പുരസ്കാരവേദിയില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരെഴുത്തുകാരൻ

anees-salim
SHARE

ഇംഗ്ലിഷ് നോവലിന് ചരിത്രത്തിലാദ്യമായി ഒരു മലയാളി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടുന്നു. പക്ഷേ, പുരസ്കാരവേദിയില്‍ അസാന്നിധ്യം കൊണ്ടാണ് എഴുത്തുകാരന്‍ ശ്രദ്ധിക്കപ്പെട്ടത്. സാന്നിധ്യമായതു പുസ്തകവും പ്രസാധകനും. 

ശ്രദ്ധിക്കപ്പെടേണ്ടതു പുസ്തകം; ചര്‍ച്ചചെയ്യപ്പെടേണ്ടത് ആശയങ്ങളും- എഴുത്തുകാരന്‍ നിലപാടില്‍ ഉറച്ചുനിന്നു. 

അസാന്നിധ്യത്താല്‍ ശ്രദ്ധേയനായി വിസ്‍മയമാകുകയാണ് അനീസ് സലീം. ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തിലെ മലയാളി മുഖം. ആള്‍ക്കൂട്ടത്തില്‍നിന്ന് അകന്നും ചര്‍ച്ചകളില്‍നിന്നും സാഹിത്യോല്‍സവങ്ങളില്‍നിന്നും ഒഴിഞ്ഞുമാറിയും ജീവിക്കുന്ന എഴുത്തിലെ ഏകാന്തവാസി. ജീവിതത്തിലെ ഏകാകി. ദുരൂഹതയും നിഗൂഡതയും നിറഞ്ഞതാണ് അനീസ് സലീമിന്റെ ജീവിതം; വേദനിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും. അദ്ദേഹത്തിന്റെ കൃതികളിലെന്നപോലെ വിഷാദത്തിന്റെ ശ്രുതിയുമായി ചേര്‍ന്നുപോകുന്നത്. ഒറ്റപ്പെടലിന്റെ വേദനയില്‍ കലരുന്നത്. ദുരന്തത്തിന്റെ കറുപ്പും കണ്ണുനീരിന്റെ തെളിയമുള്ളത്. 

ഇംഗ്ലിഷ് പുസ്തകങ്ങള്‍ക്ക് മൂന്നു മലയാളികള്‍ ഇതിനുമുമ്പ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. കവിതയ്ക്ക് കമലാദാസ് എന്ന മാധവിക്കുട്ടി. ലേഖന സമാഹാരത്തിന് ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയ്. കേരളത്തില്‍ ജനിച്ചെങ്കിലും ഇന്ത്യയുടെ വന്‍നഗരങ്ങളില്‍ ജീവിക്കുന്ന ജീത് തയ്യിലിനും പുരസ്കാരം ലഭിച്ചു-കവിതയ്ക്കു തന്നെ. ഒരു ഇംഗ്ലിഷ് നോവലിന് മലയാളി പുരസ്കാരം നേടുന്നത് ഇതാദ്യം. പക്ഷേ, ആദ്യപുസ്തകമെഴുതി പൂര്‍ത്തിയാക്കിയിട്ടും ഒരു പതിറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവന്ന കഥയാണ് 

അനീസ് സലീമിന്റേത്. തിരുവനന്തപുരം വര്‍ക്കല സ്വദേശിയായ അനീസിന് ഉത്തതബിരുദങ്ങളില്ല. എഴുത്തില്‍ അവകാശപ്പെടാന്‍ പാരമ്പര്യമോ പ്രശസ്ത ബന്ധങ്ങളോ ഇല്ല. ആകെയുള്ളത് സ്വയം വരിച്ച ഏകാന്തതയില്‍ എഴുത്തുകാരനാകണം എന്ന തീവ്രമോഹം മാത്രം. ആവിഷ്ക്കരിക്കാന്‍ കാത്തിരുന്ന ആശയങ്ങള്‍. ആഗ്രഹങ്ങള്‍. വികാരങ്ങള്‍. വിചാരങ്ങള്‍. 

 22-ാം വയസ്സില്‍ നാട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് അനീസ് ട്രെയിന്‍ കയറിയത് എഴുതാന്‍; എഴുത്തുകാരനാകാന്‍. തുടക്കം കഥയില്‍. ആദ്യത്തെ കഥ തന്നെ തിരസ്കരിക്കപ്പെട്ടു; തിരസ്കാരങ്ങളുടെ വലിയ ചരിത്രത്തിനും തുടക്കമായി. കഥകളില്‍നിന്നു നോവലിലേക്ക്. ആദ്യ നോവലും തിരസ്കരിക്കപ്പെട്ടു. തളര്‍ന്നെങ്കിലും ഊര്‍ജം സംഭരിച്ച് വീണ്ടും വീണ്ടും എഴുതി. അഞ്ചു നോവലുകള്‍. അഞ്ചു കൃതികള്‍ക്കും പുരസ്കാരങ്ങള്‍. ഇപ്പോള്‍ നാലുവര്‍ഷം മുമ്പെഴുതിയ കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും. ദ് ബ്ളൈന്‍ഡ് ലേഡീസ് ഡിസെന്റന്‍സ്. 

ദ് വിക്സ് മാംഗോ ട്രീ- അദ്യനോവല്‍. എഴുതിയത് 26 വയസ്സുള്ളപ്പോള്‍. നോവല്‍ പുറത്തുവന്നത് ഒരു വ്യാഴവട്ടത്തിനുശേഷം 38-ാം വയസ്സില്‍. 2012-ല്‍. അയച്ചുകൊടുത്ത നോവല്‍ ഇഷ്ടപ്പെട്ട ലിറ്റററി ഏജന്റ് എഴുതിവച്ച പുസ്തകങ്ങളെല്ലാം ചോദിച്ചതോടെയാണ് പുസ്തകങ്ങളോരാന്നായി വെളിച്ചം കണ്ടത്. ദ് സ്മോള്‍ ടൗണ്‍ സീ, വാനിറ്റി ബാഗ്, ടെയില്‍സ് ഫ്രം എ വെന്‍ഡിങ് മെഷീന്‍. 

15 വര്‍ഷത്തോളം കാഴ്ചയില്ലാതെ ജീവിച്ചിട്ടുണ്ട് അസീന്റെ മുത്തശ്ശി. പക്ഷേ മനസ്സിന്റെ കണ്ണുകൊണ്ട് അവര്‍ എല്ലാം കാണും കേള്‍ക്കും. കൊച്ചുമകനെ കെട്ടിപ്പിടിച്ച് ക്ഷീണിച്ചുപോയല്ലോ എന്നവര്‍ വെറുതെ പറയുകയായിരുന്നില്ല. അത് സത്യമായിരുന്നു. ആ സത്യത്തിന്റെ വെളിച്ചത്തില്‍നിന്നാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹമായ ദ് ബ്ളൈന്‍ഡ് ലേഡി എന്ന നോവല്‍ പിറവിയെടുക്കുന്നത്. ആ അര്‍ഥത്തില്‍ ആത്മകഥാപരം. യഥാര്‍ഥത്തില്‍ അനീസ് സലീമിന്റെ എല്ലാ കൃതികളിലും അദ്ദേഹമുണ്ട്. ഏറിയും കുറഞ്ഞും. ചില നോവലുകളുടെ പശ്ഛാത്തലം തന്നെ ജനിച്ചുവളര്‍ന്ന വര്‍ക്കലയാണ്. ചില നോവലുകളുടെ ഭൂമിക സാങ്കല്‍പികവും. 

പുരസ്കാരം സ്വീകരിക്കാന്‍ പോകാറില്ലെങ്കിലും ബഹുമതികളെ അനീസ് കാണുന്നത് ആദരവോടെ. താന്‍ എഴുതുന്നത് ആര്‍ത്തിയോടെ വായിക്കപ്പെടുന്ന കാലം സ്വപ്നം കണ്ട മനുഷ്യന് അങ്ങനെയല്ലാതെ ചിന്തിക്കാനാവില്ല. പക്ഷേ, ഒരു ആള്‍ക്കൂട്ടത്തിനു മുന്നില്‍നിന്ന് തന്നെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും പറയാനുള്ള സാഹസം ഏറ്റെടുക്കാന്‍ അദ്ദേഹം തയാറുമല്ല. കൊച്ചിയില്‍ ബഹുരാഷ്ട്ര പരസ്യക്കമ്പനിയുടെ ക്രിയേറ്റീവ് ഡയറക്ടറായ അനീസിന് താന്‍ ഇനി എഴുതുമോ എന്നും നിശ്ചയമില്ല. എഴുതാം എഴുതാതിരിക്കാം. രാജ്യാന്തര പുസ്കരങ്ങള്‍ നേടാന്‍ കരുത്തുള്ള കൃതികള്‍ സൃഷ്ടിക്കാന്‍ ആ തൂലികയ്ക്ക് കഴിയും. പക്ഷേ, വിശദീകരണങ്ങളില്‍, വാചാലതയില്‍, വാചാടോപത്തില്‍ അദ്ദേഹം വിശ്വസിക്കുന്നില്ല. ഒറ്റയ്ക്കൊരു മുറിയിലിരുന്ന് ഏകാന്തതയെ താലോലിച്ച് ആക്ഷരങ്ങളെ ആവാഹിച്ച് നോവലാക്കിയ എഴുത്തുകാരനെ വായനക്കാര്‍ക്കു സമ്മാനിച്ച കാലം കാത്തുവച്ചിട്ടുണ്ടാകും അത്ഭുതങ്ങള്‍ക്കായി. കാത്തിരിക്കാം ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തില്‍ മലയാളത്തിന് അഭിമാനമായ അനീസ് സലീമിന്റെ പുതിയ കൃതികള്‍ക്കുവേണ്ടി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA