'ദാസാ, നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്' എന്നു ചോദിച്ചപ്പോൾ 'എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് വിജയാ' എന്നാണ് നാടോടിക്കാറ്റിലെ നായകന്മാർ പറയുന്നത്. എല്ലാറ്റിനും അതിന്റെതായ സമയം ഏതാണെന്നു കൃത്യമായി അറിയുന്നതുകൊണ്ടാണ് ശ്രീനിവാസൻ എന്ന തിരക്കഥാകൃത്ത് എഴുതുന്ന സിനിമകൾ നമ്മൾ ഏറെ ഇഷ്ടപ്പെടുന്നത്. സിനിമയിലെ വിജയഫോർമുലകൾ തുന്നിച്ചേർത്തുണ്ടാക്കുന്നതല്ല ശ്രീനിവാസന്റെ കഥകൾ. അത് സമൂഹത്തിലെ പുഴുക്കുത്തുകൾക്കു നേരെ പിടിക്കുന്ന കണ്ണാടിയാണ്.
നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, സന്ദേശം, തലയണമന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, ഞാൻ പ്രകാശൻ എന്നിങ്ങനെ ഓരോ കാലഘട്ടത്തിലിറങ്ങിയ സിനിമകൾ നോക്കിയാൽ മനസ്സിലാകും എന്തായിരുന്നു ആ കാലത്തെ പ്രശ്നങ്ങളെന്ന്. തൊഴിലില്ലായ്മ വലിയൊരു സാമൂഹിക പ്രശ്നമായ കാലഘട്ടത്തിലാണു നാടോടിക്കാറ്റ് റിലീസ് ചെയ്യുന്നത്. 1987 നവംബറിലാണ് മലയാളികളുടെ തൊഴിൽതേടിയുള്ള യാത്രയെ തമാശയുടെയും സാമൂഹിക വിമർശനത്തിന്റെയും മേമ്പൊടിയോടെ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. ബികോം ഫസ്റ്റ്ക്ലാസ് ആയി ജയിച്ച രാംദാസും (മോഹൻലാൽ) പ്രീഡിഗ്രി മാത്രമുള്ള വിജയനും (ശ്രീനിവാസൻ). കേരളത്തിൽ നിന്ന് ഗൾഫിലേക്ക് തൊഴിൽ തേടിയുള്ള കുടിയേറ്റം ശക്തിപ്രാപിച്ചുവരുന്ന സമയമായിരുന്നു അത്. ഗഫൂർക്ക (മാമുക്കോയ) എന്ന ഏജന്റുവഴി ദുബായിയിലേക്കു പോകാൻ ശ്രമിക്കുന്ന രണ്ടുപേരും എത്തുന്നത് ചെന്നൈയിലാണ്. ഗൾഫ് സ്വപ്നം കണ്ട് വഞ്ചിക്കപ്പെട്ട എത്രയോ പേർ അന്ന് കേരളത്തിലുണ്ടായിരുന്നു. അക്കൂട്ടത്തിൽ രണ്ടുപേരാണ് ദാസനും വിജയനും. പിന്നീടവർ ജീവിക്കാൻ വേണ്ടി പൊലീസാകാനും തയാറാകുകയാണ്. വളരെ ദയനീയമായിട്ടാണ് വിജയൻ ഇങ്ങനെയൊരു ഡയലോഗ് പറയുന്നത്– ‘ജീവിക്കാൻ വേണ്ടി പൊലീസാകാനും തയാറാണെന്ന്’. അതായിരുന്നു അന്നത്തെ മലയാളി. പശുവിനെ പോറ്റിയും പച്ചക്കറി വിറ്റും ജീവിതമാർഗം കണ്ടെത്താനുള്ള ശ്രമമാണ് പിന്നീടവർക്ക്.
ദാസനും വിജയനും
എന്നാൽ 1987ൽ നിന്ന് 2018ൽ എത്തുമ്പോഴേക്കും മലയാളിയുടെ ജീവിതരീതിയും കാഴ്ചപ്പാടും മാറുന്നു. ജോലി തേടി കുടിയേറാനാണ് അന്ന് മലയാളി കഷ്ടപ്പെട്ടിരുന്നതെങ്കിൽ ഇന്ന് അതേ മലയാളിക്കു വേണ്ടി കഷ്ടപ്പെടാൻ ബംഗാളിൽ നിന്നും ബിഹാറിൽ നിന്നുമൊക്കെ ആളുകൾ എത്തുകയാണ്. കഷ്ടപ്പെടാൻ തയാറായിരുന്ന ദാസന്റെയും വിജയന്റെയും സ്ഥാനത്ത് മേലനങ്ങാതെ ജീവിക്കാൻ നോക്കുന്ന പ്രകാശനെയാണ് നാം കാണുന്നത്. ജോലി തേടിപ്പോകാൻ അയാൾക്കു മനസ്സുവരുന്നില്ല. കഷ്ടപ്പെടാതെ എങ്ങനെ സുഖിച്ചു ജീവിക്കാമെന്നാണ് പ്രകാശൻ ചിന്തിക്കുന്നത്. അതിനു വേണ്ടി പ്രണയത്തെ വരെ അയാൾ ഒറ്റിക്കൊടുക്കാൻ ശ്രമിക്കുന്നു. അയാളുടെ വയലിൽ നിന്നു കേൾക്കുന്നത് ബംഗാളിലെ തൊഴിലാളികളുടെ ഞാറ്റുപാട്ടാണ്. മൊബൈൽ ഡാറ്റയും പൊറോട്ടയും തിന്നുന്നവരാണ് അയാളുടെ നാട്ടിൽ കെട്ടിടങ്ങൾ കെട്ടിപ്പൊക്കാൻ അധ്വാനിക്കുന്നത്. സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ താൽപര്യം കാണിക്കാത്ത ഇന്നത്തെ മലയാളിയുടെ പ്രതീകമായി വന്ന് പ്രകാശൻ കയ്യടി നേടുന്നു.
ശ്രീനിവാസൻ എന്ന തിരക്കഥാകൃത്തിന്റെ മാത്രം വിജയമല്ല ഇത്. ശ്രീനിവാസൻ എന്ന സാമൂഹിക നിരീക്ഷകന്റെയും വിമർശകന്റെയും കൂടി വിജയമാണ്. മലയാള സിനിമ ചരിത്രത്തിലേക്കും മിത്തിലേക്കുമെല്ലാം കോടികളുടെ മണികിലുക്കം നടത്തി വിജയം പരീക്ഷിക്കുമ്പോഴാണ് ശ്രീനിവാസൻ നമുക്കിടയിൽ നിന്നുതന്നെ സിനിമയ്ക്കുള്ള വിഷയം കണ്ടെത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു, അവർ ഇവിടെ ഏതെല്ലാം മേഖലയിൽ മാറ്റം വരുത്തി എന്നെല്ലാം വർഷങ്ങൾക്കു ശേഷം പഠനവിഷയമാക്കണമെങ്കിൽ 2018ൽ റിലീസായ ‘ഞാൻ പ്രകാശൻ’ എന്ന സിനിമ കണ്ടാൽ മതി.
കാഞ്ചനയുടെയും സുകുമാരന്റെയും ജീവിതകഥ പറയുന്ന ‘തലയണമന്ത്രം’ എന്ന ചിത്രം റിലീസ് ചെയ്യുന്നത് 1990ൽ ആണ്. അതായത് ആഗോളവൽക്കരണത്തിന്റെ തുടക്കത്തിൽ. 1990ന്റെ തുടക്കത്തിലാണല്ലോ ഇന്ത്യയിൽ ആഗോളവൽക്കരണം തുടങ്ങുന്നത്. ഉപഭോഗസംസ്കാരം ഒരു മധ്യവർത്തി മലയാളി കുടുംബത്തെ എങ്ങനെയാണ് കടക്കാരനും വഞ്ചകനും ആക്കുന്നതെന്നതിന്റെ നല്ലൊരു പഠനമാണ് ശ്രീനിവാസൻ തിരക്കഥ എഴുതിയ ഈ ചിത്രം. സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന സുകുമാരൻ കുടുംബത്തോടൊപ്പം സമാധാനത്തോടെ കഴിഞ്ഞുവരുന്ന കാലത്താണ് ഉപഭോഗ സംസ്കാരത്തിൽ താൽപര്യവതിയായ ഭാര്യ കാഞ്ചനയുടെ തലയണമന്ത്രത്തിന് അടിമപ്പെടുന്നത്. അതോടെ അയാൾ ആദ്യം ചെയ്യുന്നത് സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ഗ്രാമത്തിൽ നിന്നു നഗരത്തിലേക്കു ചേക്കേറുകയാണ്. നഗരത്തിലെ കാപട്യജീവിതവുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ അയാൾക്ക് ഏറെ കഷ്ടപ്പെടേണ്ടി വരുന്നു. എന്നാൽ അയാളുടെ ഭാര്യ കാഞ്ചന വളരെ വേഗം തന്നെ നഗരജീവിതത്തിനു അടമപ്പെട്ടുപോകുകയാണ്. വെള്ളപൂശിയ ജീവിതങ്ങളെയാണ് അവൾ കാണുന്നത്. അതേ പോലെ ജീവിക്കാനുള്ള അത്യാർത്തി അവളുടെ കുടുംബത്തെ ആകെ തകർക്കുകയാണ്. ഭർത്താവ് കൈക്കൂലിക്കാരനും വഞ്ചകനും ആയി പൊലീസ് പിടിയിലാകുന്നു. ടിവിയും ഫ്രിജും വാഷിങ് മെഷീനും കാറും വാങ്ങാൻ ഇൻസ്റ്റാൾമെന്റ് എന്ന വാൾമുനയിലേക്കാണ് അന്നത്തെ മലയാളി തലവച്ചുകൊടുത്തത്. കടംപെരുകി തകർന്ന എത്രയോ മലയാളി കുടുംബങ്ങളെ തൊണ്ണൂറുകളിൽ കാണാമായിരുന്നു. എത്രയോ പേർ ആത്മഹത്യ ചെയ്തു. ആ കാര്യങ്ങളെല്ലാം വളരെ രസകരമായൊരു സിനിമയിലൂടെ ആവിഷ്ക്കരിക്കാൻ ശ്രീനിവാസനു സാധിച്ചു.
കപട രാഷ്ട്രീയം
രാഷ്ട്രീയം എന്നാൽ അഴിമതി നടത്താനും നേതാവാകാനുമുള്ള ഒരു ലൈസൻസാണെന്ന തോന്നൽ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് മലയാളിക്കായിരുന്നു. പിന്നീട് ഈ അസുഖം മറ്റു സംസ്ഥാനങ്ങളിലേക്കും പടർന്നുപിടിച്ചു. ഇപ്പോൾ ഇന്ത്യയാകെ ഏതൊരാളിലും കാണുന്ന സാധാരണ അസുഖമായിപ്പോയി. രാഷ്ട്രീയക്കാരന്റെ വെള്ളക്കുപ്പായത്തിൽ പിടിച്ച അഴുക്കിനു ചൂണ്ടിക്കാണിക്കാനുള്ളതായിരുന്നു ശ്രീനിവാസന് ‘സന്ദേശം’ എന്ന ചിത്രം. ശ്രീനിവാസൻ എന്ന അരാഷ്ട്രീയവാദിയുടെ തെറ്റായ കാഴ്ചപ്പാടാണ് സന്ദേശം എന്നായിരുന്നു രാഷ്ട്രീയ ബുദ്ധിജീവികൾ അന്ന് ഈ ചിത്രത്തെ പരിഹസിച്ചിരുന്നത്. എന്നാൽ 1991ൽ റിലീസ് ചെയ്ത സന്ദേശത്തിൽ ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പിന്നീട് കേരളത്തിൽ അരങ്ങേറിയതെല്ലാം. രാഷ്ട്രീയമെന്തെന്നറിയാത്ത തലമുറയുടെ പ്രതീകമായിരുന്നു ചിത്രത്തിലെ പ്രഭാകരൻ കോട്ടപ്പള്ളി (ശ്രീനിവാസൻ)യും അനുജൻ പ്രകാശൻ കോട്ടപ്പള്ളി(ജയറാം)യും. എങ്ങനെയും നേതാവാകുക, അഴിമതിയിലൂടെ പണമുണ്ടാക്കുക. പ്രസ്ഥാനത്തെ പോലും തള്ളിപ്പറഞ്ഞ് പണത്തിനു പിന്നാലെ പോകുന്ന ഇടതുവലതു രാഷ്ട്രീയക്കാരെ നാം അനുദിനം കാണുന്നു. പാർട്ടിയെ നല്ല വഴിയിലൂടെ നയിക്കാനുള്ളവർ വരെ അഴിമിതിയുടെ പേരിൽ ജയിലിലാകുന്നതും കേസുമായി നടക്കുന്നതും നാം കണ്ടു. 91ൽ ശ്രീനിവാസൻ എഴുതിയതിൽ അപ്പുറമൊന്നും ഇവിടെ സംഭവിച്ചിട്ടില്ല.
1998ൽ ആണ് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ചിന്താവിഷ്ടയായ ശ്യാമള’ റിലീസ് ആകുന്നത്. ഉത്തരവാദിത്തിൽ നിന്നൊളിച്ചോടുന്ന മലയാളിയുടെ പ്രതീകമായിരുന്നു നായകൻ വിജയൻ (ശ്രീനിവാസൻ). ഭാര്യയെയും മക്കളെയുംക്കുറിച്ചോർക്കാതെ ഒളിച്ചോടാൻ ഭർത്താവിനു കഴിയുമെങ്കിൽ അയാളുടെ ഭാര്യയ്ക്ക് അതിനു സാധിക്കില്ല. സ്ത്രീയുടെ വിജയമാണ് ശ്യാമള (സംഗീത) കാട്ടിത്തരുന്നത്. പുരുഷന്റെ സഹായമില്ലാതെ തന്നെ സ്ത്രീക്കു വിജയിക്കാൻ കഴിയുമെന്നു ശ്യാമള തെളിയിച്ചതോടെ അത് ഒട്ടേറെ സ്ത്രീകൾക്കു പ്രചോദനമായി. പുരുഷൻ കയ്യടക്കി വച്ചിരുന്ന തൊഴിൽമേഖലയിലേക്കെല്ലാം തനിക്കും കയറി ചെല്ലാൻ പറ്റുമെന്ന് സ്ത്രീയെ ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള. കുടുംബത്തെ സ്വന്തം ചുമലിൽ കൊണ്ടുപോകാൻ അവൾക്ക് ആരുടെയും സഹായം വേണ്ടിവരുന്നില്ല. ഇന്ന് പുരുഷനോളം തന്നെയാണ് സർവമേഖലയിലും സ്ത്രീയുടെ സ്ഥാനം. കുടുംബശ്രീയുടെ വിജയമൊക്കെ ഇതിന്റെ തെളിവാണ്. മലയാളത്തിലെ ആദ്യത്തെ കുടുംബശ്രീ– തൊഴിലുറപ്പ് സ്ത്രീയായി ശ്യാമളയെ കാണാവുന്നതാണ്.
ഇങ്ങനെ സാമൂഹിക വിഷയങ്ങൾ ആധാരമാക്കി ശ്രീനിവാസൻ എഴുതിയ ഏതു തിരക്കഥയെടുത്താലും അതിലെല്ലാം മലയാളിയുടെ ജീവിതത്തെ വിമർശനാത്മകമായി കാണാൻ ശ്രമിച്ചു എന്നു മനസ്സിലാക്കാം.
മലയാളിയുടെ അപകർഷതാ ബോധത്തെയാണ് കന്നി സംവിധാന ചിത്രമായ ‘വടക്കുനോക്കിയന്ത്ര’ത്തിലൂടെ ശ്രീനിവാസൻ വിമർശിച്ചത്. മറ്റുള്ളവരിലേക്കു നോക്കി സ്വന്തം ജീവിതത്തെ നശിപ്പിക്കുന്ന മലയാളിയുടെ പ്രതീകമായിരുന്നു തളത്തിൽ ദിനേശൻ (ശ്രീനിവാസൻ).
മൂന്നു പതിറ്റാണ്ടിൽ മലയാളിയുടെ ജീവിതമാറ്റങ്ങൾ എങ്ങനെയായിരുന്നുവെന്നറിയാൻ ശ്രീനിവാസൻ എഴുതിയ തിരക്കഥകൾ പഠിച്ചാൽ മാത്രം മതി.