‘ഫെമിനിസം എന്നാൽ ആണുങ്ങളോടുള്ള യുദ്ധമല്ല, മറ്റുള്ളവരോടുള്ള വെല്ലുവിളിയുമല്ല’
നമ്മൾ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും ആത്മാഭിമാന ബോധമുള്ളവരാണ്. അതിൽ ലിംഗപ്രായഭേദങ്ങളില്ല. അവരുടെ വ്യക്തിത്വത്തെ നമ്മൾ അംഗീകരിക്കുക. ‘ഞാൻ നിങ്ങളെ എന്നേക്കാൾ ബഹുമാനം അർഹിക്കുന്ന ഒരാളായി അംഗീകരിച്ചിരിക്കുന്നു’ എന്നു നമ്മുടെ എതിരെ നിൽക്കുന്നവർക്ക് തോന്നും വിധം പെരുമാറുക. അവിടെയാണ് നമ്മുടെ വിജയം.
നമ്മൾ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും ആത്മാഭിമാന ബോധമുള്ളവരാണ്. അതിൽ ലിംഗപ്രായഭേദങ്ങളില്ല. അവരുടെ വ്യക്തിത്വത്തെ നമ്മൾ അംഗീകരിക്കുക. ‘ഞാൻ നിങ്ങളെ എന്നേക്കാൾ ബഹുമാനം അർഹിക്കുന്ന ഒരാളായി അംഗീകരിച്ചിരിക്കുന്നു’ എന്നു നമ്മുടെ എതിരെ നിൽക്കുന്നവർക്ക് തോന്നും വിധം പെരുമാറുക. അവിടെയാണ് നമ്മുടെ വിജയം.
നമ്മൾ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും ആത്മാഭിമാന ബോധമുള്ളവരാണ്. അതിൽ ലിംഗപ്രായഭേദങ്ങളില്ല. അവരുടെ വ്യക്തിത്വത്തെ നമ്മൾ അംഗീകരിക്കുക. ‘ഞാൻ നിങ്ങളെ എന്നേക്കാൾ ബഹുമാനം അർഹിക്കുന്ന ഒരാളായി അംഗീകരിച്ചിരിക്കുന്നു’ എന്നു നമ്മുടെ എതിരെ നിൽക്കുന്നവർക്ക് തോന്നും വിധം പെരുമാറുക. അവിടെയാണ് നമ്മുടെ വിജയം.
ആ വിരുന്നുകാരൻ എത്തിയത് അമ്മയെ കാണാനായിരുന്നു. വീട്ടിൽ ആ സമയത്ത് അച്ഛനും മകനും മകളും ഒക്കെയുണ്ട്. ജൂസും ആപ്പിളും ഒക്കെ നൽകി അവർ അതിഥിയെ സ്വീകരിച്ചു. തന്നെ കാണാനെത്തിയ സുഹൃത്തിനോട് ഏതാനും മണിക്കൂറുകൾ ആ അമ്മ സംസാരിച്ചിരുന്നു. ശേഷം സന്തോഷമായി അവർ പിരിഞ്ഞു. ഗ്ലാസുകളും പാത്രങ്ങളും മാത്രം ഡൈനിങ് ടേബിളിൽ ബാക്കിയായി. അതിഥി പോയിക്കഴിഞ്ഞപ്പോൾ ആ അമ്മ മകനെ വിളിച്ചു. ‘മോനേ ഇന്ന് ഇവിടെ വന്നത് എന്റെ സുഹൃത്താണ്, നിന്റെ സുഹൃത്തായിരുന്നു വന്നിരുന്നതെങ്കിൽ അവരെ സൽക്കരിക്കാനാവശ്യമായ വിഭവങ്ങൾ അമ്മ തയാറാക്കി വിളമ്പുമായിരുന്നു. നിങ്ങൾ വർത്തമാനം പറഞ്ഞിരിക്കുന്ന സമയത്ത് അമ്മ പാത്രങ്ങൾ എടുത്ത് കഴുകി വച്ച്, ടേബിൾ വൃത്തിയാക്കുമായിരുന്നു. ഇത് മോളോട് പറഞ്ഞാൽ അവൾ ഒരു പെൺകുട്ടിയായതു കൊണ്ടാവാം അമ്മ അവളോട് ഇത് പറഞ്ഞത് എന്നു തോന്നാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് മോനോട് ചോദിക്കുന്നത്. ആരായിരുന്നു ഇന്ന് അത് ചെയ്യേണ്ടിയിരുന്നത്?’. ആ മകന് ഇനിയൊരിക്കലും മറ്റൊരു സ്ത്രീയോട്, മറ്റൊരു മനുഷ്യനോട് തുല്യബഹുമാനത്തോടെ അല്ലാതെ പെരുമാറാൻ കഴിയില്ല. ഇവിടെ നിരവധി പുസ്തകങ്ങളേക്കാൾ, നിരവധി പ്രസംഗങ്ങളേക്കാൾ വിലയുണ്ട് ആ അമ്മയുടെ പ്രവൃത്തിക്ക്. വിനയ എന്ന ആ അമ്മയ്ക്ക് തുല്യനീതി എന്നത് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കേണ്ട ഒന്നല്ല. സ്വയം ജീവിച്ചു കാണിക്കേണ്ട ഒന്നായിരുന്നു. ‘ഒരു ഫെമിനിസ്റ്റ് കുടുംബം’ ‘ഇടപെടലുകൾ തിരുത്തലുകൾ’ എന്നീ പുസ്തകങ്ങളുടെ രചയിതാവും തൃശൂർ റൂറൽ വനിതാ സ്റ്റേഷൻ എസ്ഐയുമായ വിനയ എൻ.എ. സംസാരിക്കുന്നു–
‘ഫെമിനിസം എന്നാൽ ആണുങ്ങളോടുള്ള എതിർപ്പല്ല’
എന്റെ അഭിപ്രായത്തിൽ തുല്യനീതിയെന്നത് യുദ്ധം ചെയ്ത് നേടിയെടുക്കേണ്ട ഒന്നല്ല. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകൾ നമുക്ക് ഒട്ടും അനുകൂലമല്ലാതെ വരുന്ന സന്ദർഭങ്ങളിലാണ് നമുക്ക് യുദ്ധം ചെയ്യേണ്ടി വരുന്നത്. ഇങ്ങനെ പൊരുതി നേടുക എന്നത് ഒട്ടും ആരോഗ്യകരമല്ല. അത് നമുക്ക് മാനസിക സമ്മർദ്ദങ്ങളേ ഉണ്ടാക്കൂ. ആദ്യം വേണ്ടത് നമ്മുടെ ചുറ്റുപാടുകൾ നമുക്ക് അനുകൂലമാക്കുകയാണ്. ഇതിനു വേണ്ടി ചെറിയൊരു കാര്യം മാത്രം ചെയ്താൽ മതി – ഓരോ മനുഷ്യരോടും ബഹുമാനത്തോടെ ഇടപെടുക. നമ്മൾ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും ആത്മാഭിമാനമുള്ളവരാണ്. അതിൽ ലിംഗപ്രായഭേദങ്ങളില്ല. അവരുടെ വ്യക്തിത്വത്തെ നമ്മൾ അംഗീകരിക്കുക. ‘ഞാൻ നിങ്ങളെ എന്നേക്കാൾ ബഹുമാനം അർഹിക്കുന്ന ഒരാളായി അംഗീകരിച്ചിരിക്കുന്നു’ എന്നു നമ്മുടെ എതിരെ നിൽക്കുന്നവർക്ക് തോന്നും വിധം പെരുമാറുക. അവിടെയാണ് നമ്മുടെ വിജയം. മറ്റൊരാളെ വെല്ലുവിളിക്കരുത്. വെല്ലുവിളിയോടു മാത്രമേ മനുഷ്യർക്ക് എതിർപ്പുള്ളൂ. ഇങ്ങനെയൊരു എതിർപ്പ് ഉണ്ടാകാത്തിടത്തോളം കാലം വലിയൊരു പൊരുതൽ ആവശ്യം വരില്ല.
പിന്നെയുള്ളത് നമ്മൾ ചില ആശയങ്ങൾക്കുവേണ്ടി നിലകൊള്ളുമ്പോൾ ഉണ്ടാകുന്ന എതിർപ്പുകളാണ്. അവിടെയും ഞാനൊരിക്കലും വ്യക്തികളോട് സമരം ചെയ്യാറില്ല. വ്യക്തികളുടെ മുന്നിൽ ഞാൻ പരാജയപ്പെടാറുണ്ട്. അതിലൊരിക്കലും നാണക്കേട് തോന്നിയിട്ടുമില്ല. പക്ഷേ ഒരു ആശയത്തിനു വേണ്ടി നിലകൊള്ളുമ്പോൾ ഒരിക്കലും തോറ്റുപിൻമാറാത്ത ഒരു വ്യക്തിയാണ് ഞാൻ. ഉദാഹരണത്തിന് ഒരു പെണ്ണാണ് എന്ന കാരണം കൊണ്ടു മാത്രം എന്റെ തൊഴിൽ മേഖലയിൽ എനിക്ക് ഒരു അവസരം നഷ്ടപ്പെടുന്നു. എനിക്ക് പകരം ഡ്യൂട്ടിക്ക് ഒരു ആണിനെ നിയമിക്കുന്നു. അത് ഞാൻ വിശ്വസിക്കുന്ന ആശയത്തിന് എതിരാണ്. പക്ഷേ അതിന്റെ പേരിൽ ഒരു വ്യക്തിയോട് കലഹിക്കാൻ ഞാൻ തയാറല്ല. എന്നാൽ ഉചിതമായ സന്ദർഭം വരുമ്പോൾ അത് ശരിയായിരുന്നില്ല എന്ന് എന്റെ ഉന്നതാധികാരികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഞാൻ ശ്രമിക്കുക തന്നെ ചെയ്യും.
‘പെണ്ണാണ്, അതുകൊണ്ട്...’
പെണ്ണായതുകൊണ്ട് മാത്രം നിഷേധിക്കപ്പെട്ടതിന്റെ കണക്കു പറയാൻ തുടങ്ങിയാൽ ഓർമവച്ച പ്രായം മുതൽ പറഞ്ഞു തുടങ്ങണം. ഞാനും എന്റെ അനിയത്തിയും തമ്മിൽ ഒന്നര വയസ്സിന്റെ വ്യത്യാസമേ ഉള്ളു. എനിക്ക് മൂന്നര വയസ്സുള്ള പ്രായത്തിലൊക്കെ, അന്ന് ഞങ്ങളുടെ രണ്ടു പേരുടെയും വേഷം ഷെമ്മീസാണ്. അവൾ തലകുത്തി മറിയുകയും കാലു പൊക്കുകയും ഒക്കെ ചെയ്യുമ്പോൾ അമ്മ ഷെമ്മീസ് താഴ്ത്തിയിട്ടു കൊടുക്കുന്ന ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. ആ പ്രായത്തിൽത്തന്നെ ആൺകുട്ടികളുടെ ‘ചുക്കാമണി’യെന്നും പെൺകുട്ടികളുടെ കാര്യത്തിൽ ‘ചീച്ചി’ എന്നുമൊക്കെ പറയുന്നത് കേൾക്കേണ്ടി വന്നിട്ടുണ്ട്. ആൺകുട്ടിയെന്നത് അഭിമാനവും പെൺകുട്ടിയെന്നത് അപമാനവും ആണെന്നു തോന്നിക്കും പോലെ... ആ കുഞ്ഞു പ്രായം മുതൽ എന്നെകൊണ്ട് പറ്റുന്നതു പോലെ ‘അതെന്താ അങ്ങനെ’ എന്നു ചോദ്യം ചെയ്തിട്ടൊക്കെയുണ്ട്. ‘അത് അങ്ങനെയാണ്. പെൺകുട്ടികൾ അങ്ങനെയാണ് വളരേണ്ടത്’ എന്നൊക്കെയാണ് കിട്ടിയ ഉത്തരം അതായത് ‘ആത്മാഭിമാനം ഇല്ലായ്മയാണ് പെണ്ണിന്റെ അഭിമാനം’ എന്നാണ് ചെറുപ്പം മുതൽ പെണ്ണിനെ ശീലിപ്പിക്കുന്നത്. ആൺകുട്ടി ചൂലു തൊടുന്നത് മോശമാണ്, പെൺകുട്ടിയാണ് അടിച്ചു വാരേണ്ടവൾ. ഇങ്ങനെ പെൺകുട്ടികളിൽ അപകർഷതാ ബോധം കുത്തി നിറയ്ക്കുന്ന ഒരു ശീലം നമ്മൾ കാലാകാലങ്ങളായി ഉണ്ടാക്കിക്കൊണ്ടുവന്നതാണ്. അതിന് അധികം ആയുസ്സില്ല.
‘പിള്ളേര് പൊളിയാണ്, പക്ഷേ...’
താരതമ്യേന പുതിയ പിള്ളേർക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടുന്നുണ്ട്. അവർക്കിടയിൽ ലിംഗഭേദങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ ഉണ്ടാകുന്നുണ്ട്, അവർക്ക് പൂരത്തിനോ സിനിമയ്ക്കോ ഒക്കെ പോകാൻ പറ്റുന്നുണ്ട്, അതിൽ അവർ തൃപ്തരുമാണ്. ഇവിടെ വരുന്ന ഒരു പ്രശ്നം അവർക്ക് ഫെമിനിസം എന്ന വിഷയത്തെ അല്ലെങ്കിൽ തുല്യനീതി എന്ന പ്രശ്നത്തെ അഡ്രസ്സ് ചെയ്യേണ്ടി വരുന്നില്ല എന്നതാണ്. അവർക്ക് ആവശ്യമായ സ്വാതന്ത്ര്യം അവർ സ്വയം നേടിയെടുക്കുന്നുണ്ട്. പിന്നെ പ്രശ്നമുള്ളത് അപ്പുറത്തെ വീട്ടിലെ മീനാക്ഷിചേച്ചിക്കും ജാനുചേച്ചിക്കുമൊക്കെയാണ്. അവുടെ കാര്യത്തിൽ ഇടപെടേണ്ടതില്ല. അവർക്ക് സാമര്‍ഥ്യമുണ്ടെങ്കിൽ അവർ സ്വയം പുറത്തുവരട്ടെ എന്ന നിലപാടാണ് ന്യൂ ജനറേഷന് എന്നു തോന്നിയിട്ടുണ്ട്.
പെൺകുട്ടികളുടെ കളിക്കളം
മത്സരങ്ങള്‍ക്കു വേണ്ടി മാത്രമാണ് നമ്മൾ പലപ്പോഴും കുട്ടികളെ കായിക ഇനങ്ങൾ പരിശീലിപ്പിക്കുന്നത്. ഇതല്ലാതെ ജീവിതത്തിന്റെ ഒരു ഭാഗം എന്ന നിലയിൽ പെൺകുട്ടികളിലേക്കു കായിക വിനോദങ്ങൾ എത്തിയിട്ടില്ല. കായികം എന്നത് നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഓരോ ചലനവും സ്പോട്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധിക്കുക എന്നത് ജീവനുള്ള എന്തിന്റെയും അടിസ്ഥാനപരമായ ആവശ്യമാണ്. പട്ടി ഓടിച്ചാൽ പൂച്ച ഓടി മരത്തിൽ കയറും, കണ്ണിനു നേരെ എന്തെങ്കിലും വന്നാൽ നമ്മൾ കണ്ണു ചിമ്മും. ഇതൊന്നും ആരും പരിശീലിപ്പിച്ചിട്ടല്ല. ഓരോ ജീവി വർഗവും സ്വയം ആർജിച്ചെടുക്കുന്നതാണ്. ഈ ഒരു കഴിവ് സ്വയം നേടാനുള്ള അവസരം പലപ്പോഴും പെൺകുട്ടികൾക്ക് നിഷേധിക്കപ്പെടുന്നുണ്ട് എന്ന് എനിക്കു തോന്നിയിട്ടുണ്ട്.
അങ്ങോട്ട് പോകരുത്, ഇങ്ങോട്ട് പോകരുത്, അത് ചെയ്യരുത്, ഇത് ചെയ്യരുത് തുടങ്ങിയ വിലക്കുകളിലാണ് അവർ വളരുന്നത്. ഇതു പെട്ടെന്ന് പ്രതിരോധിക്കാനുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കാനിടയുണ്ട്. അത് മറികടക്കാനുള്ള വഴിയാണ് കായികം. കളിക്കുമ്പോൾ ഒരു പന്ത് എവിടുന്നു വരുന്നു, എത്രയും വേഗത്തിൽ അതിനെ എങ്ങോട്ടാണ് അടിച്ചു തെറിപ്പിക്കേണ്ടത്, എങ്ങനെ തടയണം എന്നൊക്കെ നമ്മുടെ മസ്തിഷ്കം പെട്ടെന്നു തീരുമാനമെടുക്കുന്നു. പെട്ടെന്ന് ഒരാൾ അക്രമിക്കാൻ വന്നാലും പതറാതെ പ്രതിരോധിക്കാൻ ഈ പരിശീലനം അവരെ സഹായിക്കും. അതുകൊണ്ടാണ് കളിക്കാനുള്ള അവസരം പെൺകുട്ടികൾക്ക് നൽകണം എന്നു ഞാൻ പറയുന്നത്. ഭക്ഷണം കഴിക്കുക, ശ്വസിക്കുക എന്നതു പോലെതന്നെ ഏറ്റവും അടിസ്ഥാനപരമായ ഒരു ആവശ്യമാണ് കളിക്കുക എന്നതും. കല നമ്മുടെ ജീവിതവുമായിട്ടും കായികം ജീവനുമായും ബന്ധപ്പെട്ടിരിക്കുന്നു. ആൺകുട്ടികൾ പന്തുമെടുത്ത് മൈതാനത്തും പറമ്പിലും വഴിയിലുമൊക്കെയായി കളിക്കാനിറങ്ങാറുണ്ട്. അവർക്കുള്ള അവസരങ്ങൾ അവർ സ്വയം കണ്ടെത്താറുണ്ട്. അവരെയാരും അങ്ങനെ തടയാറുമില്ല. ഇതുപോലെ മത്സരത്തിനായല്ലാതെ കളിക്കാൻ മാത്രമായി പെൺകുട്ടികൾ കൂടി കളിക്കളത്തിലേക്കു വരേണ്ടതുണ്ട്. അത് അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിയ്ക്കും.
പുസ്തകം കൊണ്ടുള്ള തിരുത്തലുകൾ
ലിംഗനീതിയുമായി ബന്ധപ്പെട്ടതാണ് എന്റെ രണ്ടു പുസ്തകങ്ങളും. ‘ഒരു ഫെമിനിസ്റ്റ് കുടുംബം’ എന്ന പുസ്തകത്തിൽ പരസ്പരബഹുമാനത്തോടെ കുടുംബജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടതിനെക്കുറിച്ചാണ് പറയാൻ ശ്രമിച്ചിരിക്കുന്നത്. ഫെമിനിസം എന്നത് കുടുംബത്തിൽ എല്ലാവരും മനസ്സിലാക്കേണ്ട ഒന്നാണ്. ചെറിയ ഇടപെലുകൾക്കു പോലും സമൂഹത്തിൽ മാറ്റം ഉണ്ടാക്കാൻ കഴിയും. ഇത്തരത്തിലുള്ള ഇടപെടലുകളെയും തിരുത്തലുകളെയും കുറിച്ചാണ് ‘ഇടപെടലുകൾ തിരുത്തലുകൾ’ എന്ന പുസ്തകത്തിൽ പറയുന്നത്. ‘എന്റെ കഥ അഥവാ ഒരു മലയാളി യുവതിയുടെ ജീവിതയാത്ര’ (ആത്മകഥ), ‘നീ പെണ്ണാണ്’, ‘സാന്നിധ്യം തന്നെ സമരം’ എന്നിവയാണ് മറ്റ് പുസ്തകങ്ങള്‍. ‘കളിക്കളവും ലിംഗനീതിയും’ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ...
Content Summary: Talk with activist Vinaya