സിനിമയാക്കാവുന്ന 10 പുസ്തകങ്ങൾ

ലോകോത്തര സാഹിത്യസൃഷ്ടികൾകൊണ്ട് സമ്പന്നമായ നാടാണ് ഇന്ത്യ. പ്രശസ്തങ്ങളായ സാഹിത്യരചനകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ധാരാളം ചലച്ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ശരത്ചന്ദ്ര ചതോപാധ്യയുടെ ദേവദാസ്, ആർകെ നാരായണിന്റെ ദ ഗൈഡ്. ചേതൻ ഭഗത്തിന്റെ ഫൈവ് പോയിന്റ് സംവണ്‍ തുടങ്ങിയ സുപ്രസിദ്ധ സാഹിത്യരചനകളെ അടിസ്ഥാനമാക്കി നിർമ്മിച്ച ചലതച്ചിത്രങ്ങൾ ഏറെ ജനശ്രദ്ധ ആകർഷിച്ചവയുമാണ്. എന്നാൽ ഇനിയും ചലച്ചിത്രങ്ങളാകാത്ത, എന്നാൽ ശക്തവും മനോഹരവുമായ പ്രമേയങ്ങളുള്ള കൃതികൾ ഇന്ത്യയുടെ സാഹിത്യശേഖരത്തിലുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

കൊബാൾട്ട് ബ്ലൂ

പ്രശസ്ത മറാത്തി സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിൻ കുന്ദൽക്കറിന്റെ കൊബാൾട്ട് ബ്ലൂ എന്ന പുസ്തകം ഇത്തരത്തിലൊന്നാണ്. മറാത്തി കുടുംബത്തിൽ വാടകക്കാരനായി ഒരു യുവാവ് എത്തുന്നതിനെത്തുടർന്നാണ് കഥ പുരോഗമിക്കുന്നത്. താൻ ആരെന്നോ കുടുംബമെന്തെന്നോ വ്യക്തമാക്കാത്ത യുവാവ് തന്റെ പേരു പോലും വെളിപ്പെടുത്തുന്നില്ല. എന്നാൽ ആ കുടുംബത്തിലെ തനയ്, അനുജ എന്നീ സഹോദരങ്ങൾക്ക് അയാളോട് അതിരറ്റ സ്നേഹമാണുള്ളത്. ഒരു ദിനം അയാൾ വാടകവീടുപേക്ഷിച്ചു പോകുന്നതോടെ ഇരുവർക്കുമുണ്ടാകുന്ന മാനസിക സംഘർഷങ്ങളും മറ്റും കഥയിൽ സച്ചിൻ വ്യക്തമായി വിവരിക്കുന്നുണ്ട്. സാധാരണക്കാരുടെ ജീവിതത്തിലുണ്ടാകുന്ന സംഘർഷ ഭരിതമായ മുഹൂർത്തങ്ങൾ കോർത്തിണക്കുന്ന കഥ മികച്ച ദൃശ്യഭാഷ്യത്തിനുള്ള സാധ്യത നിറഞ്ഞ ഒന്നാണ്.

ക്രോണിക്കിൾ ഓഫ് എ കോർപ്സ് ബെയറർ

ശവശരീരം മറവു ചെയ്യാതിരിക്കുക എന്നത് പാഴ്സികളുടെ മതവിശ്വാസത്തിന്റെ ഭാഗമാണ്. മരണപ്പെടുന്നവരുടെ ശവശരീരങ്ങള്‍ കഴുകന്മാർക്കായി വിട്ടുകൊടുക്കുകയാണ് അവരുടെ ആചാരം. ഈ കർമ്മത്തിനായി ശവശരീരങ്ങൾ നിശബ്ദ ഗോപുരത്തിലേക്ക് എത്തിക്കുന്ന ഒരു വിഭാഗം തന്നെയുണ്ട് മുംബൈയിലെ പാഴ്സികളുടെ ഇടയിൽ.എന്നാൽ സമൂഹം ഒറ്റപ്പെടുത്തേണ്ടുന്ന അധകൃതവിഭാഗമായാണ് ഇവരെ കാണുന്നത്. ഇവരുടെ ജീവിതം ഇതിവൃത്തമാക്കി സൈറസ് മിസ്ത്രി രചിച്ച പുസ്തകമാണ് ക്രോണിക്കിൾ ഓഫ് എ കോർപ്സ് ബെയറർ (Chronicle of a Corpse Bearer).

ഇത്തരത്തില്‍ ശവശരീരങ്ങള‍ ചുമക്കുന്ന ഒരാളുടെ മകളുമായി പ്രണയത്തിലാകുന്ന ഫിറോസ് എന്ന യുവാവിന്റെ കഥയാണ് സൈറസ് പറയുന്നത്. ഒരു പാഴ്സി പുരോഹിതന്റെ മകനായ ഫിറോസ് അച്ഛന്റെ ആഗ്രഹങ്ങൾക്കു വിപരീതമായി അവളെ വിവാഹം കഴിക്കുന്നതോടെ അയാളും ശവശരീരം ചുമക്കുന്ന ജോലിയിലേക്കു തിരിയുന്നു. എന്നാൽ ഭാര്യ മരിച്ചതോടെ മകളുമായി സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന ഫിറോസിന്റെ ജീവിതത്തിലൂടെ പാർശ്വവത്കരിക്കപ്പട്ടവരുടെ കഥ വരച്ചിടുകയാണ് സൈറസ്.

ദ ഇല്ലിസിറ്റ് ഹാപ്പിനസ് ഓഫ് അദർ പീപ്പിൾ

മനു ജോസഫിന്റെ 'ദ ഇല്ലിസിറ്റ് ഹാപ്പിനസ് ഓഫ് അദർ പീപ്പിൾ' (The Illicit Happiness of Other People) എന്ന പുസ്തകം ജീവിതത്തിന്റെ അർത്ഥം തേടി പോരാടുന്നവരുടെ കഥയാണ് പറയുന്നത്. മലയാളിയായ എഴുത്തുകാരൻ പറഞ്ഞു വയ്ക്കുന്നതും കേരളം പശ്ചാത്തലമാക്കിയുള്ള കഥയാണ്. ജീവിതത്തിൽ ഒന്നും നേടാനാകാതിരുന്ന ഔസേപ്പ് ചാക്കോ തന്റെ മകൻ ഉണ്ണി ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നതോടെ അതിന്റെ കാരണം തേടി പുറപ്പെടുന്നു. ജീവിതവുമായി ഏറ്റവും അടുത്തു നിൽക്കുന്ന കഥയിൽ ഒസേപ്പിന്റെ ഭാര്യ മറിയാമ്മയും മറ്റൊരു മകൻ തോമയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. സ്നേഹവും നിഡുഢതകളും എല്ലാം നിറഞ്ഞ പുസ്തകം ഒരു ചലച്ചിത്രമാക്കാനുള്ള എല്ലാ സാധ്യതകളും നിറഞ്ഞ ഒന്നാണ്.

ദ ഡെത്ത് ഓഫ് വിഷ്ണു

ഇന്ത്യൻ അമേരിക്കൻ സാഹിത്യകാരനായ മനിൽ സൂരി രചിച്ച നേവലാണ് 'ദ ഡെത്ത് ഓഫ് വിഷ്ണു' (The Death of Vishnu). ബോംബേ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്നവരുടെ വ്യത്യസ്ത ജീവിതസാഹചര്യങ്ങൾ വിഷ്ണു എന്ന മദ്യപനായ വ്യക്തിയുടെ ജീവിതകഥയിലൂടെ വിവരിക്കുകയാണ് മനിൽ സൂരി. ഒരു മേൽക്കൂരയ്ക്കു കീഴിൽ കഴിയുന്ന മനുഷ്യർ പോലും എത്രത്തോളം വ്യത്യസ്തരാണെന്നും ജീവിത സന്ദർഭങ്ങള്‍ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുമെല്ലാം നോവൽ പറയുന്നുണ്ട്. മനുഷ്യരുടെ ജീവിതം സ്വാഭാവിക രീതിയിൽ വിവരിച്ചിരിക്കുന്നു എന്നതാണ് കഥയുടെ എടുത്തുപറയേണ്ട സവിശേഷത.

വൺ അമേസിങ് തിങ്

അമേരിക്കയിലെ ഒരു നഗരത്തിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് ഇന്ത്യൻ കോൺസുലേറ്റിലെ വിസ ഓഫീസിലകപ്പെട്ടു പോകുന്ന ഒൻപതു പേർ. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ള ഇവരെല്ലാവരും രക്ഷപെടാനായി കാത്തിരിക്കുന്നു. ഇതിനിടെ തങ്ങളുടെ ജീവിതകഥ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയാണ് അവർ. ഈ കഥയാണ് ചിത്ര ബാർജി ദിവാകരുണി വണ്‍ അമേസിങ് തിങ് (One Amazing Thing) എന്ന തന്റെ പുസ്തകത്തിൽ പറയുന്നത്. നിർണ്ണായകമായ നിമിഷങ്ങളിൽ ജീവിതത്തിലെ ഏറ്റവും ആശ്ചര്യജനകമായ ഒരു സന്ദർഭം ഒർമ്മിച്ചെടുക്കുകയാണഅ അവർ ഒരോരുത്തരും. ഒരു മനോഹരചലച്ചിത്രത്തിനുള്ള സാധ്യത നിറഞ്ഞ പുസ്തകം.

ഫയർ ഒൺ ദ മൗണ്ടേൻ

തന്റെ ജീവിതത്തിലെ അവസാന വർഷങ്ങൾ കസൗലി മലനിരകളിൽ തനിച്ച ജീവിച്ച് തീർക്കാനൊരുങ്ങിയ നന്ദാ കൗളാണ് അനിതാ ദേശായിയുടെ ഫയർ ഒൺ ദ മൗണ്ടേൻ എന്ന പുസ്തകത്തിലെ കേന്ദ്ര കഥാപാത്രം. ഒറ്റപ്പെട്ട ജീവിതം ഏറെ ഇഷ്ടപ്പെടുന്ന നന്ദ ദിവസേന കത്തുകളുമായെത്തുന്ന പോസ്റ്റുമാന്റെ സാന്നിദ്ധ്യം പോലും ആഗ്രഹിക്കുന്നില്ല. അപ്പോഴാണ് തന്റെ ചെറുമകൾ റാക കുറച്ചുകാലം മുത്തശ്ശിക്കൊപ്പം കഴിയാനായി നന്ദയ്ക്കൊപ്പം എത്തുന്നത്. ലോകത്തിൽ നിന്നും വിട്ടു നിൽക്കാനാണ് നന്ദ ആഗ്രഹിക്കുന്നതെങ്കിൽ ലോകവുമായി ഒരിക്കലും ബന്ധം സ്ഥാപിക്കാനാകാത്ത ഒന്നായിരുന്നു റാകയുടെ ജീവിതം. എങ്കിലും അവരുടെ ജീവിതവും സ്വഭാവവും തമ്മിൽ അവർ പോലും അറിയാത്ത സാമ്യങ്ങളുമുണ്ട്. ഇരുവരുടെയും ജീവിതമാണ് കഥയുടെ ഇതിവൃത്തം. നന്ദയുടെ ജീവിതവുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങളും അത് അവസാനം വരെ തുറന്നുപറയാത്ത തരത്തിലുള്ള ആഖ്യാനവും ഒരു ചലച്ചിത്രം പോലെ ആസ്വാദ്യകരമാണ്.

ദോസ് പ്രൈസി താക്കൂർ ഗേൾസ്

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ താക്കൂർ കുടുംബത്തിലെ അഞ്ചു പെൺകുട്ടികളുടെ കഥയാണ് അനൂജ ചൗഹാൻ ദോസ് പ്രൈസി താക്കൂർ ഗേൾസ് എന്ന പുസ്തകത്തിൽ പറയുന്നത്. ഡൽഹിയിൽ താമസമാക്കിയ ജസ്റ്റിസ് ലക്ഷ്മി നാരായൺ താക്കൂറിന്റെയും മംതയുടെയും മക്കളാണ് കഥയിലെ കേന്ദ്രകഥാപാത്രങ്ങൾ. ഹാസ്യാത്മകമായ രീതിയിലാണ് കഥയുടെ ആഖ്യാനം. താക്കൂർ പെൺകുട്ടികളുടെ സ്വഭാവം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഒരാൾ സ്വത്തിനെക്കുറിച്ച് ആകുലപ്പെടുമ്പോൾ മറ്റൊരാൾ വിവാഹശേഷവും പ്രേമകാര്യങ്ങളിലാണ് താത്പര്യപ്പെടുന്നത്. മറ്റൊരുവളാകട്ടെ മാധ്യമപ്രവർത്തകയാണ്. രസകരമായ സന്ദർഭങ്ങള്‍ നിറ‍ഞ്ഞ നോവൽ ഒരു ചലച്ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും നിറഞ്ഞ ഒന്നാണ്.

എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്

പ്രശസ്ത സാഹിത്യകാരൻ വി എസ് നയിപോളിന്റെ എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ് എന്ന കൃതി രചിക്കപ്പെട്ടത് 1961ലാണ്. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ പുസ്തകത്തിലും ഒരു ചലച്ചിത്രാവിഷ്കാരത്തിനുള്ള സാധ്യതകൾ നിറഞ്ഞു കിടക്കുന്നു. ജന്മനാ അപശകുനമാമെന്ന ശാപവും പേറി ജീവിക്കുന്ന മോഹുൻ ബിശ്വാസാണ് കഥയിലെ കേന്ദ്ര കഥാപാത്രം. ഒരു പ്രത്യേക സാഹചര്യത്തിൽ മോഹുനിന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റു മൂലം അച്ഛൻ മരിക്കുന്നതോടെ കുടുംബത്തിന്റെ സ്ഥിതി തന്നെ താളം തെറ്റുന്നു. വവാഹജീവിതത്തിലും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ട അവസ്ഥയാണ് മൊഹുനുണ്ടായത്.

സ്വന്തം വീട് എന്ന് പറയാനൊരിടം തേടിയാണ് മോഹുനിന്റെ ജീവിതം പുരോഗമിക്കുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദാഹമാണ് ഇങ്ങനെയൊരാഗ്രഹത്തിലേക്ക് മോഹുനിനെ കൊണ്ടെത്തിക്കുന്നതും.

ഡിഫിക്കൾട്ട് ഡോട്ടേഴ്സ്

സ്ത്രീസ്വാതന്ത്ര്യവും ശാക്തീകരണവുമെല്ലാം ചർച്ചയാകുന്ന സമൂഹത്തിൽ സ്ത്രീകളെക്കുറിച്ചുള്ള ഒരു മികച്ച ചലച്ചിത്രത്തിന് യോജ്യമായ പ്രമേയമാണ് ഡിഫിക്കൾട്ട് ഡോട്ടേഴ്സ് എന്ന മഞ്ജു കപൂറിന്റെ നോവൽ കാത്തുവച്ചിരിക്കുന്നത്. കുടുംബത്തിലെ മുതിർന്ന കുട്ടിയായി ജനിച്ചതിനാൽ സഹേദരങ്ങളെ പരിപാലിച്ചാണ് വിർമതി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതം മുന്നോട്ടു പോയത്. ഒരു നല്ല വിവാഹജീവിതമാണ് എല്ലാ പെൺകുട്ടികളുടെയും ലക്ഷ്യമെന്ന് വിർമതിയുടെ അമ്മ കരുതുമ്പോൾ അവൾ ആഗ്രഹിക്കുന്ന തരത്തിൽ വിദ്യാഭ്യാസം നേടാൻ അച്ഛനും മുതച്ഛനും പ്രചോദനം നൽകുന്നുണ്ട്.

ഒരു അവിശുദ്ധ പ്രണയബന്ധത്തിൽ അകപ്പെടുന്നതോടെ കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ക്കും സ്നേഹത്തിനുമിടയിൽപ്പെട്ട് വിർമതിയുടെ ജീവിതം സങ്കീർണ്ണമാകുന്നു. ഏറെ ശ്കതമായ പ്രമേയമാണ് തന്റെ ആദ്യ നോവലിലൂടെ മഞ്ജു കപൂർ അവതരിപ്പിച്ചിരിക്കുന്നത്.

പാലസ് ഓഫ് ഇല്ല്യൂഷൻസ്

മഹാഭാരതത്തെ ദ്രൗപദിയുടെ കാഴ്ചപ്പാടിൽ അവതരിപ്പിക്കയാണ് ചിത്രാ ബാനർജി ദിവാകരുണി 'ദ പാലസ് ഓഫ് ഇല്ല്യൂഷൻസ്' എന്ന തന്റെ പുസത്കത്തിലൂടെ. അരക്ഷിതത്ത്വം, സ്പർദ്ധ, സ്നേഹം തുടങ്ങിയ വിവിധ വികാരങ്ങളെ ഏറ്റവും സൂക്ഷ്മമായി വിവരിക്കാൻ എഴുത്തുകാരിക്ക് പുസ്തകത്തിലൂടെ സാധിച്ചിട്ടുണ്ട്. ഭർത്താക്കന്മാരിൽ ദ്രൗപദി അധികം സ്നേഹിക്കുന്നത് ആരെയാണ് എന്നതും യുദ്ധത്തെ അവൾ എങ്ങനെ കാണുന്നു എന്നതിനുമൊക്കെ തന്റേതായ വ്യാഖ്യാനങ്ങളും പുസ്തകത്തിൽ ചിത്രാ ബാനർജി ദിവാകരുണി നൽകിയിട്ടുണ്ട്. പുരാണകഥകളെ അഠിസ്ഥാനമാക്കിയുള്ള ചലച്ചിത്രങ്ങൾ കുറഞ്ഞുവരുമ്പോഴും വ്യത്യസ്തമായ കാഴ്ചപ്പാടിലുടെ മഹാഭാരതം അവതരിപ്പിക്കപ്പെടുന്ന പുസ്കം ഒരു നല്ല ദൃശ്യഭാഷ്യത്തിനുള്ള സാധ്യതകൾ ഒരുക്കിവച്ചിരിക്കുന്നു.