കവിതയെഴുതാന്‍ ശ്രമിച്ച കുട്ടിക്കാലത്തെക്കുറിച്ച് എംടി വാസുദേവന്‍നായര്‍ എഴുതിയിട്ടുണ്ട്. കവിത നിറഞ്ഞ ഹൃദയത്താല്‍ ഗദ്യം എഴുതിയപ്പോഴും കവിത പകരുന്ന രസാനുഭൂതിയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ആസ്വാദകര്‍ക്കു പകര്‍ന്നത്. അതുകൊണ്ടാണ് ആത്മാവില്‍നിന്നൊഴുകുന്ന ഗദ്യവും കവിതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. വര്‍ഷങ്ങള്‍ക്കിപ്പുറം കവിതയുടെ ജന്മാന്തരസൗഹൃദത്തിലൂടെ മലയാളി മനസ്സുകീഴടക്കിയ ഒരു കവി ഏതാനും വാക്കുകളുടെ ഗദ്യത്തിന്റെ ശക്തി ബോധ്യപ്പെടുത്തുന്നു. പദ്യത്തിനും ഗദ്യത്തിനുമിടയിലെ വിശാലമെന്നു വിചാരിക്കപ്പെടുന്ന വലിയ കിടങ്ങിനെ ഭാവനയുടെയും മൗലികമായ ആവിഷ്ക്കാരത്തിന്റെയും ധവളിമയാല്‍ അതിജീവിക്കുന്നു. ഭാഷയുടെ തിളക്കവും ഭാവനയുടെ സൂര്യപ്രഭയും അനുഭവിപ്പിക്കുന്നു. ആരെന്നോ എന്തെന്നോ ആരെയും പരിചയപ്പെടുത്തേണ്ടതില്ലാത്ത, ആമുഖങ്ങളാവശ്യമില്ലാത്ത ബാലചന്ദ്രന്‍ ചുള്ളിക്കാട്.
പെരുമാള്‍ മുരുകന്‍ എഴുത്തു നിര്‍ത്തിയെന്നു പറഞ്ഞപ്പോള്‍ അനുഭവപ്പെട്ടതിനേക്കാള്‍ വലിയ ആഘാതം മലയാളി അനുഭവിച്ചിട്ടുണ്ട് ഇനി കവിതയെഴുതാനില്ലെന്നു ചുള്ളിക്കാട് പറഞ്ഞപ്പോള്‍. ഓരോ കവിതയും എഴുതുന്നതിന്റെ മാനസികാഘാതവും വാക്കുകള്‍ക്കുവേണ്ടിയുള്ള ധ്യാനവും മാനസികസഞ്ചാരങ്ങള്‍ സൃഷ്ടിക്കുന്ന അശാന്തിയുമെല്ലാം കവിതയില്‍നിന്നു തന്നെ അകറ്റുകയാണെന്നു പറഞ്ഞ് അനുഭവമെഴുത്തിലേക്കും അഭിനയത്തിലേക്കുമെല്ലാം പകര്‍ന്നാടിയെങ്കിലും വല്ലപ്പോഴും കുറിക്കുന്ന ചെറു കവിതകളിലൂടെയും പരിഭാഷകളിലൂടെയും സാഹിത്യ-സാംസ്കാരിക ലോകത്ത് സജീവമാണ് ചുള്ളിക്കാട്. ഇപ്പോഴിതാ, സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് നിരന്തരം പറഞ്ഞും എഴുതിയും പ്രസംഗിച്ചും ഓടിനടന്നിട്ടും പല പ്രമുഖകര്‍ക്കും പകര്‍ന്നുനല്‍കാന്‍ കഴിയാതെപോയ ഉള്‍ക്കാഴ്ച ഒരു
ചെറുകുറിപ്പിലൂടെ പകര്‍ന്ന് തന്റെ കര്‍ത്തവ്യം നിറവേറ്റുകയാണ് കവി.
സാധാരണതയില്‍ അസാധാരണത്വം കാണുന്നവനാണ് കവി. ഒരക്ഷരത്തോട് അയാള്‍ മറ്റൊരക്ഷരം ചേര്‍ത്തുവയ്ക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് ഒരു വാക്കല്ല, നക്ഷത്രം തന്നെയാണ്. ചുള്ളിക്കാടിന്റെ അനുഭവമെഴുത്തിലൂടെ സഞ്ചരിക്കുകയെന്നാല്‍ നക്ഷത്രാങ്കിതമായ രാത്രിയിലൂടെ സഞ്ചരിക്കുന്നതുപോലെയാണ്. ചിദംബരസ്മരണകള്‍ തന്നെ ജീവിക്കുന്ന തെളിവ്. അനുഭവം എന്ന സാഹിത്യവിഭാഗത്തെ മലയാളത്തില്‍ ഏറ്റവും ജനകീയമായ സാഹിത്യരൂപമാക്കിമാറ്റിയതും കവിതയുടെ പൊള്ളുന്ന വാങ്മയത്തിലൂടെ വേദനിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്ത ഈ കവി തന്നെ.
സാധാരണ മനുഷ്യര്‍ തികച്ചും സാധാരണ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളും വാചകങ്ങളും പ്രയോഗങ്ങളും തന്നെയാണ് ചുള്ളിക്കാടിന്റെയും അസംസ്കൃതവസ്തുക്കള്‍. പക്ഷേ, സ്പര്‍ശിക്കുന്ന വസ്തുക്കളെല്ലാം ഒരു നിമിഷം പോലുമെടുക്കാതെ സ്വര്‍ണമാക്കാന്‍ വരം ലഭിച്ച രാജാവിനെപ്പോലെ ചുള്ളിക്കാട് എഴുതുമ്പോള്‍ അതേവാക്കുകള്‍ക്ക് അസാധാരണത്വം ലഭിക്കുന്നു. പകലില്‍ രണ്ടാമതൊന്നു നോക്കാന്‍കൂടി മടിക്കുന്ന പാറക്കല്ല് രാത്രിയിലെ നിലാവില്‍ വെട്ടിത്തിളങ്ങുന്ന ശിലയാകുന്ന അതേ മാന്ത്രികത. സര്‍ഗ്ഗദീപ്തി. സ്വര്‍ണപ്രഭ.
തനിക്കു ജനനം നല്‍കിയ അമ്മയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് ചുള്ളിക്കാട് എഴുതിയിട്ടുണ്ട്. ഒരു ധൂര്‍ത്തപുത്രന്റെയോ മുടിയനായ പുത്രന്റെയോ കുമ്പസാരമെന്നോ കുറ്റസമ്മതമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ചെറുകുറിപ്പ്. അര്‍ബുദം സൃഷ്ടിച്ചതിനേക്കാള്‍ വലിയ വേദന അമ്മയ്ക്കു പകര്‍ന്നുനല്‍കിയ മകന്റെ മാനസാന്തരം. അവസാനമായി അമ്മയെക്കണ്ട് തിരിച്ചുനടന്നത് ആലുവ മണപ്പുറത്തേക്ക്.
അപ്പോഴത്തെ മനസ്സിനെ, ആ പകലിന്റെ ക്രൂരകാരുണ്യത്തെ അദ്ദേഹം കടലാസിലേക്ക് പകരുന്നത് ഏതാനും വാക്കുകളിലൂടെയാണ്. ഒന്നും രണ്ടും വാക്കുകള്‍ മാത്രമുള്ള ചെറുവാക്യങ്ങളിലൂടെ.
ആല്‍ത്തറയില്‍ ഇരുന്നു.
പ്രഭാതമായി.
മുന്നില്‍ നദിയുടെ വായ്ത്തല തിളങ്ങി.
ഉച്ചയായി.
സന്ധ്യയായി.
ഞാന്‍ നദിയില്‍ മുങ്ങിക്കുളിച്ചു.
വസ്ത്രങ്ങള്‍ പിഴിഞ്ഞുടുത്തു.
തിരിച്ചുപോരുമ്പോള്‍ മനസ്സു ശൂന്യമായിരുന്നു.
ഇക്കഴിഞ്ഞദിവസം ഒരു ഷൂട്ടിങ് ലോക്കേഷനില്‍ വച്ച് നടന്ന സംഭാഷണം എഴുതിയപ്പോഴും അധികം വാക്കുകളൊന്നും ചുള്ളിക്കാട് ഉപയോഗിച്ചില്ല. ഭാവനയുടെ സപ്തവര്‍ണങ്ങളും വശമെങ്കിലും ആകാശവും ആഴിയും മാത്രമാണ് പ്രകൃതിയില്‍നിന്ന് ആ കുറിപ്പിലേക്ക് അദ്ദേഹം ചേര്‍ത്തുവച്ച്. പിന്നെ കുറിക്കുകൊള്ളുന്ന ആ വാക്കുകളും. ഉള്ളില്‍ തറയ്ക്കുന്ന പരിഹാസമെന്നോ ആക്ഷേപഹാസ്യമെന്നോ ക്രൂരസത്യമെന്നോ പറയാവുന്ന ആ കൂരമ്പും.
ഗദ്യമെന്നോ പദ്യമെന്നോ തിരിച്ചറിയാനാവാത്ത പദസംഘാതം പകര്‍ന്ന ചുള്ളിക്കാടിനു നന്ദി. അസ്വസ്ഥതപ്പെടുത്തുന്നതെങ്കിലും സമൂഹത്തെ കാര്‍ന്നുതിന്നുന്ന മാരകഅര്‍ബുദത്തെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ ചുള്ളിക്കാടിനെ പ്രേരിപ്പിച്ച കെട്ട കാലത്തിനും നന്ദി.
അന്ധകാരമായ അവിശുദ്ധപഥങ്ങളില്‍ ശുക്രദീപ്തി ചൊരിഞ്ഞ കരുണാമയനായ ഗുരു ജി.എന്‍ പിള്ളയില്‍ നിന്ന് ചുള്ളിക്കാട് കേട്ട വാക്കുകള്‍ മനസ്സില്‍ മുഴങ്ങുന്നു:
ഹിംസയുടെ വിപരീതമാണ് സ്നേഹം. അതായത് സ്നേഹം അഹിംസയാകുന്നു. മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടുമുള്ള പൂര്‍ണമായ അഹിംസയാണ് സ്നേഹം. സ്നേഹിക്കുന്നവന്‍ ഹിംസിക്കുകയില്ല. സ്നേഹിക്കൂ കുഞ്ഞേ, സര്‍വചരാചരങ്ങളെയും സ്നേഹിക്കൂ. പരിപൂര്‍ണ്ണതയിലേക്കു പോകൂ. ശാന്തി, ശാന്തി, ശാന്തി.