വായനയിലേക്ക് കൊണ്ടു വന്നത് അമ്മ, ജീവിതസഖിയെ കണ്ടെത്തിയത് സാഹിത്യ ക്യാംപിൽ; ശ്യാംകൃഷ്ണൻ പറയുന്നു
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ യുവസാഹിത്യകാരനുള്ള പുരസ്കാരം നേടിയ ആർ. ശ്യാംകൃഷ്ണൻ ജീവിതസഖിയെ കണ്ടെത്തിയത് തൃശൂരിലെ ഒരു സാഹിത്യക്യാമ്പിൽ വച്ചായിരുന്നു. ഒൻപതു കൊല്ലം മുൻപത്തെ ക്യാംപിലുണ്ടായ സൗഹൃദം 2022ൽ അവരെ ഒന്നിപ്പിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ യുവസാഹിത്യകാരനുള്ള പുരസ്കാരം നേടിയ ആർ. ശ്യാംകൃഷ്ണൻ ജീവിതസഖിയെ കണ്ടെത്തിയത് തൃശൂരിലെ ഒരു സാഹിത്യക്യാമ്പിൽ വച്ചായിരുന്നു. ഒൻപതു കൊല്ലം മുൻപത്തെ ക്യാംപിലുണ്ടായ സൗഹൃദം 2022ൽ അവരെ ഒന്നിപ്പിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ യുവസാഹിത്യകാരനുള്ള പുരസ്കാരം നേടിയ ആർ. ശ്യാംകൃഷ്ണൻ ജീവിതസഖിയെ കണ്ടെത്തിയത് തൃശൂരിലെ ഒരു സാഹിത്യക്യാമ്പിൽ വച്ചായിരുന്നു. ഒൻപതു കൊല്ലം മുൻപത്തെ ക്യാംപിലുണ്ടായ സൗഹൃദം 2022ൽ അവരെ ഒന്നിപ്പിച്ചു.
പ്രകൃതിക്കു പച്ചപ്പു കൂടിയിരുന്നു.. കാറ്റിന്റെ ഗന്ധം മാറിയിരുന്നു.. കാഴ്ചകൾക്കും കാഴ്ചപ്പാടിനും പുതിയ തെളിച്ചം.. ആ സാഹിത്യ ക്യാംപിൽ നിന്ന് ആർ. ശ്യാംകൃഷ്ണനും പി.ജി. കാവ്യയും പുറത്തിറങ്ങിയത് ജീവിതത്തിന്റെ പുതിയ അക്ഷരത്തെളിച്ചത്തോടെയായിരുന്നു. കവിതയെ സ്നേഹിക്കുന്ന കാവ്യയും കഥകളെ നെഞ്ചേറ്റുന്ന ശ്യാംകൃഷ്ണനും. അക്ഷരങ്ങളിലൂടെ അവർ സഹയാത്രികരായി. ശ്യാമിന്റെ കഥകളുടെ ആദ്യവായനക്കാരി കാവ്യയായി. കവിതയെഴുതിയാൽ കാവ്യ ആദ്യം കേൾപ്പിക്കുന്നത് ശ്യാമിനെയും. അക്ഷരങ്ങളുടെ കൈപിടിച്ച് ശ്യാം കാവ്യയും ഒന്നിച്ചു യാത്രയാരംഭിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ യുവസാഹിത്യകാരനുള്ള പുരസ്കാരം നേടിയ ആർ. ശ്യാംകൃഷ്ണൻ ജീവിതസഖിയെ കണ്ടെത്തിയത് തൃശൂരിലെ ഒരു സാഹിത്യക്യാംപിൽ വച്ചായിരുന്നു. ഒൻപതു കൊല്ലം മുൻപത്തെ ക്യാംപിലുണ്ടായ സൗഹൃദം 2022ൽ അവരെ ഒന്നിപ്പിച്ചു. ചെറുപ്പത്തിലെ സൗഹൃദത്തിലായ വായനയെക്കുറിച്ചും എഴുത്തുജീവിതത്തെക്കുറിച്ചും ശ്യാംകൃഷ്ണൻ സംസാരിക്കുന്നു.
അമ്മവായന
അമ്മയാണ് എന്നെ വായനയിലേക്കു കൊണ്ടുവരുന്നത്. കാസർകോട് തളങ്കര സ്കൂളിൽ അമ്മ ജോലി ചെയ്യുമ്പോൾ വായിക്കാൻ ധാരാളം പുസ്തകം വീട്ടിൽ കൊണ്ടുവരും. ട്രെയിനിലാണ് അമ്മയുടെ യാത്ര. അപ്പോൾ വായിക്കാനെടുക്കുന്ന പുസ്തകങ്ങളാണവ. കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിലായിരുന്നു ഞാൻ പഠിച്ചത്. എന്റെ നാടായ കൊളച്ചേരി പെരുമാച്ചേരിയിൽ ലൈബ്രറികൾ ഉണ്ടെങ്കിലും അമ്മ കൊണ്ടുവരുന്ന പുസ്തകങ്ങളെയാണു ഞാൻ കൂട്ടുപിടിച്ചത്. എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ എന്നിവരിലൂടെയായിരുന്നു കുട്ടിക്കാലത്തെ വായന. അവരുടെ നോവലും കഥകളുമൊക്കെ വായിച്ചു. അക്കാലത്തെ മലയാളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരെയൊക്കെ വായിക്കാൻ സാധിച്ചു. പ്ലസ് ടു കാലഘട്ടത്തിൽ വായനയിൽ നിന്നു ചെറിയൊരു ഇടവേള. എൻട്രൻസ് കോച്ചിങ്ങും പഠനവുമായി സാഹിത്യം വായിക്കാൻ സമയം കിട്ടിയില്ല എന്നുതന്നെ പറയാം. പിന്നീട് കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നതോടെയാണ് വായന ആസ്വദിക്കാൻ തുടങ്ങിയത്. അപ്പോഴേക്കും മലയാളത്തിൽ ഒട്ടേറെ യുവ എഴുത്തുകാർ തെളിഞ്ഞുവന്നിരുന്നു. സന്തോഷ് ഏച്ചിക്കാനം, എസ്. ഹരീഷ്, വിനോയ് തോമസ് എന്നിവരുടെയൊക്കെ വ്യത്യസ്ത പ്രമേയങ്ങൾ ശരിക്കും അദ്ഭുതപ്പെടുത്തി. വായനയിൽ നിന്ന് എഴുത്തിലേക്കു ശ്രദ്ധിക്കാൻ തുടങ്ങിയത് ഇവരെയൊക്കെ വായിക്കാൻ തുടങ്ങിയതോടെയാണ്. 2015ൽ കെ.വി.അനൂപ് സ്മാരക കഥാമത്സരത്തിൽ ‘മടക്കം’ എന്ന കഥയ്ക്കു പുരസ്കാരം ലഭിച്ചതോടെയാണ് എഴുതാനൊരു ആത്മവിശ്വാസം ലഭിക്കുന്നത്. വായനയും എഴുത്തും സജീവമായി.
മെഡിക്കൽ സ്റ്റുഡൻസിനു എഴുതാനും വായിക്കാനും സമയമുണ്ടാകുമോയെന്നു പലരും സംശയം പ്രകടിപ്പിക്കുമായിരുന്നു. എനിക്കു സമയമുണ്ടായിരുന്നു. എഴുതുന്ന കഥകൾ പ്രസിദ്ധീകരണത്തിന് അയച്ചുകൊടുക്കാൻ മടിയായിരുന്നു. പക്ഷേ, എഴുത്തു സജീവമായി നടന്നുവെന്നു പറയാം. 2015ലെ സാഹിത്യ ക്യാംപിൽ വച്ചാണ് പാലക്കാട് സ്വദേശിയായ പി.ജി.കാവ്യയെ പരിചയപ്പെടുന്നത്. കവിതയായിരുന്നു കാവ്യയുടെ ലോകം. എന്റെത് കഥയും. രണ്ടുപേരും എഴുതുന്നത് പരസ്പരം കൈമാറും. എന്റെ കഥകളുടെ ആസ്വാദകയും വിമർശകയും കാവ്യയായിരുന്നു. കാവ്യ എഴുതുന്ന കവിതകൾ ഞാനും വായിക്കും.
ഭുവനേശ്വർ എയിംസിൽ ബയോകെമിസ്ട്രിയിൽ പിജി ചെയ്യുമ്പോഴാണ് ‘മീശക്കള്ളൻ’ എന്ന കഥയെഴുതുന്നത്. അതിനു പുരസ്കാരം ലഭിച്ചു. ശ്യാംകൃഷ്ണൻ എന്ന പേര് അറിയപ്പെടാൻ തുടങ്ങിയത് ഈ കഥയോടെയാണ്. ഇപ്പോൾ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് മീശക്കള്ളൻ എന്ന കഥാസമാഹാരത്തിനാണ്. 2022ൽ അഞ്ചു കഥകളെഴുതി. ത്രിലോക്, റാഷമോൺ, മഹേഷിന്റെ പ്രതികാരം, ബൗ, പൈദാഹം. ഈ കഥകൾക്കൊക്കെ പലവിധ പുരസ്കാരവും ലഭിച്ചു. തുടർന്നാണ് കഥാസമാഹരമിറങ്ങുന്നത്.
ഇപ്പോൾ കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ്. ഉള്ള്യേരിയിലെ ലൈബ്രറിയിൽ അംഗത്വമെടുത്തിട്ടുണ്ട്. വായന കുട്ടിക്കാലത്തേയുള്ള കൂട്ടാണല്ലോ. അതൊഴിവാക്കാൻ പറ്റില്ല. മുൻ പ്രധാനാധ്യാപനായിരുന്ന അച്ഛൻ എ.പി.രമേശൻ സെക്രട്ടറിയായ നാട്ടിലെ സിആർസി ലൈബ്രറിയിലും എനിക്കു അംഗത്വമുണ്ട്. കണ്ണൂർ നോർത്ത് എഇഒയായ അമ്മ ഒ.സി.പ്രസന്ന ഇപ്പോഴും എന്നോട് ആദ്യം ചോദിക്കുന്നത് ഇതാണ് ‘‘നീയിപ്പോൾ ഏതു പുസ്തകമാണ് വായിക്കുന്ന’’തെന്നാണ്.
പാലക്കാട് ഐഐടിയിൽ ഗവേഷകയാണ് കാവ്യയിപ്പോൾ. അടുത്തിടെയെഴുതിയ ‘റി യൂണിയൻ’ എന്ന കവിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2022ൽ ആണ് ഞങ്ങളുടെ വിവാഹം. ഞങ്ങളുടെ സംസാരത്തിലെ പ്രധാന വിഷയം എന്നും ഒന്നുമാത്രമായിരുന്നു – സാഹിത്യം.
ശ്യാം കൃഷ്ണന്റെ കഥകളെക്കുറിച്ച് കാവ്യ
വളരെ ലളിതവും അനായാസവുമെന്ന് തോന്നിപ്പിക്കുന്ന എഴുത്താണ് ശ്യാംകൃഷ്ണന്റേത്. അതാണ് ആ കഥകളുടെ ഭംഗിയും. എഴുത്തു മെച്ചപ്പെടുത്താൻ ശ്യാം ആത്മാർഥമായി ശ്രമിക്കും. ആദ്യകാലത്ത് എഴുതിയ കഥകളിൽ ചിലതു വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നപ്പോഴും തുടരെത്തുടരെ മികച്ച കഥകൾ എഴുതാനും കൂടുതൽ വായിക്കാനുമാണ് ശ്യാം ശ്രമിച്ചുകൊണ്ടിരുന്നത്.