' തക്ഷൻകുന്ന് സ്വരൂപം എന്റെ ദേശത്തിന്റെ കഥ'

ഇക്കൊല്ലത്തെ വയലാർ അവാർഡ് ജേതാവ് യു കെ കുമാരൻ മനസ്സുതുറക്കുന്നു...

നാടിന്റെ നന്മയും സ്നേഹമൂറുന്ന മനസ്സുകളും ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നു സൂചിപ്പിക്കുന്ന എഴുത്തുകളാണ് യു കെ കുമാരന്റേത്. കാലം തെറ്റി, വൈകി വന്ന മഴ പോലെയാണ് വയലാർ അവാർഡ് ഇത്തവണ അദ്ദേഹത്തിന്റെ "തക്ഷൻകുന്ന് സ്വരൂപം" എന്ന നോവലിലേക്കെത്തുന്നത്. എന്നാൽ എത്ര ആണ്ടുകൾ കഴിഞ്ഞാലും മലയാളത്തിന്റെ പോരാട്ടങ്ങളുടെ ഭാഗധേയം നിർണയിക്കാൻ ഇവിടെ ഒരു തക്ഷൻകുന്ന് സ്വരൂപം ഉണ്ടാകേണ്ടിയിരിക്കുന്നു. അതൊരു ഓർമ്മപ്പെടുത്തലുമാണ്. യു കെ കുമാരൻ സംസാരിക്കുന്നു:

ചെറുകാട് അവാർഡ്, വയലാർ അവാർഡ് ഉൾപ്പെടെ ഏഴോളം പുരസ്കാരങ്ങൾ നേടിയ തക്ഷൻകുന്ന് സ്വരൂപം അഞ്ചാമത്തെ പതിപ്പിലേയ്ക്ക്..

തക്ഷൻകുന്ന് സ്വരൂപം എന്നത് എന്റെ ദേശത്തിന്റെ കഥയാണ്. ചരിത്രവും സങ്കൽപ്പവും ഇടകലർന്ന നോവൽ. ജന്മനാടിനെ കുറിച്ച് ഞാൻ അറിയാൻ ഏറെ ആഗ്രഹിച്ചിരുന്നു, പലതും അറിഞ്ഞു കഴിഞ്ഞപ്പോൾ അത്ഭുതമാണ് തോന്നിയത്. അതൊക്കെ ക്രോഡീകരിക്കപ്പെട്ട് ഓർമ്മിക്കത്തക്കതാക്കണമെന്നു തോന്നി. സ്വന്തം ദേശത്തെ അവിടെ ജനിച്ചു വളർന്ന ഒരാളേക്കാൾ നന്നായി എഴുതാൻ മറ്റാർക്ക് കഴിയും. പക്ഷെ നോവലിലെ കാലം ഞാൻ ജനിച്ചിട്ട് പോലുമില്ലാത്തതാണ്, അതുകൊണ്ടു അതിനാവശ്യമായ ചരിത്രങ്ങളുമായി ബന്ധപ്പെട്ടും ഞാൻ ഏറെ അലഞ്ഞു. വായനകളും പഠനങ്ങളും നടത്തി. സ്വാതന്ത്ര്യ സമര കാലവും അതുമായി ബന്ധപ്പെട്ട പോരാട്ടങ്ങളുമാണ് ഇതിന്റെ കാതൽ.

ഏതാണ്ട് നൂറോളം കഥാപാത്രങ്ങൾ, അതും എല്ലാവർക്കും തുല്യമായ കഥാ പരിഗണന നൽകാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. നൂറു പേരിൽ അമ്പതു പേരും സാങ്കൽപ്പിക കഥാപാത്രങ്ങളാണ്, ബാക്കി മാത്രമേയുള്ളൂ ചരിത്രം തൊട്ടവർ. പക്ഷെ ചരിത്രവും യാഥാർത്ഥ്യവും എവിടെ ഇഴ പിരിയുന്നു, എവിടെ അറ്റു വീഴുന്നു എന്ന് വായനയിൽ വേർതിരിച്ചു പറയാൻ ആകില്ല. അത്ര ചേർത്താണ് കെട്ടു പിണച്ച് എഴുതി ചേർത്തത്. തികച്ചും ഗ്രാമീണരായ കഥാപാത്രങ്ങളാണ് തക്ഷൻകുന്ന് സ്വരൂപം എന്ന നോവലിൽ ഞാൻ ആവിഷ്കരിച്ചത്.

സമര പോരാളിയായിരുന്ന കെ കേളപ്പൻ പോലെയുള്ളവരുടെ സാന്നിധ്യം നോവലിലുണ്ട്. അദ്ദേഹം സമൂഹത്തിൽ , ചെറുപ്പക്കാർക്കിടയിൽ നടത്തുന്ന ഇടപെടൽ എല്ലാം വ്യക്തമാണ്. നോവലിലെ കല്ലുവെട്ടി പാച്ചറുടെ മകനായ രാമറിലൂടെ, അദ്ദേഹത്തിന്റെ എൺപത്‌ വർഷങ്ങൾ നീണ്ട ജീവിതത്തിലൂടെ നവോത്ഥാനാശയങ്ങളുടെ വളർച്ച പറയുകയായിരുന്നു. നവോത്ഥാനാശയങ്ങളുടെ വേരോട്ടം, ദേശീയ പ്രസ്ഥാനം എന്നിങ്ങനെ നിരവധി ആശയങ്ങൾ ചരിത്രവുമായി ബന്ധപ്പെടുത്തി നോവലിൽ ഉപയോഗിച്ചിട്ടുണ്ട്.

ഇവിടെ രാമർ എന്ന വ്യക്തി ഒരു പിന്നോക്കജാതിക്കാരനാണ്, അയാൾ കറുത്തവനാണ്, നിരക്ഷരനാണ്, പക്ഷെ ആരും പാർശ്വവത്കരിക്കപ്പെടേണ്ടവർ അല്ലാ. പാർശ്വവത്കരിക്കപ്പെട്ടവർ എന്ന് നാം കരുതുന്നവർ ദുബലരുമല്ല, ഇത്രയുമൊക്കെ ബുദ്ധിമുട്ടുകളിൽ ആയിരുന്നിട്ടും രാമർ സ്വയം പോരാളിയായി മാറുകയാണ്. അയാൾക്ക് പിന്നിൽ അണി നിരക്കാൻ സംഘങ്ങൾ വരെയുണ്ട് എന്നതാണ് കാലത്തിന്റെ പ്രത്യേകതയും. 

മതത്തിനും രാഷ്ട്രീയത്തിനും ഒക്കെ അതീതനായ മനുഷ്യന്റെ കഥ പറയുന്ന നോവലാണിത്. ആ ദേശത്ത് നിരവധി വ്യത്യസ്തമായ തൊഴിലുകൾ ചെയ്യുന്നവർ, വ്യത്യസ്ത മതക്കാർ ഒക്കെയുണ്ടായിരുന്നു, പക്ഷെ ഒരു സാമൂഹിക വിഷയത്തിൽ അവരുടെ പൊതുബോധം വളരെ അഭിനന്ദനീയമാണ്. ദേശത്തെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുന്തോറും അവിടുത്തെ സംഭവങ്ങളും വ്യക്തികളും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. വ്യക്തികളുടെ കാഴ്ചപ്പാടുകൾ വളരെ വ്യത്യസ്തങ്ങളായി തോന്നി. ശരിക്കും ഗ്രാമീണ ജീവിതം എന്നത് ഒരു സാമൂഹിക കലയാണ്, അതിനെ കുറിച്ച് എഴുതാതിരിക്കാൻ കഴിഞ്ഞില്ല.

എഴുത്തിലേക്കുള്ള വഴി..

എഴുത്തു എനിക്ക് ഒട്ടും അനുകൂലമായ ഒരു വഴിയായിരുന്നില്ല. വീട്ടിൽ നല്ല വായനക്കാരോ എഴുത്തുകാരോ ഉണ്ടായിരുന്നുമില്ല. അവർ കർഷകരായിരുന്നു. പക്ഷെ കുട്ടിക്കാലത്ത് ഞാൻ വായിക്കുമായിരുന്നു. നിരീക്ഷണവും നടത്താറുണ്ട്. പ്രീ ഡിഗ്രി സമയത്താണ് ഒരു കഥ ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്. ഡിഗ്രിയ്ക്ക് പഠിച്ചപ്പോൾ ആദ്യത്തെ നോവലും അച്ചടിച്ചു. അന്ന് എം മുകുന്ദനൊക്കെ നോവലെഴുത്തിൽ തിളങ്ങി നിൽക്കുന്ന സമയമാണ്, "വലയം" എന്ന പേരിലുള്ള ആദ്യ നോവൽ ആദ്യം ചന്ദ്രികയിലാണ് വന്നത്. പിന്നീട് പുസ്തകമാക്കി പുറത്തിറങ്ങി. 

പത്രപ്രവർത്തന മോഹം...

അത്തരമൊരു മോഹം എന്നിലേയ്ക്ക് എങ്ങനെ കടന്നു വന്നെന്നെനിക്കറിയില്ല. ആ സമയത്തൊക്കെ ഒരു ചെറുപ്പക്കാരന്റെ ഏറ്റവും വലിയ ആഗ്രഹം പഠനം നടത്തുക, മാഷാവുക, കുട്ടികളെ പഠിപ്പിക്കുക.. പത്രപ്രവർത്തനം എന്ന വഴി പൊതുജനങ്ങൾക്കിടയിൽ അത്ര പരിചിതരമായിരുന്നില്ല. പക്ഷെ എന്നിലേയ്ക്കെന്തോ അത് വന്നെത്തി. സാമൂഹിക ബോധം ഈ വഴിയിൽ ഉണ്ടാകുമെന്ന തിരിച്ചറിവ്, എന്തെങ്കിലുമൊക്കെ സമൂഹത്തിനോട് ചെയ്യാൻ കഴിയണമെന്നുള്ള മോഹം, ഇതിൽ നിന്നൊക്കെയാകാം ഇങ്ങനെയൊരു വഴിയിലേക്ക് ഞാൻ എത്തിപ്പെടുന്നത്. 35 വർഷം വിവിധ പത്രങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ ശാന്തം മാസികയ്ക്കു വേണ്ടി പ്രവർത്തിക്കുന്നു. കൂടാതെ എഴുത്തും

സർഗ്ഗാത്മകതയും പത്രപ്രവർത്തനവും..

സർഗ്ഗാത്മകതയുള്ളവർക്ക് ചേരുന്ന പണിയല്ല പത്രപ്രവർത്തനം. ഞാൻ ജോലിക്കു വേണ്ടി ചെല്ലുമ്പോൾ പലയിടങ്ങളിൽ നിന്നായി അത് കേട്ടിരുന്നു. അത് സത്യവുമാണ്. എഴുത്ത് എന്ന സ്വത്വത്തിലേയ്ക്ക് നാം നോക്കുമ്പോൾ അവിടെ സർഗ്ഗാത്മകത കൂടിയേ കഴിയൂ, എന്നാൽ ജോലി ആയി എഴുത്ത് വരുമ്പോൾ അവിടെ ജോലി ചെയ്യുക എന്നത് മാത്രമാകുന്നു സത്യം. എഴുത്തിന്റെ മോഹം ഉള്ളിലുണ്ടെങ്കിൽ പത്രപ്രവർത്തനത്തിലേയ്ക്ക് വരരുതെന്ന് പറഞ്ഞവരുണ്ടായിരുന്നു. എന്തായാലും വന്നു, ഇത്രയും വർഷം ജോലി ചെയ്തു. ഇപ്പോൾ എഴുത്തും വായനയും തന്നെയാണ് കൂടുതൽ. പത്രപ്രവർത്തന ജീവിതത്തോട് പൂർണമായും ബൈ പറഞ്ഞു.

ഇന്നിന്റെ രാഷ്ട്രീയം..

കാലാവസ്ഥ ഇപ്പോഴും മാറിക്കൊണ്ടിരിക്കുകയല്ലേ... ഒരിക്കലും ദീർഘനാളത്തേയ്ക്ക് നമുക്ക് ഒന്നിലും ഉറച്ചു നിൽക്കാൻ ആകില്ല. വർത്തമാനകാലത്തെയാണ് ഇന്നിന്റെ വാർത്തകൾ പ്രതിനിധീകരിക്കുന്നത്. അത് അങ്ങനെ ആയെ കഴിയൂ. എഴുത്തുകാരന്റെ ജോലിയുമാണ്, രാഷ്ട്രീയത്തോട് പ്രതികരിക്കുക എന്നത്. വായന എന്നത് നമ്മെ നവീകരിക്കാൻ വേണ്ടി ഉള്ളതാണ്, പക്ഷെ ഇന്നത്തെ വായന ആരെയും നവീകരിക്കുന്നില്ല. സർഗ്ഗാത്മക രാഷ്ട്രീയമാണ് ഉണ്ടാകേണ്ടത് . അത്തരം ഒരാവസ്ഥയും ഇപ്പോഴില്ല. ഇന്നത്തെ വായനകൾ വളരെ സങ്കുചിതങ്ങളാണ്. ഒരു സൃഷ്ടി എഴുത്തുകാരൻ എഴുതുന്നത് വായനക്കാരനിലേയ്ക്ക് എത്തപ്പെടുമ്പോൾ എഴുത്തുകാരൻ ഉദ്ദേശിക്കുന്ന രീതിയിലെ ആകില്ല അതിന്റെ വായന പോകുന്നത്. രാഷ്ട്രീയത്തിലേയ്ക്കും മതത്തിലേയ്ക്കും മനുഷ്യൻ സങ്കുചിതപ്പെട്ടു പോകുന്നു. അതുകാരണം അവനവന്റെ വിശ്വാസങ്ങൾക്കനുസരിച്ചെ അവർക്കത് വായിക്കാൻ ആകൂ. സങ്കുചിതമായ ഇത്തരം വായനകൾ സമൂഹത്തിനു അപകടമാണ്. വായന മനസ്സിന്റെ അന്ധകാരം മാറ്റുന്നതാണ്. വായനയുടെ രീതി മാറണം.

പുതിയ കാലത്തെ വായന

വായനാ രീതി മാറുന്നുണ്ടെങ്കിലും എഴുത്തിന്റെ രീതി മരുന്നില്ല എന്ന് പറയുമ്പോൾ തന്നെ എഴുത്തിൽ എഴുത്തുകാരൻ ആശ്രയിക്കുന്ന രീതികൾ പരിവർത്തനം ചെയ്യപ്പെടുന്നുണ്ട്. സാമൂഹികമായ എഴുത്തുകളെക്കാൾ ഭൗതികമായ കാര്യങ്ങളാണ് ഇപ്പോൾ എഴുത്തുകളിൽ കൂടുതലും ഉണ്ടാകുന്നത്.

ഈയിടെയായി പുറത്തിറങ്ങുന്ന നോവലുകളും മറ്റു സാഹിത്യ സൃഷ്ടികളും എടുത്തു നോക്കിയാൽ മനസ്സിലാക്കാം, എല്ലാം നെറ്റുമായി ബന്ധപ്പെട്ട കഥകളാണ്. ഒരു മുറിയ്ക്കുള്ളിലെ അടച്ചിട്ട് നാം രൂപപ്പെടുത്തിയെടുക്കുന്ന ലോകത്തിരുന്നു അവരുടെ കഥകൾ നാമെഴുതുന്നു. ഇന്ന് എത്ര പേരുണ്ട്, സമൂഹത്തിലേക്ക് നോക്കി സാമൂഹികമായ പ്രശ്നങ്ങളെ കുറിച്ച് എഴുതാൻ കഴിയുന്നവർ? ജീവിതം ഇത്തരം എഴുത്തുകളിൽ നഷ്ടപ്പെട്ടു പോകുന്നുണ്ട്.

സങ്കീർണങ്ങളാണ് ഇന്നത്തെ എഴുത്തുകൾ മിക്കതും. നോക്കൂ, ജീവിതം അത്രയേറെ സംഘർഷ ഭരിതമാകുമ്പോൾ ആ സംഘർഷങ്ങളെ സങ്കീർണവത്കരിച്ച് എഴുതാനല്ല എഴുത്തുകാരൻ ശ്രമിക്കേണ്ടത്, അതിനെ ലളിതമാക്കി അവതരിപ്പിക്കാനാണ്. എഴുത്തുകാർ അവരുടെ വേരുകളിലേയ്ക്ക് പോകണം. വാക്കുകൾക്കിടയിൽ ചോർന്നു പോകുന്ന സാഹിത്യം കണ്ടെടുക്കാനാണ് അവർ ശ്രമിക്കേണ്ടത്. പുതിയ എഴുത്തുകളിൽ ഇത്തരം സാമൂഹികമായ ജീവിതങ്ങളില്ല. അത് എത്ര കാലം നിലനിൽക്കും, അതിനെന്ത് സംഭവിക്കും എന്നൊക്കെ തെളിയിക്കേണ്ടത് കാലമാണ്.