ഡിയു ഇംഗ്ലീഷ് സിലബസില്‍ ചേതന്‍ ഭഗത്; ഞെട്ടിത്തരിച്ച് ട്വിറ്റര്‍

ഡല്‍ഹി യൂണിവേഴ്‌സിറ്റി തന്റെ നോവല്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് യുവതയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ട്വീറ്റ് ചെയ്യുകയുണ്ടായി. പിന്നാലെയെത്തി വിമർശനങ്ങൾ..

ഇന്ന് ഇന്ത്യന്‍ സാഹിത്യത്തിലെ വാണിജ്യസാധ്യതയുള്ള എഴുത്തുകാരില്‍ മുന്‍പന്തിയിലാണ് ചേതന്‍ ഭഗത്. ബുക്കുകള്‍ വലിയ തോതില്‍ വിറ്റ് ലാഭമുണ്ടാക്കാമെന്ന് തെളിയിച്ചവരില്‍ പ്രധാനി. പുസ്തകമെഴുത്തിലൂടെയും സമ്പന്നനാകാം എന്ന് ചേതന്‍ തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ശൈലിയോട് പല ബുദ്ധിജീവികള്‍ക്കും എതിര്‍പ്പാണ്. അതുതന്നെയാണ് ഒരു പുതിയ വിവാദത്തിനും വഴിവെച്ചിരിക്കുന്നത്. 

ഡല്‍ഹി സര്‍വകലാശാലയുടെ ഇംഗ്ലീഷ് സിലബസില്‍ ചേതന്‍ ഭഗവത്തിന്റെ നോവല്‍ ഉള്‍പ്പെടുത്തിയ തീരുമാനം വന്നതുമുതല്‍ വലിയ വിമര്‍ശനവുമായി ഇറങ്ങിയിരിക്കുകയാണ് പലരും. ചേതന്റെ പ്രശസ്ത നോവലായ ഫൈവ് പോയ്ന്റ് സംവണ്‍ ആണ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റി തന്റെ നോവല്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് യുവതയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ട്വീറ്റ് ചെയ്യുകയുമുണ്ടായി. 

എന്നാല്‍ ട്വിറ്റര്‍ ഇതിനെ കളിയാക്കുന്ന രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. ഒരു യൂണിവേഴ്‌സിറ്റി സിലബസില്‍ ഉള്‍പ്പെടുത്താന്‍ പാകത്തിലുള്ള നിലവാരമൊന്നും ചേതന്റെ പുസ്തകത്തിനില്ലെന്നാണ് പരക്കെയുള്ള വിമര്‍ശനം. 

യൂണിവേഴ്‌സിറ്റിയുടെ നിലവാരം തന്നെ ഇല്ലാതാക്കുന്ന തീരുമാനമായി പോയി ഇതെന്നാണ് പലരും കളിയാക്കുന്നത്. സാഹിത്യമൂല്യങ്ങള്‍ ഇല്ലാത്തതാണ് പുസ്തകങ്ങള്‍ എന്നും പലരും ട്വീറ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇതിന് തക്ക മറുപടിയും ചേതന്‍ ഭഗത് ട്വിറ്ററിലൂടെ തന്നെ നല്‍കിയിട്ടുണ്ട്. തന്റെ കാഴ്ച്ചപ്പാടില്‍ നല്ല സാഹിത്യം എന്ന് പറയുന്നത് ജനങ്ങളുടെ വികാരങ്ങളെ തൊട്ടെഴുതുന്നതാണെന്നും വിമര്‍ശിക്കുന്നവര്‍ യുക്തിയുടെ അടിസ്ഥാനത്തിലല്ല അത് ചെയ്യുന്നതെന്നും ചേതന്‍ പറഞ്ഞു. മാത്രമല്ല, എലീറ്റ് വിഭാഗത്തില്‍ പെട്ടവരെ ആരാധിക്കുന്നവരാണ് അവരെന്നും ചേതന്‍ ഭഗത്  പറയാതെ പറഞ്ഞുവച്ചു. 

ഇതുവരെ ഒമ്പത് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ചേതന്‍ ഭഗത്തിന്റെ മിക്ക നോവലുകളും ബെസ്റ്റ് സെല്ലര്‍ പട്ടികയിലാണ് ഇടം നേടിയിരിക്കുന്നത്. പലതും ബോളിവുഡ് സിനിമകളായി മാറ്റി വിജയം നേടിയിട്ടുമുണ്ട്.