കവിതയുടെ ഒറ്റമരക്കാട്ടിൽ അക്ഷരങ്ങൾക്കു പൂക്കാലം

വി.ജി.തമ്പി

ഹാ, മരണവും പ്രണയവും പകുത്തെടുത്ത

കാവേരിയിൽ

തകർന്ന ചിറകുമായി തുഴഞ്ഞുകുഴയുന്ന

ഏകാകികൾക്ക് നിത്യശാന്തി.

വിശുദ്ധവും രഹസ്യവുമായ

നിന്റെ മൂകഹൃദയത്തിനും.

എന്റെ പ്രണയമേ, എന്റെ പ്രണയമേ,

എന്നെ ഏകനാക്കുന്നതെന്ത് ?

‘കാവേരിയിൽ ഒരു രാത്രി’ എന്ന കവിതയിലെ ഈ വരികൾ വായിച്ച ബൈജു അബ്രഹാം എന്ന ചെറുപ്പക്കാരൻ കവിതയെഴുതിയ വി.ജി.തമ്പിക്ക് കത്തെഴുതി. തൃശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിൽ ബി ബ്ലോക്കിൽ സി നമ്പർ 8300 എന്ന നമ്പരുള്ള ഒരു തടവുകാരനായിരുന്നു അയാൾ. ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ടയാൾ.

ബൈജു എഴുതി: കിളികൾ കരിഞ്ഞുപോയ ആകാശത്തിൽ, പ്രപഞ്ചത്തിന്റെ നിത്യമായ അരങ്ങായി ഞാൻ വി.ജി. തമ്പിയെ അനുഭവിക്കുന്നു. എന്റെ പ്രണയമേ, എന്റെ പ്രണയമേ, എന്നെ ഏകനാക്കുന്നതെന്ത് എന്ന വരികൾ എന്റെ ഹൃദയത്തെത്തന്നെയാണു കുത്തിത്തുറക്കുന്നത്.

പൂത്തുപെയ്ത കാലങ്ങൾ എവിടെ താണുപോയി എന്ന ചോദ്യം ഘനീഭവിച്ച എന്റെ മറവികളിലേക്കാണു വിരൽചൂണ്ടുന്നത്. ഇതെല്ലാം, ഈ വരികളും ബിംബാവലികളുമെല്ലാം എന്റേയും ഞങ്ങളുടെയും ഹൃദയത്തിലെ സ്പന്ദനങ്ങളായി, ആത്മാവിൽ നിറഞ്ഞൊഴുകുന്ന ലാവയായി കവിതകളിൽ ഉരുകിനിറയുന്നു.

ഒരു കവിക്കു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം: തടവറയിൽ നിന്നു സ്നേഹത്തിലും ആദരവിലും ചാലിച്ച കത്ത്. ‘തച്ചനറിയാത്ത മരം’ എന്ന കവിതാസമാഹാരത്തിൽ തമ്പി ഈ കത്തും ഉൾപ്പെടുത്തി.

എഴുതിയ കവിതകളുടെ എണ്ണത്തേക്കാളേറെ അവ സൃഷ്ടിക്കുന്ന ആത്മീയ അനുഭൂതിയിൽ വിശ്വസിക്കുന്ന കവിയാണ് വി.ജി.തമ്പി; സംഘർഷഭരിതവും സങ്കീർണവുമായ കാലം ആവശ്യപ്പെടുന്ന പ്രമേയങ്ങൾ ഏറ്റെടുക്കാൻ എഴുത്തുകാർ മുന്നോട്ടുവരണമെന്ന് ആഗ്രഹിക്കുന്ന ചിന്തകനും. ഇതുവരെ എഴുതിയത് എഴുപതോളം കവിതകൾ മാത്രം.

വി.ജി.തമ്പി

ഏതാനും ലേഖനങ്ങൾ. യാത്രാവിവരണങ്ങൾ. സമാന്തര മാസികകളുടെ പത്രാധിപത്യം. ആരവങ്ങൾക്കും ആക്രോശങ്ങൾക്കുമിടയിലും നിശ്ശബ്ദനായിരിക്കാൻ അവകാശമുണ്ടെന്നു രചനകളിലൂടെ പ്രഖ്യാപിച്ച തമ്പിക്കു കവിത ആത്മഭാഷണമാണ്; ആത്മാവും മാംസവും തമ്മിലുള്ള നിത്യസംഘർഷം അനുഭവിക്കുന്ന സന്ദേഹിയുടെ സംശയങ്ങൾ.

മനസ്സിനെ പിടിച്ചുകുലുക്കിയ ആന്തരിക സംഘർഷങ്ങൾ, ആത്മീയലോകത്തിന്റെ അസ്വസ്ഥതകൾ... ആശങ്കകൾ...ഇവയൊക്കെ കവിതയുടെ ജൻമമെടുക്കാൻ കാത്തിരുന്നു. പലപ്പോഴും നീളമേറിയ ഇടവേളകൾ.

ഒമ്പതുമാസത്തെ നിശ്ശബ്ദത അവസാനിപ്പിച്ചിട്ടാണ് രാപ്പാടികൾ മൂന്നുമാസം പാടുന്നതെന്ന ഒരു കഥയുണ്ട്. രാപ്പാടിയുടെ പാട്ടുകൾക്കിത്ര മധുരം കിട്ടിയത് അതിന്റെ ദീർഘകാലനിശ്ശബ്ദതയാലാണ്. ബോധിസത്വൻമാരുടെ ജൻമകഥകളിലെല്ലാം മഹാമൗനത്തിന്റെ സ്നേഹങ്ങളെയാണു വാഴ്ത്തുന്നത്. മൗനത്തിന്റെ മന്ദഹാസമാണ് ബോധോദയത്തിന്റെ പൊരുൾ എന്നു കവി തിരിച്ചറിയുന്നു.

എഴുതുമ്പോഴും അല്ലാത്തപ്പോഴും കവിതയുടെ തടവറയിൽത്തന്നെയാണു മനസ്സ്. ഇടവേളകൾക്കിടയിലെപ്പെഴോ ഹൃയത്തിൽ ആഹ്ലാദത്തിന്റെ അലകൾ സൃഷ്ടിച്ചുംപ്രക്ഷുബ്ധമായ ചിന്തകൾ ഉണർത്തിയും കവിത ഉണരുകയായി; ഉയിരെടുക്കുകയായി.

വിദ്യാർഥിയായിരുന്ന കാലം മുതലേ സാഹിത്യ – സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന തമ്പി ഔദ്യോഗികമായി അധ്യാപന ജീവിതത്തിൽനിന്നു വിരമിച്ച ശേഷവും എഴുത്തിന്റെയും വായനയുടെയും ലോകത്തു സജീവം.

മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ രൂപത്തിലും ഭാവത്തിലും ഉള്ളടക്കത്തിലും മാറ്റം വേണമെന്നാഗ്രഹിക്കുന്ന അദ്ദേഹം എഴുത്തിന്റെ ലോകത്തു വഴികാട്ടിയാകുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ പണിപ്പുരയിലാണ്. ‘എഴുത്ത്: ചിന്തിക്കുന്ന ഹൃദയങ്ങൾക്ക് ’ – വരുന്ന കേരളപ്പിറവിദിനത്തിൽ കെട്ടിലും മട്ടിലും വ്യത്യസ്തമായ പ്രസിദ്ധീകരണം മലയാളത്തിനു സമ്മാനിക്കാനുള്ള ഒരുക്കങ്ങളിൽ.

വി.ജി.തമ്പി

കാറ്റിലൊരു കാലം വരുന്നുണ്ട്

കൊമ്പുകുത്തിക്കളിക്കും കൊമ്പനാന പോലെ .

കടൽ പോലെ കയർത്തുവീശുന്നുണ്ട്

കാലങ്ങൾ അളന്നെത്തും കാറ്റുകൾ

എഴുത്തിന്റെ യുവസത്തയിലാണ് എനിക്കു പ്രതീക്ഷ. ഭൂതകാലഭാരങ്ങളിറക്കിവച്ച് ആകാശത്തിന്റെ അതിരുകൾ മായ്ച്ച് പറന്നുപോകുന്ന എഴുത്തിന്റെ ഭാവിരൂപങ്ങളെ ഞാൻ സ്വപ്നം കാണുന്നുവെന്ന് എഴുതിയിട്ടുള്ള വി.ജി.തമ്പി കാലത്തെയും കവിതയെയും കുറിച്ചു സംസാരിക്കുന്നു.

*അസ്വസ്ഥതയുടെ എഴുപതുകൾ; തിരുപ്പിറവിയുടെ എൺപതുകൾ *

അടിയന്തരാവസ്ഥയ്ക്കു ശേഷം ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അവസാനവും എൺപതുകളുടെ തുടക്കവും കേരളത്തിൽ സർഗാത്മകമായ ഉണർവിന്റെ കാലമായിരുന്നു. എറണാകുളം മഹാരാജാസ്, ആലുവ യു.സി കോളജ്, തൃശൂർ കേരളവർമ, ചങ്ങനാശേരി എസ്.ബി. കോളജ്.

ഈ കലാലയങ്ങളിലൊക്കെ വിദ്യാർഥികൾ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങി. നവ സാമൂഹിക പ്രസ്ഥാനങ്ങളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനവുമൊക്കെ ഏറെ സജീവം.

സമൂഹത്തിലെ ഇടത്തെക്കുറിച്ചു ബോധവതികളായ സ്ത്രീകൾ മുഖ്യധാരയിലേക്കു മുന്നിട്ടിറങ്ങിയ കാലം. കഥയിലും കവിതയിലുമൊക്കെ പുതുനാമ്പുകൾ ആവേശത്തോടെ പ്രതിസന്ധികളെ അതിജീവിച്ചു പൊട്ടിവിരിഞ്ഞ കാലം.

ഇന്നും പലരും നഷ്ടപ്പെട്ടുപോയ ആ കാലത്തെ ഗൃഹാതുരതയോടെ ഓർക്കുന്നു. അന്നു ഞങ്ങൾക്കൊരു ചെറു മാസികയുണ്ടായിരുന്നു– രസന. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഇടംപിടിച്ച പ്രസിദ്ധീകരണം.

സാഹിത്യ പത്രപ്രവർത്തനവുമായി ഞാൻ ബന്ധപ്പെടുന്നതു രസനയിലൂടെയാണ്. അഞ്ചുവർഷത്തിനു ശേഷം അതു നിന്നുപോയി. പിന്നെ കനൽ, പാഠഭേദം എന്നീ മാസികകൾ. ശ്രദ്ധ എന്ന ഓൺലൈൻ മാസിക. ഒടുവിൽ ‘ചിന്തിക്കുന്ന ഹൃദയങ്ങൾക്കായി എഴുത്ത്’.

നഷ്ടബോധം വേണ്ട; കാലം നിങ്ങളെ കാത്തിരിക്കുന്നു

ഉണർവിന്റെ നല്ലകാലം അസ്തമിച്ചെന്ന് ആശങ്കപ്പെടുന്നവരോട് എനിക്കൊന്നെ പറയാനുള്ളൂ– എഴുപതുകളേക്കാളും എൺപതുകളേക്കാളും കാലം ഇന്ന് ഏറെ സങ്കീർണമാണ്. സംഘർഷ ഭരിതമാണ്.

വെല്ലുവിളികളുടെ എണ്ണം കൂടിയിട്ടേയുള്ളൂ. അഭയാർത്ഥി പ്രവാഹം. വർഗീയയുടെ വിഷവർഷം. പേപ്പറും പേനയും വലിച്ചെറിഞ്ഞു ഡിജിറ്റൽയുഗത്തിന്റെ മായികതയിൽ മുഴുകുന്ന കൗമാരവും യൗവ്വനവും.

ഞാൻ പഠിച്ച കാലത്തേതിൽനിന്നും ക്യാംപസുകൾ ഏറെ മാറി. ഇന്നു വിദ്യാർത്ഥികളുടെ ഭാഷയിൽത്തന്നെ വിപ്ലവകരമായ മാറ്റം. അന്നത്തെ സാഹിത്യഭാഷ ഇന്നു ഡിജിറ്റലായി. പ്രണയത്തിലും സർഗാത്മകതയിലുമൊക്കെ ഏറെ മാറ്റങ്ങൾ.

എഴുതാൻ അവസരമില്ലാതിരുന്ന പെൺകുട്ടികളും സ്ത്രീകളുമൊക്കെ ബ്ലോഗ് ഉൾപ്പെടെയുള്ള നവ സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തമായ ഇടപെടലുകൾ നടത്തുന്നു. എഴുത്തിന്റെ ജനകീയവൽക്കരണം.

ധരിക്കേണ്ട വസ്ത്രം തങ്ങൾ തന്നെ തീരുമാനിക്കും; അതെങ്ങനെ ധരിക്കണമെന്നും തങ്ങൾക്കറിയാം..എന്നതു മുതൽ സമൂഹം ഒളിച്ചും ഇരുൾമറകളിലുമാക്കി വച്ചിരുന്ന സ്വകാര്യതകൾ വരെ സ്ത്രീലോകം പരസ്യമാക്കുന്നു; ആഘോഷിക്കുന്നു. എഴുതാനൊരിടം കിട്ടിയപ്പോൾ എഴുതേണ്ടതെന്തെന്നുള്ള അവ്യക്തതകളും അവസാനിച്ചു.

*ആയുസ്സിന്റെ പുസ്തകത്തിൽ അക്ഷരങ്ങൾ അനശ്വരം ! *

കാലം മാറി; സ്വാഭാവികമായും കലയും അതിന്റെ നിറങ്ങളും.ലോകം എത്രയൊക്കെ സാങ്കേതികവൽക്കരിക്കപ്പെട്ടാലും എഴുത്തിന്റെ വസന്തം അവസാനിക്കുന്നില്ല; അക്ഷരങ്ങളുടെ ഭാവിയും. ഇപ്പോഴല്ലേ ഏറ്റവും കൂടുതൽ എഴുത്തുകാർ വ്യത്യസ്തമായ രചനകളുമായി വരുന്നത്.

ഒത്തിരി പരീക്ഷണങ്ങൾ. മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാർക്കും ഒപ്പം പുതുതായി എഴുതുന്നവർക്കും ഒരേപോലെ ഇടംകൊടുക്കുന്ന ഒരു പ്രസിദ്ധീകരണം പുറത്തിറക്കുന്നതിന്റെ ഒരുക്കത്തിലാണു ഞാൻ.

പ്രതീക്ഷിച്ചതിനേക്കാളും വലിയ സഹകരണം ലഭിക്കുന്നു. സക്കറിയ, സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആഷാ മേനോൻ... പ്രമുഖഎഴുത്തുകാരൊക്കെ സൃഷ്ടികൾ അയച്ചുതരുന്നു. അന്വേഷണങ്ങളുമായി ദിവസവും ഏറെപ്പേർ വിളിക്കുന്നു.

ഇതൊക്കെ അക്ഷരങ്ങളുടെ ഭാവിയിൽ ഉൽകണ്ഠപ്പെടാനല്ല, ഭാവിയിലേക്ക് ആവേശത്തോടെ നോക്കാനുള്ള പ്രചോദനമാണ്. വായിക്കാൻ, ആസ്വദിക്കാൻ, അനുഭൂതികൾ പങ്കുവയ്ക്കാൻ... സാഹിത്യലോകത്ത് ഇത് ഉണർവിന്റെ കാലം തന്നെ.

സ്വന്തം ആന്തരികതയുടെ അനന്തതകളിലേക്ക് അടുപ്പിച്ചുനിർത്തിയ സുഹൃത്താണ് വി.ജി. തമ്പിക്കു ബാലചന്ദ്രൻ ചുള്ളിക്കാട് ; അദ്ദേഹത്തിന്റെ കവിതകളുടെ ആദ്യവായനക്കാരനും. സന്തോഷമെന്നോ സങ്കടമെന്നോ വ്യത്യാസമില്ലാതെ എന്നും കൂടെത്തുഴഞ്ഞ ചുള്ളിക്കാട് തമ്പിയെക്കുറിച്ചെഴുതി:

എഴുത്ത്: ചിന്തിക്കുന്ന ഹൃദയങ്ങൾക്ക്

മരിക്കാനാവാതെ, ജീവിക്കാനാവാതെ, വിശ്വസിക്കാനാവാതെ, അവിശ്വസിക്കാനാവാതെ, ആരംഭിക്കാനാവാതെ, അവസാനിപ്പിക്കാനാവാതെ, പിതാവ്, മകൾ സുഹൃത്ത് പ്രകൃതി, പ്രണയം, രാത്രി, മരണം, പിറവി, മറവി എന്നിങ്ങനെയുള്ള മഹാബാധകളാൽ യാതനപ്പെടുന്ന ഈ കവിക്ക് വി.ജി. തമ്പി എന്നും നാമകരണം ചെയ്യാം.

വീഴുന്നവനെ താങ്ങുന്നതും എഴുന്നേൽപ്പിക്കുന്നതുമാകണം എഴുത്ത് എന്നു വിശ്വസിക്കുന്ന, കവിതയുടെയും സൗഹൃദത്തിന്റെയും ഒറ്റമരക്കാടായ തമ്പിയിൽ ഇതു സർഗാത്മകതയുടെ വസന്തോൽസവം; ആ സുഗന്ധം തേടിയെത്തുന്നതു കേരളത്തെയാണ്; മലയാളത്തെയാണ്.