ബന്ധുനിയമനങ്ങളുടെ കടുത്ത അധാർമികത അറിയണമെങ്കിൽ സർക്കാർ നിയമനങ്ങളുടെ ചരിത്രം തന്നെ പരിശോധിക്കണം. പഴയകാലത്ത് ബന്ധു അല്ലെങ്കിൽ ഇഷ്ടജനങ്ങളുടെ നിയമനം മാത്രമേ സർക്കാർ സർവീസിൽ ഉണ്ടായിരുന്നുള്ളൂ. സർക്കാർ സേവനം നിഷേധിക്കുന്നതിന് എതിരായി, 1891ൽ തിരുവിതാംകൂറുകാരായ വിവിധ ജാതിയിലും മതത്തിലുംപെട്ട വിദ്യാഭ്യാസയോഗ്യതയുള്ള 10037 പേർ ഒപ്പിട്ട ‘മലയാളി മെമ്മൊറിയൽ’ എന്നറിയപ്പെടുന്ന ഭീമഹർജി മഹാരാജാവിനു നൽകി. തുടർച്ചയായി ദിവാന്മാരായി എത്തിയ മഹാരാഷ്ട്ര ബ്രാഹ്മണന്മാർ (ആ കൂട്ടത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനെ അഭിമുഖീകരിച്ചു നിൽക്കുന്ന പ്രതിമയിലെ, പ്രശസ്തനായ സർ ടി. മാധവറാവുവും ഉൾപ്പെടും) അവരുടെ സ്വന്തക്കാരെ സർക്കാർ സർവീസിലെ വലിയ ഉദ്യോഗങ്ങളിൽ കുത്തിനിറച്ചതുകൊണ്ടാണ് അവർക്കു ജോലി നിഷേധിക്കപ്പെട്ടത്.
കാലം മാറി. സ്വാതന്ത്ര്യത്തിനുശേഷം ഭരണഘടന അനുശാസിക്കുന്നതുപോലെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഉയർന്ന ഉദ്യോഗങ്ങളിൽ തുല്യാവസരം ഉറപ്പുനൽകാൻ പബ്ലിക് സർവീസ് കമ്മിഷനുകൾ രൂപീകരിക്കപ്പെട്ടു. താഴ്ന്ന ഉദ്യോഗങ്ങൾക്കായി കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും സ്റ്റാഫ് സിലക്‌ഷൻ കമ്മിഷനുകളുമുണ്ടായി.
സർക്കാർ നേരിട്ടു ശമ്പളം കൊടുക്കുന്ന ഉദ്യോഗങ്ങളിൽ ഒരു വ്യവസ്ഥ ഉണ്ടായെങ്കിലും അവയ്‌ക്കു പുറമെ ദിവസവേതനം, കരാർ, താൽക്കാലികം തുടങ്ങി പലരീതിയിലുള്ള നിയമനങ്ങളുമുണ്ട്. ഭരണഘടനയിൽ നൽകുന്ന ഭരണകൂടത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലികൾ വേറെയും. ഇവയിലേക്കുള്ള നിയമനങ്ങളെ സംബന്ധിച്ചു കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം മിക്കവാറും കടലാസിൽ അവശേഷിക്കുന്നു. സ്വജനപക്ഷപാതത്തിന്റെ വിളഭൂമിയാണ് ഈ തസ്തികകൾ. കേരളത്തിൽ മാറിമാറി വരുന്ന സർക്കാരുകളുടെ ഭരണത്തിന്റെ നല്ലൊരു ശതമാനം ഊർജം ചെലവഴിക്കുന്നതു ‘സ്വന്തം ആളുകളുടെ’ കാര്യങ്ങൾ നടത്തിക്കൊടുക്കലിലാണ്. സർക്കാർ മാറുമ്പോൾ സ്വന്തം ആളുകളും മാറും. ഇതെല്ലാം തുല്യാവസരം നിഷേധിക്കപ്പെട്ട സാധാരണക്കാരെ വെറുപ്പിക്കുന്നു, അവർ സർക്കാരുകളെ മാറിമാറി കൊണ്ടുവരുന്നു.
ജീവനെടുക്കും കിംവദന്തികൾ
ബിബിസി വേൾഡ് സർവീസ് കപടവാർത്താ പ്രചാരത്തെക്കുറിച്ച് ഇന്ത്യ, കെനിയ, നൈജീരിയ എന്നീ രാജ്യങ്ങളിൽ നടത്തിയ ഒരു പഠനത്തിൽ ഇന്ത്യയെക്കുറിച്ചുള്ള കണ്ടെത്തലുകൾ ഏറെക്കുറെ നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്. അതിദേശീയവാദമാണ് ഇന്ത്യയിലെ കപടവാർത്തകളുടെ പ്രധാന ഇന്ധനം. ഫേക് ന്യൂസ് പ്രചരിപ്പിക്കാൻ സുസംഘടിതമായ വലതുപക്ഷ കൂട്ടങ്ങൾ ഇന്ത്യയിലുണ്ട്. കെനിയയിലും നൈജീരിയയിലും വാട്ട്‌സാപ്പിൽ ഒരു സന്ദേശം വന്നാൽ അതു ശരിയാണോ എന്നു പരിശോധിക്കാൻ അൽപശ്രമമെങ്കിലും നടക്കും. ഇന്ത്യയിൽ ആവിധത്തിലുള്ള ഒരു മുൻകരുതലുമില്ല. ഇന്ത്യയിലെ കപടവാർത്തകളുടെ പ്രധാനമാധ്യമമാണു വാട്സാപ്. ഇതു മനസ്സിലാക്കി, വാട്സാപ് നടത്തുന്ന കമ്പനി കപടവാർത്തകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 6 പ്രൊജക്ടുകൾ ഉടൻ തുടങ്ങുന്നു.
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതു ഫേക് ന്യൂസ് യഥാർഥവാർത്തകളെ ബഹുദൂരം പിന്നിലാക്കി എന്നുള്ളതാണ്. ഇതൊരു നിരുപദ്രവകരമായ കാര്യമല്ല. മറിച്ച് മാരകമായ ഒരു വശം കൂടിയുണ്ട്. കുട്ടികളെ മോഷ്ടിക്കാൻ നടക്കുന്നവരെപ്പറ്റിയുള്ള കള്ളവാർത്തകൾ ഇന്ത്യയിൽ അക്രമങ്ങളുടെ പരമ്പരതന്നെ അഴിച്ചുവിട്ടു. സമൂഹമാധ്യമങ്ങളിൽക്കൂടി പ്രചരിച്ച കിംവദന്തികൾ കാരണം ഇന്ത്യയിൽ ഇതുവരെ 32 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു ബിബിസി പഠനം ചൂണ്ടിക്കാണിക്കുന്നത്. പലപ്പോഴും രാഷ്ട്രീയമായ കാരണങ്ങളാൽ, കപടവാർത്തയെ പ്രതിയോഗികളെ തകർക്കാനുള്ള ആയുധമായിട്ടാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. സ്വച്ഛ് ഭാരതിനൊപ്പം സ്വച്ഛ് ഇന്റർനെറ്റ് അത്യാവശ്യമായി തീർന്നിരിക്കുന്നു.
പരാജയകാലത്തെ ആരാധന
ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ആരാധക കൂട്ടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ‘മഞ്ഞപ്പട’. കൊച്ചിയിലെ സ്റ്റേഡിയത്തിൽ അവർ മൊബൈൽ ഫോണിൽ വെളിച്ചം തെളിച്ചു കൂട്ടമായി കൈകൾ ചലിപ്പിക്കുന്നതു ലോകത്തിലെ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ തന്നെ കാണാവുന്ന ഏറ്റവും ആകർഷകമായ ഒരു ദൃശ്യമാണ്. മഞ്ഞപ്പടയുടെ അംഗങ്ങൾ 43 രാജ്യങ്ങളിലുണ്ട്. നൂറ്റാണ്ടിനുമേൽ പഴക്കമുള്ള ലോകത്തിലെ പല ഫുട്‌ബോൾ ക്ലബ്ബുകൾക്കും ഒപ്പം വയ്‌ക്കാവുന്നതോ അവയേക്കാൾ വലുതോ ആണ് വെറും നാലുകൊല്ലം പഴക്കമുള്ള ഈ ഫ്രാഞ്ചൈസി ക്ലബ്ബിന്റെ ആരാധനാസഞ്ചയം.
ബാംഗ്ലൂർ എഫ്സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്നു വിളിക്കുന്ന ആരാധകരും കൊച്ചിയിൽ കളികാണാൻ എത്തിയിരുന്നു. കളിയിൽ ജയം നേടിയതിനു പിന്നാലെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിലെ ചിലരും തോൽവിയുടെ ആഘാതത്തിൽ മഞ്ഞപ്പടയിൽ ചിലരും തമ്മിൽ കശപിശയുണ്ടായി. ഇതു ഫുട്ബോളിൽ പറഞ്ഞിട്ടുള്ളതാണ്. കൊൽക്കത്ത ലീഗ് കത്തിനിൽക്കുന്ന കാലത്ത് അവിടത്തെ നാട്ടങ്കം - മോഹൻബഗാനും ഈസ്റ്റ് ബംഗാളുമായുള്ള മത്സരം നടക്കുമ്പോൾ ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ കുതിരപ്പട്ടാളത്തെ ഉപയോഗിച്ചിരുന്നു.
മോഹിപ്പിച്ചുകൊണ്ടു സീസൺ തുടങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ തുടർന്നുള്ള കളികൾ ആരാധകർക്കു വേദന നൽകുന്നതായിരുന്നു. സുഖത്തിലും ദുഃഖത്തിലും വിജയത്തിലും പരാജയത്തിലും ക്ലബ്ബിന്റെ കൂടെ നിൽക്കുക എന്നതും ഫുട്ബോളിൽ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ കളികൾ മോശമാകുന്തോറും ആരാധകരിൽ ചിലർക്ക് ഒരു ബലിയാടിനെ വേണ്ടിയിരുന്നു. അവർ സി.കെ. വിനീതിനെ ലാക്കാക്കി; സമൂഹമാധ്യമങ്ങളിൽ ഹീനമായി ആക്രമിച്ചു. ഇതു ഫുട്ബോളിൽ പറഞ്ഞിട്ടില്ല എന്നു മാത്രമല്ല ചിന്തിക്കാൻപോലും പാടില്ലാത്ത കാര്യമാണ്. 1980കളിൽ ഞാൻ ഈസ്റ്റ് ബംഗാളും മോഹൻബഗാനും തമ്മിലുള്ള കളി കാണാൻ കൊൽക്കത്തയിൽ പോകാറുണ്ടായിരുന്നു. എന്റെ സുഹൃത്തുക്കൾ മോഹൻബഗാൻകാരായിരുന്നു. കളി ജയിച്ചാലും തോറ്റാലും അവർ കൂട്ടമായി പറയും, ‘നമ്മുടെ സേവിയർ പയസ് ഏറ്റവും നല്ല സ്ട്രൈക്കർ’. ഇതാണു മഞ്ഞപ്പട വിനീതിനെപ്പറ്റി പറയേണ്ടത്. ബ്ലാസ്റ്റേഴ്സിനുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകളും പോയിന്റുകളും നേടിയിട്ടുള്ള സി.കെ. വിനീത് ആഘോഷിക്കപ്പെടണം.
സ്കോർപ്പിയോൺ കിക്ക്: തൃപ്തി ദേശായി? അവർ ആരാണെന്നു മുഖ്യമന്ത്രി.
കാറും ഹോട്ടലും ഭക്ഷണവും സുരക്ഷയും ഒന്നും നൽകില്ലെങ്കിൽ അവർ അതൃപ്തി ദേശായിയാകും.