എംടിയുടെ തൂലികയിൽ വിരിഞ്ഞ വിസ്മയം രണ്ടാമൂഴം ഇനി അഭ്രപാളികളിലേക്ക്. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മോഹൻലാൽ നടത്തിയത്.‘ഓരോരുത്തരെയും പോലെ മഹാഭാരതകഥകൾ കേട്ടുവളർന്ന ബാല്യമാണ് എന്റേതും. ഓരോരുത്തരുടെയും ചിന്തയില്‍ ഗാഡമായി ഉറച്ചുപോയ ഇതിഹാസങ്ങളുടെ ഇതിഹാസം. മഹാഭാരതം പോലെ എന്നെ ആഴത്തിൽ സ്വാധീനിച്ച കൃതിയാണ് രണ്ടാമൂഴം. എത്രപ്രാവശ്യം വായിച്ചു എന്നുപോലും ഓർമയില്ല. ഇതിനിടയിൽ ഇതിന് ഒരു ദൃശ്യാവിഷ്കാരം വന്നിരുന്നെങ്കിൽ എന്നു മോഹിച്ചിരുന്നു. ഭീമനായി എന്റെ പേര് കേട്ടത് മഹാഭാഗ്യവും പുണ്യവുമാണ്. എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ എംടി സാറിനോട് നന്ദി.–മോഹൻലാൽ പറഞ്ഞു.
'കടലിനു കറുത്ത നിറമായിരുന്നു' എന്ന് തുടങ്ങുന്ന രണ്ടാമൂഴത്തിൽ ഇതിഹാസമായ മഹാഭാരതത്തിന് ഒരു പുതിയ ഭാഷ്യം ചമയ്ക്കുകയായിരുന്നു എംടി. ആരാലും തിരിച്ചറിയപ്പെടാതെ പോയ ഭീമന്റെ വ്യഥകളിലൂടെ, കാഴ്ചപ്പാടിലൂടെ, ഒറ്റപ്പെടലിലൂടെയൊക്കെയാണ് നോവൽ പുരോഗമിക്കുന്നത്.
നിലവിൽ ചിത്രത്തിന് 'മഹാഭാരത' എന്ന് പേരിടാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ലോകനിലവാരത്തിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് പ്രമുഖ പ്രവാസി വ്യവസായി ബി ആർ ഷെട്ടിയാണ്. ആയിരം കോടി മുടക്കിയാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോൻ രണ്ടാമൂഴം സംവിധാനം ചെയ്യുന്നു.
2018 സെപ്റ്റംബറിൽ സിനിമയുെട ചിത്രീകരണം ആരംഭിക്കും. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം സെപ്റ്റംബറില്‍ തുടങ്ങും. 2020ല്‍ ആണ് റിലീസ്. ആദ്യ ഭാഗം പുറത്തിറങ്ങി നാല് മാസത്തിന്ശേഷം രണ്ടാംഭാഗം പ്രേക്ഷകരിലെത്തും. മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ സിനിമ ചിത്രീകരിക്കും.