ദുരഭിമാനക്കൊല കേരളത്തിൽ ആദ്യമൊന്നുമല്ല. ദലിതനെ വിവാഹം ചെയ്യുന്നതിൽനിന്നു മകളെ തടയാൻ, അതുണ്ടാക്കുന്ന അപമാനത്തിൽനിന്നു കുടുംബത്തെ രക്ഷിക്കാൻ, അവളെ അതിക്രൂരമായി കൊലചെയ്ത മലപ്പുറം അരീക്കോട്ടെ പിതാവ് വിചാരണത്തടവുകാരനായി ജയിലിലാണ്. ചെയ്യേണ്ടത് ചെയ്തു എന്ന കൃതകൃത്യതയല്ലാതെ ഒരു കുറ്റബോധവും അദ്ദേഹം ഇനിയും അനുഭവിച്ചുതുടങ്ങിയിട്ടില്ലത്രേ. അന്ന് ആ വാർത്ത വായിച്ച പല മലയാളി പിതാക്കളും അയാളെ കുറ്റപ്പെടുത്തുന്നതിനെക്കാൾ തങ്ങൾക്ക് ഇങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടിവരാത്തതിൽ ആശ്വസിക്കുകയാവാം ചെയ്തത്. ഏതായാലും പരോക്ഷമായി മാത്രം നിലനിന്ന ആ പിന്തുണ ശക്തമായി തുറന്നു പ്രഖ്യാപിക്കുകയാണ് കോട്ടയം കൊലപാതകം. അയാൾക്കു ജയിലിൽ ഇന്നൊന്നുകൂടി ഗാഢമായുറങ്ങാം.
ഇതിൽ പക്ഷേ, മുഖ്യ മതനിരപേക്ഷ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ പ്രാദേശിക ഘടകത്തിനും കോട്ടയംഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കും പങ്കുണ്ടെന്നു കേൾക്കുന്നതിലാണ് അസ്വസ്ഥത. പാർട്ടി സലാം മടക്കുകയായിരുന്നെന്നു ഞാൻ കരുതുന്നില്ല. കേരളത്തിലെ ജീർണിച്ച ജാതിവ്യവസ്ഥ ഉന്നത മൂല്യങ്ങൾ പുലർത്തുന്ന, സാർവദേശീയാദർശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു പാർട്ടിയെ ഉള്ളിൽ നിന്നു തുരങ്കം വയ്ക്കുന്നു എന്നതു പക്ഷേ കാണാതിരുന്നുകൂടാ. ദലിത് ക്രിസ്ത്യനായിരുന്നു, താരതമ്യേന തങ്ങളെ അപേക്ഷിച്ച് നിർധനനുമായിരുന്നു (മറ്റേ വർഗമായിരുന്നു) എന്നതാണ് നീനുവിന്റെ സഹോദരന്റെയും കൂട്ടാളികളുടെയും ന്യായമെങ്കിൽ കേരളം പുരോഗമിച്ച പുരോഗതി അത്യന്തം ഭയാനകം എന്നേ പറയാവൂ.
കേരളത്തിൽ സമീപകാലത്തുണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ദുരന്തവും ഒറ്റപ്പെട്ടതല്ല. അതൊറ്റപ്പെട്ടതാണെന്നു പറയുന്ന രാഷ്ട്രീയവും അതൊറ്റപ്പെട്ടതല്ലെന്നു പറയുന്ന രാഷ്ട്രീയവും കേരളത്തിലുണ്ട്. ആദ്യത്തേത് ശക്തിപ്പെട്ടു വരുന്നു (ഇത്തരം ഘട്ടങ്ങളിൽ പുറത്തേക്കു നോക്കിയിരിക്കുന്ന സാംസ്കാരിക നായകരും). ഏതു നിമിഷവും ആൾക്കൂട്ടമായി മാറി മാരകമായിത്തീരാനും ഏതു നിമിഷവും ഉൾവലിഞ്ഞ് സ്വാർഥഭരിതമാവാനും കേരളീയ ജനതയ്ക്കു മിടുക്കുണ്ട് (അക്രമത്തിനു നിരുപാധികമായി അവസരങ്ങൾ കിട്ടുന്നതുകൊണ്ടല്ലേ പല യുവജന സംഘടനകളും തഴച്ചുവളരുന്നതെന്നും ഓർക്കാം). തല്ലിച്ചതയ്ക്കാനും നിർവികാരമാവാനും അതിനു കഴിയും.
വരാപ്പുഴ ശ്രീജിത്തിനെ വീട്ടിൽക്കയറി ഇറക്കിക്കൊണ്ടുവന്ന് ചവിട്ടിക്കൊന്ന പൊലീസും കോട്ടയം നട്ടാശേരിയിലെ, കെവിനെ വീട്ടിൽനിന്നു പിടിച്ചിറക്കിക്കൊണ്ടുപോയി കൃത്യം നിർവഹിച്ചു തീരുംവരെ നിർവികാരമായി പ്രവർത്തിച്ച പൊലീസും രണ്ടല്ല. അന്നു മുഖ്യമന്ത്രി സ്ഥലത്തുള്ളതിനാൽ നീതിനിർവഹണത്തിനു നേരമില്ല എന്നാണത്രേ പൊലീസ് നീനുവിനോടു പറഞ്ഞത്.
ദുരഭിമാനക്കൊലകളോ, കേരളത്തിലോ എന്നു തിളയ്ക്കുന്ന ചോരയോടെ ചോദിക്കല്ലേ. ഇവിടെ നടക്കുന്ന വിവാഹങ്ങളൊക്കെ അഭിമാനവിവാഹങ്ങൾ (അഭിമാനക്കൊലകൾ). സൂക്ഷ്മമായി പറഞ്ഞാൽ കേരളത്തിൽ ആർഭാടപൂർവം നടക്കുന്ന വിവാഹങ്ങളെല്ലാം ദുരഭിമാനങ്ങളുടെ ആഘോഷങ്ങളാണ്. ദുരഭിമാനക്കൊലകൾക്ക് അവയോരോന്നും ശുപാർശ ചെയ്യുന്നു.
വധുവിന്റെ ബന്ധുക്കളുടെ നിലയ്ക്കും വിലയ്ക്കും ഒത്തവനല്ലാത്തതിനാൽ കെവിൻ കൊല്ലപ്പെടുന്നു. പിന്മാറാൻ തയാറല്ലാത്തതിനാൽ മകൾ തന്നെ കൊല്ലപ്പെടുന്നു അരീക്കോട് സംഭവത്തിൽ. സഹോദരിയുടെ ഭർത്താവിനെ കൊന്ന ആ സഹോദരനും മകളെക്കൊന്ന ആ അച്ഛനും അമിതമായ പ്രോൽസാഹനമാണ് ഓരോ വിവാഹത്തിലൂടെയും കേരളീയ സമൂഹം നൽകുന്നത്. കേരളത്തിലെ ഒട്ടേറെയായ പത്രങ്ങളിൽ വരുന്ന വിവാഹപ്പരസ്യങ്ങൾ മാത്രം നോക്കിയാൽ മതി ദുരഭിമാനക്കൊലകളുടെ കാരണമറിയാൻ. മുഖ്യധാരയുടെ ജീർണതകളുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചാലേ മുഖ്യധാരാപ്പാർട്ടി വളരൂ എന്നുമാവാം.
‘നിപ്പ’ എന്ന തലതിരിഞ്ഞ പനി എന്നെ ഭയപ്പെടുത്തിയത് അതിന്റെ ഉറവിടത്തിന്റെ അവ്യക്തതയാലല്ല, അതിന്റെ മരണവേഗംകൊണ്ടുമല്ല. അതു ബാധിച്ചാൽ, ബാധിച്ചു എന്നു സംശയിക്കപ്പെട്ടാൽ ആ വ്യക്തിയും അയാളുമായി അടുത്തിടപഴകിയവരും അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടലാലോചിച്ചാണ്. മുൻപും ഇവിടെ അതുവരെ അപരിചിതമായിരുന്ന മാരകരോഗങ്ങൾ വന്നിട്ടുണ്ട്. വസൂരിയും കോളറയും മെനിഞ്ചൈറ്റിസും ഡിഫ്തീരിയയും പോലുള്ളവ. അന്നു മാരകങ്ങളായ പകർച്ചവ്യാധികളെ കൂസാതെ രോഗബാധിതമായ വീടുകളിൽ ശുശ്രൂഷ നൽകാനും ആവശ്യമായ സഹായം നൽകാനും ചിലരുണ്ടായിരുന്നു ഏതു കരയിലും. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനം സ്പോൺസർ ചെയ്തവരോ പിന്നീടു കണക്കുപറഞ്ഞു വോട്ട് വാങ്ങിക്കാം എന്നു കരുതിയവരോ ആയിരുന്നില്ല അത്. തിരയടങ്ങുന്നതു വരെ ശുചീകരണത്തിനായി അവർ കാത്തുനിന്നില്ല. സുരക്ഷോപായങ്ങൾ വന്നുചേരുന്നതു വരെ സുരക്ഷിത താവളത്തിൽ കഴിഞ്ഞില്ല. അവർ ലിനിയെപ്പോലെ കൈമെയ് മറന്നു പ്രവർത്തിച്ചു. പക്ഷേ, ഇന്നു ദീർഘവീക്ഷണത്തോടെ, കരുതലോടെ പാർട്ടി നോക്കി, ജാതി നോക്കി, മതം നോക്കി, അടുത്ത ഇലക്‌ഷൻ നോക്കി, അതിലെല്ലാം മീതെയായി ‘തന്നെ’ നോക്കി മാത്രം പ്രവർത്തിക്കുന്നവരായി നാം മാറി.
വൈലോപ്പിള്ളിയുടെ വരി അന്നില്ലാതിരുന്ന ആഘാതശേഷിയോടെ ഇന്നു നമ്മെ ബാധിക്കുന്നു. ‘‘നമ്മളൊറ്റപ്പെട്ടോർ, തമ്മിൽത്തമ്മിലുമൊറ്റപ്പെട്ടോർ.’’ നിരുപാധികമായി പരസ്പര സ്നേഹത്തോടെ സഹവർത്തിക്കുന്ന ഒരു സമൂഹമാണോ നമ്മൾ എന്നു പുരികം ചുളിച്ചു സൂക്ഷിച്ചുനോക്കി ‘നിപ്പ.’ ഒന്നേ നോക്കിയുള്ളൂ.
കൊട്ടിഘോഷിക്കപ്പെട്ട സാംസ്കാരിക ഔന്നത്യമൊന്നും കേരളത്തിനില്ല. സംസ്കാര സമ്പന്നതയുടെ ദൃശ്യത (visibility) മാത്രമേ നമുക്കുള്ളൂ. പടുകൂറ്റൻ ആശുപത്രികൾ (രോഗനിർണയം ചെയ്യാൻ അടുത്ത സംസ്ഥാനത്തിലെ മെഡിക്കൽ കോളജിലെ ലാബിലെ തിരക്കൊഴിയുന്നതു വരെ കാത്തിരിക്കണം. പക്ഷേ, ശവങ്ങൾക്കു സുഖസൗകര്യത്തോടെ കഴിയുവാൻ വെന്റിലേറ്റർ സൗകര്യങ്ങളുണ്ട്, എത്ര നാളത്തേക്കും), കമനീയമായ ജ്വല്ലറികൾ, ഭാരതത്തിലെ മുഴുവൻ ജനതയ്ക്കും ആവശ്യമുള്ളതിലേറെ വസ്ത്രങ്ങൾ സ്റ്റോക്ക് ചെയ്ത വ്യാപാരശാലകൾ, മഹാമാളുകൾ, ബ്യൂട്ടി പാർലറുകൾ. കാണാനാകുന്ന എല്ലാറ്റിനും എ പ്ലസ് (വിദ്യാഭ്യാസത്തിനായല്ല മാർക്കിനായി ലക്ഷ്യങ്ങൾ തിരുത്തപ്പെട്ട മാർക്ക് ഓറിയന്റഡ് വ്യവസ്ഥയിലെ എ പ്ലസ് പോലെ പൊള്ളയായ എ പ്ലസുകൾ). പ്രത്യക്ഷത്തിൽ എല്ലാം മനോഹരം. അകമേ വ്രണങ്ങൾ, മുറിവുകൾ, അകത്തു കെട്ടിയിടപ്പെട്ട അഗളിയിലെ മധുവിനെപ്പോലെ അപരാധം.
എന്നാലും കേരളം വളരുകയാണ്. ദുരഭിമാനങ്ങളുമായി ഐക്യപ്പെട്ട് വാനംമുട്ടെ!
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം