'അക്ബർ ചക്രവർത്തി' - ഒ.വി. വിജയൻ എഴുതിയ കഥ

ഒ.വി. വിജയൻ 1978 – 79 കാലത്ത് മൂവാറ്റുപുഴ കഥാസമിതിക്കുവേണ്ടി എഴുതിയ കഥ. അദ്ദേഹത്തിന്റെ സമാഹാരങ്ങളിലൊന്നും ഇക്കഥ ഉൾപ്പെട്ടില്ല. കഥാകാരൻ പായിപ്ര രാധാകൃഷ്ണന്റെ ശേഖരത്തിൽനിന്ന്...

അക്ബർ ചക്രവർത്തി ദീൻ ഇലാഹി എന്ന തത്വസംഹിതയ്ക്കു പൂർണരൂപം കൊടുത്തുവരികയായിരുന്ന കാലം. അതിലേക്കായി  അഷ്ടാംഗഹൃദയം വായിക്കുകയായിരുന്നു അദ്ദേഹം.

തത്സമയം ഒരു മീൻമുള്ള് തൊണ്ടയിൽ കുടുങ്ങി.

അഷ്ടാംഗഹൃദയത്തിൽ അതിനു പ്രതിവിധിയില്ലാതിരുന്നതുകൊണ്ട്  മൂസിനെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടെന്നുവച്ചു. പകരം കൊറ്റിയെ വരുത്തി.

കൊറ്റി പ്രവേശിച്ചു.

‘‘മീൻമുള്ള് എടുക്ക്’’ ചക്രവർത്തി പറഞ്ഞു. ‘‘സമ്മാനങ്ങൾ തരാം’’

‘‘ഉത്തരവ്,’’ കൊറ്റി പറഞ്ഞു.

കൊറ്റി മുള്ളു കൊത്തിയെടുത്തു കൊടുത്തു. പിന്നെ സമ്മാനത്തിനായി കാത്തുനിന്നു.

‘‘പോ!’’ ചക്രവർത്തി പറഞ്ഞു.

‘‘സമ്മാനം’’, കൊറ്റി വിതുമ്പി.

‘‘സമ്മാനമത്രേ!’’ചക്രവർത്തി പറഞ്ഞു.

 ‘‘മുഗളരാജാക്കന്മാരുടെ തൊണ്ടയിൽ തലയിട്ട ഏതെങ്കിലും കൊറ്റി ജീവനോടെ തല പുറത്തേക്കെടുത്തിട്ടുണ്ടോ? തലയേക്കാൾ വലിയ സമ്മാനമെന്ത്?’’

ഇക്കഥ ചക്രവർത്തിയുടെ സ്വന്തമല്ല, മറ്റൊരു പാശ്ചാത്യ കഥയോട് അതിന് ആശയാനുവാദമുണ്ട് എന്ന് കൊറ്റി മനസ്സിലാക്കി. നമ്മുടെ നാട്ടുകാർക്ക് അങ്ങനെ ചെയ്യാനല്ലേ വിധിച്ചിട്ടുള്ളൂ.

ഏതായാലും അക്കാര്യം നിരൂപകന്മാർക്കു വിട്ടുകൊടുത്തുകൊണ്ട് കൊറ്റി തിരിച്ചുപോയി.