ലീല, നളിനി, സീത, സാവിത്രി, വാസവദത്ത..... നായകന്‍മാരെ മാറ്റിനിര്‍ത്തി നായികമാരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ കുമാരനാശാനെ കൂട്ടിപിടിച്ചുകൊണ്ടാണ് ഇടതുസര്‍ക്കാരിന്റെ നാലാമത്തെ ക്ഷേമബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. മുന്‍ ബജറ്റില്‍ വനിതാ എഴുത്തുകാരെ കൂട്ടുപിടിച്ച് പൂര്‍ണമായും പെണ്ണെഴുത്തിന്റെ പക്ഷത്തായിരുന്നെങ്കില്‍ ഇത്തവണ ആശാനിലൂടെ നവോത്ഥാനത്തിനാണ് മന്ത്രി ഊന്നല്‍കൊടുത്തിരിക്കുന്നത്. ഒപ്പം പുരുഷന്റെ നിഴലില്‍നിന്നു മാറി നില്‍ക്കുന്ന സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനും.
ബജറ്റിന്റെ തുടക്കം തന്നെ ആശാനില്‍; ചിന്താവിഷ്ടയായ സീതയില്‍. അവസാനം ആശാന്റെ തന്നെ ദുരവസ്ഥയിലെ പ്രസിദ്ധമായ അവസാനവരികളിലും.
രാമായണത്തിലൂടെ തലമുറകള്‍ പരിചയിച്ച സീതയെയല്ല കുമാരനാശാന്‍ ചിന്താവിഷ്ടയായ സീതയില്‍ അവതരിപ്പിച്ചത്. ചിന്തിക്കാന്‍ കഴിവുള്ള, തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തയായ, സ്വയംപര്യാപ്തയായ സീതയെ. കാവ്യത്തില്‍ രാമനോടുള്ള വിയോഗവാക്യം മാത്രം എടുത്താല്‍ മതി സീതയുടെ സ്വഭാവവും സമീപനങ്ങളും വ്യക്തമാകാന്‍. രാമന്റെ തണലില്‍നിന്നു മാറിനില്‍ക്കാന്‍ കൊതിക്കുന്ന സീതയാണ് വിയോഗവാക്യത്തില്‍ തെളിയുന്നത്. ഭയമില്ലാതെ താന്‍ ഇനി തന്റെ ആകാശത്തേക്ക് പറക്കുകയാണെന്ന സീതയുടെ വാക്കുകളില്‍ ഒരു മുന്നറിയിപ്പിന്റെ ധ്വനി പോലുമുണ്ട്. തനിക്കിനി ആരുടെയും കൂട്ടുവേണ്ടെന്നും ആശ്രയവും അഭയവുമില്ലാതെ ആകാശത്തില്‍ സ്വതന്ത്രയായി പറന്നുനടക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും സീത വ്യക്തമാക്കുന്നു. ഒരുപക്ഷേ സീതയുടെ ഈ സമീപനം തന്നെയാണ് മന്ത്രി തോമസ് ഐസക്കിനെയും ആകര്‍ഷിച്ചിട്ടുള്ളത്. വനിതാ മതിലിന്റെ വന്‍ വിജയത്തിലൂടെ തങ്ങള്‍ വെറും പാവകളല്ലെന്ന് സ്ത്രീകള്‍ പ്രഖ്യാപിച്ചുവെന്നാണ് ബജറ്റില്‍ മന്ത്രി പറഞ്ഞത്. വിവാഹമെന്ന പാവനമായ സങ്കല്‍പത്തെയും വിശ്വസ്തയുടെ മാനദണ്ഡത്തെയുമെല്ലാം സീതയെക്കൊണ്ട് ആശാന്‍ ചോദ്യം ചെയ്യിക്കുന്നുണ്ട്. വിമോചിത എന്ന വാക്കുതന്നെ മലയാളകാവ്യ ചരിത്രത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നതും ചിന്താവിഷ്ടയായ സീതയില്‍ത്തന്നെയാണ്. അതുകൊണ്ടാണ് അര്‍ഥശങ്കയ്ക്കിടയില്ലാതെ തോമസ് ഐസക് സീതയെക്കൂട്ടുപിടിച്ച് സാമൂഹിക പരിഷ്കരണവും നവോത്ഥാനവും മുന്നോട്ടുകൊണ്ടുപോകാനുള്ള ആഗ്രഹം ബജറ്റില്‍ വ്യക്തമാക്കിയതും.
സ്ത്രീ വിമോചനമായിരുന്നു ചിന്താവിഷ്ടയായ സീതയുടെ പ്രമേയമെങ്കില്‍ ജാതി-മത വിവേചനത്തിനെതിരെയുള്ള കാഹളം മുഴക്കലായിരുന്നു ദുരവസ്ഥ. കേരളത്തിലെ അവഗണിക്കപ്പെട്ട സമൂഹങ്ങളുടെ ദുരവസ്ഥ മാറ്റേണ്ടതുണ്ടെന്നും ഇന്നല്ലെങ്കില്‍ നാളെ അതു മാറുമെന്നുമുള്ള പ്രത്യാശ. ഒരു വിപ്ലവാഹ്വാനം തന്നെ.
കാലഹരണപ്പെട്ട നിയമങ്ങളെല്ലാം മാറാനുള്ളതാണ്. മാറ്റം ത്വരിതപ്പെടുത്താനുള്ള നിയോഗം മനുഷ്യനും. എപ്പോഴെങ്കിലും മാറ്റത്തിന് പുറംതിരിഞ്ഞിരിക്കുകയോ മാറാന്‍ തയാറാകാതിരിക്കുകയോ ചെയ്താലും മാറ്റം സംഭവിക്കുക തന്നെ ചെയ്യുമെന്നും ആശാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ദുരവസ്ഥയിലെ മാറ്റുവിന്‍ ചട്ടങ്ങളേ, സ്വയമല്ലെങ്കില്‍ മാറ്റുമതികളീ നിങ്ങളെത്താന്‍ എന്ന വരിയില്‍ താന്‍ പറയാന്‍ ആഗ്രഹിച്ച ആശയത്തിന്റെ സാരംശം തന്നെ മന്ത്രി കണ്ടെത്തി. ഇന്നലത്തെ ആചാരങ്ങള്‍ ഇന്നു മാറാനുള്ളവയാണെന്നും ഇല്ലെങ്കില്‍ നാളെയെങ്കിലും മാറ്റം സംഭവിക്കുകതന്നെ ചെയ്യുമെന്നുള്ള പ്രത്യാശയില്‍.