മനുഷ്യപക്ഷത്തെ എഴുത്തുകാരൻ

സാഹിത്യകാരൻമാർക്ക് രാഷ്ട്രീയത്തിലെന്തു കാര്യം എന്നു ചോദിച്ചാൽ എം. മുകുന്ദന് കൃത്യമായ മറുപടിയുണ്ട്. അത് ഒരു രാഷ്ട്രീയകക്ഷിയെ പിന്താങ്ങിക്കൊണ്ടുള്ള മറുപടിയായിരിക്കില്ല. സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളിലെല്ലാം അദ്ദേഹം നിലപാട് തുറന്നു പറയാറുണ്ട്. ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്ന ശബരിമല വിഷയത്തിലും മുകുന്ദൻ നിലപാട് വ്യക്തമാക്കികഴിഞ്ഞു. ഒരു പക്ഷേ, മറ്റു മുതിർന്ന സാഹിത്യകാരന്മാർ ഇത്തരമൊരു കത്തുന്ന വിഷയത്തിൽ സ്വന്തം നിലപാടു പറയാൻ മടിച്ചുനിൽക്കുമ്പോൾ. സുപ്രീം കോടതി വിധി നടപ്പാക്കുക എന്നത് ഏതൊരു സർക്കാരിന്റെയും ഉത്തരവാദിത്തമാണ് എന്ന് മുകുന്ദൻ പറഞ്ഞാൽ അതിൽ കൃത്യമായ മറുപടിയുണ്ട്. 

അമിത് ഷാ കണ്ണൂരിൽ വന്നു പ്രസംഗിച്ച ‘വലിച്ചു താഴെയിടും’ എന്ന പ്രയോഗത്തിലും അദ്ദേഹം നിലപാടു വ്യക്തമാക്കിയിരുന്നു. അങ്ങനെ വലിച്ചുതാഴെയിടാൻ പറ്റുന്ന ഒന്നല്ല കേരളത്തിലെ സർക്കാർ എന്ന മറുപടിയിലും മുകുന്ദൻ നിലപാട് ഉറപ്പിച്ചു പറയുന്നുണ്ട്. 

കേരളത്തിൽ സാഹിത്യകാരന്മാർ ഒട്ടേറെയുണ്ടെങ്കിലും പല വിഷയങ്ങളിലും ആരും കൃത്യമായ അഭിപ്രായം പറയാറില്ല. ഇടതിനെതിരെ പറഞ്ഞാൽ വലതിനു പിടിക്കുമോ, വലതിനെ അനുകൂലിച്ചാൽ ഇടതുപക്ഷം കൈവിടുമോ എന്നൊരു പേടിയുള്ളതിനാൽ പലരും പലതിലും വഴുതിക്കളിക്കും. ചിലർ സർക്കാർ മാറുമ്പോൾ നിലപാടും മാറ്റും. എന്നാൽ എം. മുകുന്ദനെ സംബന്ധിച്ചിടത്തോളം സർക്കാർ ആരെന്നത് ഒരു വിഷയമാകാറില്ല. സ്വതവേ ഇടതുമനസ്സാണെങ്കിലും ഇടതിനെ പലപ്പോഴും അദ്ദേഹം അതിശക്തമായി വിമർശിച്ചിട്ടുണ്ട്. ‘കേശവന്റെ വിലാപങ്ങൾ’ എന്ന നോവൽ മുൻ മുഖ്യമന്ത്രി ഇഎംഎസിനെ വിമർശിച്ചുകൊണ്ടുള്ളതാണെന്ന് ആദ്യം പറഞ്ഞത് ഇടതുപക്ഷക്കാരായിരുന്നു. വി.എസ്. മുഖ്യമന്ത്രിയായ സമയത്താണ് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് കഥയെഴുതിയത്. 

...മുദ്രാവാക്യം വിളിക്കുന്ന മുച്ചിറിയൻ കോരൻ കുഞ്ഞമ്പുവിന്റെ പീടികയുടെ മുന്നിൽ നിൽക്കുന്ന എന്നെ കണ്ടു. ജാഥ നയിച്ചു മുന്നോട്ടു നീങ്ങുന്നതിനിടയിൽ അയാൾ കഴുത്ത് എന്റെ നേരെ നീട്ടി ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. ‘‘ലക്കോട്ടിൽ എന്തുണ്ട്?’’

മുച്ചിറിയന്റെ പിറകിൽ നിൽക്കുന്ന മുഴുവൻ പൗരന്മാരും മുഷ്‌ടി ചുരുട്ടിയെറിഞ്ഞ് മുദ്രാവാക്യം മുഴക്കി:

ഈങ്കിലാബ് സിന്ദാബാദ്,

ലക്കോട്ടിൽ എന്തുണ്ട്..

(കുട നന്നാക്കുന്ന ചോയി)

അടുത്തിടെ ഇറങ്ങിയ കുട നന്നാക്കുന്ന ചോയി എന്ന നോവലിൽ ഇടതുപക്ഷത്തെ അതികഠിനമായിട്ടാണു വിമർശിച്ചത്. അന്നൊരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു.

‘‘മുദ്രാവാക്യം വിളിയുടെ അർഥമറിയാതെയാണ് പലരും അതേറ്റുപറയുന്നത്. ഇങ്കിലാബ് സിന്ദാബാദ് എന്നാൽ എന്താണെന്ന് ഇപ്പോഴും പലർക്കും അറിയില്ല. അത്തരം ചെറിയ കാര്യങ്ങളൊക്കെ തമാശ രൂപേണ ഞാൻ ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിൽ എം.എ. ബേബി ഇക്കാര്യം പറയുകയും ചെയ്‌തു. നോവലിൽ  മുകുന്ദൻ ഞങ്ങളെ കളിയാക്കുന്നുണ്ട്. അനുഭാവപൂർവമായ വിമർശനമാണത്, സംഹരിക്കാനുള്ളതല്ല എന്നാണ് ബേബി പറഞ്ഞത്. 

"ഞാൻ ഇടതുപക്ഷത്തിന് സ്‌തുതിപാടുന്നവനല്ല. അതിൽ എനിക്കു താൽപര്യവുമില്ല. വിയോജിപ്പുകൾ പ്രകടിപ്പിക്കുക. അതാണ് ഒരു യഥാർഥ ഇടതുപക്ഷക്കാരൻ ചെയ്യേണ്ടത്. അതാണു ഞാൻ ചെയ്യുന്നതും. ഇടതുപക്ഷത്തിന് ഇന്ന് പ്രസക്‌തിയേറെയാണ്. പ്രത്യേകിച്ച് ഫാഷിസം വാതിൽക്കൽ വന്ന് മുട്ടിവിളിക്കുന്ന കാലത്ത്. പക്ഷേ, അത് തിരിച്ചറിയാൻ നേതാക്കൾക്കു കഴിയുന്നില്ല എന്നതാണു സത്യം’’. 

ഏതു വിഷയത്തിലും കൃത്യമായ നിലപാടുള്ള ആൾക്ക് മാത്രമേ ഇങ്ങനെയൊക്കെ തുറന്നു പറയാൻ കഴിയൂ. ഇടതുസർക്കാർ അധികാരത്തിൽ വരുന്നതിനു മുൻപേയുള്ള ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

കേന്ദ്രസർക്കാരിന്റെ നയങ്ങളോടുള്ള പ്രതിഷേധ സൂചകമായി സാഹിത്യകാരന്മെല്ലാം അവാർഡുകൾ തിരിച്ചുകൊടുത്ത സന്ദർഭത്തിലും മുകുന്ദൻ തന്റെ വ്യത്യസ്തമായ നിലപാട് പറഞ്ഞു. 

‘‘ 2013ൽ ആണ് ഞാൻ ‘കുട നന്നാക്കുന്ന ചോയി’ എഴുതാൻ തുടങ്ങിയത്. അന്ന് നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നിട്ടില്ല. ഇടയ്ക്ക് എഴുത്ത് നിർത്തിവയ്ക്കും. പിന്നീട് പി.കെ. പാറക്കടവിന്റെ നിർബന്ധത്തിലാണ് പൂർത്തിയാക്കിത്. എഴുത്തിന്റെ തുടക്കത്തിൽ തന്നെ നോവലിലെ അവസാന ഖണ്ഡിക എഴുതിയിരുന്നു. അന്നൊന്നും പ്രശ്നങ്ങൾ ഇവിടെയുണ്ടായിരുന്നില്ല. കൽബുർഗിവധമൊക്കെ പിന്നീടാണു സംഭവിക്കുന്നത്. 2013ൽ എഴുതി വച്ചതുപോലെ 2015ൽ സംഭവിക്കുകയായിരുന്നു. യാദൃശ്ചികമായിരുന്നു അതെല്ലാം. 

മുൻപ് ഡൽഹി 81 എന്ന കഥയെഴുതി. പിന്നീട് മൂന്നുപതിറ്റാണ്ടിനു ശേഷം അതേപോലെ ഡൽഹിയിൽ നിർഭയ സംഭവമുണ്ടായി. പക്ഷേ, കുട നന്നാക്കുന്ന ചോയിയിൽ എഴുതിതുടങ്ങിയത് ആഴ്ചപ്പതിപ്പിൽ നോവൽ പ്രസിദ്ധീകരിച്ചു തീരുമ്പോഴേക്കും യാഥാർഥ്യമാകുകയായിരുന്നു.

നോവൽ പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോൾ ഞാനും ഭാര്യയും ഡൽഹിയിലെ വീട്ടിലായിരുന്നു. അപ്പോഴാണ് അവാർഡ് തിരികെ നൽകലും സ്ഥാനത്യാഗമെല്ലാം ഉണ്ടാകുന്നത്. ഞാൻ സക്കറിയയെയും കെ.ജി.ശങ്കരപ്പിള്ളയെയും ഫോണിൽ ബന്ധപ്പെട്ടു. ഞങ്ങളൊന്നിച്ചാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തിരികെ കൊടുക്കേണ്ട എന്നു തീരുമാനിച്ചത്. 

അവാർഡ് തിരികെ നൽകുക എന്നുപറയുമ്പോൾ ഫലകവും പണവുമാണു തിരികെ നൽകുന്നത്. എന്നാൽ അവാർഡ് നൽകിയ ആദരവും പ്രശസ്തിയും തിരികെ നൽകാൻ കഴിയുമോ? 25,000 രൂപയായിരുന്നു എനിക്കു ലഭിച്ച അവാർഡ് തുക. അതു തിരികെ നൽകാം. എന്നാൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചതോടെ ഞാൻ വലിയൊരു എഴുത്തുകാരനായി. ആ വലുപ്പം എനിക്കു തിരികെ നൽകാൻ കഴിയില്ലല്ലോ? അവാർഡ് തിരികെ നൽകുന്നതിലൂടെ അവാർഡിനെ അവമതിക്കുകയാണ് ചെയ്യുന്നത്. അത് ഞാൻ ഇഷ്ടപ്പെടുന്നില്ല. അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി നിലകൊള്ളുകയും ചെയ്യും. എഴുത്തുകാരന്റെ പ്രതിഷേധം എഴുത്തിലൂടെയാണു വേണ്ടത്. അതു ഞാൻ ചെയ്തു എന്നു തന്നെയാണു വിശ്വസിക്കുന്നതും.

എം.ടി. വാസുദേവൻനായരൊക്കെ അവാർഡ് തിരികെ നൽകേണ്ടതില്ല എന്ന നിലപാടെടുത്തത് ഇവിടുത്തെ എഴുത്തുകാരെ ശരിക്കും സ്വാധീനിച്ചിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ പേർ അവാർഡ് തിരികെ നൽകാൻ നിന്നില്ല’’. 

ഇതേ മുകുന്ദൻ തന്നെ നരേന്ദ്ര മോദി സർക്കാരിനെ പല വേദികളിലും വിമർശിച്ചിട്ടുണ്ട്. ഒരുപക്ഷേ മറ്റു പലരും മൗനം പാലിച്ചപ്പോഴും മുകുന്ദൻ  പ്രതികരിച്ചുകൊണ്ടിരുന്നു. എഴുത്തുകാരനു മനുഷ്യപക്ഷത്തു മാത്രമേ നിൽക്കാൻ കഴിയൂ എന്ന തന്റെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടാണ് താൻ എന്നും സംസാരിക്കുന്നതെന്ന് ഊട്ടിയുറപ്പിക്കുകയാണ് അദ്ദേഹം. എഴുത്തച്ഛൻ പുരസ്കാര ലബ്ധിയോടെ ആ മനുഷ്യപക്ഷ സ്നേഹം കൂടുകയേ ഉള്ളൂ.