കഴിഞ്ഞ മാസം അവസാനം ഞാൻ സ്പെയിനിലെ ബാർസിലോനയിലായിരുന്നു. അവിടെയെത്തുന്ന ലോകത്തെ ഏതൊരു ഫുട്ബോൾപ്രേമിയും കൊതിക്കുന്നപോലെ എഫ്സി ബാർസിലോനയുടെ കളി കാണാൻ അഗ്രഹിച്ച എനിക്കു പക്ഷേ, അതു സഫലമായില്ല.
കാറ്റലോണിയ ഹിതപരിശോധനയുമായി ബന്ധപ്പെട്ടു പ്രക്ഷുബ്ധമായിരുന്നു ബാർസിലോന. സ്പാനിഷ് ലാലിഗയിൽ എഫ്സി ബാർസിലോനയും ലാസ് പാമാസും തമ്മിലുള്ള മൽസരം ഹിതപരിശോധന നടന്ന ഈ മാസം ഒന്നിനുതന്നെയായിരുന്നു. മൽസരം മുടങ്ങിയില്ല. പക്ഷേ, നൂകാംപ് സ്റ്റേഡിയത്തിന്റെ ഗാലറികൾ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ടായിരുന്നു കളി.
ആളും ആരവവുമില്ലാത്ത സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ബാർസിലോന ഏകപക്ഷീയമായ മൂന്നു ഗോളിനു ജയിച്ചു. കളി കാണാനായില്ലെങ്കിലും ബാർസിലോന ആരാധകരെല്ലാം ക്ലബ്ബിന്റെ ഈ കളിനിഷേധത്തെ പിന്തുണച്ചുകൊണ്ടാണു പ്രതിഷേധത്തിൽ അണിചേർന്നത്. ഒരു നാടിന്റെ നിർണായക ഘട്ടത്തിൽ ജനവികാരത്തിനൊപ്പം ഫുട്ബോൾലോകം നിലയുറപ്പിച്ച ചരിത്രപരമായ പ്രതിഷേധമായി നൂകാംപിലെ ഒഴിഞ്ഞ ഗാലറികൾ.
ഇനി നമ്മുടെ നാട്ടിലേക്കു വരാം. ഫിഫയുടെ ഒരു ലോകകപ്പിന് ഇന്ത്യ ആദ്യമായി വേദിയാവുന്നു. ആറു മൽസരവേദികളിലൊന്ന് നമ്മുടെ കൊച്ചിയാണെന്നതു കേരളത്തിലെ കളിപ്രേമികൾക്കു നൽകുന്ന ആവേശം ചെറുതല്ല. ലോകശ്രദ്ധയിൽ കൊച്ചിയെയും കേരളത്തെയും അഭിമാനപൂർവം ഉയർത്തിക്കാട്ടേണ്ട ആ കളിദിവസങ്ങളിൽ കേരളത്തിലെ പ്രതിപക്ഷ മുന്നണി ഹർത്താൽ എന്ന, ജനജീവിതം സ്തംഭിപ്പിക്കുന്ന സമരം പ്രഖ്യാപിച്ചിരിക്കുന്നു.
ഏറെ ആരാധകരുള്ള ജർമനിയുടെയും സ്പെയിനിന്റെയും മൽസരങ്ങൾ കൊച്ചിയിൽ നടക്കുന്ന 13നു പ്രഖ്യാപിച്ച ഹർത്താൽ പിന്നീടു ജനരോഷം വ്യക്തമായപ്പോൾ 16ലേക്കു മാറ്റി. ഹർത്താലിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള വാദം മാറ്റിവയ്ക്കാം. പക്ഷേ, ഔചിത്യബോധമാണ് ഇവിടെ ഏറ്റവും ചർച്ചചെയ്യപ്പെടേണ്ടത്.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണു യുഡിഎഫ് ഹർത്താൽ. പെട്ടെന്നുണ്ടായൊരു പ്രതിഷേധ വിഷയമല്ലത്. ഒറ്റദിവസത്തെ പ്രതിഷേധംകൊണ്ടു തിരുത്താവുന്നതുമല്ല. എന്നിട്ടും ഹർത്താൽപോലൊരു പ്രതിഷേധം ലോകകപ്പ് മൽസരവേളയിൽത്തന്നെ നടത്താൻ തീരുമാനിച്ചതിലെ അനൗചിത്യം മനസ്സിലാക്കാൻ ആ മുന്നണിയിലെ തലമുതിർന്ന നേതാക്കൾക്കു കഴിയാതെപോയത് എന്തുകൊണ്ടാണ്?
ഹർത്താൽ കളിയില്ലാത്ത 16ന് ആക്കിയെന്നു പറയുന്നതിൽ അർഥമില്ല. 23 വരെയാണു കൊച്ചിയിലെ ലോകകപ്പ് മൽസരങ്ങൾ. പ്രധാന ടീമുകളും ഫിഫ സംഘവും, കളി കാണാൻ ആ രാജ്യങ്ങളിൽനിന്ന് എത്തുന്നവരുമെല്ലാം അതുവരെ ഇവിടെയുണ്ടാവും. ടീമുകളുടെ പരിശീലനം നടക്കുന്നുണ്ട്. അവരുടെ മുന്നിൽ നമ്മുടെ നാടിന്റെ ഈ സ്തംഭനാവസ്ഥയാവും ഹർത്താലിലൂടെ പ്രദർശിപ്പിക്കപ്പെടുക. ലോകകപ്പ് മൽസരങ്ങൾ കഴിഞ്ഞശേഷം ഇത്തരമൊരു കടുത്ത പ്രതിഷേധം നടത്താനുള്ള ഔചിത്യബോധമെങ്കിലും നേതാക്കൾ കാട്ടേണ്ടതല്ലേ?
ലോകകപ്പ് ഒരുക്കങ്ങളുടെ മെല്ലെപ്പോക്കിലൂടെ തുടക്കത്തിൽ ഫിഫയുടെ അതൃപ്തി കൊച്ചി ഏറ്റുവാങ്ങിയിരുന്നു. സെമിഫൈനൽ അടക്കമുള്ള മൽസരങ്ങൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളിയാവേശം നിറയുന്ന കൊച്ചിക്കു ലഭിക്കാതെപോയതും അതുകൊണ്ടാണ്. ലോകകപ്പിനിടെ നാട് നിശ്ചലമാക്കുന്ന ഹർത്താൽകൂടി നടന്നാൽ ഫിഫയുടെ കരിമ്പട്ടികയിലാവും കൊച്ചി. അണ്ടർ 20 ലോകകപ്പും ഇന്ത്യയിൽ നടക്കാനുള്ള സാധ്യത നിലനിൽക്കെ കൊച്ചിക്കു വീണ്ടും മൽസരവേദിയാവാനുള്ള സാധ്യത തകർക്കുന്നതുകൂടിയാവും ഈ സമരം.
മറ്റൊരു രാഷ്ട്രീയ പ്രശ്നംകൂടിയുണ്ട്: ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷി കേരളത്തെ ക്രമസമാധാനം തകർന്ന നാടായി ചിത്രീകരിക്കുന്ന സമയംകൂടിയാണിത്. അതിനെ പ്രതിരോധിക്കേണ്ട മുന്നണി ലോകകപ്പ് വേളയിലെ ഈ ഹർത്താലിലൂടെ ആ വാദത്തെ ബലപ്പെടുത്തുകയാണു ചെയ്യുന്നത്.
കൊച്ചിയിലെത്തിയ ഡൽഹിയിലെ എന്റെ ജേണലിസ്റ്റ് സുഹൃത്ത് കലൂർ സ്റ്റേഡിയം കണ്ടിട്ടു ചോദിച്ചത്, ഇത്ര മികച്ച സ്റ്റേഡിയം നഗരമധ്യത്തിൽ എങ്ങനെ ഉണ്ടായി എന്നാണ്. കെ.കരുണാകരൻ എന്ന കായികപ്രേമിയായ മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ ഫലമാണെന്നായിരുന്നു എന്റെ മറുപടി. ഇന്ന് അതേ കെ.കരുണാകരന്റെ പാർട്ടി നയിക്കുന്ന മുന്നണി പ്രഖ്യാപിച്ച ഹർത്താൽ തീർത്തും കായികവിരുദ്ധമായിപ്പോയി എന്നു പറയാതെ വയ്യ.
ഭരണമുന്നണിയെ തിരുത്താനുള്ള പ്രതിഷേധം ലോകത്തിനു മുന്നിൽ നാടിന്റെ പ്രതിച്ഛായതന്നെ തകർത്തുകൊണ്ടാവരുത് എന്നാണ് അഭ്യർഥന.
Read More Articles on Malayalam Literature & Books to Read in Malayalam