തമാശ ഒരിക്കലും മറ്റൊരാളെ മുറിപ്പെടുത്തരുത്; നന്ദി ഫെയ്സ്ബുക്കിൽ ഹഹ സ്മൈലി ഞെക്കിപ്പൊട്ടിച്ചവർക്ക്
തന്റെ തന്നെ ഉള്ളിലേക്കു നോക്കിയുള്ള ചിരിയാണ് ജിനേഷിന്റെ എഴുത്തിന്റെ കാതൽ. ജിനേഷിന്റെ സ്വഭാവത്തിന്റെ, ജീവിതരീതികളുടെ എല്ലാം ഏറ്റവും വലിയ വിമർശകൻ ജിനേഷ് തന്നെയാണ്. കണ്ണുപൊട്ടുന്ന ആ സ്വയം വിമർശനത്തിന് അതിരൊട്ടുമില്ലതാനും.
തന്റെ തന്നെ ഉള്ളിലേക്കു നോക്കിയുള്ള ചിരിയാണ് ജിനേഷിന്റെ എഴുത്തിന്റെ കാതൽ. ജിനേഷിന്റെ സ്വഭാവത്തിന്റെ, ജീവിതരീതികളുടെ എല്ലാം ഏറ്റവും വലിയ വിമർശകൻ ജിനേഷ് തന്നെയാണ്. കണ്ണുപൊട്ടുന്ന ആ സ്വയം വിമർശനത്തിന് അതിരൊട്ടുമില്ലതാനും.
തന്റെ തന്നെ ഉള്ളിലേക്കു നോക്കിയുള്ള ചിരിയാണ് ജിനേഷിന്റെ എഴുത്തിന്റെ കാതൽ. ജിനേഷിന്റെ സ്വഭാവത്തിന്റെ, ജീവിതരീതികളുടെ എല്ലാം ഏറ്റവും വലിയ വിമർശകൻ ജിനേഷ് തന്നെയാണ്. കണ്ണുപൊട്ടുന്ന ആ സ്വയം വിമർശനത്തിന് അതിരൊട്ടുമില്ലതാനും.
മാർക്കറ്റിങ് എക്സിക്കുട്ടൻ, യോഗ ഒരു അഭ്യാസമായപ്പോൾ, പ്രേമം ദുഃഖമാണുണ്ണീ സഹോദരനല്ലോ സുഖപ്രദം, ഒരു പുതുവർഷ വാൾ വീശൽ, മെൻസ് ഹോട്ടലിലെ കുക്കറേട്ടൻ, നോൺ വർക്കിസം, ലൈഫ് ഈസ് ലേസിഫുൾ, ഹെഡ്ഫോൺ എന്ന കുന്തപ്പിനാണ്ടി, എന്റെ സ്കൂളാന്വേഷണ പരീക്ഷണങ്ങൾ, രാഷ്ട്ര നിർമാണം നടത്തുന്ന സുന്ദരി എന്നീ തലക്കെട്ടുകൾ വായിക്കുമ്പോൾ തന്നെ പുസ്തകത്തെപ്പറ്റി നമ്മുടെ മനസ്സിലൊരു ചിത്രം കിട്ടും. എന്നാലതിനെ കവച്ചുവയ്ക്കുന്ന വായനാനുഭവമാണു കാത്തിരിക്കുന്നത്. ജിനേഷ് ദേവസ്യ എഴുതിയ ‘രാഷ്ട്രനിർമാണം നടത്തുന്ന സുന്ദരി’ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്ന പുസ്തകമാണ്. അതിനൊപ്പം ആർദ്രമായ ചില ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ച കൂടി പകരാൻ ജിനേഷിനാകുന്നുണ്ട്. 2014 മുതൽ ജിനേഷ് ഫെയ്സ്ബുക്കിലെഴുതുന്ന കുറിപ്പുകളുടെ സമാഹാരണമാണ് തൃശൂർ ഐവറി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകം.
62 അധ്യായങ്ങൾ. ജിനേഷിന്റെ തന്നെ ഭാഷ കടമെടുത്തു പറഞ്ഞാൽ ഏഴ് അധ്യായം കൂടി എഴുതി 69 ആക്കിയിരുന്നെങ്കിൽ സംഗതി അൽപംകൂടി ഗുമ്മായേനേ. തന്റെ തന്നെ ഉള്ളിലേക്കു നോക്കിയുള്ള ചിരിയാണ് ജിനേഷിന്റെ എഴുത്തിന്റെ കാതൽ. ജിനേഷിന്റെ സ്വഭാവത്തിന്റെ, ജീവിതരീതികളുടെ എല്ലാം ഏറ്റവും വലിയ വിമർശകൻ ജിനേഷ് തന്നെയാണ്. കണ്ണുപൊട്ടുന്ന ആ സ്വയം വിമർശനത്തിന് അതിരൊട്ടുമില്ലതാനും. എയ്റ്റീസ് കിഡ്സ് അവരുടെ കുട്ടിക്കാലത്തും യൗവനത്തിലും അനുഭവിച്ച സവിശേഷ അനുഭവപരിസരമാണ് ഈ കുറിപ്പുകളെ ആസ്വാദ്യമാക്കുന്ന മറ്റൊരു ഘടകം.
ഏണിപ്പുറത്ത് ബാലൻസ് കെ. നായരായി നിന്നു ജോലി ചെയ്യുന്ന മേസ്തിരി, കലുങ്കുകളിൽ മണിക്കൂറുകളോളം ഇരിക്കുന്നതിന്റെ സമ്മർദം തുള വീഴിച്ച കൈലികൾ, നാട്ടിലെ ഏറ്റവും കോമഡി റബറിനുള്ള പടിഞ്ഞാറേടത്തമ്മ അവാർഡ് കിട്ടിയ മരം, തേങ്ങയേക്കാൾ എണ്ണത്തിൽ കൂടുതലുള്ള ബിഎ ഇക്കണോമിക്സുകാർ, അന്നനാളത്തിലേക്ക് വ്യാപിക്കുന്ന ഉച്ച, ഉച്ചര, ഉച്ചേമുക്കാൽ വിശപ്പ്, പ്രേംനസീറിന്റെ മുത്തച്ഛന്റെ അമ്മാവന്റെ പ്രായമുള്ള യഹൂദയായിലെ ഒരു ഗ്രാമത്തിൽ എന്ന ഗാനം, സിന്ധൂനദീതട സംസ്കാര കാലം മുതലേ ഇവിടെയുള്ള നോൺ വർക്കികൾ തുടങ്ങിയ പുസ്തകത്തിലെ പ്രയോഗങ്ങളൊക്കെ വെറും സാംപിൾ. വായിച്ചതിലേറെയുണ്ട് ആ മനസ്സിലെന്ന് ജിനേഷുമായി എഴുത്തിനെക്കുറിച്ചും ചിരിയെക്കുറിച്ചും സംസാരിച്ചപ്പോൾ മനസ്സിലായി.
∙ആത്മവിമർശനമാണ് ജിനേഷിന്റെ എഴുത്തിന്റെ മുഖമുദ്ര. തന്നെത്തന്നെ പരിഹസിക്കാനും ചീത്തവിളിക്കാനും അത്ര എളുപ്പമല്ല. രാഷ്ട്രനിർമാണം നടത്തുന്ന സുന്ദരി എന്ന പുസ്തകത്തിലെ 62 കുറിപ്പുകളിൽ ഭൂരിഭാഗത്തിലും ജിനേഷ് തന്നെത്തന്നെയാണ് കളിയാക്കുന്നത്. മറ്റുള്ളവരിലേക്ക് ആ പരിഹാസം പിന്നീടേ വരുന്നുള്ളൂ. അതേപ്പറ്റി പറയാമോ?
അങ്ങനെയൊരു ആത്മവിമർശനം ഒരിക്കലും ബോധപൂർവം രൂപപ്പെടുത്തിയെടുത്തതല്ല. കുറിപ്പുകളിലെ കേന്ദ്രകഥാപാത്രം ഞാനായതുകൊണ്ട് അത് ആത്മവിമർശനമായി മാറി എന്നേയുള്ളു. പിന്നെ, തമാശ എപ്പോഴും അതിൽ കഥാപാത്രമായി വരുന്നവർക്ക് കൂടി ആസ്വദിക്കാൻ കഴിയുന്നതാകണം. അതൊരിക്കലും ഒരാളെ മുറിപ്പെടുത്തുന്നതോ പരിഹസിക്കുന്നതോ ആകരുതെന്നാണ് എന്റെ വിശ്വാസം. എന്നെ സംബന്ധിച്ച് ഈ കുറിപ്പുകളൊക്കെ എനിക്ക് കൂടി ആസ്വദിക്കാൻ കഴിയുന്നതാണ്.
∙ഒരുപാട് ജോലികൾ, ജോലിക്കായുള്ള വിവിധ ശ്രമങ്ങൾ. കുറിപ്പുകളിലും ജിനേഷിന്റെ ജീവിതത്തിന്റെ ആ വശം കൃത്യമായി അവതരിപ്പിക്കുന്നുണ്ട്. ജീവിതാനുഭവങ്ങൾ തന്നെയാണോ എഴുത്തിലേക്ക് നയിച്ചത്?
ഫെയ്സ്ബുക്കിൽ സജീവമായപ്പോഴാണ് ഞാൻ എന്റെ തന്നെ അനുഭവകഥകൾ എഴുതിത്തുടങ്ങിയത്. 2014ലാണ് ഈ എഴുത്തുകൾ തുടങ്ങിയതെന്ന് തോന്നുന്നു. അത് പലരെയും ചിരിപ്പിക്കുകയും സന്തോഷം പകരുകയും ചെയ്യുന്നുണ്ടെന്ന് കണ്ടപ്പോൾ കൂടുതൽ അനുഭവകഥകൾ എഴുതാൻ തുടങ്ങി. ഒരുപാട് സ്ഥലത്ത് ജോലി ചെയ്തതും ജോലി തേടി നടന്നതുമൊക്കെ പ്രഫഷനൽ ജീവിതത്തിൽ ക്ഷീണം ചെയ്തെങ്കിലും അനുഭവക്കാര്യത്തിൽ എന്നെ സമ്പന്നനാക്കി. സത്യത്തിൽ ഒട്ടും സെറ്റിലാകാതെയുള്ള പരക്കംപാച്ചിലാണ് കഥകളുടെ മൂലധനം. പിന്നെ നന്ദി പറയാനുള്ളത് ഫെയ്സ്ബുക്കിൽ ‘ഹഹ’ സ്മൈലി ഞെക്കിപ്പൊട്ടിച്ച സുഹൃത്തുക്കളോടാണ്. അവരില്ലെങ്കിൽ ഈ പുസ്തകം ഇറങ്ങില്ലായിരുന്നു.
∙‘തോറ്റ ജനതയല്ല നാം’. ജിനേഷിന്റെ യുണീക് ആയ ആ സൈനിങ് ഓഫ് രൂപപ്പെട്ടത് എങ്ങനെയാണ്?
സത്യത്തിൽ ആ പ്രയോഗം ഏതോ ഒരു പോസ്റ്റിൽ യാദൃച്ഛികമായി സംഭവിച്ചതാണ്. പൊതുവിൽ നമ്മൾ ഗൗരവത്തിൽ നടത്തുന്ന ഒരു പ്രയോഗമാണല്ലോ അത്. ഞാനതിനെ തമാശയുള്ള ചില സന്ദർഭങ്ങളിൽ ഉപയോഗിച്ചു തുടങ്ങി. പിന്നീടത് സമാനസ്വഭാവമുള്ള പോസ്റ്റുകളിലെ ഒരു സ്ഥിരം പുള്ളിയായി മാറി. ഇപ്പോൾ മറ്റുള്ളവരും ആ പ്രയോഗം നടത്തുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.
∙ഫെയ്സ്ബുക് ഭാഷയാണ് ജിനേഷിന്റെ കുറിപ്പുകൾക്കുള്ളത്. സമൂഹമാധ്യമ സമൂഹത്തെയാണ് അവ അഡ്രസ് ചെയ്യുന്നത്. അതു പുസ്തകമാക്കുമ്പോൾ സ്വീകരിക്കപ്പെടുമോയെന്ന ആശങ്കയുണ്ടായിരുന്നോ?
ഉണ്ടായിരുന്നു. പക്ഷേ, എഴുത്തിന് ഏതെങ്കിലും നിർദ്ദിഷ്ട ശൈലിയോ വരേണ്യതയോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഫെയ്സ്ബുക്കിലുള്ള സമൂഹം തന്നെയാണ് പുറത്തുമുള്ളത്. പുസ്തകം നല്ലതാണെങ്കിൽ സ്വീകരിക്കപ്പെടുമെന്ന വിശ്വാസമുണ്ടായിരുന്നു. മികച്ച പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. ഏതെങ്കിലും ഒരു ടാർഗറ്റ് എണ്ണം വച്ചായിരുന്നില്ല പുസ്തകം ആലോചിച്ചത്.
∙സമൂഹമാധ്യമത്തിൽ എഴുതിക്കൊണ്ടിരിക്കുന്ന ജിനേഷിന് യഥാർഥത്തിൽ പുസ്തകം വേണമെന്ന തോന്നലുണ്ടായത് എന്തുകൊണ്ടാണ്?
ഫെയ്സ്ബുക്ക് സുഹൃത്തുക്കളിൽ ചിലരിൽ നിന്ന് ഇങ്ങനെയൊരു ആവശ്യം പലപ്പോഴായി ഉണ്ടായപ്പോഴാണ് എനിക്കും അങ്ങനെയൊരു ചിന്തയുണ്ടായത്. സ്വന്തം പേരിൽ അച്ചടിച്ച ഒരു പുസ്തകം വേണമെന്ന തോന്നൽ അതോടെ ശക്തമായി. പോസ്റ്റുകൾ തപ്പിയെടുക്കുക ശ്രമകരമായിരുന്നു. പുസ്തകം യാഥാർഥ്യമാകുന്നതിന് പിന്നിൽ പല സുഹൃത്തുക്കളുടെയും സഹായമുണ്ട്.
∙ജിനേഷിന്റെ കുറിപ്പുകൾക്ക് മൊത്തത്തിൽ ഒരു ആൺനോട്ടമാണുള്ളത്, അതായത് അവ കുറേയൊക്കെ സ്ത്രീകളെ ഒബ്ജക്റ്റിഫൈ ചെയ്യുന്നുണ്ട് എന്നൊരു വിമർശനമുന്നയിച്ചാൽ?
ആ വിമർശനം ഞാൻ സ്വീകരിക്കുന്നു. ചില പോസ്റ്റുകളിൽ, പ്രത്യേകിച്ച് ആദ്യകാലത്ത് എഴുതിയവയിൽ അങ്ങനെ കടന്നുവന്നിട്ടുണ്ടാകാം. ഇത്തരം കാര്യങ്ങളിലൊക്കെ തിരുത്തലുകൾ ആവശ്യമാണ്. തീർച്ചയായും ഇനിയൊരു ബുക്ക് സംഭവിക്കുകയാണെങ്കിൽ ഇത്തരമൊരു വിമർശനത്തിന് ഇടനൽകില്ലെന്ന് ഉറപ്പുതരുന്നു.
∙മലയാളത്തിൽ ജിനേഷ് പിന്തുടരുന്ന എഴുത്തുകാർ ആരാണ്?
ബഷീറാണ് മലയാളത്തിലെന്നല്ല ലോകത്ത് തന്നെ എന്റെ ഓൾടൈം ഫേവറിറ്റ്. ബഷീറിന്റെ കൃതികൾ ഇപ്പോഴും കിട്ടിയാൽ ആവർത്തിച്ച് വായിക്കാറുണ്ട്. നിലവിൽ എസ്. ഹരീഷ്, വിനോയ് തോമസ് എന്നിവരുടെ എഴുത്തുകളാണ് കൂടുതൽ പ്രിയം.
∙മലയാളിയുടെ സമൂഹമാധ്യമ ഇടപെടലുകളെപ്പറ്റി എന്താണ് അഭിപ്രായം?
അതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയേണ്ട ആളാണ് ഞാനെന്ന് കരുതുന്നില്ല. നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദം എന്ന നിലയിൽ സമൂഹത്തിലുള്ള പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിലുമുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ സമൂഹമാധ്യമം വിപ്ലവകരമായ മാറ്റങ്ങൾ തന്നെ കൊണ്ടുവന്നെന്നാണ് ഞാൻ കരുതുന്നത്.
∙രണ്ടായിരത്തിനു ശേഷം ബ്ലോഗ്, രണ്ടായിരത്തി പത്തിനു ശേഷം ഫെയ്സ്ബുക്, രണ്ടായിരത്തി ഇരുപതിനുശേഷം വ്ലോഗ്, ഇൻസ്റ്റഗ്രാം. ഇവ വായനയെയും എഴുത്തിനെയും എങ്ങനെയൊക്കെ മാറ്റിമറിച്ചു?
അതത് കാലങ്ങളിലുണ്ടാകുന്ന സാങ്കേതികവിദ്യയിലെ അപ്ഡേഷൻ വളരെ പോസിറ്റീവായ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. ബ്ലോഗ് കാലത്തിൽ നിന്നും ഇൻസ്റ്റ കാലത്തിലെത്തി നിൽക്കുമ്പോൾ സോഷ്യൽ മീഡിയ സാധ്യതകളുടെ അനന്ത വിഹായസാണ് തുറന്നുവച്ചിരിക്കുന്നത്. എഴുത്തിനെയും വായനയെയും കുറിച്ച് പറയുകയാണെങ്കിൽ ബ്ലോഗ് കാലം മുതൽ ഇന്നുവരെ സോഷ്യൽ മീഡിയ ഏതൊരാൾക്കും ആരെയും ഭയക്കാതെ സ്വന്തം അഭിപ്രായം പറയാനുള്ള വേദിയാണ് ഒരുക്കിയിട്ടുള്ളത്. എഡിറ്ററുടെ കത്രിക ഇല്ലാതെ ആർക്കും എഴുതാവുന്നത് എഴുത്തിനെ ഏറെ ജനകീയമാക്കുകയും സാഹിത്യം ഏതെങ്കിലും വരേണ്യ വിഭാഗത്തിന്റെ കുത്തകയല്ലെന്നുള്ള പ്രഖ്യാപനവുമാണ് നടത്തിയിട്ടുള്ളത്.
∙ജിനേഷ് സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നവർ ആരൊക്കെ?
അങ്ങനെ ആരെയും പ്രത്യേകമായി പിന്തുടരുന്നില്ല.