ഒരു പുസ്തകം അതിന്റെ ഗവേഷണത്തിന് വേണ്ടി വര്‍ഷങ്ങള്‍ അലഞ്ഞു നടക്കുക, ഒടുവില്‍ എഴുതി പൂര്‍ത്തീകരിക്കുക. അത് പുറത്തിറങ്ങുമ്പോള്‍ അതുവരെയുണ്ടായ ദുഖങ്ങളെല്ലാം എഴുത്തുകാരന്‍ പാടെ മറന്നു പോകുന്നു. ഇതുകൊണ്ട് തന്നെയാകണം എഴുത്തിനെ പ്രസവത്തോടും ഗർഭത്തോടും ഉപമിക്കുന്നതും. പ്രിയപ്പെട്ട കുട്ടിയുടെ മുഖം കാണുമ്പോൾ

ഒരു പുസ്തകം അതിന്റെ ഗവേഷണത്തിന് വേണ്ടി വര്‍ഷങ്ങള്‍ അലഞ്ഞു നടക്കുക, ഒടുവില്‍ എഴുതി പൂര്‍ത്തീകരിക്കുക. അത് പുറത്തിറങ്ങുമ്പോള്‍ അതുവരെയുണ്ടായ ദുഖങ്ങളെല്ലാം എഴുത്തുകാരന്‍ പാടെ മറന്നു പോകുന്നു. ഇതുകൊണ്ട് തന്നെയാകണം എഴുത്തിനെ പ്രസവത്തോടും ഗർഭത്തോടും ഉപമിക്കുന്നതും. പ്രിയപ്പെട്ട കുട്ടിയുടെ മുഖം കാണുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പുസ്തകം അതിന്റെ ഗവേഷണത്തിന് വേണ്ടി വര്‍ഷങ്ങള്‍ അലഞ്ഞു നടക്കുക, ഒടുവില്‍ എഴുതി പൂര്‍ത്തീകരിക്കുക. അത് പുറത്തിറങ്ങുമ്പോള്‍ അതുവരെയുണ്ടായ ദുഖങ്ങളെല്ലാം എഴുത്തുകാരന്‍ പാടെ മറന്നു പോകുന്നു. ഇതുകൊണ്ട് തന്നെയാകണം എഴുത്തിനെ പ്രസവത്തോടും ഗർഭത്തോടും ഉപമിക്കുന്നതും. പ്രിയപ്പെട്ട കുട്ടിയുടെ മുഖം കാണുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പുസ്തകത്തിന്റെ ഗവേഷണത്തിനു വേണ്ടി വര്‍ഷങ്ങള്‍ അലഞ്ഞു നടക്കുക, ഒടുവില്‍ എഴുതി പൂര്‍ത്തീകരിക്കുക. അതു പുറത്തിറങ്ങുമ്പോള്‍ അതുവരെയുണ്ടായ ദുഃഖങ്ങളെല്ലാം എഴുത്തുകാരന്‍ പാടെ മറന്നു പോകുന്നു. ഇതുകൊണ്ടു തന്നെയാകണം എഴുത്തിനെ പ്രസവത്തോടും ഗർഭത്തോടും ഉപമിക്കുന്നതും. പ്രിയപ്പെട്ട കുട്ടിയുടെ മുഖം കാണുമ്പോൾ വേദനകള്‍ മറന്നു പോകുന്ന അമ്മയെപ്പോലെ എഴുത്തുകാര്‍ പുതിയ പുസ്തകത്തിന്റെ പുറം കവര്‍ കാണുമ്പോള്‍, ആദ്യമായി തൊടുമ്പോള്‍ ആവേശം കൊള്ളുന്നു. വര്‍ഷങ്ങളുടെ നീണ്ട ധ്യാനമായിരുന്നു ഷബിനി വാസുദേവന് 'ശകുനി' എന്ന പുസ്തകം. മഹാഭാരതത്തില്‍ എന്നും ചതിയുടെ പര്യായമായി നിന്നിരുന്ന ഗാന്ധാര രാജകുമാരനായ ശകുനിയെക്കുറിച്ചു തന്നെയാണ്‌ പുസ്തകം പറയുന്നത്. പക്ഷേ ഇതിഹാസങ്ങള്‍ എപ്പോഴും സ്തുതി ഗീതകങ്ങള്‍ മാത്രമെന്ന് പലപ്പോഴും തോന്നിപ്പിക്കും, എഴുതപ്പെട്ട ചരിത്ര പുസ്തകങ്ങള്‍ക്കു മുകളില്‍ പോലും അത്തരത്തില്‍ ആരോപണങ്ങളുണ്ട്. ആരാണോ ഭരിക്കുന്നത് അവര്‍ക്ക് വേണ്ടി സ്തുതിപാടുന്നവരാല്‍ തയാറാക്കപ്പെടുന്ന പാണന്റെ പാട്ട് പോലെയാണ് പല ചരിത്രങ്ങളെന്നും ഇപ്പോള്‍ പറയപ്പെടുന്നുണ്ട്. എല്ലാത്തിലും ചര്‍ച്ചകളും പുനര്‍ ചിന്തനങ്ങളും ആവശ്യമാണെന്നു തന്നെയാണ്‌ പുതിയ കാലം പറഞ്ഞു വയ്ക്കുന്നത്. അതുകൊണ്ടു തന്നെ ഈ കാലം ശകുനിയുടെ ഭാഗത്ത്‌ നിന്നുള്ള വിചാരങ്ങളെയും വികാരങ്ങളെയും കേള്‍ക്കേണ്ടതുമുണ്ട്. എഴുത്തുകാരി ഷബിനി വാസുദേവന്‍ മനസ്സ് തുറക്കുന്നു...

∙ മഹാഭാരതത്തിൽ ഒറ്റിക്കൊടുക്കലിനും ചതിക്കും കൂട്ട് നിന്ന ശകുനി

ADVERTISEMENT

ഭാരതകഥ നമ്മൾ പലരും വാമൊഴിയായി കേട്ടറിഞ്ഞ കഥയാണ്. അതുകൊണ്ടുതന്നെ നമുക്കിടയിൽ വ്യാസഭരതത്തിന്റെ ഒരു നിഷ്പക്ഷവായന സംഭവിക്കാതെപോകുന്നു എന്നതാണ് സത്യം. മഹാഭാരതത്തിലെ ഹീറോ ആയി നമ്മൾ കരുതുന്ന കഥാപാത്രങ്ങളിൽ ഏറെയും ചില സന്ദർഭങ്ങളിലെങ്കിലും ശത്രുപക്ഷത്തുള്ളവരെ ചതിക്കുകയോ അല്ലെങ്കിൽ ചതിക്കു കൂട്ട് നിൽക്കുകയോ ചെയ്തിട്ടുള്ളവരാണെന്നുപറയാം. അതിന് അവരുടേതായ ന്യായങ്ങളുണ്ടെങ്കിലും ചതിക്കപ്പെട്ടവനെ സംബന്ധിച്ചിടത്തോളം അത് ചതി തന്നെയാണ് (അത്തരം കഥാപാത്രങ്ങൾ ചതിക്കും ഒറ്റിക്കൊടുക്കലിനും കൂട്ട് നില്ക്കുന്നവരാണ്). പാണ്ഡവപക്ഷത്തിന് അനുകൂലമായി കഥപറയുമ്പോൾ ഇതെല്ലാം വിസ്മരിക്കപ്പെടുന്നു. നമുക്ക് മറ്റൊരു തരത്തിൽ ഭാരതകഥയെ നോക്കിക്കാണാം. അപ്പോൾ കൃഷ്ണനും ധർമ്മപുത്രർക്കുമെന്നപോലെ ശകുനിക്കും ദുര്യോധനനുമെല്ലാം അവരുടേതായ ന്യായങ്ങളുണ്ട്. വ്യാസഭാരതത്തിൽ തന്റെ സഹോദരിപുത്രൻ വിജയിച്ചു കാണണമെന്നാഗ്രഹിച്ച് അവനെ ഉപദേശിക്കുകയും അവരുടെ ശത്രുവിനെ തോൽപ്പിക്കാൻ ഇറങ്ങിത്തിരിക്കുകയുമാണ് ശകുനി ചെയ്യുന്നത്. അങ്ങനെനോക്കുമ്പോൾ ഭീഷ്മർ കാശി രാജകുമാരിമാരെ തട്ടിക്കൊണ്ടുവന്നതുപോലെയോ, ദ്രോണവധം സാധിച്ചെടുക്കുന്നതിനായി ധർമ്മപുത്രർ കാട്ടിയ ചതിപോലെയോ, ദ്രോണർ ഏകലവ്യനോടു കാട്ടിയ നെറികേടുപോലെയോ യാതൊരു പ്രവൃത്തിയും ശകുനിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. 

∙ എന്തുകൊണ്ട് ശകുനി 

ഇതിഹാസ വായന പണ്ടുമുതലേ എനിക്ക് താത്പര്യമുള്ള ഒന്നാണ്. ചെറുപ്പത്തിൽ വായിച്ചോ കേട്ടോ മനസ്സിൽ പതിഞ്ഞ കഥകളുടെ പുനർവായന നടത്തുമ്പോൾ തീർച്ചയായും പുതുമയുള്ള ചിന്തകളുണ്ടാകും. അതാണല്ലോ സാഹിത്യകൃതികളുടെ പുനര്‍വായന സാധ്യമാക്കുന്നത്. ഇതിഹാസങ്ങളുടെ പുനർവായന രസകരമാണ്. ഭക്തി, മതം എന്നിവയൊക്കെ മാറ്റി നിർത്തി വേണം അത് സാധ്യമാക്കാൻ എന്നുമാത്രം. മഹാഭാരതകഥയിലെ അനേകം കഥാപാത്രങ്ങളിൽ ഏറ്റവും ചതിയനും കുതന്ത്രശാലിയുമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള കഥാപാത്രമാണ് ശകുനി. അതങ്ങനെ അല്ലെങ്കിലോ എന്ന ചിന്തയിൽ നിന്നാണ് നോവലെഴുത്തിലെത്തുന്നത്. വ്യാസഭാരതത്തിനപ്പുറത്തേക്ക് അതുമായി ബന്ധപ്പെട്ട മറ്റെഴുത്തുകൾ വായിച്ചതോടെ ഭാരതകഥയെ പുറത്തു നിന്ന് നോക്കിക്കാണാനും ചിന്തിക്കാനുമായി. ശകുനിയുമായി ബന്ധപ്പെട്ട് നമുക്ക് അവിശ്വസനീയമായ അനേകം കഥാസന്ദർഭങ്ങൾ വ്യാസഭാരതത്തിലുണ്ട്. പ്രത്യേകിച്ചും സഹോദരിയുടെ ഭർതൃഗൃഹത്തിൽ വന്നു താമസിച്ച് അവിടെ കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നത് ഗാന്ധാരദേശത്തിന് അധിപനായ സുബലമഹാരാജാവിന്റെ പുത്രനാണ്. ആ കഥയെ ഇക്കാലത്തിരുന്നു വിമർശനബുദ്ധിയോടെ സമീപിച്ചപ്പോൾ ലഭിച്ച ചില ഉത്തരങ്ങളാണ് എന്റെ ശകുനിയെ സൃഷ്ടിച്ചത്. ശകുനി മഹാഭാരതത്തിലെ പരദേശിയാണ്. ഒരർഥത്തിൽ പറഞ്ഞാൽ ഒരു പ്രവാസി. വ്യാസകവി പറഞ്ഞിട്ടില്ലാത്ത നമുക്കറിയാത്ത  ഗാന്ധാരത്തെക്കുറിച്ചും ശകുനി കണ്ട ഭാരതത്തെക്കുറിച്ചും പറയുക രസകരമായി തോന്നി .  

∙ ശകുനിക്ക് വേണ്ടിയുള്ള അലച്ചിലുകള്‍ ... 

ADVERTISEMENT

ഇതിഹാസങ്ങളും അതുമായി ബന്ധപ്പെട്ട വായനയും എനിക്കെന്നും ഹരമാണ്. 2014 ലാണ് ആദ്യ പുസ്തകമായ മരുഭൂമിയിലെ സൂര്യകാന്തികൾ പുറത്തിറങ്ങുന്നത്. അതുവരെ പത്തു പതിനഞ്ച് വർഷങ്ങൾക്കിടയിൽ എഴുതിയിട്ടുള്ള കഥകളുടെ സമാഹാരമായിരുന്നു അത്. ആ സമയത്താണ് ശകുനി മനസ്സിൽ കടന്നുവരുന്നത്. ശകുനിയെ കഥാപാത്രമാക്കി ഒരു കഥയെഴുതണമെന്ന തോന്നലുണ്ടായെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. ഒരു ഇതിഹാസകഥാപാത്രത്തെ അതിൽ നിന്നു വ്യത്യസ്തമായി അവതരിപ്പിക്കുന്നതിന് മുൻപ് ആഴത്തിലുള്ള വായനയും പഠനവും ആവശ്യമായിരുന്നു. അങ്ങനെയാണ് ഒരു നോവലെഴുതുക എന്ന ഉദ്ദേശ്യത്തോടെ മഹാഭാരതത്തെ കൂടുതൽ അറിയാൻ ശ്രമിക്കുന്നത്. അതിനായി മഹാഭാരതവുമായി ബന്ധപ്പെട്ട് എഴുതപ്പെട്ടിട്ടുള്ള, മുൻപ് വായിച്ചതും അല്ലാത്തതുമായ ധാരാളം പുസ്തകങ്ങൾ വായിച്ചു. ഗാന്ധാരത്തെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇന്നത്തെ കാണ്ഡഹാറിന്റെ (പഴയ ഗാന്ധാരം) അഫ്ഗാനിസ്ഥാനിന്റെ ചരിത്രത്തിലോ മിത്തുകളിലോ പഴയ ഗാന്ധാര രാജ്യത്തെയും രാജവംശത്തെയും കുറിച്ചുള്ള വിവരങ്ങളെന്തെങ്കിലും ലഭിക്കുമോ എന്നൊക്കെ അന്വേഷിച്ചു. പഴയ മാപ്പ് നോക്കി ആര്യാവർത്തത്തിലെ രാജ്യങ്ങളുടെയും ഗാന്ധാരത്തിന്റെയും അതിരുകൾ മനസ്സിലാക്കുകയാണ് ആദ്യം ചെയ്തത്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി കിടക്കുന്ന സ്വർഗ്ഗതുല്യമായ ഗാന്ധാരം അങ്ങനെ മനസ്സിൽ തെളിഞ്ഞു. 

പക്ഷേ എവിടെയും ആ ദേശത്തെയോ ജനങ്ങളെയോക്കുറിച്ചുള്ള യാതൊരു വിവരങ്ങളും അടയാളപ്പെടുത്തിയിട്ടില്ല. ചില വാമൊഴിക്കഥകളിൽ ശകുനിയും ഗാന്ധാരവും ഉണ്ടെങ്കിലും വ്യക്തമായ രൂപം കിട്ടിയില്ല. ഒഡീയയിലെ മഹാകാവ്യമായി കണക്കാക്കുന്ന സരളമഹാഭാരതം വ്യാസമഹാഭരത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് എന്നറിയാൻ കഴിഞ്ഞു പക്ഷേ അത് പരിഭാഷപ്പെടുത്തിയിട്ടില്ല . ഡോ. ബി. ആർ. പട്നായിക് ( B R Patnaik) എഴുതിയ ചില പഠനങ്ങള്‍ മാത്രമാണ് ഇംഗ്ലിഷിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ബഹ്റൈൻ കേരളീയ സമാജം ലൈബ്രറിയിൽ വിദ്വാൻ പ്രകാശത്തിന്റെ തർജ്ജമ 10 വാല്യങ്ങളിൽ നാലോ അഞ്ച് വാല്യങ്ങള്‍ മാത്രം ലഭ്യമായിരുന്നു. അതു വായനയിൽ ഉൾപ്പെടുത്തി. പക്ഷേ എഴുത്ത് എവിടെയും എത്താതെ മുടങ്ങിനിന്നു.

നോവലെന്ന ആഗ്രഹം ഉപേക്ഷിച്ച് മനസ്സിൽ രൂപപ്പെട്ട ശകുനിയുടെ കഥ “സുബലപുത്രൻ “ എഴുതുന്നത് അക്കാലത്താണ്. പിന്നീട് ബഞ്ചാരകൾ എന്ന സമാഹാരത്തിൽ ആ കഥ ഉൾപ്പെടുത്തി. സുബലപുത്രൻ ശ്രദ്ധിക്കപ്പെട്ടു. കഥ വായിച്ച പലരും അതൊരു നോവലായി എഴുതണമെന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു. സുബലപുത്രൻ വായിച്ച കാരശ്ശേരി മാഷ് അതിനായി വലിയ പിന്തുണയാണ് നൽകിയത്. മാഷ് ധാരാളം പുസ്തകങ്ങൾ വായനക്കായി  നിർദ്ദേശിച്ചു. പിന്നീടങ്ങോട്ട് വളരെ സീരിയസായി ഞാനും മഹാഭാരതമെന്ന ഇതിഹാസത്തെക്കുറിച്ച് അറിയാൻ ശ്രമിച്ചു. വിദ്വാൻ പ്രകാശത്തിന്റെ ഗദ്യ വിവർത്തനത്തിന്റെ പൂർണ്ണ രൂപം വാങ്ങിച്ച് വായന തുടങ്ങിയതങ്ങിനെയാണ്. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദ്യ വിവർത്തനവും തുറവൂർ വിശ്വംഭരന്റെ മഹാഭാരത പര്യടനവും റൊമില ഥാപ്പറിന്റെയും ഇരാവതി കാർവേയുടെയും പഠനങ്ങളും തുടങ്ങി ധാരാളം പുസ്തകങ്ങളെ വായനയിൽ ഒപ്പം കൂട്ടി . ഒരു നോവലെഴുതുമ്പോൾ എന്തുകൊണ്ട് ഇതിഹാസം എന്നത് പലരും ചോദിച്ച ചോദ്യമാണ്. അതിന് കാരണം ഇതിഹാസങ്ങളോടുള്ള കമ്പം തന്നെയാണ്. മഹാഭാരതവുമായി ബന്ധപ്പെട്ട വായനയാണ് എഴുത്തിനെക്കാൾ ഞാനാസ്വദിച്ചത്. എഴുത്തിനാവശ്യമായ ഭാഷ സ്വായത്തമാക്കുന്നതിനായി വായനയിൽ കൃഷ്ണഗാഥ , രാമായണം, ശിവപുരാണം മനുസ്മൃതി തുടങ്ങിയ കൃതികളെക്കൂടി ഉൾപ്പെടുത്തി. പലപ്പോഴായി കുറിച്ചുവച്ചതും മനസ്സിൽ രൂപപ്പെട്ടതുമായ കഥയുമായി നോവലെഴുത്തിലേക്ക് കടക്കുന്നത് വർഷങ്ങൾനീണ്ട വായനയ്ക്ക് ശേഷമാണ്. 

∙ സഹദേവൻ എന്ന പ്രോട്ടഗോണിസ്റ്റ്

ADVERTISEMENT

ശകുനിയെപ്പോലെയല്ലെങ്കിലും മഹാഭാരതകഥയിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെപോയ കഥാപാത്രങ്ങളാണ് നകുലനും സഹദേവനും. അശ്വമേധം നടത്തുമ്പോൾ അർജ്ജുനനെയും ഭീമനെയും പോലെ നകുലനും സഹദേവനും രാജ്യങ്ങൾ പോരാടി നേടുന്നുണ്ട്. വിദ്യാഭ്യാസകാലത്ത് വാൾപയറ്റിൽ സഹദേവനെ വെല്ലാൻ ആരുമില്ലെന്ന് ഗുരു പറയുന്നുണ്ട്. നകുലൻ വൈദ്യശാസ്ത്രത്തിൽ മിടുക്കനാണ്. കുരുക്ഷേത്രയുദ്ധത്തിൽ കർണ്ണനിൽ നിന്നും ധർമ്മപുത്രരെ രക്ഷിച്ചുകൊണ്ടുപോകുന്നത് നകുലസഹദേവന്മാരാണ്. ഇതൊക്കെ വ്യാസഭാരതം പറയുന്നുണ്ടെങ്കിലും നമ്മൾ കേട്ട കഥകളിൽ പലപ്പോഴും ഇവരില്ല. ശകുനിയെക്കുറിച്ച് സംസാരിക്കുവാനുള്ള ഒരു മാധ്യമം എന്ന നിലയിലാണ് സഹദേവനെക്കുറിച്ച് എഴുതി തുടങ്ങുന്നത്. പക്ഷേ എഴുതിതുടങ്ങിയപ്പോൾ സഹദേവൻ കൂടുതൽ തെളിഞ്ഞു. അപ്രതീക്ഷിതമായി കഥാസന്ദർഭങ്ങൾ പലതും മനസ്സിലേക്ക് കടന്നു വന്നു. മറ്റാർക്കും പാണ്ഡവരെക്കുറിച്ചും ശകുനിയെക്കുറിച്ചും ഇതുപോലെ നമ്മോട് പറയാനാവില്ലെന്നനെനിക്ക് മനസ്സിലായി. കാരണം സഹദേവൻ ത്രികാലജ്ഞാനിയാണ്. അങ്ങനെ ഭൂത–ഭാവി–വർത്തമാനങ്ങളെ അറിയുന്നവൻ ആരെയും ശത്രുവായി കാണില്ല.

∙ ഹസ്തിനപുരിയിലെ സ്ത്രീകളുടെ ദുഃഖം ഇന്നത്തേതും 

മഹാഭാരതത്തിന്റെ സ്ത്രീപക്ഷവായനയായി 'ശകുനി'യെ പലരും വിലയിരുത്തിയത്തിന്റെ കാരണം അതാവാം. ഹസ്തിനപുരിയിലെ സ്ത്രീകളെക്കുറിച്ച് ധാരാളം പറയാനുണ്ട്. അതിൽ കഥയ്ക്ക് യോജിക്കും വിധം ചിലത് മാത്രമാണ് പറഞ്ഞത്. നേരത്തെ പറഞ്ഞതുപോലെ ഓരോ കഥാപാത്രങ്ങളുടെയും അവസ്ഥ മനസ്സിലാക്കാൻ അവരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ മതി. അക്കൂട്ടത്തിൽ ഏറെ കഷ്ടം അംബ–അംബിക–അംബലികമാരുടെ കഥയാണ്. ഗാന്ധാരിയും കുന്തിയും പാഞ്ചാലിയും ഹിഡുംബിയും കൗരവ–പാണ്ഡവ പത്നിമാരൊക്കെയും അവരുടേതല്ലാത്ത കാരണങ്ങളാൽ ദുഃഖമനുഭവിക്കേണ്ടി വന്നിട്ടുള്ളവരാണ്. ഇന്നും ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന എത്രയോ സ്ത്രീകളുണ്ട്. ഇതിഹാസ വായനയിൽ എന്നെ അദ്‌ഭുതപ്പെടുത്തിയിട്ടുള്ളത് അതിലെ കഥാസന്ദർഭങ്ങൾ പലതും ഇന്നും പ്രസക്തമാണെന്നതാണ്. 

∙ ഗാന്ധാരിയുടെ ജീവിതം പറയുന്ന കഥ 

ശകുനിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതുപോലും ഗാന്ധാരിയിൽ നിന്നാണ്. ഒരു സ്ത്രീ ഒരു ജന്മത്തിൽ നൂറു മക്കൾക്ക് അമ്മയാവുകയെന്ന അവിശ്വസനീയമായ സംഭവത്തെ വളരെ മനോഹരമായാണ് വ്യാസകവി അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെയാണ് ഗാന്ധാരി സ്വയം അന്ധത വരിച്ചെന്നു പറയുന്നതും. പക്ഷേ ഈ കാലത്തിരുന്ന് അതേ കഥ പറയുമ്പോൾ കുറച്ചുകൂടി വിശ്വസനീയമാകണമല്ലോ. മന:പൂർവ്വം ചില കൂട്ടിച്ചേർക്കലുകളിലൂടെ അത്തരം സംഭവങ്ങളെ കൂടുതൽ റിയലിസ്റ്റിക്കായി അവതരിപ്പിക്കുക തന്നെയായിരുന്നു പ്രധാന ലക്ഷ്യം. അവിടെയാണ് ശകുനിയെപ്പോലെ നാം ഇതുവരെ കണ്ട ഗാന്ധാരിയും വ്യത്യസ്തയാകുന്നത്. ഇവിടെ ഗാന്ധാരി സ്വന്തമായി അഭിപ്രായങ്ങളുള്ള കടുത്ത തീരുമാനങ്ങളെടുക്കാൻ ശക്തിയുള്ള സ്ത്രീയാണ്. ഏതു കടുത്ത ചുറ്റുപാടിലും പ്രതിഷേധിക്കാൻ ശേഷിയുള്ളവൾ. മൊത്തത്തിൽ ഗാന്ധാരത്തെക്കുറിച്ച് പുതിയ കഥപറയുവാൻ അതാവശ്യവുമായിരുന്നു. 

ഷബിനി വാസുദേവ്

∙ ശകുനി ക്ഷേത്രം

ശകുനിയെക്കുറിച്ചു കൂടുതലറിയുവാനുള്ള അന്വേഷണങ്ങൾക്കിടയിലാണ് കേരളത്തിൽ ഒരു ശകുനി ക്ഷേത്രമുണ്ടെന്നും അത് ഭാരതത്തിലെ തന്നെ ഏക ശകുനി ക്ഷേത്രമാണെന്നും അറിയുന്നത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്ത് പവിത്രേശ്വരം എന്ന സ്ഥലത്താണ് മലനടമലദേവക്ഷേത്രം എന്ന ശകുനിയെ ആരാധിക്കുന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഞാനാദ്യമായി അവിടെ പോയത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് അവിടുത്തെ ആചാരങ്ങൾ. മദ്യവും കോഴിയുമൊക്കെ ഇവിടത്തെ പ്രധാന വഴിപാടുകളാണ്. ഭക്തർ നല്കുന്നതെന്തും ദേവന് സ്വീകാര്യമാണെന്നാണ് വിശ്വാസം . ഇവിടെ ശകുനി മഹാദേവനായ ശിവന്റെ അനുവാദത്തോടെ  ദേശവാസികൾക്ക് നന്മ ചെയ്ത് അവരെ കാത്തുരക്ഷിക്കുവാനായി കുടികൊള്ളുന്ന ദേവരൂപമാണ്. മലയപ്പൂപ്പൻ എന്നാണ് ഭക്തർ ആരാധനയോടെ ദേവനെ വിളിക്കുന്നത്. ഫെബ്രുവരി മാസത്തിൽ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുകയാണ്. ചൂതുകളിക്കാരനും കുതന്ത്രശാലിയുമായി ശകുനിയെ നമുക്ക് മുമ്പിൽ അവതരിപ്പിച്ച ഇതിഹാസകാവ്യം ഇവിടെ  പാരായണം ചെയ്യുന്നു എന്നതും ഇവിടുത്തെ പ്രത്യേകതയാണ് .   

∙ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്ന കഥകള്‍ 

മുൻപ് എഴുതിയതെല്ലാം വളരെ റിയലിസ്റ്റിക്കായ കഥകളാണ്. ഇതിഹാസവുമായി ബന്ധപ്പെട്ടെഴുത്തുമ്പോഴും അത് യുക്തിസഹമായിരിക്കണമെന്നു നിർബന്ധമുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് അത്ര സുഖമുള്ള കാര്യമല്ല . വളരെ കഠിനമാണത്. പലപ്പോഴായി എഴുതി വച്ചിരുന്ന ചെറുകഥകളായിരുന്നു മരുഭൂമിയിലെ സൂര്യകാന്തികൾ എന്ന സമാഹാരത്തിൽ. എനിക്ക് വളരെ പരിചിതമായ എന്നെ വേദനിപ്പിച്ചതോ ചിന്തിപ്പിച്ചതോ ആയ സംഭവങ്ങളിൽ നിന്നൊക്കെയായിരുന്നു ആ കഥകളുണ്ടായത്. ഏകദേശം അഞ്ചു വര്ഷങ്ങൾക്ക് ശേഷമാണ് ബഞ്ചാരകൾ പ്രസിദ്ധീകരിക്കുന്നത് .അതിലെ ബഞ്ചാരകൾ എന്ന നീണ്ടകഥ എഴുതുന്നത് നമ്മുടെ ഏറ്റവും നീളമേറിയ ദേശീയ പാതയിലെ അപകടമരണങ്ങളെക്കുറിച്ചുള്ള നടുക്കുന്ന വാർത്തകൾ വായിച്ചറിഞ്ഞാണ് . ആന്ധ്രയിലെ ഒരു നാടോടി ഗ്രാമത്തിലെ പുരുഷന്മാരെല്ലാം റോഡപകടങ്ങളിൽ മരണപ്പെട്ടു കഴിഞ്ഞു എന്ന യാഥാർഥ്യമാണ് ആ കഥ .ഇന്ന് ആ ഗ്രാമത്തിന് വിധവകളുടെ ഗ്രാമം എന്ന പേരുമായി. പക്ഷേ ഇന്ത്യയിലെവിടെയും അതേക്കുറിച്ചാരും ചർച്ച ചെയ്ത് കേട്ടിട്ടില്ല. ബീജീഷ് ബാലൻ ചെയ്ത ഒരു ഡോക്യുമെന്ററിയായിരുന്നു അതേക്കുറിച്ച് കൂടുതലറിയാൻ സഹായകമായത്. 

∙ പ്രവാസജീവിതവും എഴുത്തും

പ്രവാസജീവിതം വായനയ്ക്കും എഴുത്തിനും കൂടുതൽ സമയം കണ്ടെത്താൻ സഹായകമായിട്ടുണ്ട്. നമ്മൾ അതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വലിയ ലോകമാണ് മുമ്പിൽ തുറന്നു കിട്ടുന്നത്. പലനാടുകളിൽ നിന്നെത്തുന്ന പലതരം മനുഷ്യരെ പരിചയപ്പെടാനും അടുത്തറിയുവാനും സാധിക്കുന്നുവെന്നത്  വലിയ ഗുണമായി കരുതുന്നു 

ഷബിനി വാസുദേവ്

∙ ബഹ്‌റൈൻ മലയാളി സമാജത്തിന്റെ പ്രിയ കൂട്ടുകാരി

എന്റെ എഴുത്തിനെയും വായനയേയും വളരെ സ്വാധീനിച്ചിട്ടുള്ളയിടമാണ് ബഹ്‌റൈൻ കേരളീയ സമാജം. ബഹ്‌റൈൻ ജീവിതത്തിൽ സാഹിത്യതൽപരരായ ഒരു കൂട്ടം മനുഷ്യരെ പരിചയപ്പെടാനും കൂട്ടുകൂടാനും അവസരമുണ്ടാകുന്നത് കേരളീയ സമാജത്തിൽ വച്ചാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി സമാജത്തിലെ സാഹിത്യപ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് പുസ്തകോത്സവത്തിലും മറ്റും മുഖ്യസംഘടകയാകാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരെയും കലാകാരന്മാരേയും പ്രഭാഷകരെയുമൊക്കെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പത്തു ദിവസം നീണ്ടു നിൽക്കുന്ന പുസ്തകോത്സവം സമാജം കലണ്ടറിലെ പ്രധാന പരിപാടികളിലൊന്നാണ്. മിഡിൽ ഈസ്റ്റിലെതന്നെ വലിയ ലൈബ്രറികളിലൊന്നാണ് സമാജത്തിന്റെ ലൈബ്രറി. സാഹിത്യ ക്യാംപുകൾ, പുസ്തകരചനകൾ തുടങ്ങി ധാരാളം സാഹിത്യ പരിപാടികൾ സമാജം നടത്തുന്നുണ്ട്. പല കാലങ്ങളിലായി അതുമായി ചേർന്ന് പ്രവർത്തിക്കുന്നവരുടെ കൂട്ടായ പ്രവർത്തന ഫലമാണത്. 

Content Summary: Interview: Writer Shabini Vasudevan on her Novel Shakuni and other Writings