ഒരു രാജ്യത്തിനൊപ്പം പിറന്നുവീണ എഴുത്തുകാരന്റെ ജീവിതവുമായി ആ രാജ്യത്തിന്റെ ഭാഗധേയം കൂടിക്കുഴയുക സ്വാഭാവികം. ഇസ്രയേലിനൊപ്പം ജനിച്ച ഏമസ് ഓസിന്റെ ജീവിതത്തിലും എന്നും സംഘര്‍ഷം നിറഞ്ഞുനിന്നു. യുദ്ധങ്ങളും പലായനങ്ങളും ഒളിച്ചോട്ടങ്ങളും രക്ഷപ്പെടലും മുറിവേല്‍ക്കലും. ഇരുളില്‍ ഒളിച്ചുനടന്ന നിഴലുകളും സ്നേഹത്തിന്റെ അപൂര്‍വപ്രകാശങ്ങളും. അഭിപ്രായങ്ങള്‍ തുറന്നുപറയുകയും നിര്‍ഭയം വിമര്‍ശിക്കുകയും, സമൃദ്ധമായി സ്നേഹിക്കുകയും ചെയ്ത ഏമസ് ഓസ് ഇനി ഓര്‍മ. ജീവിതത്തിന്റെ അന്തസ്സും സ്വതന്ത്ര വ്യക്തിയുടെ ധീരതയും നിലനിര്‍ത്തിയ ഓസ് ഇസ്രയേലിന്റെ ചരിത്രത്തിലെ മഹാനായ എഴുത്തുകാരന്‍ എന്ന അപൂര്‍വ പദവിയോടെയാണ് കാലയവനികയ്ക്കുള്ളില്‍ മറയുന്നത്. ഓസ് ഓര്‍മയായെങ്കിലും അദ്ദേഹത്തിന്റെ അമ്പതോളം കൃതികള്‍ ബാക്കിയാണ്. നോവലുകളും ചെറുകഥകളും ലേഖനങ്ങളും. സമ്പന്നമായ ഒരു ജീവിതത്തിന്റെ ബാക്കിപത്രങ്ങള്‍. സാര്‍ത്ഥകമായ ഒരു ജീവിതത്തിന്റെ സാക്ഷ്യപത്രങ്ങള്‍.
കുട്ടിക്കാലത്ത് എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. ഒരു വ്യക്തിയായല്ല, മറിച്ച് പുസ്തകമായി വളരുക എന്ന്. എഴുത്തുകാരനായല്ല, പുസ്തകമായി. ഉറുമ്പുകളെ ചവിട്ടിയരയ്ക്കുന്നതുപോലെ മനുഷ്യര്‍ കൊല്ലപ്പെടാം. എഴുത്തുകാരും ആ വിധിയില്‍നിന്നു മുക്തരല്ല, അവരെ കൊല്ലാനും വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ, പുസ്തകങ്ങളുടെ കാര്യം വ്യത്യസ്തമാണ്. എത്രയൊക്കെ ആസൂത്രിതമായി നശിപ്പിക്കാന്‍ ശ്രമിച്ചാലും ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പുസ്തകത്തിന്റെ ഒരു കോപ്പിയെങ്കിലും ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഏതെങ്കിലുമൊരു രൂപത്തില്‍ അതിജീവിക്കുകതന്നെ ചെയ്യും.
എ ടെയ്‍ല്‍ ഓഫ് ലവ് ആന്‍ഡ് ഡാര്‍ക്നെസ് എന്ന ആത്മകഥാപരമായ നോവലില്‍ ഓസ് ആഗ്രഹിച്ച അതേ രീതിയില്‍ കാലങ്ങള്‍ക്കുശേഷം അദ്ദേഹം ഓര്‍മിക്കപ്പെടുകയാണ്. കാലത്തെ അതിജീവിക്കുകയാണ്. അനശ്വരത നേടുകയാണ്. ഒരു പുസ്തകമായി മാത്രമല്ല, സധൈര്യം ജീവിച്ചിരുന്ന ഒരു വ്യക്തിയായിക്കൂടി. സ്നേഹത്തിന്റെയും ഇരുട്ടിന്റെയും കഥകള്‍ പറഞ്ഞ എഴുത്തുകാരനായി.
കരയാന്‍ ഇനി ഒരു തുള്ളി കണ്ണീര്‍ പോലും അവശേഷിക്കുന്നില്ലെങ്കില്‍ കരച്ചില്‍ നിര്‍ത്തി ചിരിച്ചുതുടങ്ങൂ..... എന്ന് ഓര്‍മിപ്പിച്ച എഴുത്തുകാരനാണ് ഏമസ് ഓസ്. സ്വന്തം ജീവിതത്തിലും കരച്ചിലിന്റെ അവസാനമുള്ള ചിരി അദ്ദേഹം പ്രാവര്‍ത്തികമാക്കി. 12-ാം വയസ്സുമുതല്‍. ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം അദ്ദേഹത്തെ കാത്തിരുന്നത് അന്ന്. വര്‍ഷങ്ങളായി വിഷാദരോഗത്തിന്റെ പിടിയിലായിരുന്ന അമ്മ പെട്ടെന്നൊരു ദിവസം ഉറക്കഗുളികകള്‍ അമിതയളവില്‍ കഴിച്ച് സ്വന്തം ജീവിതം അവസാനിപ്പിച്ചു. അമ്മയുടെ മടിയില്‍ നിന്ന് അന്ന് പുറത്താക്കപ്പെട്ടതാണ് ഓസ്. അമ്മയുടെ സ്നേഹത്തില്‍നിന്ന്. സുരക്ഷിതത്വത്തില്‍ നിന്ന്. വാല്‍സല്യത്തില്‍നിന്നും സാന്ത്വനത്തില്‍നിന്നും. അധികം താമസിയാതെ സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങി നടന്ന ഓസ് സ്വന്തം ജീവിതത്തിലും രാജ്യത്തിന്റെ ചരിത്രത്തിലും ഇരുള്‍വീണ വഴികളിലൂടെ സ്നേഹത്തിന്റെ പ്രകാശവും അന്വേഷിച്ച് ഏകാന്തപഥികന്റെ ജീവിതം ജീവിച്ചു, സംഘര്‍ഷങ്ങള്‍ അനുഭവിച്ചു.
26-ാം വയസ്സില്‍ ചെറുകഥാ സമാഹാരവുമായാണ് ഓസ് എഴുത്തു തുടങ്ങുന്നത്. പിന്നീട് മൈ മൈക്കിള്‍ എന്ന നോവലില്‍ തുടങ്ങി ദീര്‍ഘമായ നോവലുകളിലേക്കും ലേഖനങ്ങളിലേക്കും ആത്മകഥകളിലേക്കും വ്യാപിച്ചു. ഇക്കഴിഞ്ഞ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് ചുരുക്കപ്പട്ടികയിലും അദ്ദേഹത്തിന്റെ നോവലുണ്ടായിരുന്നു. നൊബേല്‍ സമ്മാനത്തിന് പലതവണ പരിഗണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആ വലിയ പുരസ്കാരം അകന്നുനിന്നതിനെക്കുറിച്ച് ഖേദിക്കാതെ അദ്ദേഹം എഴുതിയ ആത്മകഥാപരമായ നോവല്‍തന്നെയാണ് മാസ്റ്റര്‍പീസ്- എ ടെയ്‍ല്‍ ഓഫ് ലവ് ആന്‍ഡ് ഡാര്‍ക്നെസ്സ്.
അമ്മയുടെ അപ്രതീക്ഷിത ആത്മഹത്യയില്‍തുടങ്ങുന്ന ഓസിന്റെ നോവല്‍ അവസാനിക്കുന്നതും അമ്മയില്‍തന്നെ. എവിടെനിന്നു തുടങ്ങിയോ അവിടെത്തന്നെ അവസാനിപ്പിച്ച് ജീവിതം പൂര്‍ത്തിയാക്കിയ ഓസ് എഴുതുന്നു: എല്ലാ യാത്രകളും നിസ്സാരമാണെന്ന് എനിക്കു തോന്നുന്നു. ഒഴിഞ്ഞ കൈകളുമായി ഒരിക്കലും തിരിച്ചുവരേണ്ടതില്ലാത്ത ഒരു യാത്രമാത്രമേയുള്ളൂ ജീവിതത്തില്‍. അത് ഓരോ വ്യക്തിയും സ്വന്തം ആന്തരിക ലോകത്തു നടത്തുന്ന യാത്ര മാത്രം.
ഭൂപ്രദേശങ്ങള്‍ കീഴടക്കുന്നതിനുപകരം മനസ്സുകളിലൂടെയായിരുന്നു ഓസിന്റെ സഞ്ചാരം. അത്തരമൊരു സഞ്ചാരം മാത്രമാണ് നിലനില്‍ക്കുന്നതെന്നും അതിജീവിക്കുന്നതെന്നും മറ്റാരേക്കാളും നന്നായി അദ്ദേഹം മനസ്സിലാക്കിയിരുന്നു. കാലത്തിന്റെ കാറ്റില്‍ പറന്നുപോകുന്ന പേപ്പറുകള്‍ക്കു പകരം ദുരന്തത്തീയിലും കത്താതെനിന്ന ആത്മാവിന്റെ താളുകളില്‍ പൊള്ളുന്ന വാക്കുകളില്‍ ഓസ് എഴുതി.
വികാരങ്ങള്‍ പെട്ടെന്നുണ്ടാകുന്ന തീജ്വാലകള്‍ പോലെയാണ്. ഒരുനിമിഷം കത്തിനില്‍ക്കും. തൊട്ടടുത്ത നിമിഷം ബാക്കിയാകുന്നത് കുറച്ചു ചാരം മാത്രം. ഒരു സ്ത്രീ അവളുടെ പുരുഷനില്‍ തേടുന്ന ഏറ്റവും പ്രധാന സ്വത്ത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ ? ഒട്ടും ആവേശകരമായ ഒരു ഗുണവിശേഷമല്ല സ്ത്രീ തേടുന്നത്. മോഹിക്കുന്നത്. കാമിക്കുന്നത്. പക്ഷേ, സ്വര്‍ണത്തെക്കാള്‍ അപൂര്‍വമാണത്. അതേ, അന്തസ്സ്.
അന്തസ്സോടെ ജീവിച്ചുമരിച്ചു ഏമസ് ഓസ്. അഭിമാനത്തോടെ എഴുതി അനശ്വരനായി ഏമസ് ഓസ്.