സച്ചിനെക്കുറിച്ച് എത്ര എഴുതിയാലും മതിവരില്ല; ഇത് സച്ചിനുള്ള പിറന്നാൾ സമ്മാനം!

മെയ് മാസം 26 ന് സച്ചിന്റെ ജീവിത കഥ 'സച്ചിൻ- എ ബില്യൺ ഡ്രീംസ്' വെള്ളിത്തിരയിലെത്തുന്നതിനു മുന്നോടിയായാണ് പുസ്തകം പുറത്തിറങ്ങിയത്.

സച്ചിന്‍ എന്ന  അദ്ഭുതബാലനിൽനിന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന മാസ്റ്റര്‍ ബ്ലാസ്റ്ററിലേക്ക് എത്ര ദൂരമുണ്ട്?! രാജ്യം ആദ്യമായി ഭാരതരത്‌ന നല്‍കി ആദരിച്ച കായികതാരമായ സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കറിനെക്കുറിച്ച് ഇതാ ഒരു പുതിയ പുസ്തകം കൂടി. പേര്, ഹീറോ-എ ബയോഗ്രഫി ഓഫ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

44ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിനുള്ള സമ്മാനമായാണ് ദേവേന്ദ്ര പ്രഭുദേശായ് എഴുതിയ പുസ്തകം രൂപ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്നത്. മെയ് മാസം 26 ന് സച്ചിന്റെ ജീവിത കഥ 'സച്ചിൻ- എ ബില്യൺ ഡ്രീംസ്' വെള്ളിത്തിരയിലെത്തും.

മുംബൈയിലെ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ച ജനിച്ച സച്ചിന്‍ എന്ന അനന്യസാധാരണ ക്രിക്കറ്റ് പ്രതിഭ ഒരു ലോക ചാമ്പ്യനും ഇതിഹാസവും ആയി മാറിയത് എങ്ങനെയെന്ന കഥയാണ് പുസ്തകം പറയുന്നത്. സച്ചിന്റെ കുട്ടിക്കാലം തൊട്ടുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ട്. അദ്ദേഹം അനുഭവിച്ച സമ്മര്‍ദ്ദങ്ങളും ക്രിക്കറ്റ് എന്ന മാസ്മരികതയുടെ അത്യപൂര്‍വ നിമിഷങ്ങളില്‍ അനുഭവിച്ച ഉന്മാദാവസ്ഥയും അസ്വസ്ഥതകളും എല്ലാം പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

ക്രിക്കറ്റ് മതമാണെന്നും സച്ചിന്‍ എങ്ങനെ അതിന്റെ ദൈവമായെന്നുമുള്ള സിദ്ധാന്തം ഊട്ടിയുറപ്പിക്കുന്ന പുസ്തകമാണിത്. സച്ചിന്റെ സഹകളിക്കാര്‍, കൂട്ടുകാര്‍, റോള്‍ മോഡലുകള്‍, വിമര്‍ശകര്‍ തുടങ്ങിയവരെക്കുറിച്ചുള്ള കുറിപ്പുകളും സച്ചിന്‍ ക്രിക്കറ്റിനു രാജ്യത്തിനും നല്‍കിയ സംഭാവനകളും പുസ്തകത്തില്‍ അക്കമിട്ടു പറയുന്നുണ്ട്. 1990കളിലെ ക്രിക്കറ്റിന്റെ വസന്തകാലം മനോഹരമായി അടയാളപ്പെടുത്തുന്ന തരത്തിലാണ് പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

സച്ചിന്റെ അച്ഛന്റെ മരണവും ലോകകപ്പില്‍ ആ വിയോഗം മനസിലൊതുക്കി കളിക്കാനിറങ്ങിയതും അന്ന് ഡ്രസിങ് റൂമില്‍ നടന്ന വികാരനിര്‍ഭരമായ കാര്യങ്ങളുമെല്ലാം പുസ്തകത്തിലുണ്ട്. 395 രൂപയാണ് പുസ്തകത്തിന്റെ വില.