'പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദം. അല്ലേടാ?' ചോദിക്കുന്നത് മലയാളസിനിമ കണ്ട അഭിനയപ്രതിഭകളിൽ ഒരാൾ- മമ്മൂട്ടി. ചോദ്യത്തിന്റെ അങ്ങേത്തലയ്ക്കൽ മലയാളകവിത കണ്ട പ്രതിഭകളിൽ ഒരാൾ- ബാലചന്ദ്രൻ ചുള്ളിക്കാട്. ചോദ്യത്തിനും ഉത്തരത്തിനുമിടയിൽ ഇന്ത്യയുടെ, കേരളത്തിന്റെ, ഈ നിമിഷം വരെയുള്ള രാഷ്ട്രീയചരിത്രമത്രയും, പിന്നെ നാളെയെകുറിച്ചൊരു നെടുവീർപ്പും.
മമ്മൂട്ടി ഇത്രനാളും ഏതൊക്കെ സാമൂഹിക വിഷയങ്ങളിൽ പ്രതികരിച്ചിട്ടുണ്ട് എന്ന് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം വിമർശനം ഉന്നയിക്കുമ്പോഴും സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ റദ്ദാക്കൻ കഴിയാത്തതു തന്നെയാണ് മമ്മൂട്ടിയുടെ ചോദ്യം. കാരണം ബോധപൂർവം മതസൗഹാർദം സൃഷ്ടിച്ചെടുക്കേണ്ട അവസ്ഥ കേരളത്തിൽ അടുത്തകാലം വരെ ഉണ്ടായിരുന്നില്ല എന്നതു തന്നെ. മതസൗഹാർദങ്ങളല്ല, സൗഹൃദങ്ങളായിരുന്നു നമുക്കുണ്ടായിരുന്നത്. സൗഹൃദങ്ങൾക്കിടയിൽ മതം എന്ന പദത്തിന്റെ ആവശ്യവുമില്ല. മനുഷ്യനു നൊന്തിടത്തൊക്കെയും ആ വേദന തന്റേതെന്ന വികാരത്തോടെ പ്രതികരിച്ചിട്ടുണ്ട് കവി ബാലചന്ദ്രൻ ചുള്ളിക്കാട്.
ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ 'വേഗം മരിക്കണേയെന്നു വിളിച്ചു കേഴുന്ന മനുഷ്യരുടെ' വേദനയൊക്കെയും തന്റേതുകൂടിയെന്നുറപ്പിച്ച കവി കുറിച്ചു–
'എനിക്കു തോന്നുന്നു മരിച്ചാലും നമ്മൾ
മരിക്കാറില്ലെന്ന്.
ജലം നീരാവിയായ്പ്പറന്നു പോകിലും
പെരുമഴയായിത്തിരിച്ചെത്തും പോലെ
മരിച്ചാലും നമ്മൾ മനുഷ്യരായ്ത്തന്നെ
പിറക്കാറുണ്ടെന്ന്'
മനുഷ്യത്വം മരിക്കുന്നിടത്തൊക്കെയും വീണ്ടും വീണ്ടും പിറവികൊള്ളുന്ന നന്മയുടെ, സൗഹാർദത്തിന്റെ ആ പുതു നാമ്പുകൾ.., അല്ലാത്ത പക്ഷം അങ്ങനൊരു പ്രതീക്ഷയെങ്കിലും. അതാണല്ലോ ഇന്നും ജനാധിപത്യത്തെ നിലനിർത്തി പോരുന്നത്.
ജലത്തിലാദ്യമായ് കുരുത്ത ജീവന്റെ തുടർച്ചയായി, പിറന്ന രൂപത്തിൽ ഷവറിനു താഴെ നിൽക്കുമ്പോൾ അതേ ജലത്തിനാൽത്തന്നെ മനുഷ്യകുലത്തെ മുഴുവൻ ഒന്നാക്കാൻ ശ്രമിക്കുന്നുണ്ട് ചുള്ളിക്കാട്. മതഭേദങ്ങളില്ലാതെതന്നെ.
ഇതേ ജലം തന്നോ ഗഗനം ഭേദിച്ചു
ശിവന്റെ മൂർദ്ധാവിൽ പതിച്ച ഗംഗയും
ഇതേ ജലം തന്നോ വിശുദ്ധ യോഹന്നാൻ
ഒരിക്കൽ യേശുവിൽ തളിച്ച തീർഥവും?
ഇതേ ജലം തന്നോ നബി തിരുമേനി
മരുഭൂമിയിൽ പെയ്ത വചനധാരയും?
മനുഷ്യനും മനുഷ്യനും ഇടയിൽ അതിരുകൾ എന്തിന്? ജാതി–മത–ലിംഗ–വർണ്ണ–വർഗ വ്യത്യാസങ്ങൾ എന്തിന്? 'രാജ്യസ്നേഹം' എന്ന കവിതയിലും അതിരുകളല്ല, അതിരുകളില്ലാത്ത മനസ്സുകളാണ് ഉണ്ടാവേണ്ടത് എന്ന രാഷ്ട്രീയം അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട് ചുള്ളിക്കാട്.
ആദിയിൽ രാജ്യങ്ങളുണ്ടായിരുന്നില്ല.
ആദിയിൽ വചനം.
പിന്നെ ജലം, ജീവൻ.
രാജ്യങ്ങൾ ഉണ്ടാകുന്നു.
രാജ്യങ്ങൾ ഇല്ലാതാകുന്നു.
സ്നേഹമോ, എന്നേയ്ക്കും.
വഞ്ചിരാജ്യം, സോവ്യറ്റ് യൂണിയൻ, യുഗോസ്ലാവ്യ, അങ്ങനെ ഇല്ലാതായി പോയ രാജ്യങ്ങളുടെയും ഉണ്ടായി വന്ന രാജ്യങ്ങളുടെയും പേരുകളെണ്ണിയെണ്ണി നിരത്തുന്നുണ്ട് കവി. രാജ്യസ്നേഹത്തിനും അപ്പുറമെത്തുന്നു കവിയുടെ മനുഷ്യസ്നേഹം. മനുഷ്യസഹജമായ വികാരങ്ങൾക്ക് അതിർത്തികളില്ല. വ്യത്യാസങ്ങളില്ല. അത് എല്ലാ മനുഷ്യരിലും ഒരുപോലെതന്നെ...
വിശപ്പിന്റെ രാജ്യം ഏതാണ്?
കാമത്തിന്റെ രാജ്യം ഏതാണ്?
ഏതാണ് വിരഹത്തിന്റെയും
മരണത്തിന്റെയും രാജ്യം?
എവിടെ ഏകാന്തതയുടെ അതിർത്തികൾ?
എവിടെ ആത്മാവിന്റെ നിയന്ത്രണരേഖകൾ?
ഞാൻ തേടുന്നത് രാജ്യസ്നേഹമല്ല.
സ്നേഹത്തിന്റെ രാജ്യമാണ്.
ജീവൻ അസ്തമിക്കാത്ത സാമ്രാജ്യം.!
ആ കവിക്ക് തന്റെ സുഹൃത്തിന്റെ നെടുവീർപ്പിൽ ഉള്ളുനോവാതിരിക്കല്ലെന്ന് ഉറപ്പ്. ഇതൊക്കെ എഴുതണോ എന്ന് സംശയപൂർവം മമ്മൂട്ടി ചോദിച്ചാലും ആ ഉത്കണ്ഠ ലോകത്തോടു വിളിച്ചുപറയാതിരിക്കാനും ആവില്ല. അത്രമേൽ രാഷ്ട്രീയമായ സുഹൃത്തിന്റെ നെടുവീർപ്പ് ഉള്ളേറ്റു വാങ്ങുമ്പോൾ പണ്ടൊരു രാഷ്ട്രീയത്തടവുകാരനായി കുറിച്ച വരികൾ ഓർത്തിരിക്കുമോ കവി?
മണ്ണും മടുപ്പും മഴയും മരണവും
തിന്നു കാലം പോലെ ക്രോധം വളരുന്നു,
ഭാരം വലിക്കുന്ന കാള തൻ കൺകളിൽ
പോരിന്റെ കൊമ്പുയിർക്കൊള്ളുന്നു, നായ്ക്കൾതൻ
പേപിടിക്കുന്ന തലച്ചോറിൽനിന്നാണു
വാളും വെളിപാടുമായി വരുന്നു നീ