ലെനിൻ രാജേന്ദ്രൻ തിരശീലയിൽ എഴുതിയ കവിത

edavappathi-lenin
SHARE

കവിതകൾ വായിച്ച് ആസ്വദിക്കാം. കേട്ടും. കവിതയുടെ ഭംഗിയെ കാഴ്ചകളിലേക്ക് ഒപ്പിയെടുത്താലോ? അതായിരുന്നു ലെനിൻ രാജേന്ദ്രന്റെ സിനിമകൾ. തിരശീലയിൽ എഴുതപ്പെട്ട കവിതകൾ. ആ 'മഴ' എല്ലാ കാവ്യസൗന്ദര്യത്തോടെയും കാലങ്ങൾക്കു ശേഷവും ചാറിക്കൊണ്ടിരിക്കുന്നു മലയാളികളുടെ മനസിൽ.

വാസവദത്തയെയും ഉപഗുപ്തനെയും ഓർമയില്ലേ? ബുദ്ധസന്യാസിയെ ജീവനുതുല്ല്യം സ്നേഹിച്ച വേശ്യയുടെയും, 'സമയമായില്ല പോലും സമയമായില്ല പോലും' എന്നൊഴിഞ്ഞുമാറിക്കൊണ്ടിരുന്ന ബുദ്ധസന്യാസിയുടെയും ആ കഥ മലയാളത്തിനു പറഞ്ഞു തന്നത് കുമാരനാശാനാണ്. കാലത്തെ അതിജീവിച്ച കുമാരനാശാന്റെ 'കരുണ' എന്ന ആ കാവ്യത്തെ തിരശീലയിലേക്ക് മാറ്റി എഴുതിയിട്ടുണ്ട് ലെനിൻ രാജേന്ദ്രൻ. ഇടവപ്പാതി എന്ന സിനിമയിൽ. 

കുമാരനാശന്റെ ബുദ്ധസന്യാസിയും അയാളെ പ്രണയിച്ച വേശ്യയും, ലെനിൻ രാജേന്ദ്രന്റെ ബുദ്ധസന്യാസിയെ പ്രണയിച്ച വേശ്യാലയത്തിലെ പെൺകുട്ടിയും ഇടവപ്പാതി എന്ന സിനിമയെ പതുത്തെടുക്കുന്നു. കുമാരനാശാന്റെ മൂലകഥയും ആ കഥയെ ഇന്നിലേയ്ക്ക് പറിച്ചുനട്ടു പടർത്തിയ ലെനിൻ രാജേന്ദ്രന്റെ ഉപകഥയും ഒരേ സിനിമയ്ക്കുള്ളിൽ രണ്ടു കഥകളായി തന്നെ പറഞ്ഞുപോകുന്നു. രണ്ടു കഥകളിലെയും പ്രധാനകഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത് ഒരേ ആർട്ടിസ്റ്റുകൾ. വേശ്യാലയവും, ബുദ്ധവിഹാരവും ഇരുകഥകൾക്കും പശ്ചാത്തലമൊരുക്കുന്നു. 

മകളെ വേശ്യലയത്തിനുതകും വിധം വളർത്തികൊണ്ടുവരുന്ന അമ്മയായി മനീഷ കൊയ്‌രാളയും, അമ്മയ്ക്കുശേഷം മകളുടെ ശരീരത്തിലേക്ക് കഴുകൻ കണ്ണെറിഞ്ഞു കാത്തിരിക്കുന്നവനായി പ്രശാന്ത് നാരായണനും, മരണത്തിനും ജീവിതത്തിനുമിടയിൽ പ്രണയം തുടിക്കുന്ന മനസ്സുമായി കാത്തുകിടക്കേണ്ടി വരുന്ന പ്രണയിനിയായി ഉത്തര ഉണ്ണിയും. രണ്ടു കഥയിലെയും ബുദ്ധഭിക്ഷുവായി സിദ്ധാർഥ് ലാമയും സിനിമയിൽ എത്തുന്നു. 

ആശാന്റെ കഥയും, ലെനിന്റെ കഥയും രണ്ടു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു. അന്നും ഇന്നും പ്രണയം ഒരുപോലെ... ജീവനേക്കാൾ ആയുസ്സുള്ളത്. ശരീരം മരണത്തോളം എത്തിയിട്ടും പിന്നെയും ഉള്ളിൽ തളിർക്കാൻ കഴിവുള്ളത്. അന്നും ഇന്നും പെണ്ണിന്റെ സാഹചര്യങ്ങളും ഒരുപോലെ. അവൾ പലരുടെ കാഴ്ചകളിലും ഒരു ശരീരം മാത്രമായി മാറുന്നുണ്ട്. ശരീരത്തിനുള്ളിലെ അവളുടെ ചിന്തകളും, പ്രണയവും സ്വപ്നങ്ങളും ആരും കാണാതെ പോകാം. 'സമയമായില്ല പോലും സമയമായില്ല പോലും...' എന്ന മട്ടിൽ വീണ്ടും വീണ്ടും അവഗണിക്കപ്പെടാം. എപ്പോൾ വേണമെങ്കിലും ആരാലും ആ ശരീരം അക്രമിക്കപ്പെടാം. 

മറ്റുള്ളവർക്ക് ആസ്വദിക്കാനുള്ള ഒരു ശരീരം മാത്രമായി ജീവിക്കേണ്ടവരാണ് കുമാരനാശാന്റെ വാസവദത്തയും ലെനിൻ രാജേന്ദ്രന്റെ യാമിനിയും. അവർ സ്വപ്നം കണ്ടു തുടങ്ങുന്നു. പ്രണയിച്ചു തുടങ്ങുന്നു. സ്വന്തം ജീവിതം സ്വന്തം ഇഷ്ടത്തിനു ജീവിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നു. എന്നാൽ ആ സ്വപനങ്ങൾ തല്ലിയുടയ്ക്കപ്പെടുന്നുണ്ട്. ആശാന്റെ പെണ്ണിന്, കയ്യും കാലും മുറിക്കപ്പെട്ട് മരണത്തിനും പ്രണയത്തിനുമിടയിൽ പ്രിയനേയും കാത്ത് കിടക്കേണ്ടി വരുന്നു. ലെനിന്റെ പെണ്ണ് പലരുടെ പീഡനമേറ്റ് തളർന്ന ശരീരവുമായി അതിർത്തിയിൽ കാത്തുകിടക്കുന്നു. മരിക്കും മുൻപ് പ്രിയനെ ഒരു നോക്ക് കാണാനുള്ള ആഗ്രഹവുമായി.  

ആ രണ്ടു പെണ്ണുങ്ങളുടെയും സ്വപ്നങ്ങൾ അവരിൽ തന്നെ അവസാനിക്കുന്നു. പലസ്വപ്നങ്ങളുമായി ജീവിക്കുന്ന അനേകം പെണ്ണുങ്ങളുടെ സമൂഹത്തിൽ അവർ സിനിമയും കവിതയും മാത്രമാകുന്നു. സിനിമയ്ക്കും കവിതയ്ക്കും ശേഷവും ആ പ്രണയം സിനിമ കണ്ട, കവിത വായിച്ച ആസ്വാദകനൊപ്പം പോരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA