രഹസ്യ പ്രപഞ്ചത്തിന്റെ പൂട്ടു തുറന്ന സാഹിത്യകാരൻ; എഴുത്തിന്റെ 25 വർഷങ്ങളെക്കുറിച്ച് വി. ജെ. ജയിംസ്
മലയാള സാഹിത്യത്തിന് നിർണായക സംഭാവനകൾ നൽകിയ സാഹിത്യകാരനാണ് വി.ജെ. ജയിംസ്. 1999ൽ പുറപ്പാടിന്റെ പുസ്‌തകം എന്ന കൃതിയിലൂടെ രചനാരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ചോരശാസ്‌ത്രം, ദത്താപഹാരം, ലെയ്‌ക്ക, നിരീശ്വരൻ, ആന്റിക്ലോക്ക്, പ്രണയോപനിഷത്ത് തുടങ്ങി നിരവധി
മലയാള സാഹിത്യത്തിന് നിർണായക സംഭാവനകൾ നൽകിയ സാഹിത്യകാരനാണ് വി.ജെ. ജയിംസ്. 1999ൽ പുറപ്പാടിന്റെ പുസ്‌തകം എന്ന കൃതിയിലൂടെ രചനാരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ചോരശാസ്‌ത്രം, ദത്താപഹാരം, ലെയ്‌ക്ക, നിരീശ്വരൻ, ആന്റിക്ലോക്ക്, പ്രണയോപനിഷത്ത് തുടങ്ങി നിരവധി
മലയാള സാഹിത്യത്തിന് നിർണായക സംഭാവനകൾ നൽകിയ സാഹിത്യകാരനാണ് വി.ജെ. ജയിംസ്. 1999ൽ പുറപ്പാടിന്റെ പുസ്‌തകം എന്ന കൃതിയിലൂടെ രചനാരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ചോരശാസ്‌ത്രം, ദത്താപഹാരം, ലെയ്‌ക്ക, നിരീശ്വരൻ, ആന്റിക്ലോക്ക്, പ്രണയോപനിഷത്ത് തുടങ്ങി നിരവധി
മലയാള സാഹിത്യത്തിന് നിർണായക സംഭാവനകൾ നൽകിയ സാഹിത്യകാരനാണ് വി.ജെ. ജയിംസ്. 1999ൽ പുറപ്പാടിന്റെ പുസ്‌തകം എന്ന കൃതിയിലൂടെ രചനാരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ചോരശാസ്‌ത്രം, ദത്താപഹാരം, ലെയ്‌ക്ക, നിരീശ്വരൻ, ആന്റിക്ലോക്ക്, ഒറ്റക്കാലൻ കാക്ക എന്നീ നോവലുകളിലൂടെയും പ്രണയോപനിഷത്ത്, ബി നിലവറ, വൈറ്റ് സൗണ്ട് തുടങ്ങി ഏഴ് കഥാസമാഹാരങ്ങളിലൂടെയും നിരൂപക പ്രശംസയും അർപ്പണബോധമുള്ള വായനക്കാരെയും നേടിയെടുത്തു. വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ഔദ്യോഗികജീവിതം നയിച്ച വി.ജെ. ജയിംസ് കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബഷീർ പുരസ്‌കാരം എന്നിങ്ങനെ അനേകം പുരസ്കാരങ്ങൾ കരസ്ഥമാക്കി. ആന്റിക്ലോക്കിന്റെ ഇംഗ്ലിഷ് പരിഭാഷ 2021-ലെ ജെസിബി സാഹിത്യപുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടുകയും ചെയ്തു. എഴുത്തിന്റെ 25 വർഷങ്ങൾ പിന്നിട്ട അദ്ദേഹം മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
∙ ആദ്യ കൃതിയായ 'പുറപ്പാടിന്റെ പുസ്തകം' ഇറങ്ങിയിട്ട് 2024ൽ 25 വർഷം തികഞ്ഞു. നിരവധി രചനകളിലൂടെയും പുരസ്കാരങ്ങളിലൂടെയും കടന്നു പോയ കഴിഞ്ഞ 25 വർഷങ്ങളുടെ തുടക്കമായിരുന്നു ഇത്. പുസ്തകത്തിന് ഇങ്ങനെ ഒരു സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ? ആ പുസ്തകത്തിലേക്ക് എത്തിയത് എങ്ങനെ?
'പുറപ്പാടിന്റെ പുസ്തകത്തിന്റെ' എഴുത്ത് തുടങ്ങുന്ന കാലത്ത് എവിടെയെങ്കിലും എത്തുമെന്നോ എഴുത്തുകാരനായി തീരുമെന്നോ ഒരുറപ്പും ഉണ്ടായിരുന്നില്ല. എന്നാൽ, എഴുതി തുടങ്ങിയപ്പോൾ ഞാൻ അതിൽ അങ്ങേയറ്റം ആത്മാർഥമായി തന്നെ ഇടപെട്ടു. ഔദ്യോഗികവും മറ്റുമായ ഉത്തരവാദിത്വങ്ങൾ മൂലം ഏതാണ്ട് 12 വർഷം വേണ്ടി വന്നു അത് പൂർത്തീകരിക്കാൻ. ഒരു കൃതി എഴുതുമ്പോൾ അത് പരമാവധി ശ്രദ്ധയോടുകൂടി എഡിറ്റ് ചെയ്യണം എന്നൊരു നിർബ്ബന്ധവും ഉണ്ടായിരുന്നു. ഇന്നൊക്കെ വേണമെങ്കിൽ വോയ്സിലൂടെ വരെ എഴുതുകയും എഡിറ്റ് ചെയ്യുകയും ആവാം.
അന്നു പക്ഷേ കൈകൊണ്ടു തന്നെ എഴുതണം എന്നതിനാൽ നല്ല ക്ഷമയും ശ്രമവും വേണ്ടിയിരുന്നു. തുടക്കക്കാരൻ ആണെന്ന ഒറ്റ കാരണത്താൽ നോവൽ പ്രസിദ്ധീകരിക്കാനുള്ള ഏതാനും ശ്രമങ്ങൾ ഫലം കാണാതെ നിരാശപ്പെട്ട സമയത്താണ് ഒരു നോവൽ മത്സരം നടത്തുന്നതറിഞ്ഞതും അതിന് അയച്ചു കൊടുത്ത് കൃതി സമ്മാനിതമാകുന്നതും. ഒ. എൻ. വി, സുകുമാർ അഴിക്കോട്, ടി. പദ്മനാഭൻ, സക്കറിയ, പുനത്തിൽ തുടങ്ങി മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാർ അണിനിരന്ന വേദിയിൽ വച്ച് അരുന്ധതി റോയിയിൽ നിന്നാണ് ആ അവാർഡ് ഏറ്റുവാങ്ങിയത്. എഴുത്തു ജീവിതത്തിൽ ഞാൻ മാനസഗുരുവായി സ്വീകരിച്ചിരുന്ന ഒ. വി. വിജയനാണ് എനിക്കുള്ള അവാർഡ് ശിൽപം രൂപകൽപ്പന ചെയ്തത്. പ്രശസ്തി പത്രം തന്ന് മാധവിക്കുട്ടി തലയിൽ കൈയ്യിൽ വച്ചനുഗ്രഹിച്ചത് മറക്കാനാവില്ല.
ഒരിക്കൽ ഡോ. പി. ആർ. ജയശീലൻ മാഷ് വികെഎന്നിനെ ഇന്റർവ്യൂ ചെയ്യാൻ പോയ കാര്യത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്, പുതിയ തലമുറയിൽ പ്രതീക്ഷയുള്ള എഴുത്തുകാരൻ ആരെന്ന് ചോദിച്ചപ്പോൾ വി. കെ. എൻ പറഞ്ഞുവത്രേ, "സംശ്യന്ത്? ചെയിംസൻ, ചോരശാസ്ത്രം...!" ജയിംസിനെ ചെയിംസൻ ആക്കിയ അദ്ദേഹത്തിന്റെ നർമ്മഭാവനയും എന്നെക്കുറിച്ചുള്ള പ്രതീക്ഷയും വൈകിയാണെങ്കിലും അറിഞ്ഞപ്പോൾ ഞാനേറെ ആരാധനയോടെ കണ്ടിരുന്ന എഴുത്തുകാരന്റെ അനുഗ്രഹമായിട്ടാണ് അനുഭവപ്പെട്ടത്. ഇപ്പോൾ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചിട്ട് 25 വർഷം പൂർത്തിയാകുമ്പോൾ, ഈ വർഷം തന്നെ പെൻഗ്വിൻ ബുക്സിലൂടെ 'പുറപ്പാടിന്റെ പുസ്തകം' ഇംഗ്ലിഷിൽ പ്രസിദ്ധീകൃതമായി എന്നതും സന്തോഷം നൽകുന്നു.
∙ സാധാരണ കഥാഖ്യാനത്തിന്റെയോ കഥാപാത്രങ്ങളുടെയോ രീതിയെ അല്ല താങ്കളുടേത്. നോട്ടംകൊണ്ടു പൂട്ടു തുറക്കുന്ന കള്ളൻ, ഇന്ദ്രിയങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന 'ദത്താപഹാര'ത്തിലെയും 'നിരീശ്വര'നിലെയും കഥാപാത്രങ്ങൾ... എങ്ങനെയാണ് ഇത്രയും വ്യത്യസ്തത വരുന്നത്?
വ്യത്യസ്തത ഉണ്ടെങ്കിൽ അത് സ്വയം സംഭവിക്കുന്നതാണ്. ഒരേ പാതയിലൂടെ നിരന്തരം സഞ്ചരിച്ചാൽ യാത്രയുടെ ത്രില്ല് അനുഭവിക്കാനാവില്ല. എഴുത്തിലും അങ്ങനെ തന്നെയാണ്. വ്യത്യസ്തതയാണ് എഴുത്തുകാരനെ ആനന്ദിപ്പിക്കുന്നത്. ഐഎസ്ആർഒയിൽ എൻജിനീയറായിരുന്ന സമയത്ത് ടെക്നിക്കൽ ആവശ്യങ്ങൾക്കായി വി.എസ്.എസ്.സി യിലെ ലൈബ്രറിയിൽ റഫറൻസ് ഗ്രന്ഥങ്ങൾ പരിശോധിക്കുന്നതിനിടെയാണ് യാദൃച്ഛികമായി പുരാതന ഭാരതീയ ശാസ്ത്രങ്ങളെക്കുറിച്ചുള്ള ഒരു ഗ്രന്ഥം കാണുന്നത്. കനകശക്തി എന്ന മുനി 'ചോരശാസ്ത്രം' എന്ന കളവിന്റെ ശാസ്ത്രഗ്രന്ഥം എഴുതിയിരുന്നുവെന്നും ചോരശാസ്ത്രത്തിന്റെ ദേവൻ സുബ്രഹ്മണ്യനാണെന്നും അതിൽ നിന്ന് വായിച്ചപ്പോൾ എനിക്ക് അമ്പരപ്പ് തോന്നി. എന്നാൽ, അതിൽ നിന്ന് ഒരു കഥയോ നോവലോ രൂപപ്പെടുത്താമെന്ന് ആലോചിച്ചതേ അല്ല. പിന്നീടൊരു ദിവസം പാതിരാത്രി കഴിഞ്ഞ നേരം വീടിന്റെ വാതിൽ ആരോ കള്ളത്താക്കോലിട്ട് തുറക്കുന്ന പോലെ തോന്നി. എഴുന്നേറ്റ് കതകിന്റെ പൂട്ടിലേക്ക് ടോർച്ചടിച്ച് നോക്കിയ നിമിഷമാണ് "നോട്ടം കൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ” എന്ന വിചാരം മനസ്സിൽ വന്നു വീഴുന്നതും 'ചോരശാസ്ത്ര'മെന്ന നോവൽ പിറക്കുന്നതും. അന്ന് ആ നിമിഷം എഴുത്ത് തുടങ്ങി.
എഴുത്തിനിടെ ജ്ഞാനത്തിന്റെ ദേവനായ സുബ്രഹ്മണ്യൻ എന്തുകൊണ്ട് ചോരശാസ്ത്രമെന്ന അധമ കർമ്മത്തിന്റെ ദേവനായിരിക്കുന്നു എന്ന ചോദ്യം എന്റെ ഉള്ളിലുണ്ടായി. അതിന്റെ ഉത്തരം തേടലാണ് വാസ്തവത്തിൽ ചോരശാസ്ത്രത്തിന്റെ അവസാന ഭാഗം എഴുതി പൂർത്തിയാക്കാൻ എന്നെ തുണച്ചത്. കള്ളൻ അകപ്പെടുന്ന നിലയറ അത്യാഗ്രഹികളായ ഓരോ മനുഷ്യന്റെയും ഉള്ളിലുള്ളത് തന്നെ. ഒടുവിൽ നിസ്സഹായതയുടെ മുനമ്പിൽ നിന്നുകൊണ്ട് സ്വന്തം ഞാൻ ഭാവത്തെ പൂർണമായി വെടിയുന്ന നേരം പത്താം വാതിൽ തുറന്നു കിട്ടുകയാണ് കള്ളന്. അതോടെ ആരുടെയും ഒന്നുമിനി മോഷ്ടിക്കാൻ ഇല്ലാത്ത മനോനിലയിൽ എത്തുന്നു കള്ളൻ. ജ്ഞാന ദേവതയായ സുബ്രഹ്മണ്യൻ കളവിന്റെ ദേവനായിരിക്കുന്നതിന്റെ മർമ്മം അവിടെയാണ് എനിക്കും തുറന്നു കിട്ടിയത്. ഒൻപത് അറകളെയും കടന്ന് പത്താം വാതിൽ തുറന്നു കിട്ടുമ്പോൾ കള്ളനിലും ജ്ഞാനസ്നാനം സംഭവിക്കുന്നു.
മതപരമായ ചട്ടക്കൂടുകളിൽ മാത്രം കുടുങ്ങിക്കിടക്കാതെ അതിനപ്പുറം കടന്ന് ചെല്ലുന്നതാണ് യഥാർഥ ആത്മീയത. നമ്മുടെ ശരീരത്തിലെ കോടാനുകോടി കോശങ്ങളെയും അവയവങ്ങളെയും രക്തചംക്രമണ വ്യവസ്ഥയെയും ഒക്കെ ഏകോപിപ്പിക്കുന്ന ഒരു മഹാബോധം നാമറിയാതെ നമ്മിൽ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. അതേ ബോധം തന്നെയാണ് പ്രകൃതിയിലും സ്ഫുരിക്കുന്നത് എന്ന ആത്മീയതയാണ് 'ദത്താപഹാരം' എന്ന നോവലിൽ കടന്നുവരുന്നത്. ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും മാത്രമായി നാം പരിമിതപ്പെട്ടു പോകുന്ന ഒരു അവസ്ഥയിൽ നമുക്കുണ്ടാവുന്ന കാഴ്ചപ്പാടാണ് വിശ്വാസവും അവിശ്വാസവും. ഈ പരിമിതികളെ അതിജീവിക്കുമ്പോൾ ലഭ്യമാകുന്ന മൂന്നാംകാഴ്ചയാണ് 'നിരീശ്വരൻ' എന്ന നോവലിലേക്ക് എന്നെ എത്തിച്ചു ചേർത്തത്.
∙ ജ്ഞാനവും ആത്മീയതയും എപ്പോഴും പ്രധാന വിഷയമായി കൃതികളിൽ വരുന്നുണ്ടല്ലോ?
ആത്മീയത എന്നാൽ അവനവനെ സംബന്ധിച്ചത് എന്നർഥം. വാസ്തവത്തിൽ എനിക്ക് ഏറ്റവും കുറച്ച് അറിവല്ലേ എന്നെ കുറിച്ചുളളു. എന്നെ ഞാൻ പൂർണ്ണമായി അറിയലാണ് എല്ലാത്തിനെയും അറിയാനാനുള്ള വഴി. എഴുത്ത് അതുകൊണ്ട് ഒരേ സമയം ആത്മാന്വേഷണവും കണ്ടെത്തലും കൂടിയായി മാറുന്നുണ്ട് എന്നെ സംബന്ധിച്ചിടത്തോളം. ബാഹ്യതകളിൽ മാത്രം അഭിരമിക്കുന്ന കാലത്തോളം ഞാൻ എന്ന പൊങ്ങച്ചത്തിന്റെ പ്രകടനപരത ഒരുവനെ കീഴടക്കി ക്കൊണ്ടിരിക്കും. തന്റെ തന്നെയുള്ളിലെ ആന്തരബോധത്തെ തൊട്ടറിഞ്ഞവർ സ്വയം പ്രദർശന വസ്തുവാക്കി തര്‍ക്കവിതർക്കങ്ങളിൽ ഏർപ്പെടാൻ മുതിരുകയില്ല. പ്രപഞ്ചത്തിൽ കാണുന്ന എല്ലാ വൈജാത്യങ്ങളെയും ഉൾക്കൊള്ളാൻ തക്ക ഒരു നിർമ്മമതയാണത്.
ജനനവും മരണവും നാം നിത്യം കണ്ടുമുട്ടാറുള്ള പ്രതിഭാസങ്ങളാണെങ്കിലും കൃത്യമായി എന്താണവ എന്ന് ആഞ്ഞു ചോദിച്ചാൽ നമ്മൾ കുടുങ്ങി. സമയബോധം നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും എന്താണ് സമയം എന്ന് സൂക്ഷ്മമായി ചിന്തിച്ചാൽ ഉത്തരം മുട്ടും. മനുഷ്യബുദ്ധിക്ക് സാമാന്യ നിലയിൽ വഴങ്ങാത്ത ഇത്തരം പ്രതിഭാസങ്ങളിലൂടെ അന്വേഷിച്ച് ചെല്ലുന്ന ഒരു മനസ്സ് എങ്ങനെയോ എന്നിലുണ്ട്. സ്വാഭാവികമായും ഇവയ്ക്കൊക്കെയുള്ള ഉത്തരമാണ് ആത്മീയത എന്ന് പറയുന്നത്. ശാസ്ത്രത്തിന്റെയും ദർശനത്തിന്റെയും വഴികളിലൂടെ വ്യത്യസ്ത രൂപത്തിൽ കൃതികളിൽ അവ കടന്നുവരുന്നുവെന്ന് മാത്രം.
∙ 25 വർഷമായി സാഹിത്യരംഗത്ത് സജീവമാണ്, ഭാഷയിൽ ഉണ്ടായ മാറ്റത്തെ എങ്ങനെ കാണുന്നു?
അതിപ്പോൾ മാർത്താണ്ഡവർമ്മ ഒക്കെ എഴുതപ്പെട്ടിരുന്ന കാലത്തെ ഭാഷ അല്ലല്ലോ ഇന്ന് ഉപയോഗിക്കുന്നത്. കാലം കൊണ്ട് ഭാഷാപ്രയോഗങ്ങളിൽ മാറ്റം വരിക തന്നെ ചെയ്യും. അടുത്തിടെയായി നമ്മുടെ പുതിയ എഴുത്തുകാര്‍ പ്രാദേശിക ഭാഷകളെ സാഹിത്യത്തിൽ ശക്തമായി അടയാളപ്പെടുത്തുന്നുണ്ട്. അതുപോലെ തുറന്നെഴുത്തുകളും സംഭവിക്കുന്നുണ്ട്. ഓരോ എഴുത്തുകാരനും ഓരോ വ്യത്യസ്ത വ്യക്തിത്വം പുലർത്തുന്നവരാണ്. അതിനനുസരിച്ച് അവർ എഴുത്തിന്റെ രീതിയിലും വ്യത്യസ്തരായി നിലനിൽക്കും.
ഉദാഹരണത്തിന് നിരീശ്വരനിലായാലും ചോരശാസ്ത്രത്തിലായാലും എനിക്ക് രതി സന്ദർഭങ്ങൾ എഴുതേണ്ടതായി വന്നിട്ടുണ്ട്. അതിന്റെ കാവ്യാത്മക ഭംഗിക്കായിരിക്കും എന്നിലെ എഴുത്തുകാരൻ ശ്രദ്ധ കൊടുക്കുന്നത്. വേറൊരാൾ ചിലപ്പോൾ തുറന്ന് എഴുതാനാവും താത്പര്യപ്പെടുക. ഒരേ പ്രകൃതി ദൃശ്യത്തെ രണ്ട് പേര് പെയിന്റ് ചെയ്താല്‍ അവ വ്യത്യസ്തമായിരിക്കും എന്നത് പോലെ എഴുത്തിലുമുണ്ട് വ്യത്യസ്തത. ഒരു വായനക്കാരന് പൂരിപ്പിക്കാനുള്ള, വായനക്കാരന്റെ ഭാവനയെ ഉദ്ദീപിപ്പിക്കാനുള്ള ഇടങ്ങൾ സൃഷ്ടിക്കാൻ ഭാഷയ്ക്ക് കഴിയുന്നുണ്ടോ എന്നതിനാണ് പ്രസക്തി.
∙ ഈ കാലഘട്ടത്തിൽ നിൽക്കുമ്പോൾ, എഴുത്തുകാർക്ക് സ്വന്തമായി പറയാനുള്ള ഇടങ്ങളുണ്ട്. അതേസമയം സ്വീകാര്യതയുടെയും വിമർശനങ്ങളുടെയും അളവും കൂടുതലല്ലേ?
ഇപ്പോഴത്തെ കാലത്തിന്റെ പ്രത്യേകത, സമൂഹമാധ്യമത്തിന്റെ ശക്തമായ സാന്നിദ്ധ്യമാണ്. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ കൂടി അല്ലാതെ തന്നെ ശ്രദ്ധേയരാകാൻ എഴുത്തുകാർക്ക് ഇന്ന് അവസരങ്ങൾ ധാരാളമുണ്ട്. പണ്ടു കാലത്ത് ഒരു കഥയോ നോവലോ എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയണമെങ്കിൽ വായിച്ച ആരെങ്കിലും കത്തയയ്ക്കണം. അതല്ലെങ്കിൽ ഏതെങ്കിലും വാരികയിൽ നിരൂപണം വരണം. ഇന്നങ്ങനെയല്ല. ഏതൊരു വായനക്കാരനും സ്വന്തം അഭിപ്രായം സോഷ്യൽ മീഡിയയിലൂടെ മടി കൂടാതെ പ്രകടിപ്പിക്കാനാവും. ഇതിന് അതിൻ്റേതായ ഗുണവും ദോഷവുമുണ്ട്.
ഒരു സിനിമയെയും കൃതിയെയും അർഹതയ്ക്കും മീതെ പുകഴ്ത്തി ഹൈപ്പ് സൃഷ്ടിക്കാനും അതല്ലെങ്കിൽ മനപ്പൂർവ്വം ഇകഴ്ത്താനും ചിലപ്പോൾ കഴിഞ്ഞെന്നിരിക്കും. ഈ സ്വാതന്ത്ര്യം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണം എന്ന ബോദ്ധ്യം അവനവന് തന്നെ ഉണ്ടാവേണ്ടതാണ്. ചിലതൊക്കെ അങ്ങനെ പാടില്ല എന്ന് നമുക്ക് ആഗ്രഹിക്കാമെങ്കിലും എല്ലാക്കാലത്തും പ്രകൃതി നിലനില്‍ക്കുന്നത് പ്ലസും മൈനസും ചേർന്ന ഒരു ബാലൻസിലാണ്. ഇതുരണ്ടും കൂടി ചേർന്നേ ഈ ലോകം നിലനിൽക്കുള്ളൂ എന്നതിൽ ആശ്വാസം കണ്ടെത്താനേ പറ്റൂ.
∙ അഞ്ചു വർഷത്തിനുള്ളിൽ 5 പുസ്തകങ്ങളുടെ ഇംഗ്ലിഷ് വിവർത്തനങ്ങള്‍ പെൻഗ്വിൻ ബുക്സിലൂടെ. വിഖ്യാത എഴുത്തുകാരൻ റസ്കിൻ ബോണ്ട് ലോക സാഹിത്യത്തിലെ വായിച്ചിരിക്കേണ്ട പത്ത് പുസ്തകങ്ങളുടെ ലിസ്റ്റ് പറയുമ്പോൾ അതിൽ ആന്റിക്ലോക്ക് എന്ന നോവൽ ഇടം പിടിക്കുന്നു. എന്തുതോന്നുന്നു?
പെൻഗ്വിൻ പോലെയുള്ള മുഖ്യ പ്രസാധകരിലൂടെ നിരീശ്വരനും ചോരശാസ്ത്രവും ആന്റിക്ലോക്കും ദത്താപഹാരവും പുറപ്പാടിന്റെ പുസ്തകവും ഇംഗ്ലീഷിൽ പ്രസിദ്ധീകൃതമായത് ഏറെ ചാരിതാർത്ഥ്യം നൽകുന്ന കാര്യമാണ്. മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്ക് വരുമ്പോൾ മൂലകൃതിയിൽ നമ്മൾ സൂക്ഷ്മമായി ഉള്ളടക്കിയിരിക്കുന്ന ചിലത് ചോർന്നു പോകാതിരിക്കാൻ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പരമാവധി കൃത്യത ഉണ്ടാവണമെന്ന ആഗ്രഹം ഉള്ളതിനാൽ പരിഭാഷകരുമായി വളരെ ചേർന്ന് പ്രവർത്തിക്കാൻ ശ്രദ്ധിച്ചിരുന്നു. ഐഎഎസ് ഓഫീസറായ മിനിസ്തിയാണ് എന്റെ നാല് പുസ്തകങ്ങൾ വിവർത്തനം ചെയ്തത്. ഒന്ന് സുഹൃത്തായ മുരളി ജെ. നായർ.
വിവർത്തനം വന്നതുകൊണ്ടുള്ള ഒരു ഗുണം മലയാളത്തിന്റെ ചെറിയ അതിരുകൾ വിട്ട് അത് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്നു എന്നുള്ളതാണ്. ആയിരക്കണക്കിന് പുസ്തകങ്ങൾ വായിച്ചിട്ടുള്ള റസ്കിൻ ബോണ്ട് തന്റെ പ്രിയപ്പെട്ട പത്ത് പുസ്തകങ്ങളിൽ ഒന്നായി ആന്റിക്ലോക്കിനെ ലിസ്റ്റ് ചെയ്തു എന്നത് മലയാളം പോലെയുള്ള ഒരു കുഞ്ഞു ഭാഷയ്ക്ക് ലഭിച്ച ആദരം തന്നെയാണ്. അദ്ദേഹത്തെ പോലെ ഒരാളിലേക്ക് പുസ്തകം എത്തുന്നത് വിവർത്തനത്തിലൂടെയാണല്ലോ.
ഹാർഡ് ബൗണ്ടായി ഇറക്കിയ പെൻഗ്വിന്റെ പുസ്തകങ്ങളുടെ നിർമ്മിതി കൊതിപ്പിക്കുന്നതാണ്. പുസ്തകം കണ്ടാൽ കൈയ്യിലെടുക്കാൻ തോന്നും വിധം മനോഹരമായ കവറുകൾ. കവറുകളുടെ അഞ്ച് ഓപ്ഷൻസ് അയച്ചു തന്ന് അതിൽ നിന്ന് മികച്ചത് തിരഞ്ഞെടുത്ത് നിർദ്ദേശങ്ങൾ വാങ്ങി വീണ്ടും മാറ്റം വരുത്തിയാണ് അവർ കവർ രൂപകല്പന നടത്തിയത്. അതുപോലെ പല ലെവലുകളിലുള്ള പ്രൊഫഷണൽ എഡിറ്റിങ് ഒക്കെ നടത്തി ഏതാണ്ട് ഒരു വർഷം എടുത്താണ് ഓരോ പുസ്തകവും തയ്യാറാക്കിയത്. അഞ്ചു വർഷത്തിനുള്ളിൽ അഞ്ച് നോവലുകൾ പെൻഗ്വിനിലൂടെ വന്നു എന്നത് അധികമാർക്കും ലഭിക്കാത്ത അനുഗ്രഹമാണെന്നു തോന്നുന്നു. അക്ഷരത്തിന്റെ കൃപയായി ഞാനതിനെ വിനയപൂർവ്വം സ്വീകരിക്കുന്നു.
∙ പുതിയ രചനകൾ?
‘വൈറ്റ് സൗണ്ട്’ എന്ന ചെറുകഥാ സമാഹാരമാണ് അവസാനമായി ഇറങ്ങിയത്. അതിന്റെ രണ്ടാം പതിപ്പും ഒരു മാസത്തിനുള്ളിൽ ഇറങ്ങി. കഴിഞ്ഞ കുറച്ചു കാലമായി പുസ്തകങ്ങളുടെ വിവർത്തനങ്ങളുമായി ബന്ധപ്പെട്ട് നല്ല രീതിയിൽ സമയം മാറ്റി വയ്ക്കേണ്ടി വന്നിട്ടുണ്ട്. സമയബന്ധിതമായി എനിക്ക് എഴുതാൻ പറ്റാറില്ല. അങ്ങനെ വേണമെന്ന് നിർബന്ധബുദ്ധി തോന്നിയിട്ടുമില്ല. എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് ഏറ്റവും അനിശ്ചിതത്വം നിറഞ്ഞ പ്രതിഭാസമാണ്. എഴുത്തിന് എന്നിലൂടെ സംഭവിക്കണമെന്ന് തോന്നുമ്പോൾ ഒരു പേനയുടെ സ്ഥാനത്ത് നിന്നു കൊടുക്കുക മാത്രമേ ചെയ്യാനുള്ളു. വേണമെങ്കിൽ എഴുതാതിരിക്കാനുള്ള ന്യായം കണ്ടെത്തലാണെന്നും പറയാം. അതുകൊണ്ട് തന്നെ പുതിയ രചന എപ്പോൾ പൂർത്തിയാവും എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാൻ കഴിയാറില്ല.