ഒരാളുടെ ജീവിതം പറയാൻ അയാളെക്കാൾ യോഗ്യൻ ആരാണ്? കേരള സാഹിത്യ അക്കാദമി സെക്രട്ടറി, സാഹിത്യ പ്രവർത്തക സഹകരണ സംഘം സെക്രട്ടറി, വൈസ് പ്രസി‍ഡന്റ്, ഭാഷാപോഷിണി പത്രാധിപസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച, അന്തരിച്ച എം.കെ. മാധവൻനായർ പങ്കുവെച്ച ഓർമകൾ.... (ഭാഷാപോഷിണി വാർഷികപ്പതിപ്പ് 2018 –ൽ പ്രസിദ്ധീകരിച്ചത്)

*****    ******    ******    ******

നിങ്ങൾ എന്താണ് എനിക്കു തരാനായി കൊണ്ടുവന്നിരിക്കുന്നത്? 

കാറിനുള്ളിൽനിന്നു രണ്ടു കയ്യും നീട്ടി, ഒരു കൊച്ചു കുട്ടിയെപ്പോലെ ഇക്കണ്ടവാരിയർ ചോദിക്കുകയാണ്. 

വാർധക്യം മുനിഞ്ഞുകത്തിയ ആ കണ്ണുകളിലേക്കു നോക്കി ഞാൻ പറഞ്ഞു: ഇതു മാധവൻ നായരാണ്. 

പഴയ കൊച്ചിരാജ്യത്തിന്റെ അവസാനത്തെ പ്രധാനമന്ത്രി, വിനോബാ ഭാവെയുടെ ഭൂദാനപ്രസ്‌ഥാനത്തിനുവേണ്ടി എല്ലാം ത്യജിച്ച മഹാമനസ്‌കൻ, ഭാവമാറ്റമില്ലാതെ എന്നെയങ്ങനെ നോക്കിയിരുന്നു. ഹരിജനസേവനത്തിനു തന്റെ ശിഷ്യനായി കൂടിയ പഴയ കൗമാരക്കാരനാണു മുന്നിൽ നിൽക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതേയില്ല. 

ഓർമകളിരമ്പിയപ്പോൾ, കണ്ണീർ പൊടിഞ്ഞപ്പോൾ എന്റെ കാഴ്‌ചയും മങ്ങിയിരുന്നിരിക്കണം. ഓർമയുടെ ഒരു ചെറുകാറ്റ് എന്നെ തഴുകി മെല്ലെ കടന്നുപോയി. 

കോട്ടയത്തു വച്ച് ആ സായാഹ്‌നത്തിൽ ഇക്കണ്ടവാരിയർ ചോദിച്ച ചോദ്യം നാലു പതിറ്റാണ്ടുകൾക്കിപ്പുറം ഞാൻ എന്നോടു തന്നെ ചോദിക്കട്ടെ- നിങ്ങൾ എന്താണു കൊണ്ടുവന്നിരിക്കുന്നത്, ഈ വലിയ ലോകത്തിനു തരാനായി? 

ഒരുപിടി ഓർമകൾ മാത്രം! 

കടലാസിന്റെയും അച്ചടിമഷിയുടെയും ഗന്ധമുള്ള ഓർമകൾ! 

ജീവിച്ചു തീർത്ത ജീവിതം, ഒപ്പം കൂടിയ ചങ്ങാതിമാർ, ഗുരുക്കന്മാർ, എന്തൊക്കെയോ നിമിത്തങ്ങൾ മൂലം ഓരോ കാലത്തും എത്തിപ്പെട്ട സ്‌ഥലങ്ങൾ, പരിചയപ്പെട്ട പ്രതിഭകൾ, ഉപജീവനസപര്യകൾ... 

പരന്നൊഴുകിയ പന്തളം 

പന്തളമാണ് എന്റെ നാട്. ദൈവമേ കൈതൊഴാം എന്ന പ്രാർഥനാഗീതമെഴുതി മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്‌ഠ നേടിയ പന്തളം കേരളവർമ, 'അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി’യ പന്തളം കെ.പി. രാമൻപിള്ള, പന്തളം കൃഷ്‌ണവാരിയർ, പന്തളം രാഘവവർമ തമ്പുരാൻ തുടങ്ങിയ മഹാപുരുഷന്മാർ ജനിച്ചു വളർന്ന നാട്. മധ്യതിരുവിതാംകൂറിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്ന്. 

പന്തളം ധർമശാസ്‌ത്രാക്ഷേത്രത്തിനടുത്ത് കോയിക്കൽ തെക്കേൽ കുടുംബത്തിൽ 1928 സെപ്‌റ്റംബറിലാണു ഞാൻ ജനിച്ചത്. പാറുക്കുട്ടി അമ്മയുടെയും കൃഷ്‌ണപിള്ളയുടെയും ആറു മക്കളിൽ അഞ്ചാമനായി. ഞങ്ങൾ മൂന്നു പെണ്ണും മൂന്ന് ആണുമായിരുന്നു- സരോജിനി, സൗദാമിനി, സരസ്വതി, ഗോപാലപിള്ള, ഞാൻ, പിന്നെ രാമചന്ദ്രൻ എന്ന അനുജൻ. 

അക്ഷരവും അച്ചടിയുമായും ബന്ധപ്പെട്ട് അഭിമാനിക്കാൻ വകയുള്ള കുടുംബവേരുകളുമുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ എന്നെത്തന്നെ അമ്പരപ്പിക്കുന്ന ഒരു പരമ്പര കൃപ. ഭാഷാഭിവർധിനി (ബി.വി.) ബുക്ക് ഡിപ്പോ തുറന്ന് മലയാള അച്ചടിയുടെ ചരിത്രത്തിൽ സ്‌ഥിരപ്രതിഷ്‌ഠ നേടിയ കുളക്കുന്നത്ത് രാമൻ മേനോൻ എന്ന പ്രസാധക കുലപതി എന്റെ അമ്മയുടെ അപ്പൂപ്പന്റെ ജ്യേഷ്‌ഠനാണ്. ‘ഉടലെടുത്ത ഉത്സാഹത്തഴപ്പെ’ന്നു മഹാകവി വള്ളത്തോൾ വിശേഷിപ്പിച്ച അസാധാരണ മനുഷ്യൻ. മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവലായ ഭാസ്‌കരമേനോൻ ‘ബെസ്‌റ്റ് സെല്ലറാ’യപ്പോൾ, തനിക്കു റോയൽറ്റിയായി നാലു മെത്തപ്പായ മാത്രം മതിയെന്നു പറഞ്ഞ് അപ്പൻ തമ്പുരാൻ വാത്സല്യം ചൊരിഞ്ഞ പ്രസാധകൻ. 

ഗ്രന്ഥകാരന്മാർക്കു നേരുനീക്കം വരുത്താതെ പ്രതിഫലം കൊടുത്തു തുടങ്ങിയതു രാമൻ മേനോനാണെന്നു കേരള സാഹിത്യചരിത്രത്തിൽ മഹാകവി ഉള്ളൂർ എഴുതിയിട്ടുണ്ട്. എന്റെ മുതുമുത്തച്‌ഛൻ കാത്തുപോന്ന ശീലങ്ങളുടെ മഹത്വത്തെ ഞാൻ ആദരവോടെ മനസ്സിൽ നമിച്ചത് സാഹിത്യ പ്രവർത്തക സഹകരണസംഘത്തിലെ ജോലിക്കാലത്താണ്. കാലഘട്ടങ്ങൾ തമ്മിൽ എത്ര അന്തരം! 

കുടുംബകാര്യത്തിലേക്കു മടങ്ങാം. കുളക്കുന്നത്ത് രാമൻ മേനോന്റെ അനുജനായിരുന്നു കുഞ്ഞികൃഷ്‌ണപിള്ള. രാമൻ ‘മേനോന്റെ’ അനുജൻ കുഞ്ഞികൃഷ്‌ണ‘പിള്ള’! മേനോൻ എന്ന വാല് ജോലികിട്ടാൻ സഹായിക്കില്ലെന്നു മനസ്സിലാക്കി പിള്ളയെന്നു മാറ്റിയതാണ്. പേരുമാറ്റം ഫലിച്ചിട്ടാണോ എന്നറിയില്ല, കുഞ്ഞികൃഷ്‌ണപിള്ള മജിസ്‌ട്രേറ്റായി. ഈ കുഞ്ഞിക്കൃഷ്‌ണപിള്ളയുടെ മകനായ കുട്ടൻപിള്ളയുടെ മകളായിരുന്നു എന്റെ അമ്മ പാറുക്കുട്ടി അമ്മ. 

നിലം വിറ്റും മക്കളെ പഠിപ്പിച്ച വിശാലഹൃദയനായിരുന്നു എന്റെ അച്‌ഛൻ കൃഷ്‌ണപിള്ള. പിള്ളേരെ പഠിപ്പിക്കാനായി കാശിനു തെണ്ടി നടക്കുന്നെന്നും പറഞ്ഞ് നാട്ടുകാർ അച്‌ഛനെ കളിയാക്കിയതിനു കണക്കില്ല. അദ്ദേഹത്തിനു പക്ഷേ അതൊന്നും പ്രശ്‌നമായില്ല. എന്റെ രണ്ടു ചേച്ചിമാരെ ഉത്തരേന്ത്യയിലയച്ചു പഠിപ്പിച്ചെന്നു പറഞ്ഞാൽ ഊഹിക്കാമല്ലോ. അതും, സ്‌ത്രീവിദ്യാഭ്യാസം അത്ര കാറ്റുപിടിച്ചിട്ടില്ലാത്ത കാലത്ത് രണ്ടു സ്‌ത്രീകൾ വീടും നാടും വിട്ട് ഉത്തരേന്ത്യയിൽ പോയി താമസിച്ച് ഉപരിപഠനം നടത്തുക. അക്കാലത്ത് അതൊരു വലിയ കാര്യംതന്നെയായിരുന്നു. 

ഹിന്ദി ഭാഷയോടുള്ള കമ്പമാണ് എന്റെ ചേച്ചി സൗദാമിനിയെ അലഹബാദിലെത്തിച്ചത്. ഒറ്റപ്പാലത്തെ ഒരു സ്വാതന്ത്ര്യസമരസേനാനി പന്തളത്തുവന്ന് ഹിന്ദി പഠിപ്പിച്ചിരുന്നു. ചേച്ചിയും അദ്ദേഹത്തിന്റെ ശിഷ്യയായി. ദക്ഷിണഭാഷാ ഹിന്ദി സഭയുടെ പരീക്ഷ പാസായി അങ്ങനെ നിൽക്കുമ്പോഴാണ് അലഹബാദിലെ മഹിളാവിദ്യാപീഠത്തിൽ ചേരാൻ മോഹമുദിക്കുന്നത്. അച്‌ഛൻ ചേച്ചിയെ അലഹബാദിൽ പഠിക്കാനയച്ചു. 

മഹാത്മാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി മഹാദേവ് ദേശായിയുടെയും ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയുമൊക്കെ മേൽനോട്ടത്തിൽ നടന്ന സ്‌ഥാപനമായിരുന്നു മഹിളാവിദ്യാപീഠം. ലാൽ ബഹാദൂർ ശാസ്‌ത്രി അവിടെ പഠിപ്പിച്ചിട്ടുണ്ട്. 

പഠനത്തിനു ശേഷവും ചേച്ചിയുടെ  ജീവിതം അലഹബാദിൽത്തന്നെയായിരുന്നു. ഭൂദാനപ്രസ്‌ഥാന സ്‌ഥാപകൻ വിനോബാ ഭാവെയുടെ ജീവചരിത്രം എഴുതിയിട്ടുള്ള സുരേഷ് റാം അഗർവാളിനെയാണ് ചേച്ചി വിവാഹം കഴിച്ചത്. ഹിന്ദിയെയും പിന്നീടു ഹിന്ദിക്കാരനെയും പ്രണയിച്ച ചേച്ചി കുടുംബസമേതം ഉത്തരേന്ത്യയിൽ താമസമുറപ്പിച്ചു. 

കുട്ടിക്കാലത്തെ ദീപ്തമായ ഒരോർമ മഹാത്മാ ഗാന്ധിയെ നേരിട്ടു കണ്ടതാണ്. 1937 ജനുവരിയിൽ ഗാന്ധിജി പന്തളത്തു പ്രസംഗിക്കാൻ വരുമ്പോൾ എനിക്ക് ഒൻപതു വയസ്സ്. വഴി നീളെ സ്വീകരണമേറ്റുവാങ്ങിയാണ് വരവ്. കൈനിക്കര കുമാരപിള്ളയായിരുന്നു ഗാന്ധിജിയുടെ വാക്കുകൾ മലയാളത്തിലാക്കിയത്. ഗാന്ധിശിഷ്യനും ഗാന്ധിതത്വപ്രചാരകനുമായിരുന്നല്ലോ അദ്ദേഹം. കൈനിക്കര പദ്‌മനാഭപിള്ളയുടെ കാൽവരിയിലെ കൽപപാദപം നാടകം കാണാൻ പോയിരുന്നത് ഇന്നും ഓർമയുണ്ട്. ഹരിജനോദ്ധാരണപ്രവർത്തനങ്ങൾക്കുള്ള ഗാന്ധിജിയുടെ ആഹ്വാനത്തിന്റെ ഫലമായി സ്വർണാഭരണങ്ങൾ ഊരിനൽകിയ കൗമുദിയെപ്പോലെ പന്തളത്തെ സ്‌ത്രീകളും ത്യാഗത്തിന്റെ മഹത്വമുള്ളവരായിരുന്നു. എന്റെ മൂത്ത ചേച്ചിയും സ്വർണ വളയൂരി നൽകിയതായാണ് എന്റെ ഓർമ. 

അക്ഷരജീവിതത്തിന്റെ അരുണോദയം 

എന്റെ ജ്യേഷ്‌ഠൻ ഗോപാലപിള്ളയ്‌ക്ക് റെയിൽവേയിലായിരുന്നു ജോലി. തൃശൂരും കോഴിക്കോടുമൊക്കെയായി ജോലിസ്‌ഥലങ്ങൾ. ജ്യേഷ്‌ഠന്റെ കൂടെ താമസിക്കാൻ ഞാനും ഇടയ്‌ക്കെത്തും. അവധിക്കാലത്തു പ്രത്യേകിച്ചും. ആകുലതകളും വ്യാകുലതകളുമില്ലാതെ വടക്കാഞ്ചേരിയിലും പൂങ്കുന്നത്തും ഫറോക്കിലും തൃശ്ശിനാപ്പള്ളിയിലുമൊക്കെ കറങ്ങി നടന്ന കൗമാരം. ഈ ദേശാടനം എന്റെ ജീവിതത്തിൽ നിർണായകമായി. വടക്കാഞ്ചേരിയിൽ സി.ബി. പണ്ടാരത്തിൽ തുടങ്ങിയ അരുണോദയം പ്രസിൽ ഞാനെത്തിപ്പെട്ടത് ആ ദേശാടനത്തിന്റെ ഭാഗമായാണ്. എന്റെ അക്ഷരജീവിതത്തിന്റെ അരുണോദയമായിരുന്നു അത്. 

കുളക്കടയിൽ ഒരു നമ്പിമഠമുണ്ടായിരുന്നു. ആ പ്രദേശത്തെ ജന്മികളെന്നു പറയാം. സ്വന്തമായി ക്ഷേത്രം വരെയുള്ള ഭൂപ്രഭുക്കൾ. ഭാനു പണ്ടാരത്തിൽ എന്നയാളായിരുന്നു തറവാട്ടു കാരണവർ. ഇദ്ദേഹത്തിന്റെ സഹോദരിയെ സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ചെങ്ങാരപ്പള്ളി നാരായണൻ പോറ്റിയാണു വിവാഹം കഴിച്ചത്. 

ഭാനു പണ്ടാരത്തിലിന്റെ അനുജനായിരുന്നു ചിത്രഭാനു അഥവാ സി.ബി. പണ്ടാരത്തിൽ. എം.എൻ. ഗോവിന്ദൻനായർക്കും പന്തളം കെ.പിക്കുമൊപ്പം രാജ്യാഭിമാനി വാരികയുടെ നടത്തിപ്പുകാരിലൊരാൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ പല തീപ്പൊരി ലേഖനങ്ങളും പ്രസിദ്ധീകരിച്ച് രാജ്യാഭിമാനി തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ കണ്ണിലെ കരടായി. ബഷീറിന്റെ പട്ടത്തിന്റെ പേക്കിനാവ് എന്ന ഏകാങ്കനാടകം അച്ചടിച്ചതിന് സി.പി. വാരിക നിരോധിക്കുകയായിരുന്നു. 1939 ഏപ്രിൽ 27നാണ് ഈ നാടകം പ്രസിദ്ധീകരിച്ചത്. 

സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചിത്രഭാനുവിനും പന്തളത്തിനുമൊക്കെ അറസ്‌റ്റ് ഭീഷണിയുണ്ടായി. പന്തളവും ഭാര്യ പി. മീനാക്ഷിയമ്മയും ഒരുമിച്ചു ജയിൽവാസമനുഭവിച്ച അപൂർവ ദമ്പതികളാണ്. തടവിലെ ഓർമകൾ വിവരിച്ച് അവരെഴുതിയ പുസ്‌തകം- ഞങ്ങളുടെ ജയിൽജീവിതം- പ്രശസ്‌തമാണല്ലോ. 

ചിത്രഭാനു പണ്ടാരത്തിലും ഉടൻ അറസ്‌റ്റിലാകുമെന്ന കിംവദന്തി പരന്നതോടെ നമ്പിമഠത്തിൽനിന്നു സ്‌ത്രീകളുടെ വിലാപമുയർന്നു. ചിത്രഭാനുവിനെ തിരക്കി പൊലീസ് നമ്പിമഠത്തിനു മുന്നിലെത്തി നിൽക്കുന്ന കാഴ്‌ച കൗതുകമുള്ളതായിരുന്നു. എത്ര ഉന്നതനായാലും മുറ്റത്തു നിൽക്കുകയേ ഉള്ളൂ അകത്തു കയറാൻ നിവൃത്തിയില്ല. പണ്ടാരത്തിൽ കുടുംബത്തിന്റെ പ്രതാപം അത്രയ്‌ക്കാണ്. 

തിരുവിതാംകൂർ വിട്ട് കൊച്ചി രാജ്യത്ത് എത്തിയാൽപ്പിന്നെ സിപിയുടെ പൊലീസിനു തൊടാനാകില്ലെന്നതിനാൽ ആ വഴിക്കായി ചിത്രഭാനുവിന്റെ ചിന്ത.   അവിവാഹിതനായതുകൊണ്ട് മറ്റു പ്രാരബ്‌ധങ്ങളുമില്ല. അദ്ദേഹത്തിന്റെ സഹോദരിയെ വിവാഹം ചെയ്‌തത് വടക്കാഞ്ചേരി മാടമ്പു മനയിലെ കൃഷ്‌ണൻ നമ്പൂതിരിയായിരുന്നു. ചിത്രഭാനു നേരെ വടക്കാഞ്ചേരിയിലെത്തി. 

സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ പൊരിവെയിലിൽനിന്നുമാറി മറ്റൊരു ദിക്കിലെ സ്വച്‌ഛമധുരമായ പുതുജീവിതത്തിൽ ചിത്രഭാനു അലസനായി ചടഞ്ഞുകൂടി. നിലത്തിനു നിലം, കാശിനു കാശ്; പിന്നെയെന്തിനു ജോലി ചെയ്യണം. എങ്കിലും വെറുതെയിരുന്നു മുഷിയേണ്ടെന്നു കരുതിയാകാം, മാടമ്പ് നാരായണൻ നമ്പൂതിരിയുടെ സഹായത്തോടെ പണ്ടാരത്തിൽ ഒരു പ്രസ് തുടങ്ങി. പന്തളത്തുകാരനായ ഞാൻ ജ്യേഷ്‌ഠനൊപ്പം അക്കാലത്ത് വടക്കാഞ്ചേരിയിലുണ്ടായിരുന്നല്ലോ. പഴയ പരിചയം വച്ച് പണ്ടാരത്തിൽ എന്നെയും ഒപ്പം കൂട്ടി. 

എന്റെ പഠിപ്പു മുടങ്ങി. പക്ഷേ എനിക്കതിൽ ഒരു സങ്കടവും തോന്നിയില്ല. ഭാവിയെക്കുറിച്ച് ആധിയോ ആകുലതകളോ ഇല്ലാത്ത കാലമാണ്. ജീവിതത്തെ അതിന്റെ വഴിക്കു വിടുമ്പോഴുള്ള ഒരൊഴുക്കില്ലേ. അതിൽപ്പെട്ട് ഞാനും ഒഴുകി.    

അരുണോദയം പ്രസിലെ ശമ്പളമില്ലാത്ത ശിങ്കിടി. അതായിരുന്നു എന്റെ ജോലി. അടിമപ്പണിയല്ലെങ്കിലും ഒരു തരം ഊഴിയംവേല എന്നു പറയാം. കൂലിയില്ല. പകരം താമസവും ഭക്ഷണവും വസ്‌ത്രവും. പ്രസിൽ പ്രൂഫ് നോട്ടം മുതൽ ഓർഡർ എടുക്കലും രസീതെഴുത്തും വരെ സകല പണികളും ചെയ്യും. തൊട്ടടുത്തുതന്നെയാണു മന. ഭക്ഷണവും കിടപ്പും അവിടെ. മനയിൽ നൂൽനൂൽപ്പുണ്ട്. അതുകൊണ്ട് വസ്‌ത്രത്തിനും മുട്ടില്ല. പണ്ടാരത്തിലിനു കിട്ടുന്നതിന്റെ ഒരു പങ്ക് എനിക്കും കിട്ടും. 

കൊച്ചി നാട്ടുരാജ്യത്തിലെ വ്യാപാരശീലങ്ങളും പണമിടപാടുകളും സവിശേഷമായിരുന്നു. ഒരു മുറുക്കാൻ കടയ്‌ക്കുപോലും രസീതും ബില്ലുമൊക്കെയുണ്ട്. ധാരാളം അച്ചടി ജോലി ഞങ്ങൾക്കു കിട്ടും. പൂരം, വേല നോട്ടീസുകൾ വേറെ. സംഭാവന പിരിക്കാൻ ചങ്ങാതിമാർക്ക് കുറി അയച്ചു നടത്തുന്ന കുറിക്കല്യാണ സൽക്കാരം കൊച്ചിയിലും മലബാറിലും വ്യാപകമായിരുന്നതിനാൽ അതിന്റെ അച്ചടിജോലിയുമുണ്ട്. 

ദേശമംഗലം നമ്പൂതിരിമാരുടെ നടത്തിപ്പിലുള്ള മംഗളോദയം പ്രസിന്റെ പ്രതാപകാലമായിരുന്നു അത്. അച്ചടിജോലികൾ വന്നു കുമിഞ്ഞപ്പോൾ അവർ ഔട്ട്‌സോഴ്‌സിങ് തുടങ്ങിയത് അരുണോദയത്തിനു ഗുണം ചെയ്‌തു. അങ്ങനെ എസ്.കെ. പൊറ്റെക്കാട്ടിന്റെയും കെ. സരസ്വതിഅമ്മയുടെയും തകഴിയുടെയും മറ്റും രചനകൾ അരുണോദയത്തിൽ അച്ചടിക്കാൻ ഏൽപ്പിച്ചു. 1963ൽ മംഗളോദയം പുറത്തിറക്കിയ ‘തോട്ടിയുടെ മകൻ’ അക്കൂട്ടത്തിൽപ്പെട്ടതാണ്. എന്നാൽ, തകഴിയുടെ നോവൽ വരുന്നതിനു പതിനാറു വർഷം മുൻപ് അതേ പ്രമേയവുമായി നാഗവള്ളി ആർ.എസ്. കുറുപ്പ് തോട്ടി എന്നൊരു നോവലെഴുതിയിരുന്ന കാര്യം അധികമാർക്കും അറിയാമെന്നു തോന്നുന്നില്ല. 1947 ൽ വേലങ്കുളം തോമസ് പാപ്പിയാണ് ആ പുസ്‌തകം ആദ്യം പ്രസിദ്ധീകരിച്ചത്. ജി. ശങ്കരക്കുറുപ്പിന്റെ അവതാരികയോടെ 1952ൽ എൻബിഎസ് ഇതു പുനഃപ്രസിദ്ധീകരിക്കുകയും ചെയ്‌തു. 

മംഗളോദയത്തിന്റെ സഹായത്താൽ കിട്ടിയ പുസ്‌തകങ്ങൾ കൂടാതെ സരസ്വതിഅമ്മയുടെയും നാഗവള്ളിയുടെയുമൊക്കെ പുസ്‌തകങ്ങൾ അരുണോദയം സ്വന്തം നിലയിലും ഇറക്കിയിരുന്നു. 

തുടരും....