ബാഗിന് നല്ല കനമുണ്ടല്ലോ. ഇതിനകത്തെന്നാ വല്ല കല്ലുമാണോ ? മാത്തുക്കുട്ടി ചോദിച്ചു.
‘അതിൽ അവൾ തന്ന അവസാനത്തെ സമ്മാനമാണ്’. ഇതു പറഞ്ഞു തീർന്നതും ചന്ദ്രൻ ഒരു വലിയ കരച്ചിൽ മാത്തുക്കുട്ടിയുടെ തോളിൽവച്ചു. കരച്ചിലൊന്നും മാത്തുക്കുട്ടിയെ ബാധിച്ചില്ല. സഞ്ചിയിലെ ഭാരം അവളുടെ ഹൃദയമാണെന്നു തോന്നുന്നുവെന്ന് കള്ളിന്റെ മൂച്ചിൽ പറഞ്ഞാലോ എന്ന് ആലോചിച്ച് വാ തുറക്കാൻ തുടങ്ങിയതും അത്രയും വലിയൊരു പൈങ്കിളി തന്നേപ്പോലൊരു തറവാടിക്ക് ചേർന്നതല്ലെന്നു മാത്തുക്കുട്ടിക്കു തോന്നി.
പുതിയ കാലത്തെ ഒരു എഴുത്തുകാരൻ ‘പൈങ്കിളി’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസത്തെ എത്രമാത്രം പേടിക്കുന്നുണ്ടെന്നു വ്യക്തമാവും ‘ഭാരതപര്യടനം’ (ഉണ്ണി.ആർ) എന്ന കഥയിലെ സംഭാഷണത്തിലൂടെ കടന്നുപോകുമ്പോൾ. ഒരു വാക്ക് എഴുതുമ്പോൾ, വാചകം ആലോചിക്കുമ്പോൾ പുതിയ തലമുറയിലെ എഴുത്തുകാർക്കു തടസ്സമായോ പ്രതിബന്ധമായോ കടന്നുവരുന്നു പൈങ്കിളി.
ആവർത്തിച്ച് എഴുതിയും പറഞ്ഞും ഭാവന ചെയ്തും ക്ളീഷേ ആയിപ്പോയ വികാരസാന്ദ്രമായ വാക്കുകൾ. വാചകങ്ങൾ. ഉപയോഗിച്ചാൽ ഉദ്ദേശിക്കുന്ന അർഥം വായനക്കാർക്കു പൂർണമായും ലഭിക്കുമോ എന്ന സംശയം എഴുത്തുകാരിൽ സൃഷ്ടിക്കുന്ന പദപ്രയോഗങ്ങൾ. ഇന്നും ഇങ്ങനെയൊരു സംശയത്തിലേക്കും ആശങ്കയിലേക്കും പുതിയ ഭാഷ വേണ്ടിവരുമെന്ന ചിന്തയിലേക്കും എഴുത്തുകാരെ നയിക്കുന്നതിന്റെ ഉത്തരവാദിത്തം ഒരു എഴുത്തുകാരനാണ്. പൈങ്കിളിയാണ് ആ പേരു പോലും. ആ പേരിൽ വിളിക്കപ്പെടുന്ന ആളു പോലും പൈങ്കിളിയാകും. ഉച്ചാരണത്തിൽപ്പോലും ശാലീനതയും സൗന്ദര്യവും മധുരസ്മരണകളുടെ ഗൃഹാതുരത്വവും ഉണർത്തി നിലയ്ക്കാതൊഴുകുന്ന പുഴ– ചങ്ങമ്പുഴ.
ചങ്ങമ്പുഴയുടെ 107–ാം ജൻമദിനത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം കവിയുടെ മുഴുവൻ കൃതികളുടെയും സമാഹാരം ഒരിക്കൽക്കൂടി പുറത്തിറക്കുമ്പോൾ ജാഗ്രത കൂടുകയാണ് പുതിയ എഴുത്തുകാർക്ക് – കവിതകൾ ഒരിക്കൽക്കൂടി വായിച്ച് അവയിൽ ഉപയോഗിച്ച് അനശ്വരത നേടിയ വാക്കുകളും പ്രയോഗങ്ങളും ഇമേജുകളും പോലും അകറ്റിനിർത്താനുള്ള പരിശ്രമം. പക്ഷേ, എത്രയൊക്കെ ശ്രമിച്ചാലും അകറ്റിനിർത്താനാവുമോ ചങ്ങമ്പുഴയെ. കണ്ടില്ലെന്നു നടിക്കാനാവുമോ അദ്ദേഹമെഴുതിയ കവിതകളുടെ പൂമാലകളെ. ബാഷ്പധാരയെ. മലരൊളി തിരളുന്ന മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുന മുക്കി എഴുതിയ വരികളെ. ചങ്ങ‘മ്പുഴ’യുടെ ഓളങ്ങളെ. ഓളങ്ങൾ തലോടിവരുന്ന കാറ്റിനെ. വരണ്ടുണങ്ങിയ പുഴ നിറഞ്ഞൊഴുകി തീരങ്ങളെ കാൽക്കീഴിലാക്കുന്നതുപോലെ ചങ്ങമ്പുഴ പൂർണമായും ഗ്രസിക്കുന്ന നിമിഷങ്ങളില്ലേ എല്ലാവരുടെയും ജീവിതത്തിലും എഴുത്തിലും കാവ്യവിചാരങ്ങളിലും. കാവ്യഗന്ധർവൻ എന്നു വാഴ്ത്തപ്പെട്ട, നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്നു വിളിക്കപ്പെട്ട, വിധിയുടെ വേട്ടമൃഗം എന്നു സഹതപിക്കപ്പെട്ട ചങ്ങമ്പുഴ അക്ഷരാർഥത്തിൽ ഇന്നും വേട്ടയാടപ്പെടുകയാണ്; ഒരു നാടിനെയും പല തലമുറകളെയും അഗാധമായി സ്വാധീനിച്ചതിന്റെ പേരിൽ. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെ അതിസുന്ദരമായ വാക്കുകളിൽ, ഈണങ്ങളിൽ, ശ്രുതിയിൽ വാഴ്ത്തിയതിന്റെ പേരിൽ. അപൂർവമായി സംഭവിക്കുന്ന ക്രൂരതയാണ് അദ്ദേഹം നേരിടുന്നത്. പ്രതിഭയുടെ ധാരാളിത്തം ശാപത്തിന്റെ വാൾമുനയായി തിരിഞ്ഞുകൊത്തുന്ന അനുഭവം. സ്പന്ദിക്കുന്നുണ്ട് ഇന്നും ആ അസ്ഥിമാടം. മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള മാനവർക്ക് ഇന്നും അവഗണിക്കാനാവാത്ത അസ്ഥിമാടം. നിരന്തര സ്പന്ദനങ്ങളുടെ തെളിവാണ് ഇപ്പോൾ വീണ്ടും പുറത്തിറങ്ങുന്ന ചങ്ങമ്പുഴയുടെ സമ്പൂർണ കാവ്യ സമാഹാരം.
ജീവിച്ചിരുന്ന കാലഘട്ടമായിരുന്നില്ല ഇടപ്പള്ളി കവികളുടെ പ്രതാപകാലം. അന്നും അവർ നക്ഷത്രങ്ങളാകെത്തന്നെ സൂര്യനെക്കാളും ചന്ദ്രനെക്കാളും പ്രഭ ചൊരിഞ്ഞെങ്കിലും സ്നേഹഭാജനങ്ങളായി മാറിയതും വേട്ടമൃഗങ്ങളായി വിശേഷിപ്പിച്ചതും പിന്നീടുവന്ന കാലം. പിന്നീടിങ്ങോട്ടു ചൊരിയപ്പെട്ട പൂമാലകളും കല്ലേറുകളും ഇടപ്പള്ളി കവികളുടെ കവിതകൾക്ക് അലങ്കാരങ്ങളായി. ആഭരണങ്ങളായി. പ്രശംസയ്ക്കും നിന്ദയ്ക്കും മാറ്റുകൂട്ടി. പിന്നീടുവന്ന ആയിരക്കണക്കിനു കവികളെ വെറും മാറ്റൊലിക്കവികളാക്കി. എഴുതുന്നതൊക്കെയും ചങ്ങമ്പുഴ ആയതോടെ എഴുത്തു നിർത്തിയവർപോലുമുണ്ട്. കുതറിമാറിയാലും കുടഞ്ഞെറിയാൻ ശ്രമിച്ചാലും കഴിയാതെ, വിട്ടുമാറാത്ത ശാപബാധ പോലെ വീണ്ടും വരുന്നു ചങ്ങമ്പുഴ. തുടരുന്നു വേട്ടയാടലും.
പ്രണയം ചങ്ങമ്പുഴയുടെ വരികളിലൂടെ പൈങ്കിളിവൽക്കരിക്കപ്പെട്ടെങ്കിലും വ്യത്യസ്തവായനകളിലൂടെ ഇന്നും അദ്ദേഹം കണ്ടെടുക്കപ്പെടുന്നുണ്ട്. സമകാലികരായ ലോക കവികളുടെ വരികൾ മനസ്സിലാക്കുകയും ഹൃദിസ്ഥമാക്കുകയും പ്രിയപ്പെട്ട വരികൾ തന്റെ പുസ്തകങ്ങളുടെ ആമുഖങ്ങളിൽ ചേർക്കുകയും ചെയ്ത കവി എഴുതിയ ഓരോ വരിയിലും ഹൃദയത്തെ പകർത്തിവച്ചു. ആത്മാവിനെ പ്രതിഫലിപ്പിച്ചു. വൈകാരികതയുടെ ആഴത്തിൽനിന്നു മാത്രം മഷി മുക്കി എഴുതി. ആദ്യവായന തുടർവായനകളിലേക്കും എഴുതിവച്ചും വീണ്ടും വീണ്ടും വായിച്ചും പഠിച്ചും സാഹിത്യത്തെ ജീവിതവുമായി കൂടുതൽ അടുപ്പിച്ചു. പ്രതിഭാശാലികളായ കവികൾ പിന്നീടും കൈരളിയെ അനുഗ്രഹിച്ചെങ്കിലും ചങ്ങമ്പുഴ സൃഷ്ടിച്ച സ്വാധീനവലയം അപ്രാപ്യമായിത്തന്നെ നിന്നു. ‘അദ്വൈതാമല ഭാവ സ്പന്ദിത വിദ്യുൻമേഖലകൾ’ പിന്നീടൊരിക്കലും ചങ്ങമ്പുഴയിലെപ്പോലെ ആകർഷകമായോ പ്രലോഭനീയമായോ അനുഭവപ്പെട്ടിട്ടുമില്ല. ഇന്നുമെന്നും കവിതയുടെ പാൽക്കടലിൽ പള്ളികൊള്ളുകയാണു ചങ്ങമ്പുഴ. ഓരോ എഴുത്തുകാരനെയും വെല്ലുവിളിച്ചും തനിക്കപ്പുറം പോകാൻ പ്രേരിപ്പിച്ചും താൻ കവിജൻമങ്ങളിലൂടെ ആവർത്തിക്കപ്പെടുന്ന ഗന്ധർവനാണെന്ന് ഓർമിപ്പിച്ചും.