Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അത്രമേൽ എന്നെ കൊതിപ്പിച്ചു ഈ 'കൂട്ട്', പക്ഷേ...'

joy-mathew

ഒരു പുസ്തകം വായിക്കണമെന്ന് ആഗ്രഹിച്ച് വാങ്ങുകയും വായിച്ചുതീരും മുൻപേ സുഹൃത്തുക്കൾ അതു കൊണ്ടു പോവുകയും ചെയ്താലോ? ഒന്നും രണ്ടും തവണയല്ല നാലു തവണയാണ് ജോയ് മാത്യുവിന് ഫാ. ബോബി ജോസ് കട്ടികാടിന്റെ കൂട്ട് എന്ന പുസ്തകം വാങ്ങേണ്ടി വന്നത്. ജോയ് മാത്യു പങ്കുവച്ച ഈ വായാനുഭവ കഥ സമൂഹ മാധ്യമത്തിൽ തരംഗമാവുകയാണ്. കുറിപ്പിങ്ങനെ–

കൂട്ടിൽ നിന്നും ഒരു കിളി വന്നു എന്റെ തലയിൽ കൊത്തുമ്പോൾ 

ഒരു പുസ്തകവുമായി ഇങ്ങിനെയൊരനുഭവം ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ഒരു പുസ്തകത്തിന്റെ തന്നെ നാലുകോപ്പികൾ ഒരാൾ വായിക്കാൻ വാങ്ങുമോ? അങ്ങിനെയൊരു വിധിയുണ്ടായി, പുസ്തകത്തിന്റെ പേര് 'കൂട്ട്'. എഴുതിയത് ബോബി ജോസ് കട്ടികാട്.

ബോബി അച്ചൻ എന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; ഇതുവരെ നേരിൽ കാണുവാൻ സാധിച്ചിട്ടില്ല. ജീവിതം എന്നെ പരദേശത്തേയ്ക്ക് നാടുകടത്തിയകാലത്തായിരിക്കണം ബോബി അച്ചൻ നാട്ടിൽ അവതരിച്ചിരിക്കുക. പ്രദീപ് മുല്ലനേഴി സംവിധാനം ചെയ്തതതും ഞാൻ അഭിനയിച്ചതുമായ "നമുക്കൊരേ ആകാശം" എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. അഭിനയിച്ചു എന്നു പറയുന്നത് ശരിയല്ല അദ്ദേഹം അദ്ദേഹമായിത്തന്നെ പ്രത്യക്ഷപ്പെടുകയായിരുന്നു. അതിന്റെ മറ്റൊരു തമാശ അഭിനയിച്ചത് എന്റെ മകനോടോപ്പമായിരുന്നു എന്നതാണ് (എന്റെ ബാല്യകാലം അഭിനയിച്ചത് എന്റെ മകൻ തന്നെയായിരുന്നു). എന്തുകൊണ്ടോ ഞങ്ങൾ തമ്മിൽ ഒരു കണ്ടുമുട്ടൽ സംഭവിച്ചില്ല. വർഷങ്ങൾ കഴിഞ്ഞു, പുസ്തകക്കടയിൽ നിന്നും പുസ്തകങ്ങൾ തിരയുമ്പോൾ അതീവ ഹൃദ്യമായൊരു മുഖചിത്രം എന്നെ ആകർഷിച്ചു. ആ മുഖനൈർമല്യം എന്നെ കൊളുത്തി വലിച്ചു. ചുരുക്കത്തിൽ പുസ്തകം എന്റെ അലമാരയിലെത്തി. യാത്രകളിൽ "കൂട്ട് " ഉണ്ടായിരുന്നുന്നെങ്കിലും വായിക്കാൻ തുടങ്ങിയത് ഏറെ കഴിഞ്ഞാണ്. 

koottu-1

വായിച്ചു തുടങ്ങിയപ്പോഴോ, പുസ്തകം താഴെവെയ്ക്കാൻ തോന്നിയതുമില്ല. ആഴത്തിലുള്ള വായന നൽകിയ അറിവിന്റെ, അലിവിന്റെ, സൗഹൃദത്തിന്റെ, ചങ്ങാത്തത്തിന്റെ, ഉദാത്തമായ സ്നേഹത്തിന്റെ വെളിപാടു പുസ്തകമാണ് ഈ 'കൂട്ട്'. പലപ്പോഴും പുസ്തകങ്ങളുടെ ആദ്യ കമ്പാർട്ടുമെന്റിൽ നിന്നുതന്നെയോ അല്ലെങ്കിൽ പാതിവഴിയിലോ ഇറങ്ങിപ്പോക്ക് ശീലമാക്കിയ എനിക്ക് 'കൂട്ടി 'നെ പിരിയാനേ തോന്നിയില്ല. അപ്പോഴാണ് മൂന്നാറിനും വട്ടവടക്കും അപ്പുറത്തുള്ള ഗിരിയേട്ടന്റെ "The Only Place" ലേക്ക് എന്റെ കൊച്ചിയിലെ ആർക്കിടെക് - എഞ്ചിനീയറിങ് സൈന്യം എന്നെ പറഞ്ഞയക്കുന്നത്. മൂന്നാറിന്റെ ശൈത്യത്തിലേക്ക് 'കൂട്ട് ' എന്നോടൊപ്പം കൂടി. മൂന്നാറിന്റെ ഗിരിശൃഗം പോലെ മനസ്സുള്ള ഗിരിയേട്ടൻ നന്നായി പുസ്തകം വായിക്കുന്ന ആളാണെന്ന് അവിടെ ചെന്നപ്പോൾ എനിക്കു മനസ്സിലായി. യാത്രപറഞ്ഞ് പിരിയുമ്പോൾ ഗിരിയേട്ടൻ എനിക്കു മനോഹരമായ ഒരു സമ്മാനം തന്നു, മദ്യപാനികൾക്ക് ഏറെ ഉപയോഗപ്രദമായ ഒരു സ്റ്റൈലൻ ഫ്ലാസ്‌ക്. അദ്ദേഹത്തിന് സ്വിറ്റ്സർലാന്റിൽ നിന്നും വന്ന ഒരു സുഹൃത്ത് നൽകിയതാണത്രേ. ഒരാൾ സ്നേഹത്തോടെ നൽകിയ സമ്മാനം എനിക്ക് തരുന്നത് ശരിയാണോ? ഞാൻ ചോദിച്ചു. ഗിരിയേട്ടൻ മനോഹരമായ ഒരു ചിരി ചിരിച്ചു, "ഇത് ജോയിക്കാണ്‌ കൂടുതൽ ഉപകാരപ്പെടുക എന്നെനിക്കു തോന്നി". അതെ നമുക്കേറ്റവും ഇഷ്ടമുള്ളത് ഒരാൾക്ക് നൽകുമ്പോഴേ അത് ഒരു സ്നേഹസമ്മാനമാകൂ എന്ന് 'കൂട്ട് ' വായിക്കുമ്പോൾ ഞാനറിയാതെ എന്റെ തലയിൽകയറി കൂടുകൂട്ടിയ ഒരു കിളി പറയുന്നത് ഞാൻ കേട്ടു. ഗിരിയേട്ടനു പകരം ഞാൻ എന്തുകൊടുക്കും? ഞാൻ പിന്നെ മറ്റൊന്നും ആലോചിച്ചില്ല എന്റെ കയ്യിലിരുന്ന, ഞാൻ വായിച്ചു തീരാത്ത 'കൂട്ട് ' അങ്ങിനെ ഞാൻ ഗിരിയേട്ടന് സമ്മാനിച്ചു. ആദ്യ 'കൂട്ട് ' പോയകഥ അങ്ങനെ.

മൂന്നാർ–കോട്ടയം–കൊച്ചി വാസങ്ങൾ കഴിഞ്ഞ കോഴിക്കോട്ടെത്തുന്നു. പതിവു സങ്കേതമായ, ഓഷോ പുസ്തക കേന്ദ്രമായ SILECE ൽ എത്തുന്നു വീണ്ടും ഒരു "കൂട്ട് " എടുക്കുന്നു. അപ്പോൾ കയറിവന്ന ഞങ്ങളുടെ കൂട്ടുകാരിൽ ഒരേയൊരു ഗസൽ ഗായിക എന്റെ കയ്യിലിരുന്ന പുസ്തകം വാങ്ങി തിരിച്ചും മറിച്ചും നോക്കുന്നു, പിന്നെ എന്നോട് അഭിപ്രായം ചോദിക്കുന്നു. 'ഇതു വായിച്ചില്ലെങ്കിൽ പിന്നെ നീ ഒന്നും വായിച്ചിട്ടില്ലെന്ന്' നല്ലൊരു വായനക്കാരികൂടിയായ അവളോട് ഞാൻ പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ അവൾ എന്നോട് ചോദിക്കുന്നു "എന്നാ ജോയേട്ടാ നിങ്ങൾക്ക് ഇതെനിക്ക് സമ്മാനമായി തന്നൂടെ ?" 

പ്രിയ ഗായികേ നമിച്ചു നിന്നെ ഞാൻ.

മനുഷ്യർക്ക് സമ്മാനമായി നൽകാൻ ഒരു 'കൂട്ട് ' ആണ് വേണ്ടതെന്ന് തലയിൽ കൂടുകൂട്ടിയ കിളി ഒരു കൊത്തുകൂടി തന്നു കൊണ്ട് എന്നെ ഓർമപ്പെടുത്തി. അങ്ങനെ രണ്ടാമത്തെ "കൂട്ട് " ആ വഴിക്കും പോയി. വായിച്ചു തീരാത്ത 'കൂട്ടി'ന്റെ ഒരു കോപ്പി വീണ്ടും വാങ്ങിഞാൻ വീട്ടിലെത്തി. വീട്ടിൽ ഉത്സവാന്തരീക്ഷമാണ്. ഭാര്യാസഹോദരനും കുടുംബവും അമേരിക്കയിൽ നിന്നും വന്നതിന്റെ ആഹ്ലാദത്തിലാണെല്ലാവരും. ഇടയ്ക്ക് ഞാൻ 'കൂട്ടു'മായി മുങ്ങും. പതിനഞ്ചു ദിവസത്തെ നാടുകാണൽ അവസാനിപ്പിച്ച് അവർ യാത്രയായി. പോകാൻ നേരത്ത് പതിവുപോലെ നല്ലൊരു വായനക്കാരിയായ അച്ചാമ്മ ടീച്ചർ (അമ്മായിയമ്മ, പൊന്മണി എന്നിങ്ങിനെ ഈ പേരിനു പര്യായങ്ങൾ പലതുണ്ട്) എന്റെ പുസ്തകശേഖരത്തിൽ നിന്നും പുസ്തകങ്ങൾ ചോദിച്ചു വാങ്ങിക്കാറുണ്ട്. അമേരിക്കയിൽ ചെന്നാൽ ടെലഫോൺ തീറ്റകഴിഞ്ഞാൽ പിന്നെ പുസ്തകത്തീറ്റയാണ് കക്ഷിയുടെ പ്രധാന ഐറ്റമെന്ന് പലരും. അവർക്ക് മാത്രമല്ല അവരെപ്പോലെ മക്കളോടോത്ത് താമസിക്കുന്ന മറ്റ് അമ്മ -അമ്മായിയമ്മമാർക്ക് വിതരണം ചെയ്യാൻ കൂടിയാണ് പുസ്തകങ്ങൾ കൊണ്ടുപോകുന്നത്. ഞാൻ അവർക്കാവശ്യമുള്ള പുസ്തകങ്ങൾ കൊടുത്തു. അവർ ഹാപ്പിയായി. ഇറങ്ങാൻ നേരം തിരിഞ്ഞു നിന്ന് ചങ്കിൽകൊള്ളുന്ന ഒരു ചോദ്യം കൂടെ തന്നു."ജോയി ആ 'കൂട്ട് ' വായിച്ച് കഴിഞ്ഞെങ്കിൽ ഇങ്ങ് തന്നേക്കാമോ?"

ഉടനെ ഞാൻ പറഞ്ഞു "ഇല്ല കുറച്ചുകൂടി ഉണ്ട്... വഴിയിൽ നിന്നും ഞാൻ വേണമെങ്കിൽ ഒരു കോപ്പി വാങ്ങിച്ചു തരാം"

അങ്ങിനെ പൈസ ചെലവാക്കാനൊന്നും അച്ചാമ്മ ടീച്ചറെ കിട്ടില്ല "ഏയ് അതൊന്നും വേണ്ട. ജോയി വായിചേച്ച് ഇവിടെ വെച്ചാൽ മതി അടുത്ത തവണ വരുമ്പോൾ വായിക്കാം"

എന്റെ തലയിലെ കിളി വീണ്ടും ആഞ്ഞുകൊത്തി 'ചിലതൊന്നും നാളേക്ക് മാറ്റി വയ്ക്കരുത് പ്രത്യേകിച്ചും ചോദിച്ചു വാങ്ങുന്ന സമ്മാനങ്ങൾ' ഞാനകത്തേക്ക് പാഞ്ഞു ചെന്ന് എന്റെ 'കൂട്ട് ' കൊടുത്തു.

'കൂട്ട് ' അങ്ങിനെ ഇപ്പോൾ കടൽ കടന്ന് അമേരിക്കയിലെത്തി.

പാതിവഴിയിൽ നിർത്തിയ പുസ്തകങ്ങൾ ലക്ഷ്യത്തിലെത്താത്ത തീവണ്ടി പോലെയാണ്, അത് തീ തിന്നു കിതച്ചുകൊണ്ടേയിരിക്കും, എത്ര വെള്ളം കുടിച്ചാലും ദാഹം മാറുകയുമില്ല.

വീണ്ടും SILENCE ലേക്ക് വിളിക്കുന്നു. ജോസിപ്പാപ്പൻ ഫോണെടുക്കുന്നു. ഒരു 'കൂട്ട് 'കൂടി വേണം. ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്നും ജോസിയുടെ ചോദ്യം "ഇതിപ്പോ ആർക്കാ?"

"എനിക്കുതന്നെ, എനിക്കിതുവരെ ഒരു 'കൂട്ട് ' മുഴുവനായി കിട്ടിയില്ല. ഉള്ളതൊക്കെ കൂട്ടുകാർ പങ്കുവെച്ചുകൊണ്ടുപോയി".

ജോസിപ്പാപ്പൻ പെട്ടെന്നു ഓഷോ ആയി ''അതെങ്ങനെയാ ജോയീ, ചില മനുഷ്യരിലൂടെയെ ചില കാര്യങ്ങൾ മറ്റുള്ളവരിൽ എത്തുകയുള്ളൂ "

അങ്ങിനെ നാലാമത്തെ "കൂട്ട് " എന്റെ കൈയിലെത്തി, ഞാനതിൽ മുഴുകി.

ഇത്രയേറെ എന്നെ കൊതിപ്പിച്ച ഒരു പുസ്തകം അടുത്തകാലത്ത് ഞാൻ വായിച്ചിട്ടില്ല. നെരൂദയും കസാൻദ് സാക്കീസും ജിബ്രാനും ദസ്തയേവ്സ്കിയും സച്ചിദാനന്ദനും സുഗതകുമാരിയും ഫെല്ലിനിയും ചാപ്ലിനും ഗാന്ധിയും ക്രിസ്തുവും രാമനും കൃഷ്ണനും ഇതിഹാസങ്ങളും കയറിയിറങ്ങി നാം ഒരു തീരത്തണയുന്നു. സ്നേഹമെന്ന അലിവിന്റെ തീരത്ത്.

'കൂട്ട്' വായിക്കാനുദ്ദേശിക്കുന്നവരോട് ഞാൻ ആ പുസ്തകത്തെക്കുറിച്ച് പറഞ്ഞാൽ അത് അവരുടെ മനസ്സിന്റെ അറകളെ മുൻവിധികൊണ്ട് താഴിട്ട് പൂട്ടിയേക്കാം എന്നു ഞാൻ ഭയക്കുന്നു. എങ്കിലും പുസ്തകത്തിൽ നിന്നും ഇതു മാത്രം കുറിക്കുന്നു.

"ഒരു പുഴയ്ക്കും ലക്ഷ്യമില്ലാതെ ഒഴുകാനാവില്ല .

അതിനായി നേരത്തെ നിശ്ചയിക്കപ്പെട്ട ഒരു കടലുണ്ട്.

ഒത്തിരി ഒത്തിരി ദൂരത്തായിരിക്കാമത്.

അവിടെയെത്തുവോളം അസ്വസ്ഥമാണത്തിന്റെ ഉള്ളം.

ആ കടൽ എന്തുമാകാം:

പ്രണയത്തിന്റെയോ മരണത്തിന്റെയോ."

ഒരു പുസ്തകം വായിച്ച ശേഷം അതെഴുതിയ എഴുത്തുകാരനെ കാണണമെന്ന് രണ്ടുതവണയെ എനിക്കു തോന്നിയിട്ടുള്ളൂ. ആദ്യത്തേത് നടക്കാത്ത സ്വപ്നം. ദസ്തയേവ്സ്കി മരിച്ചു കഴിഞ്ഞിട്ടാണല്ലോ ഞാൻ ജനിച്ചത്. രണ്ടാമത് 'കൂട്ടി'ലേക്ക് എന്നെ നടത്തിച്ച ഈ എഴുത്തുകാരനെ, അത് സംഭവിക്കും എന്നെനിക്കുറപ്പാണ്.