ADVERTISEMENT

കോഴിക്കോട്∙ സാഹിത്യത്തെ ആരാധിക്കുന്ന, സാഹിത്യകാരൻമാരെ ബഹുമാനിക്കുന്ന നാട്ടിലെത്തുകയെന്നതിന്റെ ആവേശത്തിലാണ് താനെന്ന് കൊലേക പുറ്റുമ പറഞ്ഞു. മലയാള മനോരമ നവംബർ ഒന്നു മുതൽ മൂന്നുവരെ കോഴിക്കോട്ട് നടത്തുന്ന ഹോർത്തൂസ് കലാ, സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ആദ്യ വിദേശ എഴുത്തുകാരിയാണ് കൊലേക പുറ്റുമ. ദക്ഷിണാഫ്രിക്കൻ കവിയും തീയറ്റർ ആക്റ്റിവിസ്റ്റും ക്വിയർ ആക്റ്റിവിസ്റ്റുമായ കൊലേക പുറ്റുമ 2019ൽ ആഫ്രിക്കയെ ഏറ്റവുമധികം സ്വാധീനിച്ച വനിതയായി നാമനിർദേശം ചെയ്യപ്പെട്ട കവിയാണ്. കവിതകൾക്കും നാടകങ്ങൾക്കും പെൻ പുരസ്കാരവും ഫോബ്സ് ആഫ്രിക്ക 30 അണ്ടർ 30 പുരസ്കാരവുമടക്കം അനേകം ബഹുമതികൾ‍ നേടിയ എഴുത്തുകാരിയാണ് കൊലേക പുറ്റുമ.

ആഫ്രിക്കൻ സാഹിത്യം, കവിതകളുടെ സാമൂഹികപ്രസക്തി, വിശ്വാസവും എഴുത്തും തുടങ്ങിയ വിഷയങ്ങളിൽ കൊലേക പുറ്റുമ തന്റെ കാഴ്ചപ്പാടുകൾ മനോരമയുമായി പങ്കുവയ്ക്കുന്നു:

എഴുത്തിലെ തുടക്കം എങ്ങനെയായിരുന്നു ?

∙ ഹൈസ്കൂൾ‍ കാലത്ത് റാപ് എഴുതുമായിരുന്നുവെങ്കിലും ഗൗരവമായി എടുത്തിരുന്നില്ല. അതൊരു വിനോദം മാത്രമായിരുന്നു. സ്കൂൾ പഠനത്തിനുശേഷം  നാടക പഠനത്തിനുപോയി. അവിടെനിന്നാണ് കവിതയിലേക്ക് വന്നത്. നാലു വർഷത്തോളം തീയറ്റർ പഠിച്ചു. ദക്ഷിണാഫ്രിക്കയിൽ, പ്രത്യേകിച്ച് കേപ് ടൗണിൽ അനേകം തീയറ്റർ ഗ്രൂപ്പുകളുണ്ട്. തീയറ്റർ സ്കൂളുകളുണ്ട്. തീയറ്ററിനും കവിതയ്ക്കും സമാനമായ അടിസ്ഥാനതത്വങ്ങളുണ്ട്. ശരീരം, ശ്വാസം, ഭാഷ, സംസാരം തുടങ്ങി ഒരേ ചിട്ടയിലുള്ളതാണ് രണ്ടും.

കവിത എഴുതുന്നതും കവിത അവതരിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമില്ലേ?

∙ കവിത എഴുതുകയെന്നത് ഏകാന്തമായ ഒരു പരിപാടിയാണ്. അവതരിപ്പിക്കുകയെന്നത് വ്യത്യസ്തമാണ്. വാക്കുകൾ കാഴ്ചക്കാരുമായി പങ്കുവയ്ക്കുകയാണ്. പേജുകളിലെ അക്ഷരങ്ങളെ മറ്റൊരു തലത്തിലേക്ക് എടുത്തുയർത്തുകയാണ്. ഒരു മൈക്കിനുമുന്നിൽ വ്യത്യസ്തമായി ജീവിക്കുകയാണ്. കവിത മറ്റു രൂപഭേദങ്ങളോടൊപ്പം എങ്ങനെ ഇഴുകിച്ചേർന്നു മുന്നോട്ടുപോവുമെന്ന് അറിയാൻ കൗതുകമുള്ളയാളാണ് ഞാൻ. കാഴ്ചകളിലൂടെ, പ്രൊജക്ഷനിലൂടെ, വസ്ത്രത്തിലൂടെ... ഒരു മൈക്കിനുപിന്നിൽ കവിത ചൊല്ലുന്നതിനേക്കാൾ പല രീതിയിലുള്ള പരീക്ഷണങ്ങളിലേക്കു തിരിയുന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. കവിതയും തീയറ്ററും ഒരുമിപ്പിച്ചുള്ള പരീക്ഷണങ്ങളിലാണ് എന്റെ ശ്രദ്ധ. ദൃശ്യങ്ങളും ശബ്ദങ്ങളും എന്നെ സ്വാധീനിക്കുന്നു.

കൊലേക പുറ്റുമ. ചിത്രം: www.kolekaputuma.com
കൊലേക പുറ്റുമ. ചിത്രം: www.kolekaputuma.com

ഏറെ ശ്രദ്ധിക്കപ്പെട്ട ജലം (വാട്ടർ) എന്ന കവിതയുടെ പിറവി എങ്ങനെയായിരുന്നു?

∙ ‘വാട്ടർ’ എന്ന കവിത 2016ലാണ് എഴുതിയത്. കവികളുമായുള്ള സംവാദത്തിനിടെയാണ് ജലമെന്ന വിഷയം ഉയർന്നുവന്നത്. ജലത്തിന്റെ ചരിത്രപരമായ പ്രാധാന്യം, ജലവുമായി പൂർവികരുടെ ബന്ധങ്ങൾ, ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾക്ക് ജലവുമായുള്ള ബന്ധം, അടിമയാക്കപ്പെടലിന്റെ ചരിത്രമുള്ള ഒരു ജനതയ്ക്ക് ജലവുമായുള്ള ബന്ധം തുടങ്ങിയവായിരുന്നു ഉള്ളിൽ. അനേകം ബീച്ചുകളുള്ള കേപ് ടൗണിൽ ഞങ്ങൾ എല്ലാവരും കടപ്പുറത്തേക്ക് പോവുന്നത് പതിവാണ്. ക്രിസ്മസും പുതുവർഷപ്പിറവിയുമൊക്കെപ്പോലെ പ്രധാനദിവസങ്ങളിൽ കടപ്പുറത്തുപോവുന്നു. ദക്ഷിണാഫ്രിക്കയിൽ കടലിൽനിന്ന് ഏറെ അകലെ താമസിക്കുന്ന കറുത്തവർഗക്കാർക്ക് എന്നും കടപ്പുറത്തു പോവുകയെന്നത് അത്ര എളുപ്പവുമല്ല. ചെലവുള്ള കാര്യമാണ്.

പലർക്കും ജലമെന്നത് ഏറെ വിശുദ്ധമായ ഒരു കാര്യമാണ്. ഒരു കുഞ്ഞിനെ മാമോദീസ മുക്കുന്നതുമുതൽ ജീവിതത്തിലെ പലതും ജലവുമായി ബന്ധപ്പെട്ടതാണ്. ചരിത്രവും വേദനയും ഭീതികളുമൊക്കെയുണ്ട് ജലത്തിന്. ഇന്ന് ജനങ്ങൾ ജലത്തെ ആഘോഷിക്കുന്നു. ജലത്തിലിറങ്ങി നീന്തുന്നു. ജലത്തിന് പല അടരുകളുണ്ട്.

മാർച്ച് 22നാണല്ലോ ലോക ജലദിനം. മാർച്ച് 22നാണ് കൊലേക പുറ്റുമയുടെ ജനനവും. ജലം പോലെയാണോ ജീവിതം?

∙ എന്റെ ജനനം ലോക ജലദിനത്തിൽത്തന്നെയാണോ? ഈ നിമിഷം വരെ അതെനിക്കറിയില്ലായിരുന്നു ! ജലംപോലെയായിരുന്നു ജീവിതമെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്. മൃദുലമായ ഒഴുക്ക്. ഏതു സാഹചര്യത്തിലൂടെയാണ് ഞാൻ കടന്നുപോവുന്നത് എന്നതാണ് എന്റെ ഒഴുക്കിനെ ബാധിക്കുന്നതെന്നാണ് തോന്നുന്നത്. സ്വാഭാവികമായ ഏതൊക്കെ ഘടകങ്ങളാണോ എന്നിൽനിന്ന് ആവശ്യപ്പെടുന്നത്, അതിനനുസരിച്ച് ഒഴുകുകയാണ് ഞാനെന്നാണ് തോന്നുന്നത്.

ഇന്ന് ഇവിടെത്തന്നെ നോക്കൂ. പുറത്ത് മഴ പെയ്യുകയാണ്. പുറത്ത് മഴയത്തിറങ്ങി നനഞ്ഞ് അലറിവിളിക്കാൻ കഴിയുമോ? അതത്ര എളുപ്പമല്ല. 

മനുഷ്യനായിരിക്കുമ്പോൾ പലതിനും നിയന്ത്രണം വേണ്ടിവരുന്നു. ഓരോ പ്രവൃത്തിയിലും ചിലതരത്തിലുള്ള നിയന്ത്രണം വേണ്ടിവരുന്നു. കാണികൾക്കുമുന്നിൽ വാക്കുകൾക്കു നിയന്ത്രണം കൊണ്ടുവരേണ്ടിവരുന്നു. ഒഴുക്കിനൊപ്പം പോവുകയെന്നത് പഠിച്ചെടുക്കേണ്ടതാണ്. പാറ പോലെയാവരുത് ഞാനെന്നാണ് തോന്നുന്നത്. ജലമെന്ന കവിതയ്ക്ക് വാട്ടർ 2.0 എന്ന രണ്ടാംഭാഗം എഴുതേണ്ടിവരുമെന്ന് തോന്നുന്നു.

ആരാണ് വിജയിച്ച കവി? ഒരു കവി വിജയിച്ചുവെന്ന് കൊലോക പുതുമയക്ക് തോന്നുന്നത് എപ്പോഴാണ്?

∙ അതൊരു വല്ലാത്ത ചോദ്യമാണ്. ഈ ചോദ്യം കുറച്ചുകാലം മുൻപായിരുന്നു ചോദിച്ചിരുന്നതെങ്കിൽ എന്റെ ഉത്തരം  ഇന്ത്യയിൽ വരികയെന്നതോ, ലോകം മുഴുവൻ കവിതയുമായി യാത്ര ചെയ്യുകയെന്നതോ, അഭിമുഖങ്ങൾ നൽകുകയെന്നതോ, പുസ്തകം പ്രസിദ്ധീകരിക്കുകയെന്നതോ ആയിരിക്കും. ഇന്ന് ഈ കാഴ്ചപ്പാടിൽ മാറ്റം വന്നിട്ടുണ്ട്.

മികച്ച ക്രാഫ്റ്റ് കൈവശമാക്കുക എന്നതായരിക്കാം വിജയം. മികച്ചുനിൽക്കുക. അത് ആഘോഷിക്കാൻ കഴിയുക. ആളുകൾമുന്നിൽ, മൈക്കിനുമുന്നിൽ‍നിന്ന് കവിത ചൊല്ലുമ്പോൾ അത് സ്വയം ആസ്വദിക്കാൻ കഴിയുക, പിന്നെയും പിന്നെയും കവിത ചൊല്ലുമ്പോൾ സന്തോഷമനുഭവിക്കാൻ കഴിയുക. ന്യൂയോർക്കിലോ ബ്രോഡ്‌വേയിലോ പോയി കവിത ചൊല്ലുമ്പോഴും അതിൽ ആനന്ദം കിട്ടുന്നില്ലെങ്കിൽ അതിലൊരു കാര്യവുമില്ല. കവിത പ്രസിദ്ധീകരിക്കുകയെന്നത് പ്രധാനമാണ്. അത് കൂടുതൽ വായനക്കാരിലേക്ക് എത്തും. ദക്ഷിണാഫ്രിക്കയ്ക്കു പുറത്തേക്ക് പുസ്തകങ്ങൾ എത്തും. കവിത മറ്റുള്ളവരുമായി പങ്കുവയ്ക്കുകയെന്നതാണ് പ്രധാനം.

ഉള്ളിൽ മുറിവേറ്റയൊരാൾ കവിതയെഴുതുന്നു. ഉള്ളിൽ വേദനയുമായി ഈ സമൂഹത്തിനോട് കലഹിക്കുന്നയാൾ. കവിത ആസ്വദിക്കുന്ന വായനക്കാർ ആ കവി മികച്ച കവിയാണെന്നു പറയുന്നു. കവിയുടെ കാഴ്ചപ്പാടിൽ ഇതൊരു വിജയമാണോ?

∙ വ്യത്യസ്ത ദേശങ്ങളിൽ വിവിധ രാജ്യങ്ങളിൽ വിവിധ സാമൂഹിക ചുറ്റുപാടുകളിൽ വ്യത്യസ്ത ജീവിതം നയിക്കുന്നവരാണ് കവികൾ. പലയിടത്തും അക്രമങ്ങൾക്കുനേരെ ശബ്ദമുയർത്താൻ കഴിയാത്ത കവികളുണ്ട്. ജനങ്ങളുടെ വേദനകളുടെ ശബ്ദമാവാൻ കവികൾക്ക് കഴിയുന്നുണ്ട്. ചിലപ്പോൾ കവിതകൾ കവിയെ അപകടത്തിലേക്ക നയിക്കുന്നു. ജയിലേക്ക് നയിക്കുന്നു. അതത്ര എളുപ്പമുള്ള കാര്യമല്ല.

കൊലേക പുറ്റുമ. ചിത്രം: www.kolekaputuma.com
കൊലേക പുറ്റുമ. ചിത്രം: www.kolekaputuma.com

കവിതയും ആക്റ്റിവിസവും എത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നു?

∙ ദക്ഷിണാഫ്രിക്ക പോലുള്ള സ്ഥലത്തുനിന്നു വരുന്ന ഒരു കവിയാണ് ഞാൻ. ഞാനെഴുതുന്നതെല്ലാം ജനങ്ങളുടെ ശ്രദ്ധയിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നതാണ്. ദക്ഷിണാഫ്രിക്കയിൽ കൗമാരഗർഭത്തിന്റെ എണ്ണത്തിലുള്ള വർധനയെക്കുറിച്ച് ബോധവത്കരിക്കാനുള്ള ചില വരികൾ എഴുതി നൽകാൻ അടുത്തകാലത്ത് ഒരു എൻ‍ജിഒ എന്നോട് ആവശ്യപ്പെട്ടു. സ്കൂളിൽപോവാത്ത 13–14 വയസ് പ്രായമുള്ള കുട്ടികളാണ് പ്രശ്നത്തിലുള്ളത്. ഒരു തരത്തിൽ കവിത ഇത്തരം പ്രതിസന്ധികളെ അഭിസംബോധന ചെയ്യേണ്ടതാണ്. ജെൻഡർ വയലൻസിലോ കൗമാരഗർഭമെന്ന പ്രശ്നങ്ങളിലോ കവികൾക്കും പ്രവർത്തിക്കാനുണ്ട്. മാനസികമായി തളർന്നിരിക്കുന്നവർക്ക് ആശ്വാസം നൽകാൻ കവികൾക്കു കഴിയും.

ആത്മീയത, മതം എന്നിവയെ എങ്ങനെയാണ് കാണുന്നത്?  

∙ ഞാൻ ക്രിസ്തുമതത്തിലാണ് ജനിച്ചുവളർന്നത്. എന്റെ അച്ഛൻ സുവിശേഷ പ്രചാരകനാണ്. വളർന്നുവന്ന കാലത്തെ വിശ്വാസങ്ങളല്ല, ഇപ്പോഴുള്ള എന്റെ വിശ്വാസങ്ങൾ. കാലാനുസൃതമായി അതു മാറിക്കൊണ്ടിരിക്കുന്നു. ഞാൻ എന്റെ ആത്മീയതയെ നിർവചിക്കാൻ ശ്രമിക്കുകയാണ്. നമ്മൾ എന്തിലൂടെയാണ് കടന്നുപോവുന്നത് എന്ന തിരിച്ചറിവാണ് എന്നെ മാറ്റുന്നത്.

സമീപകാലത്ത് കവിതയിൽ സ്വയം കൊണ്ടുവന്ന പുതുമ എന്താണ്?

∙ എന്റെ പുതിയ പുസ്തകത്തിൽ 12 വയസ്സിനും 18 വയസ്സിനും ഇടയ്ക്കുള്ള വായനക്കാർക്കുവേണ്ടിയുള്ള കവിതകളാണ്. ഭാഷ, ശൈലി...എല്ലാം പുതിയതാണ്. ആ പ്രായത്തിലുള്ള വായനക്കാരന്റെ മനസ്സോടെയാണ് എഴുതേണ്ടത്. അവർ മതത്തെ കുറിച്ച് സമൂഹമാധ്യമത്തെക്കുറിച്ചൊക്കെ എന്താണ് ചിന്തിക്കുന്നത്. അവരുടെ ഉള്ളിലെ ചിന്തകളിലേക്ക് എന്നെ മാറ്റേണ്ടിവന്നു.

എന്റെ പതിനാലാം വയസ്സിൽ ലോകം വ്യത്യസ്തമായിരുന്നു. എഐ, സോഷ്യൽമീഡിയ തുടങ്ങിയവകൊണ്ട് ഇന്ന് ഈ ലോകം പൂരിതമമാണ്. എന്റെ കൗമാരത്തിൽ 24 മണിക്കൂറും ഞാൻ ഗാഡ്ജറ്റിനോട് ഒട്ടിയിരുന്നിട്ടില്ല. അന്ന് കുറേയേറെ പൊരുതേണ്ടിവന്നിട്ടുണ്ട്. നിരീക്ഷണത്തിലൂടെ കേൾവിയിലൂടെയാണ് കടന്നുപോയത്.  അതുകൊണ്ട് പുതിയ തലമുറയുടെ ഭാഷയിൽ ഒരു പുതിയ പുസ്തകം എന്നത് എന്നെ സംബന്ധിച്ച് ഒരു പരീക്ഷണമാണ്.

horthus-new-jpeg

ഞാൻ ഹൈസ്കൂളിൽ കവിതകൾ വായിക്കുമ്പോൾ ഒരു താൽപര്യവും തോന്നിയിട്ടില്ല. അന്നു പഠിച്ച കവിതകളെല്ലാം ‘ഓൾഡ് വൈറ്റ് ഡെഡ്മെൻ പോയട്രി’ എന്നാണ് തോന്നിയത്. പുതിയ ഭാഷ കണ്ടെത്തി എഴുതുകയെന്നത് പുതുമയാണ്.

മലയാളമനോരമ ഹോർത്തൂസിനെത്തുമ്പോൾ മനസിലുള്ള പ്രതീക്ഷകൾ എന്താണ് ?

∙ ലോകത്തിന്റെ ഈ ഭാഗത്ത് കവിതയിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാവുള്ള കൗതകത്തോടെയാണ് ഞാൻ ഹോർത്തൂസിനു വരുന്നത്. എനിക്ക് പരിചയമില്ലാത്ത ഇവിടുത്തെ ഭാഷയിൽ കവിതയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ആഗ്രഹത്തോടെയാണ് വന്നിരിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ വായനക്കാർ സാഹിത്യത്തോട് ഇടപെടുന്നത് എങ്ങനെയാണെന്ന് എനിക്ക് അനുഭവിച്ചറിയണം. ഇത് സാഹിത്യത്തിന്റെയും ഭക്ഷണത്തിന്റെയും നാടാണല്ലോ. ഞാൻ ഇവിടെയെത്തിയ ശേഷം വാഴയിലയിൽ കൈകൊണ്ട് ചോറുണ്ടു. ഇവിടുത്തെ എരിവുള്ള ഭക്ഷണം എനിക്ക് ഇഷ്ടപ്പെട്ടു.

നാട്ടിലേക്ക് തിരികെ പോവുമ്പോൾ എന്തായിരിക്കും കൂടെ കൊണ്ടുപോവുക?

∙ ഈ നാട്ടിലെ ആതിഥേയത്വവും ഊഷ്മളതയുമൊക്കെ അനുഭവിക്കുമ്പോൾ സ്വന്തം വീട്ടിൽ എത്തിപ്പെട്ടതായാണ് എനിക്കു തോന്നുന്നത്. സ്വന്തം നാട്ടിൽ നിൽക്കുന്നതായാണ് എനിക്കു തോന്നുന്നത്. ഇവിടെ വണ്ടിയിൽ കയറാൻ പേടിയാണ്. ഞാനിത്രയും കാലം വിചാരിച്ചത് എന്റെ നാട്ടിലാണ് ഇത്രയേറെ അപകടകരമായി വണ്ടിയോടിക്കുന്നത് എന്നാണ്. ഓരോ ബസ്സും ട്രക്കുമൊക്കെ ഞങ്ങളുടെ കാറിനുനേരെ വരുന്നു. ഇതൊക്കെ സാധാരണമാണ് എന്ന രീതിയിൽ ഡ്രൈവർ കാറോടിക്കുന്നു. ഈ അനുഭവങ്ങളൊക്കെ ഞാനെന്റെ കൂടെകൊണ്ടുപോകും.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

Koleka putuma speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com