കലാലയം, കഥാമയം 

മുടങ്ങിയ വിദ്യാഭ്യാസം തിരിച്ചുപിടിക്കാനാണ് ഞാൻ അരുണോദയം പ്രസ് വിട്ടതെന്നു പറയാം. ഞാനൊരു ബിരുദമെടുത്തു കാണുകയെന്നുള്ളത് അച്‌ഛന്റെ മോഹമായിരുന്നു. എന്റെ പഠിപ്പു മുടക്കം ഇനിയും തുടർന്നാൽ അപകടമാകുമെന്ന് അച്‌ഛനു തോന്നി. അങ്ങനെയാണ് ഞാൻ കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നത്. അവിടെത്തന്നെ താമസിച്ചു പഠനം. രണ്ടാം ലോകയുദ്ധം കഴിഞ്ഞിരുന്നെങ്കിലും ക്ഷാമം മൂലം ജനം വലഞ്ഞ കാലം. നാട്ടിൽ ദാരിദ്ര്യം. എല്ലാറ്റിനും റേഷനിങ്. കോളജിൽ വച്ചുവിളമ്പുന്നത് നമ്പൂതിരിമാരായിരുന്നു. രാവിലെ ഒൻപതിന് ഊണ്, ഉച്ചയ്‌ക്ക് വട-ചായ എന്നിങ്ങനെയാണ് ഭക്ഷണം. ശാസ്‌ത്രീയമായ പഠനം. 

ഇന്റർമീഡിയറ്റിനുശേഷം ബിഎ എന്ന സ്വപ്‌നലക്ഷ്യവുമായി തൃശൂർ കേരളവർമ കോളജിൽ ചേർന്നു. ധനതത്വശാസ്‌ത്രമായിരുന്നു വിഷയം. കേരളവർമ കോളജിൽ അന്ന് പി. ശങ്കരൻ നമ്പ്യാരാണ് പ്രിൻസിപ്പൽ. പേരുകേട്ട കവിയും സാഹിത്യവിമർശകനും. കൊച്ചിരാജാവ് കവിതിലകൻ ബിരുദം നൽകി ആദരിച്ചയാൾ. ഇദ്ദേഹത്തിന്റെ മകൾ സരള രാമവർമ കഥാകൃത്തായി പേരെടുത്തു. റബർ ബോർഡ് ആദ്യചെയർമാനായിരുന്നു ഇവരുടെ ഭർത്താവ് രാമവർമ. ധനതത്വശാസ്‌ത്ര വിദഗ്‌ധനായിരുന്ന ഇദ്ദേഹം താരിഫ് കമ്മിഷൻ സെക്രട്ടറിയുമായിരുന്നു. 

കൊച്ചി രാജാവ് പ്രത്യേക താൽപര്യമെടുത്തു സ്‌ഥാപിച്ചതായിരുന്നു കേരളവർമ കോളജ്. കൊച്ചിയുടെ ഊട്ടി എന്നു പേരെടുത്ത സ്‌ഥലത്തെ 'സവർണ കോളജ്'. അവിടുത്തെ തലയെടുപ്പുള്ള അധ്യാപകഗണത്തിൽ ഉപന്യാസസമ്രാട്ട് ഇ.കെ. നാരായണൻ പോറ്റിയും സംസ്‌കൃതമഹാപണ്ഡിതൻ എം.എസ്. മേനോനുമുണ്ട്. ഉഷ്‌ണകാലത്ത് ക്ലാസുകൾ മരത്തണലിലേക്കു പറിച്ചുനടും. വിശ്വമഹാകവി രബീന്ദ്രനാഥ ടഗോറിന്റെ ശാന്തിനികേതൻ സർവകലാശാലയെ അനുസ്‌മരിപ്പിക്കുന്നവിധം. 

നന്നാകാനും ചീത്തയാകാനും പറ്റിയ അന്തരീക്ഷമായിരുന്നു അവിടത്തേത്. വിദ്യാർഥികളിൽ ഒട്ടുമുക്കാൽ പേരും വൈകുന്നേരമായാൽ കള്ളുഷാപ്പിൽ കാണും. 

ചരിത്രകാരനായ എം.ജി.എസ്. നാരായണൻ കേരളവർമ കോളജിൽ എന്റെ സീനിയറായിരുന്നു. അന്നേ കവിതയെഴുതും. നന്നായി പ്രസംഗിക്കും. കുടിയേറ്റ കർഷകരുടെ സമരനായകനും മന്ത്രിയുമായിത്തീർന്ന ബി. വെല്ലിങ്‌ടണും സീനിയറായി പഠിച്ചതാണ്. കോളജ് കാലത്തൊന്നും ഞങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നില്ല. പക്ഷേ ഞാൻ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൽ പബ്ലിക്കേഷൻ മാനേജരായിരിക്കുമ്പോൾ വൈകിയെങ്കിലും ആ സൗഹൃദം പിറന്നു. കർഷകസമരങ്ങളിലെ തന്റെ ഗുരുവും വഴികാട്ടിയുമായ ഫാദർ വടക്കന്റെ ആത്മകഥ- എന്റെ കുതിപ്പും കിതപ്പും- പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വെല്ലിങ്‌ടൺ സംഘം ഓഫിസിലെത്തിയത്. ഫാദർ വടക്കനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.    

ശങ്കൻനമ്പ്യാർ സാറിനു ശേഷം പ്രഫ. വി. അഖിലേശ്വരയ്യർ പ്രിൻസിപ്പലായ കാലത്തെ ഒരു സംഭവം ഓർമവരുന്നു. അന്നു ഞാൻ കോളജ് യൂണിയൻ പ്രസിഡന്റാണ്. കോളജിലെ ഒരു പരിപാടിക്ക് ഞാനും കൂട്ടുകാരും കെ. രാമുണ്ണി മേനോൻ ഐഎഎസിനെ മുഖ്യാതിഥിയായി ക്ഷണിച്ചു. രാമുണ്ണി മേനോൻ അന്ന് ഐഎഎസ് നേടിയിട്ടില്ല. ഓപ്പൺ റിക്രൂട്ട്‌മെന്റിലൂടെ ഒന്നാം റാങ്കോടെ പാസായതൊക്കെ പിന്നീടാണ്. 

അസാമാന്യ ജീനിയസായിരുന്നു രാമുണ്ണി മേനോൻ. അടിയുറച്ച സോഷ്യലിസ്‌റ്റ്. ഭാസി എന്നാണു വിളിപ്പേര്. വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ ഡോക്‌ടറായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ മാലതി മേനോൻ. ഭാര്യയുമൊത്ത് രാമുണ്ണി മേനോനും ആശുപത്രിയിൽ വരും. ഡോക്‌ടറുടെ ഡ്യൂട്ടി തീരും വരെ സമീപത്തെ മെഡിക്കൽ ഷോപ്പിൽ വെറുതെയിരിക്കും. 

കോളജിൽ മുഖ്യാതിഥിയായി വന്ന് രാമുണ്ണി മേനോൻ പ്രസംഗിച്ചത് അക്കാലത്തെ ഒരു വിവാദവിഷയമായ ഡീടെൻഷനെക്കുറിച്ചായിരുന്നു. വിജയശതമാനം ഉറപ്പാക്കാൻ മിടുക്കരായ വിദ്യാർഥികളെ മാത്രം പരീക്ഷയ്‌ക്കിരുത്തുന്ന രീതി. ഇതിനെതിരെ രാമുണ്ണി മേനോൻ പ്രസംഗത്തിൽ കത്തിക്കയറി-  ഡീടെൻഷൻ ഷോസ് ദി ഇനെബിലിറ്റി ഓഫ് ലെക്‌ചറേഴ്‌സ്, നോട്ട് എനി ഫോൾട്ട് ഓഫ് പ്യുപിൾസ് (ഡീറ്റെൻഷൻ അധ്യാപകരുടെ കഴിവില്ലായ്‌മയാണു വെളിപ്പെടുത്തുന്നത്, വിദ്യാർഥികളുടെ പോരായ്‌മകളെയല്ല). കോളജ് അധികൃതർക്കെതിരെ രൂക്ഷ വിമർശനം തുടരുകയാണ്. അഖിലേശ്വരയ്യർ രോഷാകുലനായി വേദി വിടുന്നത് ഞങ്ങൾ നെഞ്ചിടിപ്പോടെ കണ്ടു നിന്നു. 

പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. പ്രിൻസിപ്പൽ എന്നെ വിളിപ്പിച്ചു. ചോദ്യം ചെയ്‌തു, ശകാരിച്ചു. എന്തൊക്കെയോ മറുപടി പറഞ്ഞൊപ്പിച്ച് , സാറിന്റെ മുന്നിൽനിന്ന് ഞാൻ ഒരു വിധത്തിൽ രക്ഷപ്പെട്ടു. പിൽക്കാലത്ത് ചലച്ചിത്രനിർമാതാവായി പേരെടുത്ത ശോഭന പരമേശ്വരൻനായരെ പരിചയപ്പെട്ടതും അടുത്ത സുഹൃത്തായതും കേരളവർമയിലെ പഠനകാലത്താണ്. ഹോസ്‌റ്റൽ സൗകര്യമില്ലാത്തതിനാൽ ഒരു വീടെടുത്ത് ശോഭന പരമേശ്വരൻനായർക്കൊപ്പം ഞാനും കൂടി. 

ശോഭനയ്‌ക്ക് അന്ന് ഫോട്ടോ സ്‌റ്റുഡിയോ ഉണ്ട്. കൃഷ്‌ണൻ നായർ സ്‌റ്റുഡിയോയും ജോസ് സ്‌റ്റുഡിയോയും നേരത്തേ തന്നെ കളത്തിലുണ്ട്. ശോഭനയ്‌ക്കൊപ്പം രാമു കാര്യാട്ടുണ്ട്. രാമുകാര്യാട്ട് രാവിലെ ശോഭനാ സ്റ്റുഡിയോയിലെത്തും. കൂടെ ഒന്നുരണ്ട് ആരാധകരും കാണും. കാശിനു ബുദ്ധിമുട്ടുണ്ട്. അന്ന് തൃശൂരിലെ പാലസ് ഹോട്ടലിൽ പന്ത്രണ്ടണയ്ക്ക് ഒരു പകർച്ച കിട്ടും. അതു മൂന്നുപേർക്കു കഴിക്കാം. ഒരിക്കൽ ബർമയിലുള്ള ജ്യേഷ്ഠൻ നാട്ടിൽ വന്നു. ഇവരെല്ലാവരും സിനിമയുടെ ലോകത്താണ്. കടുത്ത സിനിമാപ്രാന്ത്. ജ്യേഷ്ഠൻ ചോദിച്ചു, ‘ഇവൻമാർ ബിസിനസ്സ് നോക്കുന്നതിനു പകരം സിനിമേടെ കാര്യം മാത്രം പറഞ്ഞിരിക്കും. എന്തു പ്രയോജനം? ’രാമു കാര്യാട്ടിന് വലിയ ആത്മവിശ്വാസമായിരുന്നു. കാശ് കടം ചോദിക്കുന്നതും അധികാരത്തിലാണ്. ‘എടാ മാധവാ, രണ്ടുരൂപ താ.’ നമ്മളൊന്നു പമ്മും. കൊടുത്തുപോകും. 

1953 ൽ, നിണമണിഞ്ഞ കാൽപാടുകളിലൂടെ ശോഭന സിനിമാ നിർമാണത്തിലേക്കു തിരിഞ്ഞു. ആ സിനിമയുമായി ബന്ധപ്പെട്ട് മനോഹരമായൊരു ഓർമകൂടിയുണ്ട്. പാറപ്പുറത്തിന്റെ അതേ പേരിലുള്ള രചനയാണല്ലോ സിനിമയായത്. ചിത്രം റിലീസ് ചെയ്തതറിഞ്ഞ് ആവേശഭരിതനായ പാറപ്പുറം തിടുക്കത്തിൽ നാട്ടിലെത്തി. അദ്ദേഹത്തിനു ശോഭന പരമേശ്വരൻനായരിലേക്കുള്ള പാലം ഞാനാണ്. നേരെ കോട്ടയത്തെത്തി എന്നെ വന്നു കണ്ടു. കോട്ടയത്ത് പടം ഓടുന്നില്ല. വേറെ എവിടെയൊക്കെ തിയറ്ററുകളിൽ സിനിമ ഓടുന്നെന്നറിയാൻ ഞാനും പാറപ്പുറത്തും കൂടി തൃശൂർക്കു വച്ചുപിടിച്ചു. കോട്ടയത്തുനിന്ന് മൂവാറ്റുപുഴ വഴി പോകുന്ന ട്രാൻസ്‌പോർട്ട് ബസിൽ കയറി വഴിനീളെയുള്ള സിനിമാ പോസ്റ്ററുകളിലേക്കു കണ്ണയച്ചുള്ള യാത്ര. ബസ് കൂത്താട്ടുകുളത്തിനടുത്തെത്തിയപ്പോൾ നിണമണിഞ്ഞ കാൽപാടുകളുടെ പോസ്റ്ററിൽ ഞങ്ങളുടെ കണ്ണുടക്കി. തൃശൂർക്കു പുറപ്പെട്ട ഞങ്ങൾ കൂത്താട്ടുകുളത്ത് ഇറങ്ങി. സിനിമ കാണാൻ നേരെയങ്ങു കയറണോ എന്നു പാറപ്പുറത്തിനു സംശയം. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ ജേക്കബ് ഫിലിപ്പ് കൂത്താട്ടുകുളത്തുണ്ട്. അദ്ദേഹത്തെ പോയി കണ്ട് തീരുമാനമെടുക്കാമെന്നു ഞാൻ പറഞ്ഞു. ചിത്രകാരനും ഫൊട്ടോഗ്രഫറുമായ ജേക്കബ് ഫിലിപ്പ് സ്റ്റുഡിയോ അടച്ചു ഞങ്ങളെയും കൂട്ടി എം.സി.ചാക്കോയുടെ എം.സി. തിയറ്ററിലെത്തി. അവിടെയാണ് പടം ഓടുന്നത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അനൗൺസ്മെന്റുമായി ഒരു ടാക്സി നഗരത്തിലൂടെ നീങ്ങി: ‘ നിണമണിഞ്ഞ കാൽപാടുകളുടെ കഥാകൃത്തായ ശ്രീ പാറപ്പുറത്ത് തന്റെ സിനിമ ആദ്യമായി കാണാൻ കൂത്താട്ടുകുളത്തെത്തിയിരിക്കുന്നു. കൂത്താട്ടുകുളംപൗരാവലിയുടെ വകയായി അദ്ദേഹത്തിന് ഹൃദ്യമായ സ്വീകരണം. തിയറ്ററിന്റെ അങ്കണത്തിൽ...’ 

ഫസ്‌റ്റ് ഷോ കഴിഞ്ഞതും തിയറ്ററിനു മുന്നിൽ ആൾക്കൂട്ടമായി. സമ്മേളനച്ചടങ്ങും അനുമോദനപ്രസംഗങ്ങളുമായി ചാക്കോച്ചൻ സംഭവം കൊഴുപ്പിച്ചു. ജേക്കബ് ഫിലിപ്പിന്റെ ക്യാമറയ്ക്കും കിട്ടി കുറേ നല്ല ചിത്രങ്ങൾ. അടുത്ത ഷോയ്ക്ക് മുഖ്യാതിഥികളായി ഞങ്ങൾ സിനിമ കണ്ടു. ശരിക്കും സൂപ്പർതാരങ്ങളെപ്പോലെ! 

തുടരും....

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT