ഹോളിവുഡിനും ബോളിവുഡിനും പിന്നാലെ സാഹിത്യലോകത്തും വീശിയടിക്കുകയാണു ‘മീ ടൂ’ കൊടുങ്കാറ്റ്. ഹോളിവുഡിലെ പ്രശസ്ത നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയിനെതിരെ ആരോപണം ഉയർന്നതിനെത്തുടർന്നു വ്യാപിച്ച ആരോപണക്കാറ്റിൽ വിഗ്രഹങ്ങൾ വീണുടഞ്ഞിരുന്നു. ജീവിതത്തിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ അനുഭവിക്കേണ്ടിവന്ന മോശം പെരുമാറ്റങ്ങളെക്കുറിച്ചു പ്രശസ്തരും സാധാരണക്കാരുമായ സ്ത്രീകൾ തുറന്നുപറച്ചിലുകളുമായി മുന്നോട്ടുവന്നതിനെത്തുടർന്ന് ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ചവർക്കുപോലും കസേരകളിൽനിന്നു താഴെയിറങ്ങേണ്ടിവന്നു. കുടുംബത്തിലും സമൂഹത്തിലും അപമാനിതരായി. ഒടുവിൽ ലൈംഗികാരോപണത്തെത്തുടർന്നു സാഹിത്യത്തിനുള്ള നൊബേൽസമ്മാനദാനം തന്നെ പ്രതിസന്ധിയിലുമായി. ലൈംഗിക ചൂഷണ ആരോപണത്തെത്തുടർന്ന് ഓസ്ട്രേലിയയിൽ നടന്ന സാഹിത്യോൽസവത്തിൽനിന്ന് ഒരു എഴുത്തുകാരനു മുങ്ങേണ്ടിവന്നതാണ് പുതിയ വാർത്ത. പുലിറ്റ്സർ പുരസ്കാര ജേതാവു കൂടിയാണ് തലകുനിച്ചു മടങ്ങേണ്ടിവന്ന എഴുത്തുകാരൻ.
സഹ വനിതാ എഴുത്തുകാർ തങ്ങൾക്കുനേരിടേണ്ടിവന്ന ചൂഷണം പരസ്യമാക്കിയതിനെത്തുടർന്ന് ഓസ്ട്രേലിയയിലെ സിഡ്നി റൈറ്റേഴ്സ് ഫെസ്റ്റിവലിൽനിന്നു മുങ്ങിയിരിക്കുകയാണ് എഴുത്തുകാരൻ ജുനോ ഡീസ്. സാഹിത്യോൽസവത്തിന്റെ സംഘാടകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ പ്രവൃത്തികളുടെ പേരിൽ ഡീസ് വേദന അനുഭവിക്കുന്നുണ്ടെന്നും സംഘാടകർ വ്യക്തമാക്കുന്നു.
സാഹിത്യോൽസവത്തിൽ വെള്ളിയാഴ്ച നടന്ന ചോദ്യോത്തര വേളയിലാണു സംഭവങ്ങളുടെ തുടക്കം. എട്ടാം വയസ്സിൽ നേരിട്ട ലൈംഗികാക്രമണത്തെക്കുറിച്ച് ഡീസ് ന്യൂയോർക്കറിൽ ഒരു ലേഖനം എഴുതിയിരുന്നു. ഈ ലേഖനത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ചോദ്യം ചോദിച്ചത് എഴുത്തുകാരി സിൻസി ക്ളെമൻസ്. ലൈംഗികാക്രമണം നേരിട്ട വ്യക്തിയായിട്ടും എന്തുകൊണ്ടാണ് തന്നോടു മോശമായി പെരുമാറിയതെന്നു ക്ളെമൻസ് ഡീസിനോടു ചോദിച്ചു. ആറു വർഷം മുമ്പ് ബിരുദത്തിനു പഠിക്കുമ്പോൾ 26–ാം വയസ്സിൽ തന്നെ ഡീസ് ബലമായി ചുംബിച്ചുവെന്ന് പിന്നീടു ട്വിറ്ററിൽ ക്ളെമൻസ് വെളിപ്പെടുത്തി. വാട് വി ലോസ് എന്ന നോവലിലൂടെ പ്രശസ്തയായ എഴുത്തുകാരിയാണ് ക്ളെമൻസ്. ഒരു സാഹിത്യ ശിൽപശാലയിൽ പ്രസംഗിക്കാൻ ക്ഷണിക്കാൻ ചെന്നപ്പോഴായിരുന്നു സംഭവം. ക്ളെമൻസിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതിനെത്തുടർന്ന് മറ്റു രണ്ട് വനിതാ എഴുത്തുകാർ കൂടി ഡീസിനെതിരെ രംഗത്തുവന്നു. കാർമൻ മരിയ മക്കാഡോ, മോണിക്ക ബയേൺ എന്നിവരാണ് അനവസരത്തിലും ആക്രമണോദ്ദേശ്യത്തോടുകൂടിയും തങ്ങളോടും ഡീസ് പെരുമാറിയിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് സാഹിത്യോൽസവത്തിന്റെ ബാക്കി സെഷനുകളിൽ പങ്കെടുക്കാതെ ഡീസ് പിൻമാറി. സിഡ്നി റൈറ്റേഴ്സ് ഫെസ്റ്റിവൽ സംഘാടകർ ഒരു പ്രസ്താവനയും പുറത്തിറക്കി. എഴുത്തുകാർക്കും ആസ്വാദകർക്കും സുരക്ഷിതമായും സുഗമമായും സാഹിത്യോൽസവത്തിൽ പങ്കെടുക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണു തങ്ങളെന്നും സംഘാടകർ പ്രസ്താവനയിൽ പറയുന്നു.
ന്യൂയോർക്കറിലെ ലേഖനത്തിൽ ഡീസ് എഴുതിയ ഒരു വാചകം ശ്രദ്ധേയമാണ്– എന്നെങ്കിലുമൊരിക്കൽ ഭൂതകാലം നിങ്ങളെ തേടിയെത്തും. അധികാരത്തിന്റെ എത്ര ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരായാലും കഴിഞ്ഞകാല പ്രവൃത്തികളുടെ പ്രത്യാഘാതങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനോ ഓടിയൊളിക്കാനോ കഴിയില്ല എന്നും എഴുതിയിട്ടുണ്ട് ഡയസ്. ആ വാക്കുകൾ അറംപറ്റിയിരിക്കുകയാണ് ഇപ്പോൾ ഡയസിന്റെ കാര്യത്തിൽ.
ഡൊമിനിക്കൻ–അമേരിക്കൻ എഴുത്തുകാരനാണ് 49– വയസ്സുകാരനായ ജൂനോ ഡീസ്. ക്രിയേറ്റീവ് റൈറ്റിങ്ങിൽ പ്രഫസർ കൂടിയാണ് ഡീസ്. ദ് ബ്രീഫ് വണ്ടറസ് ലൈഫ് ഓഫ് ഓസ്കർ വോ എന്ന പുസ്തകത്തിന് 2008–ൽ പുലിറ്റ്സർ പുരസ്കാരം ലഭിച്ചു.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം