Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം എഴുതിയ കഥകൾ...

x-default എൻ.എസ്. മാധവൻ

റൂം ഹീറ്ററുകളുടെ ചുവന്ന വെളിച്ചത്തില്‍ കന്യാസ്ത്രീകള്‍ ഉറങ്ങുവാന്‍ കിടന്നു. ഒന്നാം നിലയിലുള്ള എന്റെ മുറിയില്‍ചെന്നു പ്രാര്‍ഥിച്ചതിനുശേഷം ഞാന്‍ വിളക്കണച്ചു. കമ്പിളിപ്പുതപ്പിന്റെ ഉള്ളില്‍ ഞാന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഈ വിറ നവംബര്‍ തണുപ്പുകൊണ്ടല്ല, ഇതു രാജ്യത്തിനു മുഴുവന്‍ ബാധിച്ച പനിക്കോളില്‍ നിന്ന് എനിക്കു കിട്ടിയ വിഹിതമാണ്. 

സിസ്റ്റര്‍ അഗതയെ ബാധിച്ച വിറ അടുത്ത ദിവസങ്ങളില്‍ രാജ്യതലസ്ഥാത്തും പിന്നെ രാജ്യമൊട്ടാകെയും ബാധിച്ചു. വന്‍മരം വീണതിന്റെ ആഘാതത്തില്‍ സംഭവിച്ച ചെറുചലനങ്ങളുടെ വിറ. രാജ്യത്തിനു പനിക്കോളും വിറയും ബാധിച്ച ആ ദിവസങ്ങളിലെ ചലനങ്ങളെ വാക്കുകളില്‍ ഒപ്പിയെടുത്ത് അവതരിപ്പിച്ച ഒരു കഥയുണ്ട് മലയാളത്തില്‍- എന്‍.എസ്. മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍. സ്ഥാനത്തും അസ്ഥാനത്തും പിന്നീട് ഒരു ശൈലിയായി അവതരിപ്പിക്കപ്പെട്ടു കഥയുടെ പേര്. അതിലുപരി ആ കഥ  1984 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെയുള്ള ഒരാഴ്ചക്കാലത്തെ ഡല്‍ഹിയുടെ ചരിത്രം ഒരു കന്യാസ്ത്രീയുടെ കണ്ണിലൂടെ പറയുന്ന കഥയാണ്. 

എന്‍.എസ്. മാധവന്റെ ഏറ്റവും ശ്രദ്ധേയമായ കഥ ഹിഗ്വിറ്റ ഉള്‍പ്പെട്ട കഥാസമാഹാരത്തിലെ രണ്ടാമത്തെ കഥ. സിഖ് വിരുദ്ധ കലാപത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട കേസില്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച പുതിയ വിധിയുടെ പശ്ഛാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ് വന്‍മരങ്ങള്‍ വീഴുമ്പോള്‍. അന്ന് രാജ്യതലസ്ഥാനത്ത്് സംഭവിച്ചതെന്ത് എന്നതിന്റെ നേര്‍ച്ചിത്രമെന്ന നിലയില്‍ സാഹിത്യം കാലത്തിനു നല്‍കിയ ജീവിക്കുന്ന തെളിവു കൂടിയാണ് മാധവന്റെ കഥ. ഭാവന എങ്ങനെ ചരിത്രത്തില്‍ ഇടപെടുന്നു എന്നതിന്റെ ഉത്തമോദാഹരണം. 

വയോധികരായ കന്യാസ്ത്രീകള്‍ക്ക് സമാധാനത്തോടെ അന്ത്യകാലം ചെലവഴിക്കാന്‍ രൂപീകരിച്ച കന്യാസ്ത്രീമഠത്തിന്റെ ചുമതലക്കാരിയാണ് സിസ്റ്റര്‍ അഗത. 1984 ഒക്ടോബര്‍ 31 ന് സിസ്റ്റര്‍ മീററ്റ് റെയില്‍വേ സ്റ്റേഷനില്‍ പോയിരുന്നു. പുതുതായി മഠത്തില്‍ താമസിക്കുവാന്‍ ഒറീസയില്‍ നിന്നുവരുന്ന കന്യാസ്ത്രീയെ സ്വീകരിക്കുവാന്‍. മണി പതിനൊന്നര കഴിഞ്ഞപ്പോള്‍ ബിഷപ് ഹൗസില്‍ നിന്നുവന്ന ഒരു ഫോണ്‍കോളിലൂടെ ആദ്യവാര്‍ത്തയെത്തി: അറിഞ്ഞോ ഇന്ദിരാഗാന്ധിയെ വെടിവെച്ചൂന്ന്. 

വാര്‍ത്ത സൃഷ്ടിച്ച ഞെട്ടലില്‍ മൂകമാകുകയാണ് അന്നു പകലും രാത്രിയും ആ കന്യാസ്ത്രീമഠം. പിയാനോ വായിക്കാന്‍ മറന്നിരുന്ന സിസ്റ്റര്‍ കരുണ. വീല്‍ച്ചെയറില്‍ ഇരുന്ന് പ്രാര്‍ഥനാപുസ്തകം വായിക്കുന്ന സിസ്റ്റര്‍ കത്രീന. തുറന്ന അലമാരിയുടെ മുന്നില്‍ പരുങ്ങിനില്‍ക്കുന്ന സിസ്റ്റര്‍ മാര്‍ഗറീറ്റ. 

അന്ന് അത്താഴത്തിനു വളരെക്കുറച്ചുപേര്‍ മാത്രമേ ഊണുമുറിയില്‍ വന്നുള്ളൂ. ഒറീസയില്‍ നിന്നു വയോധികയായ സിസ്റ്ററെ കൂട്ടിക്കൊണ്ടുവന്ന സിസിലി സിസ്റ്റര്‍ അന്ന് അഗതയുടെ മുറിയിലാണു കിടന്നത്. ഒറ്റയ്ക്കു കിടക്കാനാവാത്തതുപോലെ അവര്‍ ഭയപ്പെട്ടിരുന്നു. പിറ്റേന്ന് വീണ്ടും ഫോണ്‍: ബഹളം തുടങ്ങിയിരിക്കുന്നു. സര്‍ദാര്‍ജിമാരെ കൂട്ടത്തോടെ കൊല്ലുന്നു. 

പുറത്തു വെടിയൊച്ചകള്‍ കേള്‍ക്കാന്‍ തുടങ്ങി. പട്ടണത്തിന്റെ പല ഭാഗങ്ങളിലും പുകയുടെ വൃക്ഷങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. നവംബര്‍ മൂന്നാം തീയതി. ഇന്ദിരാഗാന്ധിയുടെ അന്ത്യയാത്ര. പിറ്റേന്നു നാലാം തീയതി കര്‍ഫ്യൂ പ്രഖ്യാപിച്ചു. 

സ്ഥിതി വഷളായിക്കൊണ്ടിരുന്നു. രാത്രി ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം. സല്‍വാറും കമ്മീസും ഇട്ട്, ദുപ്പട്ടകൊണ്ടു തലമൂടിയ ഒരു സ്ത്രീയും തലമുടി നെറുകയില്‍ ഒരു വെള്ളത്തൂവാല കൊണ്ടു കെട്ടിവച്ചിരുന്ന ഒരു സിക്ക് കുട്ടിയും. ഭർത്താവിനെ കൊലയാളികള്‍ തീര്‍ത്തു. മൂത്തമകനെയും അവര്‍ കൊന്നു. എങ്ങനെയോ രക്ഷപ്പെട്ട് ഓടിവന്നിരിക്കുകയാണ് അമര്‍ജിത്തും ഇളയ മകന്‍ ജഗ്ഗിയും. ആക്രമണങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരുന്നെങ്കിലും പൊലീസുകാര്‍ ഒന്നും ചെയ്തില്ലത്രേ. വേണ്ടത്ര ഫോഴ്സില്ലെന്നാണ് അവര്‍ ആവര്‍ത്തിച്ചത്. 

രാത്രിയാണ് അക്രമം നടന്നത്. തിരഞ്ഞുപിടിച്ച് അവര്‍ അമര്‍ജിത്തിന്റെ ഭര്‍ത്താവിനെ കൊല്ലുകയായിരുന്നത്രേ. രാംജി എന്നയാളാണ് കൊന്നത്. അമര്‍ജിത്തിന്റെ ഭര്‍ത്താവ് നടത്തിയിരുന്ന കട തട്ടിയെടുക്കാന്‍ തക്കംപാര്‍ത്തു നടന്നയാള്‍ അവസരം കിട്ടിയപ്പോള്‍ വകവരുത്തുകയായിരുന്നത്രേ. 

ഒരു ദിവസം മുഴുവന്‍ അമര്‍ജിത്തും കുട്ടിയും ഗുരുദ്വാരയില്‍ തങ്ങി. രാംജിയും കൂട്ടരും പുറത്തു വട്ടമിട്ടു കാത്തുനിന്നു. രാത്രിയില്‍ ഒളിച്ചോടി കന്യാസ്ത്രീമഠത്തില്‍ അഭയം തേടി. ദില്ലിയിലെ ഫത്തേനഗര്‍ ഗുരുദ്വാരയിലേക്ക് പോകണമെന്നാണ് അവരുടെ ആഗ്രഹം. അടുത്തദിവസം നവംബര്‍ അഞ്ച്. അപ്പോഴേക്കും അമര്‍ജിത്ത് മഠത്തിലെ അന്തേവാസിയെപ്പോലെ ആയിരുന്നു. ജഗ്ഗി കന്യാസ്ത്രീകളുടെ പ്രിയപ്പെട്ട മകനും. ബിഷപ് ഹൗസില്‍നിന്ന് അനുമതി വാങ്ങിച്ച് സിസ്റ്റര്‍ അഗത അവരെ മഠത്തില്‍ത്തന്നെ താമസിപ്പിച്ചു. 

പിറ്റേന്ന് കര്‍ഫ്യൂവിന് അയവുവരുത്തി. അന്നു രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തി അമര്‍ജിത്തും ജഗ്ഗിയും. സ്റ്റേഷനിലേക്കു ചെന്ന് ട്രെയിന്‍ പിടിക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ പുറത്ത് അപ്പോഴും അവര്‍ കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. മണിക്കൂറുകളല്ല ദിവസങ്ങള്‍. അടങ്ങാത്ത പകയും ആറാത്ത പ്രതികാരവുമായി. ഭാഗ്യത്തിന് അവിടെവന്ന ഒരു പട്ടാളവണ്ടിയുടെ മറവില്‍ അവര്‍ രക്ഷപ്പെട്ടു വീണ്ടും മഠത്തില്‍തന്നെ വന്നു താമസിച്ചു. പക്ഷേ ഫോണില്‍ മഠത്തിനുനേരെ ഭീഷണികള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. 

നവംബര്‍ ഏഴ്. ഒളിപ്പിച്ചുവച്ചിരിക്കുന്ന സിക്കുകാരെ പുറത്തുവിട്ടില്ലെങ്കില്‍ മഠത്തിനു ബോംബെറിയുമെന്നു ഭീഷണി. മഠത്തിന്റെ കെട്ടിടത്തിന്റെ പിന്നിലൂടെ കല്ലേറ്. ഒടുവില്‍ സിസ്റ്റര്‍ അഗത ഒരു മാര്‍ഗ്ഗം കണ്ടുപിടിക്കുന്നു. അമര്‍ജിത്ത് ഒരു കന്യാസ്ത്രീയുടെ വേഷം ധരിക്കും. ജഗ്ഗി ആംബുലന്‍സിന്റെ അകത്തെ ശവപ്പെട്ടിയില്‍ കയറിക്കിടക്കും. കന്യാസ്ത്രീകള്‍ അതിനുചുറ്റും പ്രാര്‍ഥിച്ചുകൊണ്ടുനില്‍ക്കും. 

ആംബുലന്‍സിലൂടെ അമ്മയും മകനുമടങ്ങിയ സിക്ക് കുടുംബത്തെ രക്ഷപ്പെടുത്താനുള്ള കന്യാസ്ത്രീകളുടെ അസാധാരണമായ ധൈര്യത്തിലും സാഹസികതയിലും നിന്നാണ് മാധവന്‍ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചരിത്രകഥ മെനഞ്ഞെടുക്കുന്നത്. 

ഒ.വി.വിജയന്റെ പ്രവാചകന്റെ വഴി എന്ന നോവലിലും മറ്റും സിഖ് വിരുദ്ധ കലാപം ആവിഷ്ക്കരിക്കപ്പെടുന്നുണ്ടെങ്കിലും ഒരു ചെറുകഥയുടെ ചിമിഴില്‍ രാജ്യചരിത്രത്തിലെ കറുത്ത അധ്യായത്തെ തീക്ഷ്ണതയൊട്ടും നഷ്ടപ്പെടുത്താതെ ഒതുക്കിയെടുത്തതില്‍ പ്രകീര്‍ത്തിക്കപ്പെടേണ്ടത് മാധവന്റെ അനന്യമായ ചരിത്രബോധവും അസാധാരണമായ രചനാകൗശലവും തന്നെ. മലയാളിക്കു വേഗം ഐക്യദാര്‍ഡ്യപ്പെടാവുന്ന കന്യാസ്ത്രീകളിലൂടെ കലാപം നേരിട്ടു കാണിക്കാതെ അവതരിപ്പിക്കുന്ന രീതിക്ക് പുതുമയും തനിമയുമുണ്ട്. 

ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലാണ് വന്‍മരങ്ങള്‍ വീഴുമ്പോള്‍. ഒപ്പം ചരിത്രത്തെ അതിജീവിക്കുന്ന സര്‍ഗാത്മകതയുടെ സൗന്ദര്യവും.