും സമാധാനവും ഒന്നും ഉള്ളിൽനിന്ന് നഷ്ടപ്പെട്ടിട്ടില്ല. ഏതു പ്രതിസന്ധിയിലും ജീവിതത്തിൽ മുന്നിലൊരു വെളിച്ചമുണ്ടെന്ന അവബോധം എനിക്കുണ്ടായത് അവിടെ വച്ചാണ്.
ഒൻപതാം ക്ലാസിൽ വച്ചാണ് ‘ബീന കണ്ട റഷ്യ’ എഴുതുന്നത്. മാസികയിലാണ് ഖണ്ഡശഃയായി വരുന്നത്. അന്ന് എംടി ആണ് മാതൃഭൂമി എഡിറ്റർ. ഒരുപാടു വായനക്കാരുടെ സ്നേഹം എനിക്ക് അങ്ങനെയും കിട്ടി. പിന്നീട് ഡിസി അത് പുസ്തകമാക്കി. സ്‌കൂളുകളിലും വായനശാലകളും അത് വായിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ നാൽപതു വർഷം കഴിഞ്ഞും അത് വായിക്കപ്പെടുന്നു, പുതിയ എഡിഷനുകൾ ഇറങ്ങുന്നു. പത്തു വയസ്സൊക്കെ ഉള്ള കുഞ്ഞുങ്ങൾ അത് വായിച്ച് അഭിപ്രായം പറയുമ്പോൾ ഒരു എഴുത്തുകാരി എന്ന നിലയിൽ ഞാൻ സംതൃപ്തയാണ്.
‘ബീന കണ്ട റഷ്യ’യെ വായിച്ചവർ
കുട്ടികളുടെ ക്രിയാത്മകതയെ സാധാരണ നമ്മൾ ഗൗരവത്തിലെടുക്കാറില്ല. അവർ കുത്തിവരയ്ക്കുന്നു, എന്തോ കുത്തിക്കുറിക്കുന്നു എന്നൊക്കെയേ നാം കാണാറുള്ളൂ. പക്ഷേ ‘ബീന കണ്ട റഷ്യ’ എഴുതുമ്പോൾ ഞാൻ കുട്ടിയാണ്, ആ രീതിയിൽ നോക്കുമ്പോൾ ഒരു കുട്ടി ആഘോഷിക്കപ്പെട്ടിരുന്നു എന്നതൊരു അഭിമാനമാണ്. എന്റെ വീട്ടുകാർ എനിക്കു തന്ന ഒരു പ്രാധാന്യമുണ്ട്. ഞാൻ എന്റെ വീട്ടിൽ പറയുകയാണ് –എനിക്കൊരു പുസ്തകമെഴുതണം. അന്നൊക്കെ അത്തരത്തിൽ ഒരു കുട്ടി പറഞ്ഞാൽ ആര് കാര്യമായി എടുക്കാനാണ്! പക്ഷേ എന്റെ ആഗ്രഹത്തിന് വീട്ടിലുള്ള എല്ലാവരും കൂട്ടു നിന്നു. അവർ എനിക്ക് സ്വന്തമായി ഒരു മുറിയൊരുക്കിത്തന്നു. മേശ, കസേര, കുടിക്കാനുള്ള വെള്ളം ഒക്കെ അവിടെയുണ്ടായിരുന്നു. രാത്രി ഒരുപാട് സമയം വരെ ഞാൻ എഴുതിയിരിക്കുമ്പോൾ എനിക്ക് കൂട്ടിരുന്നു.
വിർജീനിയ വൂൾഫിന്റെ ‘എഴുത്തുകാരിയുടെ മുറി’ എന്ന കൺസെപ്റ്റ് എന്നതൊക്കെ എത്രയോ വർഷം കഴിഞ്ഞാണ് ഞാനറിയുന്നത്. എന്റെ വീട്ടിൽ ആ സമയത്ത് എഴുതുന്ന ഒരു കുട്ടിക്ക് ഒരു മുറി വേണമെന്നും സ്വകാര്യത വേണമെന്നും അവർ മനസ്സിലാക്കി എന്നത് അവരുടെ വിവേകമാണ്, അവരും എന്റെ നാട്ടുകാരും തന്ന ആത്മവിശ്വാസമാണ് എന്നെ ഞാനാക്കിയത്.
ഡേറ്റ കലക്‌ഷൻ നല്ല ബുദ്ധിമുട്ടായിരുന്നു. ഗൗരവത്തോടെ അതിലിറങ്ങിയപ്പോൾ എല്ലാം എളുപ്പമായി. അതിനെല്ലാം എന്റെ വീട്ടുകാർ ഒപ്പമുണ്ടായി. അന്നത്തെ ആ അനുകൂല സാഹചര്യത്തിന്റെ ഗുണം എന്താണെന്ന് ഇപ്പോഴൊക്കെയാണ് എനിക്ക് മനസ്സിലാവുന്നത്. അന്ന് കൂടെയുള്ളവർ തന്ന ആത്മധൈര്യം –അതാണ് ‘ബീന കണ്ട റഷ്യ’.
പതിമൂന്നാം വയസ്സിലെ റഷ്യൻ യാത്ര
ഇപ്പോൾ നാൽപത്തിയഞ്ച് വർഷമായി. അതിന്റെ വാർഷികത്തോടനുബന്ധിച്ച് ഒരു ഗ്ലോബൽ മീറ്റ് ആർത്തേക്ക് അംഗങ്ങൾ ചേർന്ന് നടത്തിയിരുന്നു. അതിന്റെ ഭാഗമായി പല മത്സരങ്ങളും നടത്തിയിരുന്നു. അതിൽ ഇത്തവണ ഒരു ജൂറി ആയി ഞാനും ഉണ്ടായിരുന്നു. അതിന്റെ കൂടെ മുൻ യാത്രകൾ പോയ എല്ലാ അംഗങ്ങളുടെയും ഒരു മീറ്റിങ് അവർ പ്ലാൻ ചെയ്തിരുന്നു, പക്ഷേ കോവിഡ് വന്നതിനാൽ അത് മാറ്റി വയ്‌ക്കേണ്ടി വന്നു. തിരിച്ചു പോകണം എന്നാഗ്രഹിക്കുന്ന ഒരു യാത്രയാണ് ആ മീറ്റിങ്ങിലേക്കുള്ളത്.
ഒരിക്കലും മറക്കാനാകാത്ത മെഹറുന്നിസ എന്ന കൂട്ടുകാരിയെ കിട്ടിയ യാത്രയാണത്. അന്നത്തെ യാത്രയിൽ കണ്ടു മുട്ടിയ സുഹൃത്തുക്കളിൽ ചിലരെ പിന്നെയും പല സാഹചര്യത്തിൽ കാണാനായി. ഇനിയും പോകണമെന്ന് ആഗ്രഹമുണ്ട്. നിറയെ സ്നേഹം, എവിടെ പോയാലും സുഹൃത്തുക്കൾ, എന്റെ പ്രായത്തിൽ ഒരു സ്ത്രീയ്ക്ക് കിട്ടാവുന്നതിലേറെ പരിഗണനയും സ്നേഹവും ഈ യാത്രയിലൂടെയും പുസ്തകത്തിലൂടെയും എനിക്ക് കിട്ടുന്നുണ്ട്.
ഇന്ത്യൻ ഗ്രാമങ്ങളിലേക്കൊരു ഒറ്റയാൾ യാത്ര
ലോകം മുഴുവൻ യാത്ര ചെയ്യണമെന്നോ ഒരുപാട് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അലഞ്ഞു നടക്കണമെന്നോ എനിക്കില്ല. എന്റെ വീട്ടിൽനിന്ന് അര കിലോമീറ്റർ പോകുമ്പോൾ പോലും ഞാൻ ഉന്മാദിക്കാറുണ്ട്. കറങ്ങുന്ന ചക്രങ്ങൾ എന്നെ ഭ്രമിപ്പിക്കാറുണ്ട്. യാത്ര എന്ന പ്രോസസിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. എന്തെങ്കിലും കാണുക എന്നതല്ല എവിടെയെങ്കിലും പോവുക എന്നതാണ് എനിക്കിഷ്ടം. ഇപ്പോൾ ഈ കോവിഡ് വർഷങ്ങളെപ്പോലെ രണ്ടു വർഷം ഞാൻ എങ്ങും പോകാതിരുന്നിട്ടേയില്ല.
ആദ്യ കാലത്തൊക്കെ ഏതൊരു സാധാരണ വിനോദ സഞ്ചാരിയെയും പോലെ പോകുമായിരുന്നു, പക്ഷെ പിന്നീട് അതിനപ്പുറം മനസ്സ് സഞ്ചരിക്കാൻ തുടങ്ങി. അങ്ങനെയാണ് ഇന്ത്യയിലെ ഗ്രാമങ്ങൾ തേടി അലയാൻ തുടങ്ങിയത്. നമ്മുടെ ഭൂരിഭാഗം വരുന്ന ഗ്രാമത്തിലെ ജനങ്ങളെ കാണാതെ നമ്മൾ ഒന്നും കാണുന്നില്ല. മാധ്യമപ്രവർത്തനം പഠിച്ച കാലത്തു നിന്നാണോ പഴയ കാലത്തു നിന്നാണോ പുസ്തക വായനയിൽ നിന്നാണോ എന്നറിയില്ല, ഗ്രാമങ്ങളിലെ അടിസ്ഥാന വർഗ, വിഭവങ്ങളെയാണ് പ്രധാനമായി കാണാനും അറിയാനും തോന്നിയത്. അതുവരെ ജീവിച്ചിരുന്ന മായാലോകത്തെ അവിടെ ഞാൻ ഉപേക്ഷിച്ചു. എന്തെങ്കിലും അനുഭവങ്ങൾ പ്രതീക്ഷിച്ചൊന്നുമല്ല പോയത്, പക്ഷേ അവിശ്വസനീയമാം വിധത്തിൽ, വിചിത്രവും വിസ്മയിപ്പിക്കുന്നതുമായ മനുഷ്യരെയും കാഴ്ചകളെയുമാണ് എനിക്ക് അനുഭവിക്കാനായത്. ഇന്ത്യൻ ഗ്രാമത്തിൽ ഒരു മലയാളി സ്ത്രീ കണ്ടത് എന്നതാണ് എനിക്ക് എഴുതാനുണ്ടായിരുന്നത്. എന്താണ് ഇനിയും നമ്മുടെ സഹജീവികൾക്കു വേണ്ടി ചെയ്യാനുള്ളത് എന്ന അനുഭവമാണ് ഗ്രാമീണ യാത്രകൾ എനിക്കു തന്നത്. കേന്ദ്ര സർക്കാരിന്റെ ഫീൽഡ് പബ്ലിസിറ്റി വിഭാഗത്തിലാണ് ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് എന്നതുകൊണ്ട് ഔദ്യോഗികമായും എനിക്ക് യാത്രകൾ ചെയ്യാനാകുന്നു. ഓരോ പത്തു വർഷം കഴിയുമ്പോഴും ചുറ്റുമുള്ള ലോകം മാറുകയാണ്.
‘ചുവടുകൾ’, ‘നദി തിന്നുന്ന ദ്വീപ്’ ‘ബ്രഹ്മപുത്രയിലെ വീട്’, എല്ലാം ഓരോ കാലത്തെ ഓരോ ലോകമാണ്. ഇതൊന്നും ഫിക്‌ഷനല്ല, എല്ലാം യാഥാർഥ്യമാണ്.
‘സാനിറ്ററി പാഡിന്റെ അന്തിമ രഹസ്യങ്ങൾ’ എന്ന പുസ്തകം ആ യാത്രകളിൽനിന്ന് കിട്ടിയ അനുഭവങ്ങളാണ്. ഈ യാത്രകളുടെ അനുഭവങ്ങൾ എഴുതിയതിനു പല പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ഇന്ത്യൻ ഗ്രാമങ്ങളിൽ യാത്ര ചെയ്യുക, അവിടുത്തെ വികസന പ്രശ്നങ്ങളെക്കുറിച്ച് എഴുതുക അതൊന്നും അധികമാരും ചെയ്യുന്നത് കണ്ടിട്ടില്ല എന്നു പലരും പറയാറുണ്ട്. ഇതൊക്കെത്തന്നെയാണ് എഴുത്തുകാരി അല്ലെങ്കിൽ മാധ്യമപ്രവർത്തക എന്ന നിലയിൽ എന്റെ സന്തോഷം.
ഒറ്റയ്ക്കൊരു പെൺകുട്ടിക്ക് പോയാലെന്താ?
കാലം ഒരുപാട് മാറി. ഇപ്പോൾ ഒരുപാട് പെൺകുട്ടികൾ ഒറ്റയ്ക്കു യാത്ര ചെയ്യുന്നുണ്ട്. സ്ത്രീകളുടെ ഗ്രൂപ്പുകൾ പോകുന്നുണ്ട്. മൊബൈൽ ഫോണുകളൊക്കെ വന്നതോടെ സുരക്ഷിതത്വത്തിന്റെ വലിയൊരു ആധി മാറിക്കിട്ടി. വിമാനയാത്ര വന്നതോടെ യാത്ര സുഗമമായി. പിന്നെ വേഷങ്ങൾ കുറച്ചു കൂടി കംഫർട്ട് ആയതോടെ സ്ത്രീയാത്രകൾക്ക് അനുകൂലമായി. വിദ്യാഭ്യാസം, ജോലി, സോഷ്യൽ മീഡിയ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇപ്പോൾ പ്രചോദനമാണ്.
പത്തു വർഷം മുൻപ് ഞാനൊറ്റയ്ക്ക് യാത്ര പോകുമ്പോൾ ചിലപ്പോഴൊക്കെ എന്തിനും വഴങ്ങുന്ന ഒരു സ്ത്രീയെന്ന നിലയിലൊക്കെ പലരും ഇടപെട്ടിട്ടുണ്ട്. പക്ഷേ വളരെ ധീരമായി അവരുടെയൊക്കെ ആക്ഷേപങ്ങളുടെ മുനയൊടിച്ചിട്ടുമുണ്ട്. താമസിക്കാനുള്ള സ്ഥലമായിരുന്നു മറ്റൊരു പ്രശ്നം. ഹോട്ടലിൽ ഒറ്റയ്ക്ക് താമസിക്കുക, ഭക്ഷണം കഴിക്കുക എന്നതൊക്കെ ഒരു സ്ത്രീക്ക് ചിന്തിക്കാൻ പറ്റുമായിരുന്നില്ല. ഇന്നിപ്പോൾ അതൊക്കെ എത്രയോ മാറി വരുന്നു. പുസ്തകങ്ങൾ വായിച്ചിട്ടു യാത്ര ചെയ്യാനുള്ള പ്രചോദനം ലഭിച്ചു എന്നു കേൾക്കുന്നതു വലിയ സന്തോഷമാണ്.
ബഷീറും ബീനയും
നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില അനുഭവങ്ങളുണ്ടാവും. എനിക്ക് നല്ലതായും മോശമായും അങ്ങനെ കുറേ അനുഭവങ്ങളുണ്ടായിട്ടുണ്ട്. മറക്കാനാകാത്ത ഒന്നാണ് ബഷീറിന്റെ കത്ത്. വൈക്കം മുഹമ്മദ് ബഷീർ, പൊന്നാനി എന്ന പേരിലാണ് ഞാൻ ഒരു കത്തയച്ചത്. കുറച്ചു നാൾക്കു ശേഷം പതിനെട്ടു പേജുള്ള ഒരു മറുപടി അദ്ദേഹം എനിക്കെഴുതി. അന്ന് അദ്ദേഹം പൊന്നമ്പിളി എന്നാണ് വിളിച്ചത്. വളരെ മനോഹരമായ ഒരു ബന്ധമായിരുന്നു അദ്ദേഹവുമായുള്ളത്. അപൂർവമായൊരു അനുഭവമായിരുന്നു അത്. ഒരേ പ്രായക്കാർ സംസാരിക്കുന്നതു പോലെ, ഒര് ജെൻഡർ എന്ന പോലെ ഞങ്ങൾ സംസാരിക്കുമായിരുന്നു. എന്റെ ജീവിതത്തെയും വളരെ ഗൗരവമായി അദ്ദേഹം സമീപിച്ചിരുന്നു. അദ്ദേഹം എനിക്ക് തന്ന ആ സ്നേഹം, സൗമനസ്യം ഒക്കെ എനിക്ക് ലഭിച്ചതാണ്. അതുകൊണ്ട് എനിക്കു ശേഷം കടന്നു വരുന്നവർക്കും ആ ചൈതന്യം പകർന്നു കൊടുക്കണം എന്നാഗ്രഹമുണ്ട്.
ബഷീർ ഇപ്പോഴും ഒപ്പമുണ്ടായിരുന്നെങ്കിൽ..
എപ്പോഴും തമാശ പറയുന്ന ആളായിരുന്നു ബഷീർ. കുട്ടി ആയിരുന്നപ്പോൾ പൊന്നമ്പിളി എന്നു വിളിക്കുമ്പോൾ അതിനു സൗന്ദര്യമായിരുന്നു. ഇന്നിപ്പോ അദ്ദേഹമുണ്ടായിരുന്നുവെങ്കിൽ എന്തു വിളിക്കുമായിരുന്നു എന്ന് ഞാനോർക്കാറുണ്ട്.
പുതിയ പുസ്തകങ്ങൾ
കോവിഡ് ആയതുകൊണ്ട് യാത്രകളൊന്നും പ്ലാൻ ചെയ്യുന്നില്ല. ഇന്ത്യൻ ഗ്രാമങ്ങളിലെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം ഉടൻ പുറത്തിറങ്ങും. ഇന്ത്യൻ ഗ്രാമങ്ങളിലെ ഉത്സവങ്ങൾ, ആചാരങ്ങൾ എന്നിവയെക്കുറിച്ച് എഴുതാൻ ആഗ്രഹമുണ്ട്. അതിനു വേണ്ടി പലയിടങ്ങളിലേക്കു പോകണം എന്നാഗ്രഹിക്കുന്നു. മാത്രമല്ല ഇന്ത്യയിലെ പെൺ മാധ്യമപ്രവർത്തകരുടെ ചരിത്രം ഇതുവരെ അടയാളപ്പെട്ടിട്ടില്ല, അത് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
പിന്നെ കുട്ടികൾക്ക് വേണ്ടി കുറച്ച് പുസ്തകങ്ങൾക്കു പ്ലാനുണ്ട്. കോവിഡിൽ ലോക്‌ഡൗണിൽ പെട്ടപ്പോൾ അതിന്റെ സങ്കടങ്ങൾ മാറ്റാൻ വേണ്ടി കുട്ടികൾക്കു വേണ്ടിയാണു ഞാൻ പുസ്തകമെഴുതിയത്. അത് ഉടനെ പുറത്തിറങ്ങും. കുട്ടികൾക്ക് ഈ രണ്ടു വർഷം കൊണ്ട് വലിയ മാറ്റങ്ങളുണ്ടായി. അങ്ങനെയുള്ളവരെയാണ് നമുക്ക് അഡ്രസ് ചെയ്യേണ്ടത്. ലോകം മുഴുവൻ ഇപ്പോൾ അവരുടെ വിരൽത്തുമ്പിലുണ്ട്. പഴയ ബാലസാഹിത്യം കൊണ്ട് ഇനി നമുക്ക് അവരുടെ അടുത്ത് ചെല്ലാനാകില്ല. ജെൻഡർ കൺസെപ്റ്റ്, റേസിസം ഒക്കെയുള്ള കാര്യത്തിൽ അറിവുകൾ ലഭിക്കുന്ന കാലമാണല്ലോ, അതൊക്കെ ഭേദമില്ലാതെ നമ്മൾ കുട്ടികൾക്ക് വേണ്ടി പറയണം. പിന്നെയൊരു കഥാസമാഹാരം എഴുതുന്നുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകരെക്കുറിച്ചും റേഡിയോയെക്കുറിച്ചും പുസ്തകം ചെയ്യുന്നുണ്ട്. എന്റെ പുസ്തകങ്ങൾ ഓരോന്നും ഓരോ തരമാണ്.
Content Summary: KA Beena talks on 40th anniversary of Beena Kanda Russia