ഓര്‍മിക്കുന്നില്ലേ, ജൂഡിത്ത് ഷേക്സ്പിയറിനെ. ഷേക്സ്പിയറിന്റെ അതേ കഴിവും ഭാവനയുമുണ്ടായിരുന്ന സഹോദരിയെ. ലോകത്തിലേക്കു തുറന്നുവച്ചിരുന്നു ജൂഡിത്തിന്റെ കണ്ണുകൾ. മനുഷ്യരിലേക്ക്. അന്തമറ്റ വികാരവിചാരങ്ങളിലേക്ക്. പഠിക്കാന്‍ ആഗ്രഹിച്ചു ജൂഡിത്തും. പക്ഷേ, അവള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു. ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. ജൂഡിത്ത് ഒരു പെണ്ണാണ്. അവള്‍ വീട്ടിലിരിക്കട്ടെ. വീട്ടിലെ ജോലികള്‍ ചെയ്യട്ടെ. സുന്ദരിയായിരിക്കട്ടെ. സല്‍സ്വഭാവിയായിരിക്കട്ടെ. ആഗ്രഹങ്ങളെ അടിച്ചമര്‍ത്തി, ഭാവനയുടെ ആകാശത്തേക്കു തുറന്നുപിടിച്ച കണ്ണുകള്‍ അടച്ച് ജൂഡിത്ത് വലിച്ചെറിയപ്പെട്ടു വീടിന്റെ ഇരുട്ടിലേക്ക്. അപ്പോള്‍ ഷേക്സ്പിയര്‍ എഴുതിത്തുടങ്ങി ഗീതകങ്ങള്‍. പ്രണയത്തെക്കുറിച്ച്. സ്വാതന്ത്ര്യത്തെക്കുറിച്ച്. സ്വപ്നം കാണാന്‍ തുടങ്ങി മാക്ബത്തും കിങ് ലിയറും ഒഥല്ലോയുമുള്‍പ്പെടെയുള്ള ദുരന്തനായകരെക്കുറിച്ച്. ഹാം ലറ്റിന്റെ സത്വപ്രതിസന്ധിയെക്കുറിച്ച്. ജൂഡിത്ത് ആകട്ടെ എല്ലാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് അടിമച്ചങ്ങലയിലും. ഈ ജൂഡിത്തിന്റെ അനുഭവം വിവരിച്ചുകൊണ്ട് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വനിതാ കോളജുകളിലെ കുട്ടികളോടു വെര്‍ജീനിയ വൂള്‍ഫ് പറഞ്ഞു: സ്വന്തമായ ഒരു മുറിയെക്കുറിച്ച്. എഴുതാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്ക് തീര്‍ച്ചയായും ഒരു മുറി വേണം: സ്വന്തമായ ഒരു മുറി. സാമ്പത്തിക സ്വാതന്ത്ര്യവും വേണം. ഇതു രണ്ടുമില്ലെങ്കില്‍ കഴിവുണ്ടെങ്കിലും ഭാവനയുണ്ടെങ്കിലും എന്തു പ്രയോജനം? ആരറിയാന്‍ ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ ?
ജൂഡിത്ത് എന്ന സാങ്കല്‍പിക കഥാപാത്രത്തിന്റെ ഉദാഹരണത്തിലൂടെ എഴുതാന്‍ ആഗ്രഹിക്കുന്ന സ്ത്രീയുടെ ദുരന്തം വെര്‍ജീനിയ വൂള്‍ഫ് പ്രസംഗിച്ചത് 1928 ഒക്ടോബറില്‍. കേംബ്രിഡ്ജിലെ വളര്‍ന്നുവരുന്ന എഴുത്തുകാരികളോട്. അതിനുശേഷം കേംബ്രിഡ്ജില്‍ പഠിച്ചിറങ്ങിയ എത്രയോ തലമുറകള്‍. അവരില്‍നിന്നു വലിയ എഴുത്തുകാരുണ്ടായി. വിമര്‍ശകരുണ്ടായി. കലാകാരന്‍മാരുണ്ടായി. ലോകമെങ്ങും സ്ത്രീ എഴുത്തുകാര്‍ പരിമിതികളെ അതിജീവിച്ച് സ്വന്തമായ ലോകങ്ങള്‍ സൃഷ്ടിച്ചു. ഒരു സാങ്കല്‍പിക കഥാപാത്രമായിരുന്നു ജൂഡിത്ത്. പക്ഷേ, ജൂഡിത്തില്‍ വെര്‍ജീനിയ വൂള്‍ഫ് കണ്ടത് സ്വന്തം നിഴല്‍. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും സ്കൂള്‍ പ്രവേശനം നിഷേധിക്കപ്പെട്ടു വെര്‍ജീനിയ വൂള്‍ഫിനും. മുറിയുടെ ഇരുട്ടിലേക്കും അസ്വാതന്ത്ര്യത്തിലേക്കും തള്ളിയിടപ്പെട്ടു. പക്ഷേ, അങ്ങനെയങ്ങ് തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു വൂള്‍ഫ്. നിഷേധിച്ച സ്വാതന്ത്ര്യം അക്ഷരങ്ങളിലൂടെ എത്തിപ്പിടിക്കുകയും സ്കൂളില്‍ പോയ സഹോദരന്‍മാരെക്കാള്‍ ഉയരത്തില്‍ എത്തുകയും ചെയ്തു വൂള്‍ഫ്. ഒടുവില്‍ മരിച്ചതുപോലും സ്വന്തം ഇഷ്ടപ്രകാരം. അതിലും വലിയ ഒരു ധീരതയുണ്ടോ എന്നു പുരുഷലോകത്തെക്കൊണ്ടു ചോദിപ്പിച്ച എഴുത്തുകാരി.
1928 ല്‍ വെര്‍ജീനിയ വൂള്‍ഫ് നടത്തിയ പ്രസംഗം ഇന്നും കാലാഹരണപ്പെട്ടിട്ടില്ല. അന്നു സര്‍വകലാശാലയുടെ ചുമരുകളും മതിലും കടന്ന് പുറത്തുചാടിയ വാക്കുകള്‍ ഇന്നും ലോകത്തിലൂടെ സ്വൈര്യവിഹാരം നടത്തുന്നു. എഴുത്തിന്റെ വഴികളില്‍ സ്ത്രീകള്‍ക്കു വഴികാട്ടുന്നു. 2018 ജനുവരി 25 വെര്‍ജീനിയ വൂള്‍ഫിന്റെ 136-ാം ജന്‍മദിനമാണ്.
മറക്കാനാകുമോ ആ ചോദ്യം: വെര്‍ജീനിയ വൂള്‍ഫിനെ ആര്‍ക്കാണു പേടി ?
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം