വീട്ടിൽ നിന്നു റോഡിലിറങ്ങി നോക്കിയാൽ പാതയോരത്ത് കൂനിക്കൂടിയിരുന്നു കുട നന്നാക്കുന്ന ചോയി അച്ഛനെ കാണാം. എത്രകാലമായിട്ടുണ്ടാകും അയാൾ കുട നന്നാക്കുന്ന പണി തുടങ്ങിയിട്ട്. മുകുന്ദൻ ഓർത്തു. ഓർമവച്ച നാൾ മുതലേ റോഡരികിലെ സ്ഥിരം കാഴ്ചയാണത്. അന്നു മാഹിയിൽ കുട നന്നാക്കുന്ന ആൾ അയാൾ മാത്രമായിരുന്നുവല്ലോ. അതിൽ നിന്നു കിട്ടുന്ന പണം കൊണ്ടാണ് അയാൾ കുടുംബം പോറ്റിയിരുന്നത്.
കേടായ കുടകളുമായി പലഭാഗത്തു നിന്നും ആളുകൾ ചോയി അച്ഛനെ തേടിവരും. മഴക്കാലമായാൽ പണിത്തിരക്കായി. കുട നന്നാക്കിക്കിട്ടാൻ ആളുകൾ അയാൾക്കു ചുറ്റും കാത്തുനിൽക്കും. വലിയ കീറലുള്ള ഭാഗത്ത് പല നിറത്തിലുള്ള കഷണം വച്ചു തുന്നിയ കണ്ടംവച്ച കുടകളുമായി പോകുന്നവരെയും കാണാം. നിത്യവും കണ്ടു പരിചയിച്ച ആ ചോയി അച്ഛൻ പാതയോരത്തുനിന്ന് എം. മുകുന്ദന്റെ മനസ്സിൽ കുടിയേറി. അദ്ദേഹത്തിന്റെ നോവലിലൂടെ പ്രസിദ്ധനായി.
‘കുട നന്നാക്കുന്ന ചോയി’യിലും ‘നൃത്തം ചെയ്യുന്ന കുടകളി’ലും ചോയി ശക്തമായ കഥാപാത്രമാണ്. ‘പേരിലെ അച്ഛൻ എടുത്തു കളഞ്ഞു വെറും ചോയിയാക്കി. നോവലിലെ ചോയി യുവാവാണ്. അയാൾ ഫ്രാൻസിൽ പോയി പട്ടാളത്തിൽ ചേരുകയായിരുന്നു. ചോയി അച്ഛൻ എങ്ങും പോയില്ല. പാതയോരത്ത് ഇരുന്നു കുടകൾ നന്നാക്കിക്കൊണ്ടേയിരുന്നു. ബാക്കിയെല്ലാം എന്റെ ഭാവനയായിരുന്നു. നോവൽ രചനയ്ക്കു മുൻപേ നാട്ടിലെ കുടപ്പണിക്കാരൻ ചോയി അച്ഛൻ മരിച്ചിരുന്നു’ –മുകുന്ദൻ പറഞ്ഞു.
മഴയും കുടയും തന്റെ ബാല്യകാല കഥാപാത്രങ്ങളാണെന്നു മുകുന്ദൻ തന്നെ പറഞ്ഞിട്ടുണ്ട്. ‘കുട്ടിക്കാലത്ത് ചോയിയെപ്പോലെ ഒരു കുടപ്പണിക്കാരനാകാനായിരുന്നു എനിക്കിഷ്ടം. വേണമെങ്കിൽ കുട നന്നാക്കുന്ന സാഹിത്യകാരനാകാം. കുട വിട്ടുള്ള ഒരു കളിയിലും താൽപര്യമില്ലായിരുന്നുവെന്നാണ് ഈ രണ്ടുനോവലുകളിലെയും പ്രധാന കഥാപാത്രമായ മാധവന്റെ നിലപാട്.
മാധവനിൽ എഴുത്തുകാരന്റെ ആത്മാംശമുള്ളതിനാൽ കുട വിട്ടു കളിക്കാത്തത് മുകുന്ദൻ തന്നെ. സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്വന്തമായി കുടയില്ലാത്തതിന്റെ വിഷമം അനുഭവിച്ചിട്ടുണ്ട്. അക്കാലത്ത് മിക്ക വീടുകളിലും ഒരു കുട മാത്രമേ കാണൂ. മഴയത്ത് സ്കൂളിൽ പോകണമെങ്കിൽ കുട കൊണ്ടുപോയ അച്ഛൻ തിരിച്ചു വരുന്നതും കാത്തിരിക്കണം. അല്ലെങ്കിൽ വെളിയില ചൂടി പോകണം. അടുത്ത വീട്ടിൽ നിന്നു കടം വാങ്ങണം. പലപ്പോഴും നനഞ്ഞിട്ടാണ് ക്ലാസിലെത്താറ്. സ്വന്തമായി ഒരു കുടയ്ക്കുവേണ്ടി ഞാൻ പലപ്പോഴും അമ്മയോടും അച്ഛനോടും താണുകേണ് അപേക്ഷിച്ചിരുന്നു. മാധവനിലൂടെ കുട്ടിക്കാലം ഓർത്തെടുക്കുന്ന മുകുന്ദൻ നോവലിന്റെ മൂന്നാം ഭാഗം എഴുതിയാലോ എന്ന ആലോചനയിലാണ്. അതിലും കുടയ്ക്കും കുടപ്പണിക്കാരനും പ്രധാന റോളുണ്ടാകും.
രാഷ്ട്രീയക്കാറ്റിൽ ഇടതുവശത്തേക്കു ചാഞ്ഞതിനാലാകും മുകുന്ദന് ചുവപ്പുകുടയോടായിരുന്നു പ്രിയം. ഫ്രാൻസിലേക്കു പോകുന്ന ചോയിയോട് അവിടെ നിന്നു ചുവപ്പ് കുട കൊണ്ടുവരണമെന്നു മാധവൻ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്. ചുവപ്പു കുട കിട്ടുന്നതുവരെ ഉപയോഗിക്കാനെന്നു പറഞ്ഞു സ്വന്തം കുട സമ്മാനിക്കുന്ന ചോയിയോട് മാധവന് കപ്പലോളം, കടലോളം നന്ദി തോന്നി. 1984ൽ ലണ്ടനിൽ പോയപ്പോൾ അവിടെ നിന്നു മുകുന്ദൻ ചുവപ്പുകുട വാങ്ങിയിരുന്നു. മുപ്പതു വർഷത്തോളം അത് ഉപയോഗിച്ചു. ഡൽഹി വാസത്തിനിടെ കേടുവന്നപ്പോൾ ഉപേക്ഷിക്കുകയായിരുന്നു. ഡൽഹിയിൽ മഴ കുറവായതിനാൽ കുടയുടെ ഉപയോഗം കുറവായിരുന്നു.
മലയാളികളുടെ ജീവിതത്തിൽ മഴയ്ക്കും കുടയ്ക്കുമുള്ള സ്ഥാനം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെ ജനങ്ങൾക്കിടയിലും ഉണ്ടാകില്ലെന്നാണ് മുകുന്ദന്റെ വിലയിരുത്തൽ. പണ്ടു മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു കുട. മഴയത്തും വെയിലത്തും കുട ചൂടുന്ന സ്വഭാവമുണ്ട് മലയാളികൾക്ക്. സ്വന്തമായി ഒരു കുട ഉണ്ടാകുകയെന്നത് അന്നു വലിയ കാര്യമായിരുന്നു. കുടയിൽ വർണനൂലുകൊണ്ട് സ്വന്തം പേരു തുന്നി അവകാശം സ്ഥാപിക്കുന്നതിലുള്ള ആനന്ദം ഒന്നു വേറെ തന്നെയായിരുന്നു.
പ്രേമിച്ച പെൺകുട്ടിയെ സ്വന്തമാക്കാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ അവളുടെ പേരെഴുതിയ കുട കട്ടെടുത്ത ചെറുപ്പക്കാരനെക്കുറിച്ചു മുകുന്ദൻ പറയും. പ്രണയത്തിന്റെ തീവ്രത കുടയിലേക്ക് ആവാഹിച്ച അക്കഥ നോവലിൽ ഉൾപ്പെടുത്താൻ വിട്ടുപോയതാണ്. അക്കാലത്ത് മിക്കവർക്കും കുടവാങ്ങാൻ പണമില്ലാത്തതിനാൽ അതു മോഷണം പോകുന്നതു സാധാരണയായിരുന്നു. കല്യാണവീടുകളിലും മറ്റും കുട വച്ചാൽ മിക്കവാറും തിരിച്ചുപോകാൻ നേരത്ത് അതു കാണാതെ പോകും. ചെറുപ്പത്തിൽ ബാർബർ ഷോപ്പിൽ പോകുമ്പോൾ കയ്യിലെടുത്ത കുട മോഷണം പോയത് മുകുന്ദന്റെ ഓർമയിലുണ്ട്.
കുട്ടിക്കാലത്തെ സംഭവങ്ങൾ വർണചിത്രങ്ങളായിത്തന്നെ മനസ്സിൽ സൂക്ഷിക്കാനാണ് മുകുന്ദന് ഇഷ്ടം. പണ്ട് മാഹി പള്ളിപ്പെരുന്നാളിന് രഥോത്സവം നടക്കുന്ന ദിവസം മഴപെയ്യുമായിരുന്നു. അലങ്കരിച്ച രഥം നഗരപ്രദക്ഷിണം നടത്തുമ്പോൾ അതോടൊപ്പം ആയിരക്കണക്കിനു വിശ്വാസികൾ കുടചൂടി നിരനിരയായി പോകുന്ന കാഴ്ച മനോഹരമാണ്. കല്യാണപ്പാർട്ടിക്കാർ കുടചൂടി പോകുന്നതു കാണാനും രസമാണ്. ശക്തമായ മഴയിൽ കുടപിടിച്ചു മാഹിപ്പാലം കടക്കൽ വലിയ സാഹസമായിരുന്നു. കയ്യിൽ മുറുക്കി പിടിച്ചാലും കാറ്റ് തട്ടിപ്പറിച്ചു കൊണ്ടുപോകും. ചിലപ്പോൾ ആഞ്ഞടിച്ചു കുടയുടെ വില്ലു തകർക്കും. അതു പേടിച്ചു പകുതി തുറന്നു പിടിച്ചായിരിക്കും പലപ്പോഴും പാലം കടക്കുക. പണ്ടത്തെ മഴയ്ക്കു ശക്തി കൂടുതലായിരുന്നു.
മുകുന്ദൻ കുടകളുടെ കാരണവർ സ്ഥാനം നൽകുന്നത് ബിലാത്തിക്കുടകൾക്കാണ്. കഥകൾക്കിടയിൽ ഓലക്കുട, മൊട്ടുകുട, മടക്കുകുട, പരന്ത്രീസ് കുട, ആൺകുട, സിംഗപ്പൂർ കുട തുടങ്ങി വിവിധങ്ങളായ കുടകൾ നിവർത്തുന്നുണ്ട്. കുടയുടെ ഉപയോഗത്തിലും രൂപമാറ്റങ്ങളിലും ജനതയുടെ ചരിത്രം കൂടിയാണ് അദ്ദേഹം കണ്ടറിയുന്നത്. നാട്ടിൽ ചൈനീസ് കുടകളുടെ വരവും പല മടക്കായി ഒതുങ്ങിയ അതിന്റെ രൂപമാറ്റങ്ങളും കുട വിപണിയിലെ പുത്തൻ പ്രവണതകളും സംസ്കാരമാറ്റങ്ങളുടെ സൂചകങ്ങൾ കൂടിയാണ്.
കുടയെ പ്രണയിക്കുന്ന മഴയെയും ഈ എഴുത്തുകാരന് ഏറെ ഇഷ്ടമാണ്. പണ്ടു വീടിന്റെ ജനൽ തുറന്നിട്ട് മഴപെയ്യുന്നതു നോക്കിയിരിക്കും. അതിന്റെ പ്രത്യേക താളത്തിൽ ലയിച്ച് തണുപ്പിൽ മൂടിപ്പുതച്ചു കിടക്കുന്നതും സുഖമായിരുന്നു. പ്രഭാതത്തിലെ മഴ നനഞ്ഞ മരങ്ങൾക്കു പ്രത്യേക ചന്തമായിരുന്നു. മഴക്കാലത്ത് കൊതുകുശല്യം കൂടി ജനലുകൾ കൊട്ടിയടയ്ക്കേണ്ടി വന്നതോടെയാണ് അത്തരം മനോഹരകാഴ്ചകളെല്ലാം മറഞ്ഞു തുടങ്ങിയത്. എങ്കിലും ചെറുപ്പം മുതലേ കണ്ടു പരിചയിച്ച കുടപ്പണിയോട് വലിയ ഭ്രമമാണ് ഇന്നും മുകുന്ദന്.
ചോയിയുടെ മരണശേഷം നാട്ടിലേക്ക് ഒരു കുടപ്പണിക്കാരനെ തേടി മാധവൻ എവിടെയെല്ലാം നടന്നു. പിൻഗാമിയായി വരുന്ന ആൾക്ക് ചോയി വാഗ്ദാനം ചെയ്ത പണം കൈക്കലാക്കുക മാത്രമല്ലായിരുന്നു മാധവന്റെ ലക്ഷ്യം. ആ കുലത്തൊഴിൽ സംരക്ഷിക്കപ്പെടണമെന്ന മോഹം കൂടിയുണ്ടായിരുന്നു. കുട നന്നാക്കുന്ന ആളുടെ ജീവിതം വളരെ എളിയതായിരിക്കും. ഒതുങ്ങിക്കൂടുന്ന പ്രകൃതം. കിട്ടുന്ന ചെറിയ പ്രതിഫലത്തിൽ സംതൃപ്തനായി കഴിയാൻ അയാൾക്ക് അറിയാം. എഴുത്തുകാരനും അതുപോലെ ആയിരിക്കണം. ആർഭാടങ്ങളില്ലാത്ത ലളിതജീവിതമാണ് എനിക്കും ഇഷ്ടം. മുകുന്ദന്റെ മനസ്സിൽ ചോയി അച്ഛന്റെ മായാത്ത ചിത്രങ്ങൾ കുട നിവർത്തി നിൽക്കുന്നു. ചുറ്റും നൃത്തം ചെയ്യുന്ന കുടകളും.